തങ്കം: വിനീത് ശ്രീനിവാസന്‍ എന്ന താരശരീരത്തിന്റെ രൂപാന്തരം
വളരെ കൃത്യമായ ത്രില്ലര്‍ സിനിമകളില്‍ നമ്മള്‍ എക്‌സ്‌പെക്ട് ചെയ്യുന്ന ഒരു ക്രൈം നടന്നു, അതിന്റെ അന്വേഷണം ഓരോ നിമിഷവും എന്‍ഗേജിങ് ആയി നടക്കണം, ഏറ്റവും അവസാനം ഞെട്ടിക്കുന്ന ഒരു ക്ലൈമാക്‌സില്‍ എത്തണം എന്ന് നമ്മള്‍ തന്നെ നിര്‍മിച്ചെടുത്ത ഒരു 'സി.ബി.ഐ' മനഃസ്സാക്ഷിയെ പുറത്തുനിര്‍ത്തി വേണം ഈ സിനിമയെ എന്‍ജോയ് ചെയ്യാന്‍. അതില്‍ നിന്നു പുറത്തു കടന്ന ഒരു സിനിമാഭാഷ ഇതിന്റെ സംവിധായകന്‍ നിര്‍മിച്ചെടുക്കുന്നുമുണ്ട്.
മനുഷ്യര്‍ നിര്‍മിച്ചെടുക്കുന്ന നീതി, ന്യായം, കുറ്റം, കളവ്, കുറ്റബോധം തുടങ്ങിയ സങ്കേതങ്ങളില്‍ നിലനില്‍ക്കുന്ന പലതരം നോര്‍മാലിറ്റികളില്‍ നിന്നും വേര്‍പെട്ടുകൊണ്ട് പുതുമയുള്ള ഒരു ക്യാരക്ടര്‍ രൂപീകരണമാണ് തങ്കം എന്ന സിനിമയിലെ വിനീത് ശ്രീനിവാസന്റെ കണ്ണാപ്പി എന്ന കഥാപാത്രത്തിലൂടെ നടപ്പാകുന്നത്. നീതി, ന്യായം എന്നൊക്കെ മനുഷ്യര്‍ തീരുമാനിക്കുന്നതും, അതിനെ കുറിച്ചുള്ള ചിന്തകള്‍
നിലനിര്‍ത്തുന്നതും, അതിനെ കുറിച്ചുള്ള മൊറാലിറ്റികള്‍ സൃഷ്ടിക്കുന്നതും ഭാഷയിലൂടെ അത് ചര്‍ച്ച ചെയ്യപ്പെടുമ്പോഴും അതിനെ കുറിച്ച് തര്‍ക്കിക്കുമ്പോഴും ആണെന്നും തോന്നുന്നു. ഫേസ്ബുക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ആക്റ്റിവിസ്റ്റ് അക്കാദമിക് സപേസുകളില്‍, മറ്റ് മനുഷ്യരോടുള്ള നിരന്തരമായ ഭാഷാ വിനിമയങ്ങളിലൂടെ എല്ലായിടങ്ങളിലും മനുഷ്യര്‍ നല്ല മനുഷ്യരാകാനും അതിനെ കുറിച്ചുള്ള മൊറാലിറ്റി ഡെഫനിഷനുകള്‍ തീര്‍ക്കുവാനും അഹോരാത്രം പണിയെടുക്കുന്നുണ്ടെന്നും തോന്നുന്നു. ഈയിടെ ഒരു സുഹൃത്ത് പറഞ്ഞ ഒരു വാചകം ഇവിടെ ക്വോട്ട് ചെയ്യാതെ പറ്റില്ല. ''ന്യായത്തെയും നീതിയെയും കുറിച്ചുള്ള എല്ലാ ചര്‍ച്ചകളിലും വിജയിച്ചു പോവുകയാണ്. അതുകൊണ്ട് തന്നെ ഞാന്‍ തോറ്റു പോവുകയുമാണ്''. ആരാണ് ശരി എന്ന മനുഷ്യരുടെ ഇടയിലുള്ള ചര്‍ച്ചകള്‍ ആത്യന്തികമായി വെറും തമാശകള്‍ കൂടിയാണെന്ന് തോന്നുന്നു.
ഇത്തരം സങ്കേതങ്ങളില്‍ നിന്ന്, ന്യായത്തെയും നീതിയെയും കുറിച്ചുള്ള ബോധങ്ങളില്‍ നിന്ന്, വേറിട്ടു സഞ്ചരിക്കുന്ന സമൂഹികതയില്‍ നിന്ന് വേറിട്ടു പറക്കുന്ന കഥാപാത്രമായിരിക്കാം തങ്കത്തിലെ വിനീത് ശ്രീനിവാസന്റെ കണ്ണാപ്പി. സ്വര്‍ണ്ണപ്പണിക്കാരനായി, കാരിയര്‍ ആയി ജോലി ചെയ്യുന്ന കണ്ണാപ്പി ഒരേസമയം സൗഹൃദത്തിലും കുടുംബത്തിലുമൊക്കെ 'കുരുങ്ങി'ക്കിടക്കുമ്പോഴും ഈ സാമൂഹികമായ ഇടങ്ങളൊക്കെ തീര്‍ക്കുന്ന 'നല്ലത്' എന്നു കരുതുന്ന നീതി ബോധത്തില്‍നിന്ന് പുറത്തുകടക്കുന്ന അണ്ടര്‍വേള്‍ഡ് കാഴ്ച്ച വളരെ രസകരമാണ്. മുത്ത് എന്ന ബിജു മേനോന്റെ കഥാപാത്രവും അദ്ദേഹത്തിന്റെ സുഹൃത്തും പരസ്ത്രീകളിലും മദ്യത്തിലുമൊക്കെ ലഹരി കണ്ടെത്തുമ്പോള്‍ വിനീത് ശ്രീനിവാസന്റെ കണ്ണാപ്പി സ്വര്‍ണവും കൊണ്ട് കോയമ്പത്തൂരിലൂടെ രാത്രികളില്‍ സഞ്ചരിച്ച് അവന്റേതായ ഒരു അധോലോകം തീര്‍ക്കുന്നുണ്ട്. ഒരുപക്ഷേ അയാളുടെ അത്തരം ഒരു യാത്രയില്‍ കാറിന്റെ താക്കോല്‍ കിട്ടാതെ പ്രശ്‌നമാകുമ്പോഴാണ്, അയാളുടെ അത്തരം യാത്രകളുടെ ഏകസ്റ്റസിക്ക് കോട്ടം തട്ടുമ്പോഴാണ് അയാള്‍ ബിജു മേനോന്റെ ചേട്ടന്‍ ഫിഗറിനെ ശരിക്കും ചീത്ത വിളിക്കുന്നത്. തൃശൂരിലെ സ്വര്‍ണ കച്ചവടം, കുടുംബം, കൂട്ടുകാര്‍, സമൂഹം എന്നതിനപ്പുറം അയാള്‍ കോയമ്പത്തൂരിലെ കോളനികളില്‍, അവിടത്തെ മുസ്‌ലിം ആയ അണ്ടര്‍വേള്‍ഡ് സുഹൃത്തും, അപര മനുഷ്യരുമൊക്കെ ചേര്‍ന്ന്‌കൊണ്ട് മറ്റൊരു അധോലോകം സൃഷ്ടിക്കുന്നുണ്ട്. മലയാള സിനിമ നിര്‍മിച്ചെടുത്ത കുടുംബത്തിന് വേണ്ടി അധോലോകത്തേക്ക് പോകുന്ന ക്ലീഷേ 'ആര്യന്‍' സിനിമ ചിന്തകളില്‍ നിന്നു വ്യത്യസ്തമായി വിനീത് ശ്രീനിവാസന്റെ അഭിനയ ശരീരം, സ്വര്‍ണപ്പണി, കോയമ്പത്തൂര്‍ നഗരം, മുംബെയിലെ ചില ജ്യോഗ്രഫിക്കല്‍ സ്‌പേസുകള്‍ തുടങ്ങിയ പലതരം പുതുമകള്‍ ഈ സിനിമ മുന്നോട്ട് വെക്കുന്നുണ്ട്. വീനീത് ശ്രീനിവാസന്റെ മലയാളിയുടെ ഹീറോയിസത്തിന് യോജിക്കാത്ത താര ശരീരവും ഇത്തരം ആണ്ടര്‍വേള്‍ഡുകളിലൂടെ അയാളുടെ പ്രയാണങ്ങളും രസകരമാണ്.
വിനീത് ശ്രീനിവാസന്റെ താരശരീരം അദ്ദേഹം ഇതിന് മുന്‍പ് അവതരിപ്പിച്ച ഭൂരിഭാഗം സോഫ്റ്റ് മസകൂലിനീറ്റി കഥാപാത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായി അവതരിപ്പിക്കപ്പെട്ട രണ്ടു സിനിമകള്‍ ആണ് മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സും തങ്കവും. വിനീത് ശ്രീനിവാസന്‍ തന്നെ പല അഭിമുഖങ്ങളിലും തന്റെ അനിയന്‍ ധ്യാന്‍ ശ്രീനിവാസനെ ചേര്‍ത്തുവെച്ചു കൊണ്ട് തന്റെ നന്മമരം ഇമേജ് പൊളിക്കണം എന്ന ആഗ്രഹമുണ്ട് എന്നൊക്കെ സംസാരിക്കാറുണ്ട്. സിനിമക്ക് പുറത്തെ നന്മമരം ഇമേജ് ആയിരുന്നു ഒരു പക്ഷേ അയാള്‍ മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ് വരെയുള്ള സിനിമകളില്‍ ഭൂരിഭാഗവും കൈകാര്യം ചെയ്തത്. പക്ഷേ, മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്, തങ്കം എന്നീ സിനിമകളില്‍ അദ്ദേഹം വളരെ രസകരമായ ട്രാന്‍സ്‌ഫോര്‍മേഷനുകള്‍ നടത്തുന്നുണ്ട്. അത് അയാളുടെ ഒരു ഇടവേള ആകാതെ തുടര്‍ച്ച ആകുന്നതും ചിലപ്പോള്‍ രസകരമായിരിക്കും. അത് വിനീത് ശ്രീനിവാസന്‍ എന്ന നിലയില്‍ നിന്നുകൊണ്ട് തന്നെ വോയ്‌സ് മോഡുലേഷനുകളില്‍ പോലും വ്യത്യസ്തത വരുത്താതെ ഈ സിനിമകളുടെ ക്രിയേറ്റേഴ്‌സ് നിര്‍മിച്ചെടുത്ത അധോലോകങ്ങളിലൂടെ അയാള്‍ വിജയകരമായി ചേര്‍ന്ന് പോകുന്നതിലൂടെയും ആണ്. മലയാളി ഇന്നുവരെ ചേര്‍ത്ത് നിര്‍ത്തിയ വിനീത് ശ്രീനിവാസന്റെ വോയിസ് മോഡുലേഷനും ബോഡി മൂവ്‌മെന്‍സും താര ശരീരവും ഒക്കെ ചേര്‍ന്ന ഒരു പാവം ഫിഗര്‍ കൊണ്ട് തന്നെയാണ് അയാള്‍ ഈ സാമൂഹികതയെ കബളിപ്പിച്ച് വളരെ വ്യത്യസ്തമായ ഒരു അപരലോകം സൃഷ്ടിച്ചെടുക്കുന്നത്. ഇതിന് മുന്നേ 'ചാപ്പ കുരിശ്; എന്ന ഒരു സിനിമയില്‍ അയാള്‍ അത് നിര്‍മിച്ചതില്‍ നിന്നും വ്യത്യസ്തവുമാണ്.
ഇന്ത്യയിലെ ആധ്യാത്മികവും അല്ലാത്തതുമായ മനഃസാക്ഷിയില്‍ നില്‍നിലക്കുന്ന പൗരാണികതയില്‍ ആരംഭിച്ചിട്ടുള്ള, പിന്നീട് തുടര്‍ന്നുപോയിട്ടുള്ള, രാമായണത്തിലെ രാമ-ലക്ഷ്മണന്‍ ഫിഗറുകള്‍, മഹാഭാരതത്തിലെ ബലരാമന്‍-കൃഷ്ണന്‍ ഇമേജുകള്‍ തുടങ്ങി ഷോലെയിലെ ബച്ചന്‍-ധര്‍മേന്ദ്ര വഴി ദാസനും വിജയനും അടക്കമുള്ള രണ്ടു പേരുടെ സൗഹൃദം സാഹോദര്യങ്ങളെ എന്ന ആര്‍കിടൈപ്പുകളില്‍ നിര്‍മിക്കപ്പെട്ട ഒരു ക്രിയേറ്റീവ് സ്ട്രക്ചറിലൂടെയും തങ്കം സിനിമ സഞ്ചരിക്കുന്നുണ്ട്. അത്തരം സഹോദര്യത്തില്‍ ഷോക്ക് ഉണ്ടാകുമ്പോഴാണ് ഈ സിനിമ ആരംഭിക്കുന്നത്. ദാസനും വിജയനും, ഷോലെയിലെ വീരുവും ജയ് എന്നിവരുമൊക്കെ സ്‌നേഹവും സൗഹൃദവും സംഘര്‍ഷവും ചീത്തവിളികളും ഒക്കെ പങ്കുവെക്കുന്ന ഒരു ഭാഷയുടെ വേറെ ഒരു രൂപമാണ് തങ്കം സിനിമയിലും രൂപപ്പെടുന്നത്. ബിജു മേനോന്റെ മുത്തുവിന് മദ്യവും പെണ്ണും അധോലോകം ആകുമ്പോള്‍ കണ്ണാപ്പിക്ക് അതിലും വലിയ വയലന്‍സ് ത്രില്‍ നിലനില്‍ക്കുന്ന സ്വര്‍ണം കൊണ്ട് പായുന്ന അധോലോകമായിരിക്കാം ലഹരി. അയാളുടെ സാമ്പത്തിക പ്രശ്‌നം എന്നതിനപ്പുറവും അതിനു മാനം ഉണ്ടായിരിക്കാം. അവരെ രണ്ടുപേരെയും ഒരു ഡൈനിങ് ടേബിളില്‍ അടുപ്പിക്കുന്നത് ബീഫ് ആയിരിക്കാം. ബിജു മേനോന്റെ മുത്ത് എന്ന കഥാപാത്രം തന്റെ ഭാര്യയെ ഒരു പ്രാധാന്യമല്ലാത്ത ഒരു ദൂരത്തില്‍ സീനുകളില്‍ നിലനിര്‍ത്തുമ്പോള്‍ കണ്ണാപ്പി തന്റെ ഭാര്യയുടെ ശരീരവുമായി അടുപ്പം പാലിക്കുന്നുണ്ട്. അതേസമയം തന്റെ ക്രൈമുകളിലൂടെ തന്റെ ഭാര്യയെയും തന്റെ സഹോദരതുല്യനായ അത്ര അടുപ്പമുള്ള മുത്തുവിനെയും ഞെട്ടിപ്പിക്കുന്നുണ്ട്. പുതിയ പലതരം സംഘര്‍ഷങ്ങളും രൂപപ്പെടുന്നുണ്ടെങ്കിലും ഇന്ത്യന്‍ സിനിമയിലെ വളരെ എസ്റ്റാബ്ലിഷ്ഡ് ആയ രണ്ടു 'നായകരുടെ' ഫോര്‍മൂലയില്‍ വേറെ ഒരുതരം സിനിമ ഇവിടെ നിര്‍മിക്കപ്പെടുന്നുണ്ട്. ഒരു സ്ഥലത്ത് 'ഞാന്‍ മമ്മൂട്ടി, ഇവന്‍ മോഹന്‍ലാല്‍' എന്നു പറയുന്നത് പോലും ഇത്തരം ദ്വന്ദങ്ങളെ അടിവരയിടാനായിരിക്കാം എന്നു തോന്നിപ്പോകും.
വളരെ ഡിം ആയ നൈറ്റ് ലൈറ്റിങിലൂടെ, ഇന്റീരിയര്‍ ലൈറ്റിങിലൂടെ ക്രൈമിന്റെ ഫീലിങ് ഈ സിനിമ നിര്‍മിച്ചെടുക്കുന്നുണ്ട്. സഹീദ് അറഫാത്ത് എന്ന ക്രിയേറ്ററുടെ സംവിധാന ശൈലി ക്രൈമിന്റെ ഫീല്‍ ഈ സിനിമയില്‍ കൃത്യമായി കൊണ്ടുവരുന്നുണ്ട്. വളരെ കൃത്യമായ ത്രില്ലര്‍ സിനിമകളില്‍ നമ്മള്‍ എക്‌സ്‌പെക്ട് ചെയ്യുന്ന ഒരു ക്രൈം നടന്നു, അതിന്റെ അന്വേഷണം ഓരോ നിമിഷവും എന്‍ഗേജിങ് ആയി നടക്കണം, ഏറ്റവും അവസാനം ഞെട്ടിക്കുന്ന ഒരു ക്ലൈമാക്‌സില്‍ എത്തണം എന്ന് നമ്മള്‍ തന്നെ നിര്‍മിച്ചെടുത്ത ഒരു 'സി.ബി.ഐ' മനഃസ്സാക്ഷിയെ പുറത്തുനിര്‍ത്തി വേണം ഈ സിനിമയെ എന്‍ജോയ് ചെയ്യാന്‍ എന്നു തോന്നുന്നു. അതില്‍ നിന്നു പുറത്തു കടന്ന ഒരു സിനിമാഭാഷ ഇതിന്റെ സംവിധായകന്‍ നിര്‍മിച്ചെടുക്കുന്നുമുണ്ട്. സിനിമയുടെ പ്രീ പബ്‌ളിസിറ്റിയില്‍ ഇതൊരു ത്രില്ലര്‍ ആണ് എന്ന പി.ആര്‍.ഒ വര്‍ത്തമാനങ്ങള്‍ കേട്ട്, ആ ഒരു രീതിയിലുഉള്ള പ്രതീക്ഷയിലൂടെ സിനിമക്ക് ടിക്കറ്റ് എടുത്താല്‍ ആ കാഴ്ച പാളിപ്പോയേക്കാം. പലതരം നഗരങ്ങളുടെ വിഷ്വലുകള്‍, ഫില്ലര്‍ ഷോട്ടുകള്‍, പലതരം മനുഷ്യര്‍, പല ഭാഷ സംസാരിക്കുന്നവര്‍ എന്നിവ കാണുമ്പോള്‍ മലയാളി എന്ന ബോധത്തെ തകര്‍ത്ത് കൊണ്ട് ഈ സിനിമയുടെ കൂടെ സഞ്ചരിക്കാനും പറ്റുന്നുണ്ട്.
മലയാളത്തിലെ പല ചെറുപ്പക്കാരായ സിനിമക്കാരുടെയും വളരെ ഗംഭീരമായ പ്രത്യേകത, വളരെ പുതിയ ആക്ടിങ് ടെക്‌നിക്കുകള്‍ മുന്നോട്ട് വെക്കുന്ന പലതരം അഭിനേതാക്കളെ സ്‌ക്രീന്‍ സ്‌പേസില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്നതാണ്. തങ്കം എന്ന സിനിമയിലെ വിനീത് തട്ടത്തില്‍ എന്ന നടന്റെ അപാരമായ പേര്‍ഫോര്‍മന്‍സ് അത്തരത്തില്‍ ഉള്ളതാണ്. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയിലെ സാറ്റിലിറ്റികള്‍ ഓരോ സീനുകളുടെയും മുന്നോട്ട് പോക്കിനെ ഭീകരമായാണ് സഹായിച്ചെടുക്കുന്നത്. 'ഇതെങ്ങനെ സാധിക്കുന്നെടാ മുത്തേ?' എന്നൊക്കെയുള്ള അയാളുടെ ഡയലോഗുകള്‍ ക്ലാസിക്ക് ആണ്. 'എന്താണ് അക്കാദമിക് ഇന്ററസ്റ്റ്?' എന്നു ചോദിക്കുമ്പോള്‍ 'അതൊരു തരം കഴപ്പ്' എന്നു പറയുന്ന ഡയലോഗ് സ്‌പോട്ടീവ് ആണെങ്കിലും അല്ലെങ്കിലും ശ്യാം പുഷ്‌കരനും ഈ സിനിമക്കാരും നിര്‍മിച്ചെടുക്കുന്ന സറ്റയറിന് ചിരിച്ചു മറിയാതെ തരമില്ല. ആ ഡയലോഗിന്റെ പ്രസന്റേഷന്‍ ബിജു മേനോനും വിനീത് തട്ടത്തിലും നടത്തുന്നത് കാണാന്‍ ഒരു രക്ഷയുമില്ല. പൊലീസുകാരനായ ആ മലയാളം ട്രാന്‍സ്‌ലേറ്റര്‍, കോയമ്പത്തൂര്‍ മുത്തുപ്പേട്ട പൊലീസ് സ്റ്റേഷനില്‍ ഇവരെ ചോദ്യം ചെയ്യുന്ന പൊലീസുകാരന്‍, ഗിരീഷ് കുല്‍കര്‍ണി, കണ്ണാപ്പിയുടെ കൂട്ടുകാരനായ കോയമ്പത്തൂര്‍കാരന്‍ തുടങ്ങിയ അഭിനേതാക്കള്‍ ആക്റ്റിങ്ങിന്റെ സറ്റിലിറ്റീസിലൂടെ തകര്‍ത്ത് അടുക്കിയിട്ടുണ്ട്.
ശ്യാം പുഷ്‌കരന്റെ മുന്‍പ്‌വന്ന സിനിമകളില്‍ നിന്ന് വളരെ വ്യത്യസ്തമായ തലത്തില്‍ ഈ സിനിമ വേറൊരു ജ്യോഗ്രഫിക്, ഫിലോസഫിക്, സ്‌ക്രീന് പ്ലേ റൈറ്റിങ് സ്‌പേസിലേക്കും സഞ്ചരിക്കുന്നുണ്ട്. അത് നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു സിനിമ എന്നതിനപ്പുറമുള്ള മലയാളത്തില്‍ നിര്‍മിച്ചെടുക്കുന്ന വേറൊരു സിനിമാറ്റിക് ലോകമാണ്. സഹീദ് അറഫാത്ത് എന്ന സംവിധായകന്‍ അതിന്റേതായ രീതിയില്‍ അത് ഗംഭീരമായി ആ മൂഡില്‍ ദൃശ്യവത്കരിച്ചിട്ടുമുണ്ട്. മലയാളത്തില്‍ നിരമിച്ചെടുത്ത മറ്റ് പലതരം അധോലോക സിനിമകളില്‍ നിന്നു വ്യത്യസ്തമായി പല തരം സാധ്യകള്‍ രൂപപ്പെടുത്താവുന്ന നഗരങ്ങളുടെ ദൃശ്യങ്ങള്‍ തന്നെ വളരെ മനോഹരവുമാണ്. അത് കണ്ടിരിക്കാന്‍ രസകരമാണ്. ഒരു നീണ്ട ചോദ്യം ചെയ്യല്‍ സീനിന്റെ എഡിറ്റിങ് തന്നെ ആ സിനിമയെ രക്ഷിക്കുന്ന ക്രാഫ്റ്റുമാണ്. അഭിനയത്തിലേതു പോലെതന്നെ ലൈറ്റിങ്ങിലെ അടക്കമുള്ള സാറ്റിലിറ്റീസികള്‍ ഈ സിനിമയെ രസകരമാക്കിയിട്ടുണ്ട്. ലോഹിത ദാസ് എന്ന തിരക്കഥാകൃത്ത് തന്റെ സിനിമകളിലേക്ക് മനുഷ്യരെ ആവേശിപ്പിച്ചത്, തന്റെ അയല്‍പക്കത്ത് എന്നു തോന്നിപ്പിക്കുന്ന ചെറിയ ചെറിയ പ്രകടനങ്ങളിലൂടെയും ഡയലോഗുകളിലൂടെയുമാണ്. ശ്യാം പുഷ്‌കരന്റെ റാണി പദ്മിനി പോലുള്ള സിനിമകള്‍ പാളിപ്പോയെങ്കിലും ഇത്തരം അയല്‍പക്ക സിനിമകള്‍ ശ്യാം ഒരു പക്ഷേ ലോഹിതദാസില്‍ നിന്നും പിന്തുടര്‍ന്നു വന്നത് പോലെ തോന്നിയിട്ടുണ്ട്. പക്ഷേ, തങ്കം എന്ന സിനിമയില്‍ എത്തുമ്പോള്‍ ശ്യാം പുഷ്‌കരന്റെ ഡയലോഗ് മേക്കിങ്ങിലും സീന്‍ മേക്കിങ്ങിലും വീണ്ടും അപ്‌ഡേഷനുകള്‍ നടന്നിട്ടുണ്ട് എന്നു കാണാനാകും. അത്രയൊന്നും പരിചിതമല്ലാത്ത തൊഴില്‍ ഇടങ്ങളിലൂടെയും അത് ചലിപ്പിക്കുന്ന യാത്രകളിലൂടെയും ഈ സിനിമയെ രസംകൊല്ലി ആക്കാതെ ശ്യാം ഗംഭീരമായി കൊണ്ടുപോകുന്നു. പൊലീസിങ് എന്ന സംവിധാനത്തില്‍ നിന്നു പുറത്തുവരുന്ന പൊലീസുകാരും അതുപോലെ പൊലീസിലെ തന്നെ പല തരം സംഘര്‍ഷങ്ങളും കാണുന്നത് രസകരമാണ്.
അതേസമയം, കോയമ്പത്തൂരിലെ ഒരു കോളനിയുടെ ഗെറ്റോഐസെഷന്‍ കാഴ്ചകള്‍, അതുപോലെ ഒരു തിയേറ്ററിനു പുറത്തു ബിജു മേനോന്റെ വെച്ചു കൊണ്ടുള്ള ഹീറോയിക് ഫൈറ്റുകള്‍ ഒക്കെ ഈ സിനിമയെ സംബന്ധിച്ചിടത്തോളം കട്ട ബോര്‍ ആയിട്ടാണ് തോന്നിയത്. ആ സിനിമയെ സിനിമയുടെ രൂപത്തില്‍ ഫ്രീ ആയി വിടാതെ ഒരു ഹെറോയിക് ഭാഷയിലേക്ക് തള്ളുന്നത് എന്ത് കൊമേഴ്‌സലൈസെഷന്റെ ഭാഗമാണെങ്കിലും സഹിക്കാന്‍ പറ്റാത്തതാണ്. അത് ആ സിനിമയുടെ കാഴ്ചയില്‍ നിന്നും നമ്മളെ പുറത്തേക്ക് കൊണ്ടുപോകുന്നുണ്ട്. അതുപോലെ പലയിടത്തും ഒരു ത്രില്ലര്‍ എന്ന നിലയില്‍ സിനിമയെ കൊണ്ടുപോകാന്‍ നിര്‍മിച്ചെടുക്കുന്ന ബി.ജി.എം വളരെ ആരോചകമായിട്ടാണ് തോന്നുന്നത്. സ്‌പോട്ട് സൗണ്ടും നിശബ്ദതയും ആവശ്യത്തിന് മാത്രം ഉള്ള ബി.ജി.എം അടക്കം നിര്‍മിക്കപ്പെടുന്ന ത്രില്ലര്‍ സിനിമകള്‍ക്കും അപാര സൗന്ദര്യമുണ്ടാകും. അത് കാണാനും ഇവിടെ കാണികള്‍ ഉണ്ടാകാം.
ജനുവരി ഇരുപത്തി ആറിന് പുറത്തിറങ്ങിയ തങ്കം എന്ന സിനിമ പയ്യന്നൂരിലെ സുമംഗലി എന്ന തീയേറ്ററില്‍ ആദ്യ ഷോ തന്നെ കണ്ടുവെങ്കിലും ആ സിനിമയെ വായിച്ചെടുക്കാന്‍ ഇത്രയും ദിവസങ്ങളില്‍ പല വിധത്തില്‍ ശ്രമിച്ചു പരാജയപ്പെട്ടതിനു ശേഷമാണ് ഇത്തരം ഒരു കുറിപ്പിലേക്ക് എത്തുന്നത്. ആദ്യ ദിവസം കണ്ടുകൊണ്ട് അത് ആദ്യ കാഴ്ചയില്‍ ഇഷ്ടപ്പെടാതെ, പിന്നീട് അത് ചരിത്രമാകുന്ന കാഴ്ചകള്‍ക്ക് ഇതെഴുത്തുന്ന ലേഖകനും സാക്ഷി ആകേണ്ടതായി വന്നിട്ടുണ്ട്. ഈ സിനിമ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ കണ്ടു ഇഷ്ടപ്പെടാതെ, പിന്നീട് ഈ സിനിമ മനുഷ്യര്‍ ഇഷ്ടപ്പെട്ടുവരുമ്പോള്‍ മായാവിയില്‍ സലീം കുമാര്‍ പറയുന്നതുപോലെ 'എനിക്ക് ഭ്രാന്തായതാണോ, അതോ നാട്ടുകാരക്ക് മുഴുവന് ഭ്രാന്തായതാണോ?' എന്ന ഒരു ചിന്തയാണ് ഉണ്ടായത്. സിനിമയുടെ വായനകള്‍ക്ക് പാലതരം സാധ്യതകള്‍ ഉണ്ടെന്ന ഒരു തോന്നലില്‍ വളരെ സംഘര്‍ഷപരമായി പലതരത്തില്‍ ചിന്തകള്‍ നിര്‍മിക്കപ്പെടുമ്പോഴാണ് ഇത്തരം വായനകളില്‍ എത്തുന്നത്. ഒരു സിനിമ നല്ലത്-ചീത്ത, പൊളിറ്റിക്കലി കറകറ്റ്-ഇന്‍കറകറ്റ് എന്നതിനപ്പുറം പലതരം കാഴ്ചകള്‍ക്കും സാധ്യതകള്‍ ഒരുക്കുന്നുണ്ടല്ലോ. തങ്കം എന്ന സിനിമ ഒരു സിനിമ വിദ്യാര്‍ഥി എന്ന രീതിയില്‍ പലതരം കാഴ്ചകള്‍ ഒരുക്കുന്ന ഒരു സിനിമ തന്നെയാണെന്ന് പറയേണ്ടി വരും. ഈ സിനിമ മലയാള സിനിമയില്‍ അടുത്ത കാലത്തിറങ്ങിയ എണ്ണപ്പെട്ട സിനിമകളില്‍ ഒന്ന് തന്നെയാണ്.