മാരി പകര്‍ത്തുന്ന കാടിന്റെ വന്യത
മാരിക്ക് പ്രണയം പ്രകൃതിയോടാണ്. അവന്റെ ലോകം കാടാണ്. - 'മാരി' കാഴ്ചാനുഭവം
കാടിനെ അറിയുക എന്നത് ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം തികച്ചും സങ്കീര്‍ണ്ണമാണ്. എന്നാല്‍, സങ്കീര്‍ണതകളൊട്ടുമില്ലാതെ കാടിനെ അറിയുകയാണ് പ്രേക്ഷകന്‍ പ്രവീണ്‍ എസ്. സംവിധാനം ചെയ്ത 'മാരി - കാടിന്റെ കണ്ണ് ' എന്ന ഹ്രസ്വചിത്രത്തിലൂടെ.
കാടിന്റെ മണ്ണില്‍ ജനിച്ചു വളര്‍ന്ന മാരിയെന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥി തനിക്ക് ലഭിക്കുന്ന കാമറയിലൂടെ തന്റെ ജിവിത പശ്ചാത്തലവും സാഹചര്യങ്ങളും പകര്‍ത്തുകയാണ്. മാരി പ്രകൃതിയുമായി അത്രയും അടുത്തു നില്‍ക്കുന്നവനാണ്. അവന്റെ ലോകം കാടാണ്. അവന്റെ വിയര്‍പ്പിന് പോലും കാടിന്റെ മണമാണ്. അവിടെ വസിക്കുന്ന ഓരോ ജീവജാലങ്ങളും അവന് ഏറെ പ്രിയപ്പെട്ടതും. മറ്റാര്‍ക്കും കയറി ചെല്ലാന്‍ സാധിക്കാത്ത കാടിന്റെ വന്യഭംഗിയിലേക്ക് അവന്‍ ഒരു കാമറയും തൂക്കിയിറങ്ങുന്നു. കാമറയുടെ ലെന്‍സിലൂടെ വന്യജീവികളുടെയും പ്രകൃതിയുടെയും സൗന്ദര്യം പകര്‍ത്തുന്നു.
മാരിക്ക് പ്രണയം പ്രകൃതിയോടാണ്. പ്രകൃതിയുമായി ഇണങ്ങിച്ചേരാന്‍ അവന്‍ ആഗ്രഹിക്കുന്നു. കലാഹൃദയമുള്ള ഒരാള്‍ക്കും സ്വാര്‍ഥനാവാന്‍ സാധിക്കില്ല, സ്വാര്‍ഥ ഹൃദയവും ഉണ്ടാവില്ല. 'മാരി'യിലെ കാടിനെ പകര്‍ത്തുന്ന ചിത്രകാരന്‍ കാടിന്റെ നിറവും ഗന്ധവും കുളിരും നേരിട്ട് അനുഭവിച്ചറിഞ്ഞവനാണ്. അയാള്‍ക്ക് ഒരിക്കലും അയാളുടെ ചിത്രങ്ങളുടെ മേലില്‍ ഒരു അധികാരവും സൃഷ്ടിക്കാന്‍ ആവില്ല. അതുകൊണ്ടുതന്നെ കാട് കയറിവന്ന പുതിയ കാലത്തെ മത്സരബുദ്ധിയുള്ള ചിത്രകാര്‍ക്ക് ഒരു മടിയും കൂടാതെ തന്റെ ചിത്രങ്ങള്‍ മാരി പങ്കുവെക്കുന്നു. തിരിച്ച് ആരോടും പരിഭവമില്ലാതെ കാടിന്റെ നിശബ്ദതയിലേക്ക് അയാള്‍ സ്വയം പിന്‍വലിയുന്നു.
പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന പാശ്ചാത്തല സംഗീതമാണ് ചിത്രത്തിലേത്. കാടിനെ പൂര്‍ണമായും ഉള്‍കൊള്ളുന്ന ശബ്ദ രൂപകല്‍പ്പന സിനിമയെ മികച്ചതാക്കുന്നു. കാടും മനുഷ്യനും തമ്മിലുള്ള ജീവിതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രകൃതിയെ വിവരിക്കാനുള്ള മറ്റൊരു മാര്‍ഗമായി ഈ ചിത്രത്തെ സംവിധായകന്‍ മാറ്റുന്നു. കാടും അതിലെ മൃഗങ്ങളും കഥാപാത്രങ്ങളും ഒരു സംസ്‌കാരത്തെ അടയാളപ്പെടുത്തുന്നു. കാഴ്ചക്കാര്‍ക്ക് കൗതുകമുണര്‍ത്തുന്ന ധാരാളം ദൃശ്യങ്ങള്‍ ചിത്രത്തില്‍ ഉണ്ട്. എഡിറ്റിംഗ് സിനിമയുടെ മന്ദഗതിയിലുള്ള ഒഴുക്കിനെ സുഖമമാക്കുന്നു.