സുമിത്രായനം | Short Story
| കഥ
''അയ്യോ...അമ്മാ.. കാടന്‍ പൂച്ച കിങ്ങിണിയെ കടിച്ചു കീറുന്നു'' എന്ന് പറഞ്ഞു കൊണ്ട് ആദി അടുക്കളയിലേക്ക് ഓടി വരുമ്പോള്‍ തുള വീണ ചീനച്ചട്ടി പപ്പടം നനച്ച് ഓട്ടയടക്കുന്ന തിരക്കിലായിരുന്നു സുമിത്ര. അമ്മിത്തറയില്‍ നിന്ന് തല നീട്ടി നോക്കിയപ്പോള്‍ കിങ്ങിണി ചുരുണ്ടു കൂടി കാടന്റെ കാല്‍ ചുവട്ടില്‍ കിടപ്പുണ്ട്.
''അതുങ്ങള് സന്തോഷിക്കട്ടെ''സുമിത്ര ആത്മഗതം ചെയ്തു.
രണ്ടുമൂന്നിടത്തെ തുളയെല്ലാം അടച്ച ആശ്വാസത്തില്‍ നിവര്‍ന്നപ്പോള്‍ ആദി പിന്നെയും ചിണുങ്ങി.
''അയിന്റെ കഴുത്തില്‍ കടിക്കണമ്മ രെശ്ശിക്ക്''
''പോടാ അപ്രത്ത്'' മകന് നേരെ ഒറ്റ ആട്ട് വെച്ച് കൊടുത്തുകൊണ്ട് ഓട്ടയടച്ച ചീനച്ചട്ടിയുമായി അടുക്കളയില്‍ എത്തിയപ്പോള്‍ ചോറ് വെന്ത അടുപ്പില്‍ ചേരയോടുന്നു. ഇനി രണ്ടാമതും അടുപ്പ് കത്തിച്ചു പിടിപ്പിക്കണം. കത്തിച്ചിട്ട് എന്തിനാ കറി വെക്കാന്‍ ഒന്നും ബാക്കിയില്ല. അവള്‍ അടുക്കളയില്‍ നിന്ന് അകത്തേക്ക് പാളി നോക്കി. ഗണേശന്‍ പുറം വരാന്തയിലെ ചാരുപടിയില്‍ അതേ ഇരിപ്പ് തന്നെ.
സുമിത്ര തൊടിയിലേക്കിറങ്ങി ഒരു ഓമക്കായ കുത്തി താഴെയിട്ടു. കറയും കുരുവും കളഞ്ഞ് പാകത്തിന് വലുപ്പത്തില്‍ മുറിച്ചെടുക്കുമ്പോള്‍ ആദി വീണ്ടും വന്നു.
''ഇന്ന് ഓമക്കകറിയാണോ അമ്മാ''
''അല്ലെടാ, നിന്റച്ഛന്‍ ഐകോറകൊണ്ട് വന്നപ്പോള്‍ കത്തിക്ക് മൂര്‍ച്ച പോരാഞ്ഞ് പൂച്ചയ്ക്കിട്ടു കൊടുത്ത്''
''ഈ അമ്മക്ക് എപ്പോഴും ദേഷ്യാ''
ആദി തലയും കുനിച്ചു പോയപ്പോള്‍ അങ്ങനെ പറയേണ്ടായിരുന്നെന്ന് സുമിത്രക്കും തോന്നി. കുട്ടികളോട് സുഹൃത്തുക്കളെ പോലെ പെരുമാറണമെന്ന് സ്‌കൂളില്‍ പേരെന്റ്‌സ് ക്ലാസ്സ് എടുത്ത സാര്‍ പറഞ്ഞത് സുമിത്രയോര്‍ത്തു. തലയിലൊരു കടലിരമ്പുമ്പോള്‍ അതൊക്കെ എങ്ങനെ ഓര്‍ക്കാന്‍.
പത്തില്‍ എട്ട് പൊരുത്തം കുറിച്ച് നടന്ന മംഗല്യമാണ് ഗണേശന്റെയും സുമിത്രയുടെയും. കെട്ടിക്കൊണ്ടു വന്ന കാലം തൊട്ടേ ഗണേശനിങ്ങനെയാണ്. ഒന്നിനും ഉത്തരവാദിത്തമുണ്ടായിരുന്നില്ല. നേരാംവണ്ണം പണിക്ക് പോകില്ല. എല്ലാത്തിനോടും ഒരു തരം മന്ദത. അയാളീ ലോകത്തെ അല്ലെന്ന് തോന്നും ചിലപ്പോള്‍.
ഇന്ന് ശരിയാകും നാളെ ശരിയാകുമെന്ന് കരുതി സുമിത്ര ആശ്വസിച്ചു. ദിവസങ്ങള്‍ മാസങ്ങളും വര്‍ഷങ്ങളുമായി എന്നല്ലാതെ ഗണേശന്‍ മാറിയില്ല. പയ്യെ പയ്യെ കഴുത്തിലെ മാലയില്‍ താലി തൂങ്ങിയതിലും വേഗത്തില്‍ വീട് പിരടിയില്‍ കിടന്ന് സുമിത്രയെ ശ്വാസം മുട്ടിച്ചു. എത്ര കുടഞ്ഞെറിഞ്ഞിട്ടും ആ ഭാരം കാലില്‍ നിന്ന് തലയിലേക്കും തലയില്‍ നിന്ന് കാലിലേക്കും ട്രപ്പീസ് കളിച്ചു.
സുമിത്ര കിടന്ന് പിടയുന്നത് പൊടിഞമരുന്നത് അച്യുതന്‍ കുട്ടി അറിയുന്നുണ്ടായിരുന്നു.
''പെണ്ണ് കെട്ടിച്ചാല്‍ നന്നാവുമെന്ന് കരുതി'' കണക്കുകൂട്ടലുകള്‍ പിഴച്ച വേദനയാല്‍ അയാള്‍ രണ്ടാം മുണ്ട് കുടഞ്ഞു മുഖം തുടച്ചു.
''അത് വന്ന പെണ്ണിന്റെ മിടുക്ക് പോലിരിക്കും''
ശാരദ മുറുക്കാന്‍ നീട്ടി തുപ്പി.
വിട്ടത്തില്‍ ഇരുന്ന് ഗൗളി ചിലച്ചു. സുമിത്ര അടുക്കളയിലേക്കോടി. കല്ലുരലില്‍ ഇരുന്ന് തല തല്ലിക്കരഞ്ഞു. കണ്മഷി പടര്‍ന്ന കവിള്‍ പുറം കൈകൊണ്ട് തൂത്തു ചുമരില്‍ തുടച്ചു. ഇരുമ്പുലക്ക ചാരി വെച്ച അടുക്കളച്ചുവരില്‍ ഒന്നിന് മീതെ മറ്റൊന്നായി മിഴിനീര്‍ തിരമാല തീര്‍ത്തു. കണ്‍തിര ഒടുങ്ങിയതേയില്ല.
ഒരിക്കല്‍ വീട്ടില്‍ ചെന്നപ്പോള്‍ മനസ്സില്ലാമനസ്സോടെ ശ്യാമേച്ചിയോട് സങ്കടം പറഞ്ഞു.
''അവന് കുടിയും വലിയുമൊന്നുമില്ലല്ലോ, ആണുങ്ങളായാല്‍ എന്തെല്ലാം ദുഃശീലങ്ങള്‍ ഉണ്ടാകും. അതൊക്കെ അങ്ങട്ട് അഡ്ജസ്റ്റ് ചെയ്തു ജീവിക്ക്''
സുമിത്രക്ക് ഉത്തരമില്ലായിരുന്നു. എങ്ങനെയൊക്കെ, എത്ര കാലം? ശൂന്യമായ കൈകളിലേക്ക് നോക്കി സുമിത്ര. കൂട്ടിനോക്കാന്‍ വിരലുകള്‍ തികയുന്നില്ല.
''എല്ലാരും ഇങ്ങനൊക്കെതന്നാണെടീ'' ശ്യാമ കണ്ണിറുക്കി ചിരിച്ചു.
ആമിക്ക് ശേഷം ആദി കൂടി വന്നപ്പോള്‍ സുമിത്രക്ക് ആധിയേറി. തീരെ ഗതികെട്ടൊരു നേരത്ത് അമ്മേടെ നെഞ്ചില്‍ കിടന്നു പൊട്ടിക്കരഞ്ഞു,''വയ്യമ്മേ''
''തല്ലും കുത്തും ഒന്നൂല്യാലോ, പോരാത്തേന് കുട്ട്യോളും രണ്ടെണ്ണായി. മൂത്തത് പെണ്ണാന്നുള്ള ഓര്‍മ വേണം. കൊറച്ചൊക്കെ കണ്ടില്യ കേട്ടില്യ നടിക്കെന്നെ''അന്ന് പതിവില്‍ കൂടുതല്‍ കാച്ചിലും ചേമ്പും പൊതിഞ്ഞ്
ചെന്നതിലും വേഗത്തില്‍ അമ്മ പറഞ്ഞു വിട്ടു.
അച്യുതന്‍കുട്ടി മരിച്ചു, അതിന് ഒരു കൊല്ലം മുമ്പേ ശാരദയും മരിച്ചു. അരപ്പട്ടിണി മുഴുപ്പട്ടിണിയായി. ഉണ്ണാതായി ഉടുക്കാതായി. പിന്നീട് ആരോടും പരാതി പറഞ്ഞില്ല, ആരെയും ഒന്നും അറിയിച്ചില്ല.
ഗണേശന്‍ ആഴ്ചയില്‍ ഒരിക്കല്‍ എന്തെങ്കിലും പണിക്ക് പോയാലായി. വെറുതെ ഇരുന്നിരുന്ന് അയാള്‍ക്ക് അതൊരു ശീലമായി. രാവ് വെളുക്കുന്നതോ സൂര്യന്‍ അസ്തമിക്കുന്നതോ അയാളെ അലട്ടിയില്ല. നേരം വെളുക്കും മുതല്‍ കോലായിലെ ചാരുപടിയില്‍ ദൂരേക്ക് നോക്കി ഒരേ ഇരിപ്പ് ഇരിക്കും. വെറുതെ ഇരിക്കുമ്പോഴൊക്കെ അയാള്‍ മൂക്കില്‍ വിരലിട്ട് പൊറ്റ അടര്‍ത്തിയെടുക്കും. അകത്തു കിടന്ന് സുമിത്രയപ്പോള്‍ ഉപ്പ് തീര്‍ന്നെന്ന്, മുളക് തീര്‍ന്നെന്ന്, കൊച്ചിന്റെ മരുന്ന് തീര്‍ന്നെന്ന് വിളിച്ചു പറയും. അയാള്‍ പക്ഷെ കയ്യിലെടുത്ത പൊറ്റ ഉരുട്ടിയിരുട്ടി മിനുക്കുന്ന തിരക്കിലാവും. സുമിത്രയപ്പോള്‍ നാണു കോമരത്തേക്കാള്‍ ഉച്ചത്തില്‍ ഉറഞ്ഞു തുള്ളും. അവളപ്പോള്‍ അടുക്കളയിലേക്ക് ഓടും, പാത്രങ്ങള്‍ ഉച്ചത്തില്‍ കലഹിക്കും. അവള്‍ക്ക് മടുക്കും. മരണത്തെ തിരയും. മരണം അതിന്റെ മടിത്തട്ടിലേക്ക് മാടി വിളിക്കും.
വേഗം വേഗം.
ഉന്മാദിയെപ്പോലെ സുമിത്രയപ്പോള്‍ ഉറിയിലേക്ക് നോക്കും. നിമിഷനേരം കൊണ്ടത് ഊരാകുടുക്കിട്ട് കാത്തിരിക്കും. വിറകടുപ്പിന്റെ മൂലയിലെ പെപ്‌സിക്കുപ്പിയിലെ മണ്ണെണ്ണ അവളെ ആകെ പുതപ്പിക്കാന്‍ മതിയാകും. കത്തിക്കും കൊടുവാളിനും അപ്പോള്‍ പതിവിലേറെ മൂര്‍ച്ച കാണും. മരണത്തിന്റെ തണുപ്പിലേക്ക് നടന്നടുക്കാന്‍ വെമ്പുമ്പോള്‍ അടുക്കള പൊടുന്നനെ മായാജാലക്കാരിയാകും. മുങ്ങിയും മുറിഞ്ഞും പുകഞ്ഞും പലവട്ടം സുമിത്ര മരിച്ചു. അപ്പോഴൊക്കെ അടുക്കള അവളെ പുനരുജ്ജീവിപ്പിച്ചു.
ഒരിക്കല്‍ ആദി വരച്ച വീടിന്റെ ചിത്രത്തില്‍ അടുക്കള ചൂണ്ടി ഇത് അമ്മേടെ റൂം എന്ന് പറഞ്ഞെന്ന് ക്ലാസ്സ് പിടിഎ ക്കിടെ മഞ്ജു മിസ്സ് പറഞ്ഞപ്പോള്‍ എല്ലാ രക്ഷിതാക്കളും ചിരിച്ചു. മഞ്ജു മിസ്സും ചിരിച്ചു. ഇങ്ങനെ എപ്പോഴും അടുക്കളക്കാരിയാവാതെ ക്രീയേറ്റീവ് ആയിരിക്കാന്‍ ഉപദേശിച്ചു. മുന്‍നിരയിലെ രക്ഷിതാക്കളെ ഉദാഹരിച്ചു. അവരൊക്കെ അഭിമാനംകൊണ്ട് തല ഉയര്‍ത്തി നാലു പാടും നോക്കി വെളുക്കെ ചിരിച്ചു. സുമിത്ര വെറുതെ തലയാട്ടി. അപമാനത്താല്‍ തല കുനിച്ചു. അടര്‍ത്തിയെടുക്കുന്ന മൂക്കില്‍ പൊറ്റകള്‍ ഉരുട്ടിയെടുക്കുന്ന ഗണേശനെ പോലെ മീറ്റിംഗ് കഴിയുംവരെ സാരിത്തലപ്പ് വിരലുകള്‍ക്കിടയിലിട്ട് ഉരുട്ടിയെടുത്തു. ആദി വരച്ച ചിത്രവും മഞ്ജു മിസ്സും ഗണേശനും അവളുടെ വിരലുകള്‍ക്കിടയില്‍ കിടന്ന് പിടഞ്ഞു. വേണ്ടെന്ന് പറഞ്ഞിട്ടും മടക്കത്തില്‍ ഭവാനിയുടെ അമ്മ ലിഫ്റ്റ് കൊടുത്തു.
''താനിങ്ങനെ എല്ലാം ഏറ്റെടുത്ത് നടത്തുന്നതുകൊണ്ടാണെടോ ഗണേശന്‍ മടിയനായത്. താന്‍ അടങ്ങിയിരുന്നാല്‍ അയാള് താനെ പണിക്ക് പോകുമെന്ന് ഉപദേശിച്ചു.
കാറിലെ തണുപ്പ് സുമിത്രയെ തണുപ്പിച്ചില്ല. പകരം വിശന്നു കരഞ്ഞ രണ്ടുണ്ണികളുടെ ഒട്ടിയ വയര്‍ ഓര്‍മയില്‍ തെളിഞ്ഞു. ആ വയറ് ആര് നിറക്കുമെന്നു ഭവാനിയുടെ അമ്മയോട് സുമിത്ര തിരിച്ചു ചോദിച്ചില്ല. അടുക്കള പുകയാത്തപ്പോള്‍ അകം പുകഞ്ഞ നാളുകള്‍ അവളോര്‍ത്തു. ഒടുക്കം ഒരു പുകയായി ഒടുങ്ങാന്‍ ഒരുങ്ങിയപ്പോഴും മരണത്തിന്റെ പ്രലോഭനത്തിലും അതിജീവനത്തിന്റെ കൊടുങ്കാറ്റഴിച്ചുവിട്ട് അടുക്കള അവളെ തടഞ്ഞു നിര്‍ത്തി. ചിട്ടി പിടിച്ചു, ആടിനെ വാങ്ങി. അച്ചാറുണ്ടാക്കി, പപ്പടം പരത്തി. ഉണ്ടും ഉണ്ണാതെയും ഉറങ്ങിയും ഉറങ്ങാതെയും സുമിത്ര അവളെ പടുത്തു.
ഭവാനിയുടെ അമ്മ കൂണ്‍ കൃഷിയെ കുറിച്ചു പറഞ്ഞു, അതിന്റെ ലാഭക്കണക്കുകള്‍, അവസാനം പോയ വിനോദയാത്രയുടെ വിശേഷങ്ങള്‍, ഭര്‍ത്താവ് വാങ്ങി കൊടുത്ത സമ്മാനങ്ങള്‍, വീട് പണിയുടെ വിശേഷങ്ങള്‍. പക്ഷെ, കാറില്‍ നിന്നിറങ്ങുമ്പോള്‍ സുമിത്ര ഓര്‍ത്തത് പലിശക്കാരന്‍ ഇട്ടിയുടെ കണക്കും മസാലപ്പീടികയിലെ രാജന്റെ പറ്റുമായിരുന്നു.
തെക്കേ മുറ്റത്തെ പൂജാമുറിയില്‍ അച്ഛന്‍ നിത്യം വിളക്ക് വെക്കുന്നത് കാരണം തീണ്ടാരിയായിക്കഴിഞ്ഞാല്‍ പിന്നാമ്പുറത്തുകൂടി അടുക്കള വഴി വേണം അകത്തു കടക്കാന്‍. സ്‌കൂളില്‍ പഠിക്കുമ്പോഴേ അഥവാ വയസ്സറിയിച്ചത് മുതലുള്ള ശീലം. ശ്യാമേച്ചിക്കൊപ്പം ആ ചിട്ടയും സുമിത്ര എടുത്തണിഞ്ഞു. തറവാട്ടില്‍ ജനിച്ച പെണ്‍കുട്ടികല്‍ കോലായില്‍ കാലില്‍ കാലിട്ട് ഇരിക്കരുതെന്ന് നാമം ജപിക്കുമ്പോലെ അച്ഛമ്മ ജപിച്ചുകൊണ്ടിരിക്കും. അമ്മേടെ സാരിത്തലപ്പില്‍ തൂങ്ങി കുറുഞ്ഞിപൂച്ചയെ പോലെ വാതില്‍ പടിയില്‍, അമ്മിത്തറയില്‍, വീതനതിണ്ടില്‍ പണ്ടേ സ്വന്തം ഇടം തിരഞ്ഞു സുമിത്ര. അമ്മ അച്ഛനെ, വീടിനെ, ഊട്ടി ഉറക്കി, കുംഭമാസചൂടില്‍ കൊതുമ്പും കൊലച്ചിലും കത്തുമ്പോലെ ആളി ക്കത്തി. വെന്തു വെണ്ണീറായി.
ഉണ്ണാനും ഉടുക്കാനും കിട്ടുന്നത് തന്നെ വലിയ ഭാഗ്യമായി കണ്ട് ശ്യാമേച്ചിയും അമ്മക്ക് പിന്തുടര്‍ച്ച നല്‍കി. സീമന്തരേഖയില്‍ അമ്മയേക്കാള്‍ വലിയ പൊട്ടും തൊട്ടു അമ്മയേക്കാള്‍ മിടുക്കിയായി.
സുമിത്ര പക്ഷെ ഒരു കടല്‍ ഉള്ളില്‍ കൊണ്ടു നടന്നു. എത്ര വെയില്‍ കൊണ്ടിട്ടും വറ്റാത്ത ഒരു കടല്‍. ഇടക്കതില്‍ കൊടുങ്കാറ്റു വീശും. കുന്നോളം ഉയരത്തില്‍ തിരമാലകളുയരും. അടുക്കളയത് തടഞ്ഞു നിര്‍ത്തും.
ചിലപ്പോള്‍ അവളൊരു കൊടുങ്കാടിനെ ഉള്ളില്‍ പേറും. വഴി തെറ്റി വഴി തെറ്റി നടുക്കാട്ടിലൂടെ ഇടറിയിടറി നടക്കും. ചോദ്യങ്ങളുടെ കൊക്കകള്‍ ആകാശത്തോളം ഉയരത്തിലും ഉത്തരങ്ങള്‍ ഭൂമിയോളം ആഴത്തിലുമുള്ള വേരുകളും നിറഞ്ഞ കൊടുങ്കാട്.കാട്ടുതീയിലെത്രയമര്‍ന്നാലും പിന്നെയും പിന്നെയും മുള പൊട്ടി ആകാശത്തെ ഭൂമിയെ വിഴുങ്ങുന്ന ഇരുള്‍ വിഴുങ്ങിയ കാട്.
കാട് കടലായി
കടല് വീടായി
വീട് സുമിത്രയായി
സുമിത്ര അടുക്കളയായി.
അമ്മയേക്കാള്‍ ശ്യാമേച്ചിയേക്കാള്‍ വലിയ പൊട്ട് സുമിത്ര തൊട്ടില്ല. കുലസ്ത്രീ ചമഞ്ഞില്ല. അവളിടക്ക് ഗണേശനായി. ഇടക്ക് സുമിത്രയായി.
അവള്‍ നോവുഭാരങ്ങള്‍ അടിച്ചു കൂട്ടി അടുപ്പിലിട്ട് കത്തിച്ചു, സ്വപ്നങ്ങളെ പ്രതീക്ഷയുടെ ഈര്‍പ്പം തളിച്ച് അഴയില്‍ ആറിയിട്ടു.
സൊസൈറ്റിയില്‍ പാലളന്നു വരുന്ന സുമിത്രയെ കണ്ട് ഭാനുമതിയും ആമിനുമ്മയും കണ്ണില്‍ കണ്ണില്‍ നോക്കി പറഞ്ഞു, 'ഓളാ പെണ്ണ്'
ഓളത് ചെന്ന് അടുക്കളയോട് പറഞ്ഞു.
വിട്ടത്തില്‍ ഇരുന്ന് പല്ലി ചിലച്ചു, സുമിത്ര ചിരിച്ചു, അടുക്കള ചിരിച്ചു.
സുമിത്രക്കിപ്പോള്‍ അടുക്കളയുടെ മണമാണ്. അടുക്കളക്ക് സുമിത്രയുടെ മണവും. മറ്റാരും കേള്‍ക്കാന്‍ ഇല്ലെങ്കിലും സുമിത്ര ഉറക്കെ പാടും, ഉച്ചത്തില്‍ പറയും, ചിരിക്കും, കരയും.
അടുക്കള കേള്‍ക്കും അറിയും നോവുണക്കും. കരയുമ്പോള്‍ ചുമലിലേക്ക് ചേര്‍ത്തണക്കും. കണ്ണുനീര്‍ ഏറ്റെടുക്കും. രണ്ട് വിരലുകള്‍ക്കിടയിലിട്ട് ഈ വീട് ഒന്നടങ്കം ഉരുട്ടി എടുത്ത് കാറ്റില്‍ പറത്തുന്ന സ്വപ്നം കണ്ടെന്നു പറഞ്ഞു സുമിത്ര ഉറക്കെ ചിരിക്കും, അടുക്കള കൂടെ ചിരിക്കും.
അയ്മതിന്റെ പോത്ത് പെറ്റെന്നും അയ്ന് പോത്ത് പെറോ പോത്തേ എന്ന് തിരിച്ചു കളിയാക്കിയും അവരാനന്ദിച്ചു. പുള്ളിക്കോഴി മുട്ടയിട്ടതും കറുമ്പി പെറ്റതും കറവ വറ്റിയതും മീന്‍കാരന്‍ അന്ത്രൂന്റെ മീന്‍പറ്റും അടുപ്പീന്ന് ഒരു കൊള്ളി എടുത്ത് തുപ്പല് തൊട്ട് തീയണച്ച് അടുക്കളച്ചുവരില്‍ സുമിത്ര എഴുതി പ്പിടിപ്പിച്ചു. 'അന്റെ മോള്‍ക്ക് അന്നെപ്പോലെ വല്യ ഉണ്ടാക്കണ്ണ് തന്യാണോ കിട്ടിയത്' എന്ന് എട്ട് ബി യില്‍ കൂടെ പഠിച്ച സുജാത ചോദിച്ചപ്പോള്‍ അതേ കരി വിരലറ്റത്ത് പൊടിച്ച് ഗണേശന്‍ കാണാത്ത കണ്ണുകളവള്‍ വാലിട്ടെഴുതി.
തട്ടാന്റെ മോള് എട്ടാം മാസം പെറ്റതും അലവിക്ക് വീട് പൊളിച്ചപ്പോള്‍ നിധി കിട്ടിയതും ചെത്തുകാരന്‍ കുമാരന്റെ കൂടെ സൗദാമിനി ഒളിച്ചോടിയതും പറഞ്ഞവര്‍ കുടുകുടെ ചിരിക്കും. ആരേലും കേട്ടോ എന്ന് സുമിത്ര അകത്തേക്ക് എത്തി നോക്കും. ഗണേശന്‍ ഉമ്മറപ്പടിയില്‍ ഇരുന്ന് അപ്പോഴും മൂക്കില്‍ പൊറ്റ ഉരുട്ടി എടുക്കുന്നുണ്ടാകും.അത് കാണുമ്പോള്‍ അവര്‍ വീണ്ടും ഉറക്കെയുറക്കെ ചിരിക്കും.
'ഒരീസം ആരുംല്യാണ്ടാവുമ്പോ ഈ ചിമ്മിനിക്കൂട്ടിലൂടെ മാവിന്റേം പ്ലാവിന്റേം കൊമ്പത്ത് കുടുങ്ങാതെ നേരെ ആകാശത്തേക്ക് പൊകയായി ഊതി വിടണമെന്ന് അടുപ്പ് കല്ലിനോട് ഒസ്യത്ത് പറയും
'യ്യി പോയാല്‍ ഇക്യാരാ' എന്ന് അടുപ്പ്കല്ല് പതം പറയും.
അടുപ്പ് കരഞ്ഞു
അടുക്കള കരഞ്ഞു
സുമിത്ര കരഞ്ഞു.
ചിമ്മിണിക്കൂട് ആരും കേള്‍ക്കാതെ ആ ഏങ്ങലുകള്‍ ഏറ്റെടുത്തു.
അന്നും ആമിയും ആദിയും അമ്മായെന്ന് വിളിച്ചു കൊണ്ടാണ് സ്‌കൂളു വിട്ട് അകത്തേക്ക് കയറിയത്. സ്‌കൂള്‍ ബാഗ് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ് അടുക്കളയിലേക്ക് നീട്ടി പിന്നെയും വിളിച്ചു അമ്മാ..
വീതനപ്പുറത്തു പുഴുങ്ങിയ മുട്ടയും കട്ടന്‍ചായയും അടച്ചു വെച്ചിട്ടുണ്ടായിരുന്നു. കുട്ടികള്‍ ആര്‍ത്തിയോടെ അതെടുത്തു കഴിക്കുകയും നിര്‍ത്താതെ സ്‌കൂളിലെ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്തു.
മറുപടികാക്കാതെ കുട്ടികള്‍ തുടര്‍ന്നുകൊണ്ടിരുന്നു.
അടുക്കള കേള്‍ക്കുന്നുണ്ടായിരുന്നു.
സുമിത്രയും.
************
*അടുപ്പില്‍ ചേരയോടുക എന്നത് നാട്ടിന്‍പുറത്തെ ഒരു ശൈലിയാണ്. നന്നായി കത്തിയിരുന്ന അടുപ്പ് കെട്ട് പോയതിനെ പഴമക്കാര്‍ പരിഹാസരൂപേണെ പറഞ്ഞിരുന്നത്.
**വീതനപ്പുറം - അടുപ്പിന്റെ തിണ്ട്