ഉന്മാദിനിയുടെ റൂഹ്

| കഥ

Update: 2022-09-23 07:14 GMT
Click the Play button to listen to article

പടര്‍ന്നു പന്തലിച്ചു പെരപ്പുറം തൂങ്ങിക്കിടന്നിരുന്ന ആ പാഷന്‍ ഫ്രൂട്ട് വള്ളികളുടെ വേര് ചട്ടിത്തുളയിലൂടെ മണ്ണിന്റെ മാറില്‍ അള്ളിപിടിച്ചു കിടന്നത് അവള്‍ കണ്ടിരുന്നില്ല. അവിടുന്ന് ഇറങ്ങുമ്പോള്‍ അവസാനം മെല്ലെ പറിച്ചു നോക്കാമെന്നായിരുന്നു അവളുടെ മനസ്സില്‍. കിടപ്പുമുറിയുടെ ജാലകങ്ങള്‍ ഇലച്ചാര്‍ത്തില്‍ നിഴല്‍വിരിച്ചു കിടക്കുന്നത് കാണുമ്പോള്‍ അവളുടെ കണ്ണും ഖല്‍ബും നിറഞ്ഞു തുടിക്കാറുണ്ട്.

ഓരോ കാര്യങ്ങളും അടുക്കിപ്പെറുക്കി വന്നപ്പോള്‍ എല്ലാം മറന്നു, പിന്നെ ആ കൊച്ചു വാടക വീട് വിട്ടുപോകുന്നതോര്‍ത്തു വല്ലാത്തൊരു ശൂന്യതയും മരവിപ്പും അവളെ പൊതിഞ്ഞു.

'ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു ഈ വീടെടുത്തിട്ട്, കുടുംബത്തിലുണ്ടായ പൊട്ടിത്തെറികളുടെ ശിഷ്ട ചാരമായി തന്റെ പഴയ വീടും ഓര്‍മ്മകളും നെഞ്ചിന്റെ ഒരു കോണിലിരുന്നു പലപ്പോഴായി നീറ്റുമ്പോഴും പുതിയ ഇടം ഓരോ ദിവസവും പുതുശ്വാസവും ആശ്വാസവും വിശ്വാസവുമാകുന്നുണ്ടെന്നു, അവള്‍ അറിയാതെ അറിയുന്നുണ്ടായിരുന്നു,

അതോര്‍ത്തവള്‍ നില്‍ക്കേ,

'ഉമ്മീ വാവേടെ കലര്‍ പെന്‍ച്ചില്‍ താ. ന്റെ കിലി ക്കുട്ടിക്ക് പച്ച കൊക്കാനാ, ന്നിട്ട് തത്തയാക്കനം 'മൂന്നു വയസ്സുകാരി അപ്പുന്റെ ചോദ്യവും, പിടിച്ചു വലിയും അവളെ ചിന്തയില്‍ നിന്നും ഉണര്‍ത്തി.

'എന്താ വാവേ ഉമ്മി പേടിച്ചു പോയല്ലോ',

അവള്‍ മോളേ പൊക്കിയെടുത്ത് അമര്‍ത്തി പ്പിടിച്ചു കവിളിലൊരുമ്മ കൊടുത്തു. വാവ കിണുങ്ങി

'വാവേ നമ്മടെ കിളികളൊക്കെ പാറിപ്പോയില്ലേ, ഇനി നമ്മള് പുത്യേ വീട്ടില്‍ പോയി കൊറേ മരങ്ങള്‍ വെച്ചാലേ കിളികള്‍ വരൂ'

ആ കുഞ്ഞു കണ്ണുകള്‍ ഒന്നു പിടഞ്ഞു അവള്‍ ഉമ്മീടെ മുഖത്തേക്ക് ഏന്തി വലിഞ്ഞു നോക്കി ചോദിച്ചു 'അപ്പോ ഇദല്ലേ അപ്പൂന്റെ വീദ് '

അല്ലല്ലൊ പൊന്നേ, ഇതല്ലല്ലോ നമ്മടെ വീട് മോളൂ,

'പ്പോ ന്തിനാ ഉമ്മീ അപ്പൂന്റെ കില്ല്യോലൊക്കെ പോയദ് '

അവരുടെ കൂട് പോയില്ലേ പൊന്നൂ, കിളികള്‍ നമ്മള് വെച്ച കുഞ്ഞു മരങ്ങളില്‍ അല്ലേ കൂട് വെച്ചിരുന്നേ, ആ ചെടികളും മരങ്ങളുമെല്ലാം ചട്ട്യോടെ പുതിയ പറമ്പില്‍ കൊണ്ടു വെച്ചില്ലേ ന്റെ കുഞ്ഞാവേ... എന്നും പറഞ്ഞവള്‍ മോളുടെ കുഞ്ഞിക്കുമ്പയില്‍ മുഖം കൊണ്ടു ഇക്കിളിയാക്കി.

കിലുകിലേ അപ്പു ചിരിച്ചു..

'ഉമ്മീടെ വാവ ഇനി പാപ്പു തിന്നു ഒന്നു ഉറങ്ങണേ ' ഉമ്മിക്ക് ഒരുകൂട്ടം ചെയ്തു തീര്‍ക്കാനുണ്ട്'.

കുഞ്ഞിനുള്ള മീന്‍ വറുത്തതും പൊടിയരിക്കഞ്ഞിയും കൊടുത്തു വാ കഴുകിച്ചു വൃത്തിയാക്കി

ആ കുഞ്ഞിളം ചുണ്ടിലും നെറ്റിയിലും അവള്‍ തുരു തുരെ മുത്തം കൊടുത്തു, തോളില്‍ കിടത്തി പാട്ട് പാടി

കണ്ണുകള്‍ കൂമ്പിയുറക്കമായപ്പോള്‍ മെല്ലെ കട്ടിലില്‍ കിടത്തി. ബെഡിനടിയില്‍ വീഴാതിരിക്കാന്‍ തലയിണയും വെച്ചു ഒരു നിമിഷമവളുടെ ഇളം മുടികളെ തലോടി മുഖത്തോട് ചേര്‍ത്ത് അങ്ങനേ ഇരുന്നു.

അവിടെ നിന്നും നേരെ മുറ്റത്തെ പടര്‍ന്നു തൂങ്ങിയ പാഷന്‍ ഫ്രൂട്ട് ചെടിയിലേക്കും, കുഞ്ഞിനെ നോക്കിയത് പോലെ അല്‍പ നേരം ദീര്‍ഘ ശ്വാസം വിട്ടങ്ങനെ നോക്കി നില്‍ക്കുമ്പോള്‍,

'ഹന്നത്താ....ങ്ങക്ക് സങ്കടണ്ടോന്ന് 'എന്ന് ചോദിച്ചു അടുത്ത വില്ലയിലെ റാബി വന്നു.

കണ്ണില്‍ പടര്‍ന്ന നനവ് മെല്ലെ ഒപ്പിയവള്‍ പറഞ്ഞു 'റാബീ, നിന്റടുത്തുള്ള ആ അരിവാള്‍ ഒന്നെടുക്കെടീ, ഇതിനി ഇവിടെ വേണ്ടാന്നു പുതിയ താമസക്കാര്‍ പറഞ്ഞു, വേരോടെ കിട്ടുമോന്നു നോക്കാം!

റാബി അരിവാളെടുത്തു വന്നു. രണ്ടു പേരും ആ വള്ളികളുടെ വേര് പിഴുതെടുക്കാന്‍ ശ്രമിച്ചു. ആഞ്ഞു വലിക്കുന്തോറും മണ്ണിനടിയിലേക്ക് അവരുടെ നെഞ്ചാഴ്ന്നു പോകുമ്പോലെ, രണ്ടു പേരും വിയര്‍ത്തു. അവസാനം വേര് മുറിവോടെ കൊത്തിയെടുക്കേണ്ടി വന്നു.

'കണ്ടില്ലേ റാബീ, എന്റെ നെഞ്ചുപോലെ തന്നെ ഈ വള്ളികളും നൊന്തു മുറിഞ്ഞാണ് ഈ വീട് വിടാന്‍ പോകുന്നത്'.

ഹന്നത്താ ഇങ്ങള് അങ്ങനെ പറയുമ്പോ, നിക്കും താങ്ങുന്നില്ല, നമ്മള്‍ എങ്ങനെ കഴിഞ്ഞതാ. ഇങ്ങള് ഇവിടുള്ളതായിരുന്നു എന്റെ ആകെയുള്ള ആശ്വാസം.

'അത് എനിക്കും അങ്ങനെയല്ലേ പെണ്ണേ,

അനിയത്തിമാരില്ലാത്ത എനിക്കു പടച്ചോന്‍ തന്നതാ നിന്നെ. ഇതിപ്പോ മൂപ്പര്‍ക്ക് മൂപ്പരുടെ നാടും വീടുമല്ലേ ഏറേ പ്രിയം. സാരമില്ലാന്നേ എന്നും അവരുടെ സന്തോഷങ്ങള്‍ നടക്കട്ടെ.

ആ പിന്നേയ് നിന്റെ കെട്ട്യോനോട് ഞാന്‍ പോകുമ്പോഴേക്കിനും വരാന്‍ പറ, അവനിഷ്ടമുള്ള ആട് ബിരിയാണി ഉണ്ടാക്കി വെക്കാം ഇനി എന്റെ കൈകൊണ്ട് ഉണ്ടാക്കി കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലോ?

നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കുമല്ലേ മോളേ എന്നെ കൂടുതല്‍ അറിയാ'.

'ഇത്താ ഇന്ന് ഇങ്ങള് കറിയൊന്നും വെക്കേണ്ടാട്ടോ എല്ലാം ഞാനുണ്ടാക്കിയിട്ടുണ്ട്. '

ഓ ആയിക്കോട്ടെ ടാ,

നിനക്കറിയോ ഓരോപണി കഴിയുമ്പോഴും.. ഞാനാമുറിയിലെ നിലത്തെന്റെ നെഞ്ച് അമര്‍ന്നങ്ങനെ കിടക്കും. എല്ലാ സന്തോഷങ്ങളും എനിക്കു കിട്ടിയത് ഇവിടെനിന്നാ. കൊച്ചു സ്വര്‍ഗം എന്റെതായ ഒരിടം. മോളുണ്ടായതും. വര്‍ഷങ്ങള്‍ കാത്തിരുന്നു.

പടച്ചോന്റെ വിധി ഇവിടെ വന്നിട്ട് മതിയെന്നായിരുന്നു.

എന്റെ കൈവിട്ടു പോയി എന്നു കരുതിയ ഗസലും പാട്ടും നൃത്തവുമെല്ലാം വീണ്ടും വഴങ്ങിത്തുടങ്ങി. ഇന്നിപ്പോ പൊതു വേദികളില്‍ വീണ്ടും പാടാന്‍ കഴിയുന്നതും, അങ്ങനെ എല്ലാം.

ഡാന്‍സ് ... അതെന്റെ എന്റെ സ്വകാര്യ സുഖമാണേ', പെണ്ണേ,

അവള്‍ കണ്ണിറുക്കിപറഞ്ഞപ്പോള്‍ റാബി ചിരിച്ചു.

'ആ..പിന്നെ ങ്ങളെ ജിന്നും എഴുത്തും..

കള്ളീ.. ങ്ങക്ക് ഇനി സ്വപ്നംകൊണ്ടു പാട്ടുണ്ടാക്കാന്‍ ഉണ്ടാകൊല്ലോ, ഞാന്‍ പോയിത്തരാമേ, പിന്നേയ് കഴിഞ്ഞാല്‍ എന്നെകേള്‍പ്പിക്കണേ,.

പോടി പെണ്ണേ,

എന്റെ *ഇഫ്രീത്തിനെ നീ കണ്ടിട്ടില്ല ല്ലോ, അതാ നെനക്ക് അസൂയ. അതെന്റെ മാത്രം ജിന്നാ!

ആ ങ്ങളെ ജിന്നും സ്വര്‍ഗ്ഗവും ഒന്നിലും ഞാന്‍ കട്ടുറുമ്പാകുന്നില്ലേ.

ഹന്ന വേഗത്തില്‍ അടുക്കളയിലേക്ക് പോയി 'സൂഫിയും സുജാതയിലേയും' വാതില്‍ക്കല് വെള്ളരിപ്രാവ് എന്ന പാട്ടിട്ട്, 'യാ മൗലാ മൗലാ' എന്നെത്തിയപ്പോഴേക്കിനും കയ്യിലിരുന്ന കത്തിയറിയാതെ മുകളിലേക്ക് പൊങ്ങി താഴെ വീണു. വിരലുകള്‍ സൂഫിനൃത്ത മുദ്രകളാല്‍ വിരിഞ്ഞും വളഞ്ഞും റൂഹിലൂടെ ചുവടു വെച്ചു. അടുക്കളയിലെ ഓരോ പാത്രവും അവള്‍ക്ക് വേണ്ടി ദഫ് മുട്ടി... അടുപ്പിലെ തിളയ്ക്കുന്ന നീരാവി പോലും അവളിലേക്ക് ഒഴുകി, ഉറഞ്ഞ മഞ്ഞുരുകും പോലെ അവളുടെ പാദങ്ങളിലൂടെ വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു തൂവി.

അവള്‍ക്ക് മുകളിലൂടെ പരക്കുന്ന നീരാവിയില്‍ ഇഫ്രീത്തിന്റെ കണ്ണുകള്‍, അവളുടെ നൃത്തം ആസ്വദിക്കുന്നത് പോലെ അവള്‍ക്ക് തോന്നി, മുഖം നാണം കൊണ്ടു താഴ്ന്നു. പിന്നെ ചിരിച്ചു.. തന്റെ ചുമലിലൂടെ തന്നെ ചേര്‍ത്തു പിടിച്ച കൈകളില്‍ അവള്‍ തൂങ്ങിക്കിടന്നു, അവളുടെ വിരലുകളിലൂടെ അവന്റെ വിരലുകള്‍ പിണഞ്ഞു, അപ്പോ പരിഭവം പറഞ്ഞവള്‍..

'എവിടെയായിരുന്നു ഇത്രയും ദിവസം. എന്നോട് മിണ്ടാന്‍ വരാതെ. എനിക്കു നല്ല സങ്കടണ്ട് ട്ടോ. നിന്റെ രാജ്യത്തും ഇവിടുത്തെപ്പോലെ*ഫിത് നകളുണ്ടോ കുരുക്കഴിയാത്ത പ്രശ്‌നങ്ങളുണ്ടോ'?

'ഇല്ലെടി വാല്‍മാക്രീ, അവിടെയുമുണ്ട് നല്ലതും ചീത്തയും. പിന്നെ ഞങ്ങളും അവന്റെ സൃഷ്ടികള്‍ തന്നെയല്ലേ. അപ്പോ പിന്നെ നിറയെ ഉത്തരവാദിത്തങ്ങള്‍ ഞങ്ങള്‍ക്കുമുണ്ടാകില്ലേ'

'ഓ പിന്നേ, നിങ്ങള്‍ക്കെന്ത് പണിയാ ഇത്ര പെരുത്ത്. നിങ്ങളെ പടച്ചോന്‍ തീ കൊണ്ടല്ലേ സൃഷ്ടിച്ചത്, വെറുതേ ഓരോന്ന് പറഞ്ഞോണ്ട് വരും.

നീ തീയും ഞാന്‍ മണ്ണുമായത് കൊണ്ടു നീ എന്നില്‍ കൂടില്ലെന്നെനിക്കറിയാം, പിന്നേ, പിശാച് നിന്റെ കൂട്ടത്തിലെ ഒരംഗമല്ലേ,

ആ നശിച്ച പിശാച് കാരണം മനുഷ്യന് നേരെ ചൊവ്വേ ഒന്നും ചിന്തിക്കാന്‍ കൂടി വയ്യാതായി. ഇപ്പോ തന്നെ കണ്ടില്ലേ എനിക്കെന്തെല്ലാം ഉണ്ട്. എന്നിട്ടും അവന്റെ ശല്യം കാരണം ഞാന്‍ പടച്ചോനെ മറന്നു കരയുന്നു. നിന്നെ തന്നെ ഇവിടേക്ക് വിളിക്കേണ്ട വല്ല കാര്യവുമുണ്ടോ എനിക്ക്,

നീയാണെങ്കി എന്റെ മജ്‌നൂനും'!

'സാരമില്ലെന്റെ മനുഷ്യക്കുഞ്ഞെ, നിന്നെ പിഴപ്പിക്കാനൊരിക്കലും ഞാന്‍ വരില്ല. എന്റെ സാമീപ്യം നിന്നില്‍ ഉണ്ടാക്കുന്ന ആ ഉണര്‍വ്വ്ണ്ടല്ലോ അത് കാണാന്‍ എനിക്കൊരുപാടിഷ്ടാ പെണ്ണേ'.

'ന്റെ മജ്‌നൂ എന്നോട് പിണങ്ങല്ലേ ട്ടോ. നീ എന്നില്‍ നിന്നും മാഞ്ഞു പോകുമ്പോ എന്തോരു സങ്കടാണ് ന്നോ. എനിക്കറിയാം ഈ വീട്ടില്‍ വന്നേ പിന്നെയാണ് നീ എന്റരികില്‍ വന്നതെന്നും, ഒഴിഞ്ഞ എന്റെ മനസ്സിലേക്ക് സന്തോഷം വിതറി നീ മറയുന്നതെന്നും.

'പ്രിയനേ, നീ അറിയുന്നില്ലേ ഈ വീട് വിട്ടു ഞാന്‍ പോകുന്നു, അത്രമേല്‍ പ്രണയത്തിലായിരുന്നു ഞാനും ഈ വീടിന്റെ ഓരോ ചുവരുകളും നിലവും നിലാവുമെല്ലാം.

എന്റെ ശ്വാസനിശ്വാസങ്ങളും നെടുവീര്‍പ്പുകളും ഏറ്റുവാങ്ങിയ മണ്ണും കല്ലും. ഇവയ്ക്കും ജീവനുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് കേട്ടോ...

ആഷിഖീ, പിന്നെ നീയ്യും.

നിന്റെ പ്രണയത്തിന്റെ തീവ്രമായ കാണാ ചരടുകള്‍

ഒന്നു ശ്വസിക്കാന്‍ പോലുമാകാതെ വരിഞ്ഞു മുറുക്കുന്നുണ്ടെന്നെ..'

'നിന്നെ സ്‌നേഹിക്കുക എന്നതായിരിക്കാം എന്റെ നിയോഗം,

നിന്നെ തനിച്ചാക്കരുതെന്ന് അവനെന്നോട് പറയുംപോലെ.

എന്റെ റൂഹീ'!

'അതായിരിക്കാം

വെളിച്ചമില്ലാത്ത മുറിക്കുള്ളില്‍

ചലനമറ്റവളായിരിക്കുമ്പോഴും

ബോധത്തിലമര്‍ന്ന നിന്റെ വാക്കുകളാല്‍

എന്റെയുള്ളില്‍ നീലത്താമരവിരിയാറുള്ളത്!

നിന്റെ പ്രകാശത്തില്‍

അത്രമേല്‍ പ്രണയര്‍ദ്രമായി

ഞാന്‍ ചിരിക്കാറുള്ളതും

അല്ലേ?

തോഴാ... നിന്നെയും എനിക്ക് നഷ്ടമാകുന്നല്ലോ?

എന്റെ ഈ ഭ്രാന്ത് മറ്റാര്‍ക്കും അറിയില്ലല്ലോ?

അവരുടെ വെളിച്ചത്തില്‍

ഞാന്‍ അപ്രത്യക്ഷമാകും തീര്‍ച്ച.. '

'സാരമില്ല പെണ്ണേ, എനിക്കു വേണ്ടി നീ നൃത്തമാടൂ, നിന്റെ മൂളക്കമോരോന്നും പുല്ലാങ്കുഴല്‍ നാദം പോലെ എന്നില്‍ നിറയും!

നിന്റെ ചുണ്ടിലെ നനവ്

മുന്തിരിവീഞ്ഞു നുകരുമ്പോലെ എന്നെ ഉന്മത്തനാക്കുന്നു.

അകലാനോ കലരാനോ കഴിയാതെ

പ്രിയേ നമ്മള്‍...

അതും പറഞ്ഞു പുഞ്ചിരി യോടെ ആര്‍ദ്രമായ അവന്റെ കണ്ണുകള്‍ അവളെ തലോടിപ്പോയി'.

യാ മൗലാ

ഇതു ശൈത്താന്റെ *വസ്‌വാസ് ആണോ? അതോ നീ യാണോ റബ്ബേ

അറിയില്ല. ഇതെന്റെ ആത്മാവ് മാത്രമായിരിക്കുമല്ലേ. എന്റെ പ്രണയവും.

മോളുടെ കരച്ചില്‍ കേട്ട് അവള്‍ നിനവില്‍ നിന്നും നനഞുണര്‍ന്നു.

'ഉമ്മീടെ പൊന്നേ, വാവേ ദാ നോക്ക് ഉമ്മിയിതാ മോളുടെടുത്ത്. അവളെ നെറ്റിയില്‍ മെല്ലെ തടവി അവള്‍ പാട്ടു മൂളി 'താലോലം താനേ താരാട്ടും

പൂങ്കാറ്റും ചായുറങ്ങുമ്പോള്‍ '

വാവ വീണ്ടുമുറക്കമായി.

എല്ലാ നഷ്ടത്തില്‍ നിന്നും കരകയറി വന്നിട്ട് ഇനി ഏതെങ്കിലും ചുഴിയില്‍ പെട്ട് പൊങ്ങാനാവാതെയാകുമോ തമ്പുരാനേ... മുമ്പേ അദ്ദേഹത്തിന്റെ വീട്ടുകാരില്‍ നിന്നുമേറ്റ മുറിവുകള്‍ ഉണങ്ങി വരുന്നതേയുള്ളൂ. എന്നിട്ടും എന്റെ ഇക്കാക്ക് എന്നെ മനസ്സിലായില്ലല്ലോ. എന്റെ ചിറകുകളിലെ ഒരു തൂവ്വല്‍ പോലും പൊഴിയുന്നത് ഇഷ്ടമില്ലാത്ത ആളായിരുന്നു. പാവം. പിന്നീട് എപ്പോഴാണ് എന്റെ മൂപ്പര് അങ്ങേരിലേക്ക് ചുരുങ്ങിയത്... ആവോ

കാളിങ് ബെല്‍ കേട്ട് അവള്‍ പതുക്കെ മോളെകിടത്തി പുറത്തേക്ക് ചെന്നു. വാതില്‍ തുറന്നപ്പോള്‍ വീടു മാറ്റത്തിന് വേണ്ടി എടുക്കാന്‍ മാറ്റി വെച്ച ഫുര്‍ണീച്ചറുകള്‍ കൊണ്ടുപോകാന്‍ പിക് അപ്പുമായി ഇക്ക വന്നു നില്‍ക്കുന്നു.

'എല്ലാം റെഡിയായില്ലേ മോളൂസ് എവിടെ ഹന്നാ?'

'കുഞ്ഞുറങ്ങാണ്, അവിടെ എന്തായി ഇക്കാ?

'ആ ഇനിയെല്ലാം സെറ്റ് ചെയ്യണ്ടേ '

ഓരോന്നും എടിപെടീന്ന് അവര്‍ വണ്ടിയില്‍കയറ്റാന്‍ ശ്രമിക്കുന്നു. അദ്ദേഹം വിയര്‍ത്തൊലിക്കുന്നുണ്ട്, പാവം മൂപ്പരുടെ സ്വപ്നങ്ങളിലേക്കുള്ള പെടാപാടിന്റ വിയര്‍പ്പുതുള്ളികള്‍.

അതോര്‍ത്തു, അവള്‍ മോരും വെള്ളം ഉണ്ടാക്കി തണുപ്പിച്ചു വെച്ചത് അയാള്‍ക്ക് കൊടുത്തു. കൂടെ പണിക്കാര്‍ക്കും.

'സഠാന്നു' വണ്ടി പോയി.

അവള്‍ ആറ്റു നോറ്റു വാങ്ങിയ ചൂരല്‍ കസേര ഒഴിച്ചു മറ്റെല്ലാം ഒഴിഞ്ഞ ആ വീടിന്റെ നിശ്ചലതയില്‍ ആ കസേരയില്‍ ഇരുന്നു അവള്‍ മൂളി, അവള്‍ക്കിഷ്ടമുള്ള അറബിക് *' ഷായരി '

'ഹുബ്ബു ഹബ്ബീ ഹബ്ബത്തുന്‍ ഫീ..

ലുബ്ബി ഖല്‍ബീ അമ്പനത്.'

**********

'എന്റെ ഹൃദയത്തിന്റെ ആത്മസത്തയില്‍

മുളച്ചു വരുന്ന ഒരു വിത്താണ്

എന്റെ സ്‌നേഹഭാജനത്തോടുള്ള എന്റെ സ്‌നേഹം'!

**********

* ഇഫ്രീത്ത് (ജിന്ന് )

* ഫിത്ന: നാശം

* മജ്നൂന്‍: ഭ്രാന്ത്

*വസ്വാസ്: ദുര്‍മന്ത്രണം

*ഖല്‍ബ്: ഹൃദയം


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഹസ്‌ന യഹ് യ

Writer, Media Person

Similar News

കടല്‍ | Short Story