കവിതയെന്ന മാന്ത്രികക്കപ്പല്‍
ടി. മോഹനന്റെ 'നമുക്കിനിയും പുറത്തിരുന്നു സംസാരിക്കാം' കവിതാ പുസ്തകത്തിന്റെ വായന.
മനുഷ്യന്റെ വേദനകളെ കുറിച്ച് ജീവിതകാലം മുഴുവന്‍ ആശങ്കപ്പെടുകയും പരിഹാരം എന്ന നിലയില്‍ ഒരു സാമ്പത്തിക ആശയം തന്നെ രൂപപ്പെടുത്തുകയും ചെയ്ത കവിയായിരുന്നു കാള്‍മാര്‍ക്‌സ്. സ്വന്തം ജീവിതത്തില്‍ പ്രണയത്തിന്റെ ലാവണ്യനിയമം നടപ്പാക്കിയ കവി. സ്‌നേഹദാരിദ്ര്യങ്ങളെ ശ്വാസകോശത്തിന്റെ രണ്ടറകളിലും ചുമന്നു നടന്ന കവി.
കാള്‍മാര്‍ക്‌സിന്റെ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു കവിതയാണ് മാന്ത്രികനൗക. പായയുടെ ചിറകുകളോ വെളിച്ചം പോലുമോ ഇല്ലാതെ മുന്നോട്ട് പോകുന്ന ഒരു കപ്പലാണ് കവിതയിലെ പ്രമേയം. പാമരം കാലപ്പഴക്കത്താല്‍ ദുര്‍ബ്ബലമായതുമാണ്. സിരകളില്‍ ചോരയോട്ടമില്ലാത്ത പരുക്കനായ കപ്പിത്താന്‍. അയാളുടെ കണ്ണുകളില്‍ പ്രകാശമോ തലയില്‍ വിചാരങ്ങളോ ഇല്ല. ക്ഷുഭിതമായ കടലാണ്. തിരകള്‍ രാക്ഷസനൃത്തം നടത്തുന്നു. സമുദ്രത്തില്‍ ഉയര്‍ന്നു നിന്ന ഒരു പാറയില്‍ കപ്പലിടിക്കുന്നു.
ആഴിയില്‍ മുങ്ങിയ കപ്പല്‍ അധികം വൈകാതെ ഉയര്‍ന്നു വന്നു. കപ്പിത്താന്‍ ദുഃഖത്തില്‍ മുങ്ങിപ്പോയി. കപ്പല്‍ മുന്നോട്ടുതന്നെ പോയി. പുതിയ തീരങ്ങള്‍ കാണുന്നു. പുതിയ കടല്‍. പുതിയ തീരം. പുതിയ ആകാശം. പുതിയ ഭൂമി.
അതെ, രാഷ്ട്രനായകര്‍ ഇല്ലാതെയായാലും ഇഛാശക്തിയുള്ള പ്രത്യയശാസ്ത്രം മുന്നോട്ടുപോകും. കവി വിസ്മരിക്കപ്പെട്ടാലും കവിത പുതിയ തുരുത്തുകള്‍ തേടി മുന്നോട്ടുപോകും. അവിടെ എഴുതപ്പെട്ട മലയാളം പോലും അപ്രസക്തമാകും. മറുഭാഷാദ്വീപുകളില്‍ ആ രചനകള്‍ കുടിലുകെട്ടി കഞ്ഞി വക്കും.
ഇത്തരത്തിലുള്ള ഒരു മാനസികബലം സൂക്ഷിക്കുന്ന കവിതകളാണ് ടി. മോഹനന്‍ നമുക്ക് തരുന്നത്. പ്രതിസന്ധികളെ അതിജീവിക്കാന്‍ നീന്തിത്തുടിക്കുന്ന വാക്കുകളുടെയും ആശയത്തിന്റെയും മുന്നേറ്റം പുസ്തകത്തിലുടനീളമുണ്ട്. ഈ ജലയാത്രയ്ക്ക് രണ്ടു കൈകളുണ്ട്. ഒന്ന് ബോധ്യപ്പെടുത്തലിന്റേത്. മറ്റൊന്ന് മുന്നോട്ടെന്നു പറയാതെ പറയുന്നത്. അതുകൊണ്ടുതന്നെ കവിതകള്‍ സമാനമനസ്‌കര്‍ക്ക് സമ്മാനിക്കുന്നത് സുരക്ഷയുടെ ആകാശമാണ്. സ്വന്തമെന്നു വിശ്വസിപ്പിക്കുന്ന ആകാശം.
ഈ ആകാശത്തിലെ നക്ഷത്രക്കാഴ്ചകള്‍ അടുപ്പിച്ചു നിര്‍ത്തലിന്റെ കിരണങ്ങള്‍ തൂകുന്നവയാണ്.
സ്പര്‍ശനം അറിയാത്ത ശവശരീരങ്ങളിലെ സഹശയനം, ഹരിനാമകീര്‍ത്തനം വായിക്കാനിരുന്നപ്പോള്‍ പിളര്‍ന്ന പാര്‍ട്ടി, ഒറ്റത്തടികളാകുവാന്‍ അകന്നകന്നു പോയി വന്മരങ്ങളായവര്‍, തീയുടെ സര്‍വരാജ്യങ്ങളില്‍ തടസ്സമാകുന്ന പുക, ചൊറിഞ്ഞു തീരാത്ത വാര്‍ത്തകള്‍, അക്ഷരം മനസ്സില്‍ തറച്ച മൂന്നാം ക്ലാസ്സ്, പുളിച്ചു തികട്ടിയ ചിത്രകാരന്‍, ഒറ്റനിറത്തിലെ ആകാശം, അത്യാര്‍ത്തിയെ നാലു വശത്തേക്കും വകഞ്ഞു മാറ്റിയ ഒറ്റവാക്ക്, പകല്‍ രാത്രിയാകുന്നത് നോക്കിയിരിക്കുന്ന ചിരി, സൗമ്യതയുടെ നെല്ലിപ്പലക, അലയും പുഴയും ചേര്‍ന്നു ചിരിച്ച കറുത്ത ണ്ണ്, ഒറ്റപ്പെട്ടവന്റെ കണ്ണുകള്‍....
കാഴ്ചകള്‍ നീളുകയാണ്. ശബരിമലയിലെ പെണ്‍മരങ്ങള്‍, അപഹരിക്കപ്പെട്ട വെന്റിലേറ്ററിലെ ഒറ്റദിവസത്തെ രാജാവ്, ഉപ്പുകാറ്റിന്റെ സംഗീതം, അച്ചടക്ക മ്യൂസിയം, സമൂഹമാധ്യമത്തിരക്ക്, വിപരീത വിഷാദങ്ങള്‍, തല്‍ക്കാലത്തേക്ക് അതിരുകള്‍ മാറ്റിയ ഓണമുറ്റം, നനവിന്റെ ആഴം, അമ്മയിലസ്തമിച്ച നാലതിരിലെ പൂക്കള്‍, പ്രഗ്‌നന്‍സി കാര്‍ഡ്, സൈക്കിളില്‍ കയറിപ്പോകുന്ന ബിനു എം. പള്ളിപ്പാട്, അരിയെന്ന നിത്യസംഭാഷണം, വര്‍ഷങ്ങള്‍ വളച്ചൊടിച്ച വാക്കുകള്‍, തന്നിഷ്ടം പോലെ സഞ്ചരിച്ച പൂജ്യങ്ങള്‍, തെക്കുന്നു പെയ്തു വരുന്നവള്‍, ചെമ്പരത്തിപ്പൂവിലേക്ക് പെയ്യുന്ന നിലാവ്, ഉള്ളില്‍ നിറച്ച ബലൂണ്‍, സോഷ്യലിസത്തിന്റെ കിഴക്കന്‍ കാറ്റ്, വീടിനുള്ളിലെ പ്രകാശിക്കാത്ത നക്ഷത്രങ്ങള്‍.....
പുസ്തകം നിവര്‍ത്തിപ്പിടിക്കുന്ന സ്‌നേഹിതരുടെ ആസ്വാദനക്ഷമതയെ ഒരിയ്ക്കലും ബാധിക്കരുതെന്നു കരുതി, ഈ കവിതകളെ കുറിച്ചുള്ള അഭിപ്രായരൂപീകരണം ഞാനിവിടെ നടത്തുന്നില്ല. ചില കിരണങ്ങള്‍ കടന്നു വരാനുള്ള ചെറുജാലകങ്ങള്‍ തുറന്നിട്ടിട്ടേയുള്ളൂ. ഇനി നമുക്ക് വായിക്കാം. ക്ഷുഭിതസാഗരങ്ങളെ കടന്നുപോകാനുള്ള ഈ കരുത്തുകളെ നമുക്ക് നെഞ്ചോടു ചേര്‍ക്കാം.