ഇരുളന്‍

| കഥ

Update: 2023-11-10 12:58 GMT
Advertising

ആശുപത്രികിടക്കയിലെ മരുന്നുകള്‍ക്കിടയില്‍ നിന്നും വീട്ടുമുറ്റത്തെ തുളസി പൂവിന്റെ ശുദ്ധ ഗന്ധത്തിലേക്ക് വന്നിറങ്ങിയതും ബവാനിയമ്മ നീട്ടിയൊന്ന് നിശ്വസിച്ചു. അത് അവരുടെ ആശ്വാസത്തിന്റെ നെടുംനിശ്വാസമാണെന്ന് തീര്‍ത്തും അറിവുണ്ടായിരുന്ന ഗുര്‍മതി ചെറുപുഞ്ചിരിയോടെ സാധനങ്ങളുമായി അകത്തേക്ക് നടന്നു.

'ഇച്ചിരി കഞ്ഞി വെള്ളം...'

അവന്‍ വെളുക്കെ ചിരിച്ചു. അവന്റെ പല്ലുകള്‍ മുഴുവനായും പുറത്തെ വെയിലിലേക്ക് ഇറങ്ങി നിന്നു. മുഷിഞ്ഞ വേഷം, ചെമ്പിച്ച ചുരുണ്ട മുടി ഇഴകള്‍, കറുത്ത ശരീരം. അവന്റെ വരവോടെ തുളസിപ്പൂവിന്റെ നറുമണത്തിലേക്ക് ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ഗന്ധം പരന്നു.

'നീ ഏതാ?'

ബവാനിയമ്മയുടെ ശബ്ദവും മുഖവും അവനോടുള്ള വെറുപ്പ് ഉറക്കെ പറഞ്ഞു. അല്ലെങ്കില്‍ തന്നെ ചുമന്ന് തുടുത്തിരിക്കുന്ന ബവാനിയമ്മയ്ക്ക് കറുപ്പ് കണ്ണിന് നേരെ കണ്ടൂടാ. ഇളയ മകള്‍ ഒരു കറുത്ത പുരുഷനെയാണ് പ്രണയിച്ച് വിവാഹം ചെയ്തത്. പ്രണയത്തോട് ബവാനിയമ്മയ്ക്ക് പണ്ടും ഒരെതിര്‍പ്പും ഇല്ല. എതിര്‍പ്പ് മുഴുവന്‍ കറുപ്പിനോടാണ്. മകളുടെ കുഞ്ഞുങ്ങളില്‍ വെളുത്ത് തുടുത്തവനെ ബാവാനിയമ്മ മടിയില്‍ ഇരുത്തി കൊഞ്ചിക്കും. കറുത്ത മെലിഞ്ഞവനെ ദൂരെ നിര്‍ത്തും. ചെറുമകന് പോലും പ്രവേശനം ഇല്ലാത്ത വിധം മനസ്സിന്റെ വാതില്‍ പൂട്ടി വയ്ക്കാനും മാത്രം വെറുപ്പാണ് ബാവാനിയമ്മയ്ക്ക് കറുപ്പിനോട്.

' ഞാന്‍ അപ്പുറത്തെ ഫാമില്‍ ജോലിക്ക് വന്നതാ... കൃപാലി.'

' അതെന്താ കൃപാലി? മെനയുള്ള ഒരു പേരും കിട്ടിയില്ലേടാ... നിനക്ക്? '

' അത്.... പിന്നെ.. അച്ഛനും അമ്മയും.. '

അവന്‍ പതുക്കെ ബവാനിയമ്മയുടെ അടുത്തേക്ക് നടന്നു.

' ആ.. ആ.. അവിടെ നിന്ന് പറഞ്ഞാ മതി. ഇങ്ങോട്ട് വരണ്ട. '

ബവാനിയമ്മ കൈ ഉയര്‍ത്തി തടഞ്ഞു.

അവന്‍ അവിടെത്തന്നെ നിന്നു.

'ഇച്ചിരി കഞ്ഞി വെള്ളം...'

'അതിനിനിയും വൈകും. നീ പോയിട്ട് പിന്നെ വാ..'

കാരണം കറുപ്പിനോട് അതിയായ വെറുപ്പ് ആണെങ്കിലും മാനുഷികമൂല്യങ്ങള്‍ക്ക് വില നല്‍കാതെ വയ്യല്ലോ.

'എത്ര ചികിത്സിച്ചാല്‍ എന്താ.. എത്ര ദിവസം ആശുപത്രിയില്‍ കിടന്നാല്‍ എന്താ... ഈ വാതം, അത് തന്നെ എടുക്കും എന്റെ ജീവന്‍.'

ആയാസപ്പെട്ടുള്ള ബവാനിയമ്മയുടെ നടത്തവും പരാതി പറച്ചിലും ശ്രദ്ധിച്ചും തിരിഞ്ഞുനോക്കിയും നിന്നും വീണ്ടും നടന്നും അവന്‍ മതിലിന് പുറത്തേക്ക് മറഞ്ഞു.

സന്ധ്യയുടെ വരവിന് തുടുത്ത ആകാശം മുറ്റത്ത് ചെറിയ മണ്‍കലത്തിലെ തണുത്ത വെള്ളത്തില്‍ തൂവിയിട്ട കുങ്കുമ ത്തിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ടാണ് കൃപാലി വീണ്ടും വന്നത്.

'ഓ.. വന്നല്ലോ ഇരുളന്‍.'

ബവാനിയമ്മ പിറുപിറുത്തു.

'അമ്മാ.. കഞ്ഞി വെള്ളം.'

'ഗുര്‍മതി... ആ കഞ്ഞി വെള്ളം ഇങ്ങെടുത്ത് കൊടുക്ക്. '

ബവാനിയമ്മ ഉപ്പൂറ്റി അമര്‍ത്തി തടവികൊണ്ടാണ് പറഞ്ഞത്. അവര്‍ അനുഭവിക്കുന്ന വേദന അവരുടെ മിഴികളില്‍ കൂടി കൃപാലിയെ വന്നു തൊട്ടു.

''അന്യന്റെ വേദനയുടെ ഒരംശമെങ്കിലും മനസ്സുകൊണ്ട് തൊട്ടറിയുന്നവനല്ലേ യഥാര്‍ത്ഥ മനുഷ്യന്‍.'

'എന്താ.. അമ്മാ... നല്ല വേദനയുണ്ടോ? ഞാന്‍ തടവി തരട്ടേ?'

'വേണ്ട... വേണ്ട... നിന്റെ ഒരു സഹായവും വേണ്ട.'

'അമ്മാ.. ഞാന്‍..'

കൃപാലി വരാന്തയിലേക്ക് ഇരിക്കാനാഞ്ഞു.

'ഗുര്‍മതീ... കഞ്ഞിവെള്ളം ഇങ്ങെട്'.'

ഗുര്‍മതി കൊണ്ടുവന്ന കഞ്ഞി വെള്ളവുമായി സന്ധ്യയുടെ നേര്‍ത്ത ഇരുളിലേക്ക് മറയുന്ന കൃപാലിയെ നോക്കി ബവാനിയമ്മ വിളിച്ചു പറഞ്ഞു.

'പാത്രവും കൊണ്ട് ഇങ്ങോട്ട് വരണമെന്നില്ല. ആ പാത്രം നീ തന്നെ വച്ചോ..'

പക്ഷേ, അവന്‍ വീണ്ടും വന്നു. നിരന്തരം വന്നും പോയും ഇരുന്നു. അവന്റെ ഓരോ വരവും ബവാനിയമ്മയ്ക്ക് അവനോടുള്ള വെറുപ്പ് ഇരട്ടിയാക്കി.

ആ വെറുപ്പും വിദ്വേഷവും അവന്‍ പക്ഷേ വാര്‍ദ്ധക്യസഹജമായ സ്വഭാവ രീതിയായി മാത്രം കണ്ടു.

ബവാനിയമ്മ ഭഗവാന് ചാര്‍ത്താന്‍ കോര്‍ക്കുന്ന തുളസി മാല്യത്തില്‍ അവന്റെ സ്‌നേഹത്തിന്റെ കരുതല്‍ തെളിഞ്ഞു. അവര്‍ക്കായി അവന്‍ ഓരോ തുളസിച്ചെടിയും പരിപാലിച്ചു.

'ഇതാ.. ഗുര്‍മതി ചീലാന്തിയില.'

ബവാനിയമ്മയ്ക്ക് കുളിക്കാനുള്ള ചൂടുവെള്ളത്തില്‍ ചീലാന്തിയില നിര്‍ബന്ധമാണ്. അടുത്തെങ്ങും അത് കിട്ടാനും ഇല്ല. അങ്ങനെയാണ് ഗുര്‍മതി കൃപാലിയുടെ സഹായം തേടിയത്. എവിടെനിന്നാണെന്നറിയില്ല, പക്ഷേ അവനത് മുടങ്ങാതെ, കൃത്യമായി ഗുര്‍മതിയെ ഏല്‍പ്പിച്ചു.

'ഈ ഇരുളന്‍ ആണോ ചീലാന്തിയില കൊണ്ടുവന്നത്. അതാണ് ഈയ്യിടെയായി കുളിക്കുന്ന വെള്ളത്തില്‍ ചാണകത്തിന്റെ ഗന്ധം.'

കൃപാലി അപ്പോഴും ചിരിച്ചു.

ഇടയ്ക്കിടയ്ക്ക് മതിലിന് അപ്പുറത്തെ കന്നുകാലികളുടെ ഇടയില്‍ നിന്ന് അവന്റെ പാട്ട് ഉയര്‍ന്നു കേള്‍ക്കാം.

കൊത്തിപ്പറക്കുന്ന കാകന്‍ കറുപ്പ്.

ഈണത്തില്‍ കൂകുന്ന കുയില് കറുപ്പ്.

പതിയെയണയുന്ന രാവ് കറുപ്പ്.

ഈ പാട്ട് പാടുന്ന ഞാനും കറുപ്പ്.

ബവാനിയമ്മയ്ക്ക് ആ പാട്ട് കേള്‍ക്കുന്നതേ കലിയാണ്.

'ഇരുളന്‍... അവന്റെയൊരു കറുപ്പ് പാട്ട്.'

അവര്‍ ദേഷ്യം കടിച്ചമര്‍ത്തും.

ഗുര്‍മതി ഇതൊക്കെ കണ്ടു വെറുതെ ചിരിക്കും. 


അന്ന് ആശുപത്രിയില്‍ നിന്ന് ബവാനിയമ്മ വളരെ അവശയായാണ് തിരികെ വന്നത്. ക്ഷീണവും വേദനയും അവരുടെ മനസ്സിനെ കയ്യടക്കി കഴിഞ്ഞതുകൊണ്ടാവണം അവരുടെ വെളുത്ത മുടിയിഴകള്‍ കാറ്റിനൊപ്പം പാറിപ്പറന്ന് വദനത്തിന് ചുറ്റും ചിതറി. അവരുടെ കണ്‍ത്തടങ്ങളില്‍ കറുപ്പ് മഷിയെഴുതി. ഉദരം ദീര്‍ഘനിശ്വാസങ്ങള്‍ക്കൊപ്പം ഉയര്‍ന്നു താഴ്ന്നു.

കൃപാലി അവരെ താങ്ങിപിടിച്ചു കൊണ്ടുപോയതും കിടക്കയില്‍ കിടത്തി ഷീറ്റ് കൊണ്ട് മൂടിയതും അവര്‍ അറിഞ്ഞില്ലെന്ന് തോന്നി.

'ബവാനിയമ്മയ്ക്ക് ഇനി വിശ്രമം മാത്രമേ വേണ്ടൂ... മരുന്ന് ഫലിക്കില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്ത് നല്ല ഒരമ്മയാണ്. കറുപ്പിനോടുള്ള വിദ്വേഷം ഒഴിച്ചാല്‍ തങ്കമല്ലേ ആ മനസ്സ്.. തനി തങ്കം.'

ഗുര്‍മതി ഉമ്മറച്ചുമരും ചാരിയിരുന്നു.

ഫാമിനുള്ളില്‍ നീളന്‍ സിമന്റ് ടാങ്കിന്റെ വക്കത്ത് കൃപാലി തല കുമ്പിട്ടിരുന്നു. അവന്റെ അരികില്‍ ഉദരം നിറയെ നാടന്‍ കള്ള് മോന്തിയ മണ്‍കുടങ്ങളും. ടാങ്കിലെ വെള്ളത്തില്‍ നിലാവ് മുങ്ങി നിവര്‍ന്നു. നാടന്‍ കള്ളിന്റെ പങ്ക് സ്ഥിരമായി പറ്റുന്ന കേശവനും കൂട്ടരും വന്നപാടെ മണ്‍കുടത്തില്‍ പിടിമുറുക്കി. മണ്‍കുടങ്ങള്‍ ഒഴിഞ്ഞു കഴിഞ്ഞപ്പോഴാണ് കേശവന്റെ ഭാവം മാറിയത്. അയാള്‍ വെറുപ്പോടെ കൃപാലിയുടെ നേരെ തിരിഞ്ഞ്, അവന്റെ മുഖത്തേക്ക് തന്നെ മൂത്രമൊഴിച്ചു. കൃപാലിയ്ക്കിപ്പോ അങ്ങനെയിരുന്ന് മൂത്രം ഏറ്റുവാങ്ങേണ്ട ഒരു കാര്യവും ഇല്ല, നിസ്സഹായതയും ഇല്ല. അവന്‍ എഴുന്നേറ്റ് കൊടുത്തു ഒരടി കേശവന്റെ കവിളത്ത്.

ആ സംഭവത്തിന് ശേഷം ഒരു മാസം കഴിഞ്ഞാണ് ബവാനിയമ്മ എഴുന്നേറ്റത്. പിന്നെയും ഒരാഴ്ചകൂടി കഴിഞ്ഞാണ് ഉമ്മറത്ത് കാലും നീട്ടി ഇരുപ്പ് തുടങ്ങിയത്.

'ഗുര്‍മതി... അവനെയിങ്ങോട്ട് കാണുന്നില്ലല്ലോ. ആ ഇരുളനെ...'

' അമ്മ കിടപ്പായിരുന്നില്ലേ. അതാ അറിയാതിരുന്നത്. അവന്‍... അവനാ ഫാമിനുള്ളില്‍ മരിച്ചു കിടക്കയായിരുന്നു.. കൊന്നതാണെന്നേ.. അവന്റെ കൂട്ടുകാര്‍ തന്നെ. കാശിനും കാമത്തിനും ഇല്ലാത്ത അയിത്തമല്ലേ മനുഷ്യര്‍ക്ക്. അത് തന്നെ കാരണം. കേസുമില്ല, അന്വേഷണവുമില്ല. 'ആത്മഹത്യ'. കഴിഞ്ഞു... ഒരു മനുഷ്യന്റെ ജീവിതവും ആയുസ്സും ആ ഒറ്റ വാക്കില്‍ കഴിഞ്ഞു. '

' മനുഷ്യര്‍ സ്വയം ഉടച്ച് വാര്‍ക്കണമെങ്കില്‍ അവന്‍ അങ്ങേയറ്റം അപമാനിക്കപ്പെടണം. അല്ലെങ്കില്‍ അത്രത്തോളം ആഴത്തില്‍ സ്‌നേഹിക്കപ്പെടണം.'

ബവാനിയമ്മയുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് കൃപാലി നോവ് കൊണ്ട് മുദ്രണം ചെയത സ്‌നേഹപ്പാട് അവരുടെ മനസ്സിന്റെ മാലിന്യങ്ങളെ കൂടി കഴുകിക്കളഞ്ഞു .

ഗുര്‍മതിയുടെ ചെറുമകന്‍ ബവാനിയമ്മയുടെ മടിയിലിരുന്ന് കളിച്ചു. അവന്റെ കറുത്ത ശരീരത്തിലെ ചേറ് ബവാനിയമ്മയുടെ വെളുത്ത വസ്ത്രങ്ങളിലേക്ക് മണ്ണിന്റെ ഗന്ധം പുരട്ടി.  


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - പങ്കു ജോബി

Writer

Similar News

കടല്‍ | Short Story