കാച്ചി കുറുക്കിയ കവിതകള്‍

പഴക്കം ചെന്ന് വേരൂന്നിയ ബന്ധങ്ങള്‍ പോലും വാക്കുകള്‍ ഏല്‍പിക്കുന്ന പൊള്ളലില്‍ വെന്തുരുകുമെന്നും, ഒരിക്കലും ഒത്തുചേരാത്ത വിധം മുറിഞ്ഞു പോവുമെന്നും എഴുത്തുകാരി താക്കീത് നല്‍കുന്നു. തസ്നി ജബീലിന്റെ 'ആകാശം തേടുന്ന പറവകള്‍' എന്ന കവിതാ പുസ്തകത്തിന്റെ വായന.

Update: 2023-09-10 15:24 GMT
Advertising

'അമ്മ' എന്ന കവിതയില്‍ നിന്നു പിറന്ന് 'അഭയാര്‍ഥികള്‍' എന്ന കവിത വരെ എത്തി നില്‍ക്കുന്ന 'ആകാശം തേടുന്ന പറവകള്‍' എന്ന തസ്നി ജബീലിന്റെ കവിതാസമാഹാരത്തിനു പ്രകൃതിയേയും മനുഷ്യനെയും അവയുടെ ഓരോ വൈകാരിക തലങ്ങളെയും വളരെ ഹൃദ്യമായി വരികളില്‍ വിരിയിച്ചു മനോഹരമാക്കുവാന്‍ സാധിച്ചിട്ടുണ്ട്. സമകാലിക പ്രസക്തമായ പല വിഷയങ്ങളും, രാജ്യസ്‌നേഹമുള്‍പ്പെടെ കണ്‍മുന്നിലൂടെ ചോര്‍ന്നൊലിച്ചു പോവുന്ന മാനുഷിക മൂല്യങ്ങളെ കുറിച്ചുള്ള ആകുലതകളും കവയിത്രി വേദനയോടെ കുറിച്ചിടുന്നു.

കല്ലെടുക്കുന്ന തുമ്പികള്‍, ചിറകടിയുടെ ദൂരം, അഗ്‌നിയായവള്‍, പാഴ്മരങ്ങള്‍, ഇണ പിരിഞ്ഞ പക്ഷി, മനുഷ്യനില്ലാതായാല്‍, കടലിനെ അറിയുകയെന്നാല്‍, മരവിച്ച ജീവിതങ്ങള്‍, മായ്ച്ചാലും മായാത്തത് തുടങ്ങി ഒറ്റ നോട്ടത്തില്‍ ഏതൊരു സാധരണ വായനക്കാരനെയും കവിതയിലേക്ക് ജിജ്ഞാസ നിറച്ചു ക്ഷണിക്കാനും സ്വീകരിച്ചിരുത്താനും സംവദിക്കാനും തക്ക പാകത്തിന് ചിട്ടപ്പെടുത്തിയ തലക്കെട്ടുകളും വരികളുമാണ്.


അമ്മയുടെയും അച്ഛന്റെയും സ്‌നേഹത്തിന്റെ പരിശുദ്ധിയുടെയും നിസ്വാര്‍ത്ഥതയുടെയും അതിന്റെ അളക്കാനാവാത്ത ആഴത്തെ കുറിച്ചും ലളിതസുന്ദരമായ വരികള്‍ 'അമ്മ' 'അച്ഛന്‍' എന്നീ കവിതയില്‍ നമുക്കു ദര്‍ശിക്കാം. 'തളിരുകള്‍' എന്ന ഈണത്തില്‍ കാച്ചി കുറുകിയ കവിതയും ഏറെ ഇഷ്ടമായി. മറ്റുളളവരുടെ കുറവുകള്‍ മാത്രം കാണുകയും കേള്‍ക്കാന്‍ ശ്രമിക്കുകയും പ്രചരിപ്പിക്കപ്പെടുകയും നന്മ മൂടിവെക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ ചില മനുഷ്യരുടെ നീചമായ പ്രവണതയെ കവയിത്രി 'തൊട്ടാവാടി' എന്ന കവിതയില്‍ ചെറു പരിഹാസത്തോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു.

പഴക്കം ചെന്ന് വേരൂന്നിയ ബന്ധങ്ങള്‍ പോലും വാക്കുകള്‍ ഏല്‍പിക്കുന്ന പൊള്ളലില്‍ വെന്തുരുകുമെന്നും, ഒരിക്കലും ഒത്തുചേരാത്ത വിധം മുറിഞ്ഞു പോവുമെന്നും കവയിത്രി താക്കീത് നല്‍കുന്നു. മനുഷ്യരാശിയുടെ ഒടുങ്ങാത്ത പകയുടെയും വിദ്വേഷത്തിന്റെയും അഗ്‌നിയടക്കാന്‍ മറവിയെന്ന മാന്ത്രിക മരുന്നില്‍ അഭയം കൊള്ളാന്‍ കവയത്രി ശ്രമിക്കുന്നതായും 'വാക്കുകളാല്‍ വെറുക്കപ്പെട്ടവര്‍' എന്ന കവിതയില്‍ കാണാം.

സ്വന്തം കഴിവില്‍ ആത്മവിശ്വാസം നിലനിര്‍ത്തുന്നതിന്റെയും ലക്ഷ്യം കാണുന്നത് വരെ പരിശ്രമിക്കാനുള്ള ഒരു മനസ്സ് വാര്‍ത്തെടുക്കേണ്ടതിന്റെയും പ്രാധാന്യത്തെ 'ചിറകടിയുടെ ദൂരം' എന്ന കവിതയിലൂടെ വളരെ ഹൃദ്യമായി തന്നെ കവി സംവദിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.


ഉപയോഗം കഴിഞ്ഞു വലിച്ചെറിയപ്പെടുന്ന ചില മനുഷ്യ ബന്ധങ്ങളുടെ കയ്പേറിയ വികാരത്തെ ഒരു വിങ്ങലാക്കി അനുവാചകരുടെ മനസ്സില്‍ നിറയ്ക്കാനും 'പാദുകം'എന്ന കവിതയിലൂടെ കവയിത്രിക്കു സാധിച്ചിട്ടുണ്ടെന്നുള്ളതും പ്രശംസനീയം തന്നെ. വിഷയങ്ങളുടെ വൈവിധ്യവും ലാളിത്യമുള്ള ഭാഷയും തന്നെയാണ് പുസ്തകത്തിന്റെ മുഖമുദ്ര. കോഴിക്കോട് ധ്വനി ബുക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ജസ്ന ഖാനൂന്‍

Writer

Similar News

കടല്‍ | Short Story