പ്രണയത്തിന്റെ വീഞ്ഞു വാക്യങ്ങള്‍; ഉഷ ചന്ദ്രന്റെ 'അക്കപ്പെണ്ണ്' വായന

നിത്യജീവിതത്തിലെ ആനന്ദവും, വിഷാദങ്ങളും യാഥാര്‍ത്ഥ്യമായി ഘനീഭവിച്ചു നില്‍ക്കുന്ന കഥാ സന്ദര്‍ഭങ്ങളിലൂടെയും മനുഷ്യ വികാരങ്ങളുടെ തീക്ഷ്ണ സഞ്ചാരങ്ങളിലൂടെയും കഥ കടന്നു പോകുന്നു.

Update: 2022-10-02 13:01 GMT
Click the Play button to listen to article

ആദ്യമായാണ് ഒരു പുസ്തകത്തിന്റെ പ്രൂഫ് റീഡിംഗ് നിര്‍വഹിക്കാന്‍ സാധിച്ചത്. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഏറെ വ്യത്യസ്തമായൊരു വായനാനുഭവമാണ് ഇവിടെ പങ്കുവെക്കാനുള്ളത്.

ഏറെ സന്തോഷത്തോടും താല്‍പര്യത്തോടും കൂടി വായിച്ച ആ നോവലാണ് പ്രവാസി എഴുത്തുകാരിയായ ഉഷ ചന്ദ്രന്റെ ആറാമത്തെ പുസ്തകമായ 'അക്കപ്പെണ്ണ്'. പ്രഭാത് ബുക്‌സ് ഹൗസ് ആണ് ഇതിന്റെ പ്രസാധകര്‍.

ഇത് പ്രേമ കഥയാണ്, പ്രേമ നഷ്ടത്തിന്റെ കഥയാണ്. പ്രണയ ശങ്കയില്‍ ഭീരുവായി വിഷാദ വിവശയായി വിവേക ശൂന്യമായി പെരുമാറുന്ന വിവാഹിതയായ പെണ്ണിന്റെ കഥയാണ്. വിവാഹാനന്തര പ്രണയത്തില്‍ കുടുംബവും കാത്തിരിക്കുന്ന കുഞ്ഞിക്കണ്ണുകളെയും മറന്ന് കാമുകന് മുന്നില്‍ സ്വയം സമര്‍പ്പിതയായി ജീവിച്ച് ആകാശസഞ്ചാരം നടത്തി ഒടുവില്‍ വിശ്വാസങ്ങള്‍ പൊലിഞ്ഞു പോകുമ്പോള്‍ ഭൂമിയിലേക്ക് പറന്നിറങ്ങാനാവാതെ അവള്‍ പ്രണയത്തിനു വേണ്ടി ജീവത്യാഗം ചെയ്യുമ്പോള്‍ ബാക്കിവരുന്ന ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കേണ്ടി വരുന്ന ഉറ്റവരുടെ പ്രതികാരത്തിന്റെ കഥയാണ്..

കമിതാക്കള്‍ക്ക് പ്രപഞ്ചമാകെ പ്രമദവനമായി തോന്നുന്ന പ്രണയ ലോകം. അടങ്ങാത്ത മോഹത്തോടെ ഉന്മാദത്തിന്റെ ആ പീഠഭൂമിയില്‍നിന്നുകൊണ്ട് ഉടലിന്റെ സ്‌നേഹ കാമനകള്‍ ഇന്ദ്രിയാനുഭൂതികളുടെ പരകോടിയില്‍ ഒന്നായിത്തീരുന്ന ഗാഢമായ ബന്ധനങ്ങള്‍ തീര്‍ക്കുമ്പോള്‍, പ്രണയത്തിന്റെ മാന്ത്രികക്കൊട്ടാരങ്ങള്‍ മാത്രം സ്വപ്നംകണ്ട് ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളെ പാടെ വിസ്മരിക്കപ്പെടുന്നു.

കാമുകന്റെ ഉദാസീനതക്കിരയായി തിരസ്‌കരിക്കപ്പെടുമ്പോള്‍ വഞ്ചിക്കപ്പെട്ടതിലുള്ള വിഷാദത്തില്‍ വിരഹിണികളുടെ ഉത്കടമായ സന്താപത്തില്‍ പ്രണയിനി പ്രേമത്തിന്റെ രക്തസാക്ഷി ആവേണ്ടിവരുന്നു എന്ന സത്യം ഈ കഥയില്‍ ഭാവനാത്മകമായ ആഖ്യാനത്തിന്റെ മധുരലഹരിയില്‍ അടയാളപ്പെടുത്തുന്നു...

പഴയ കാലം മുതല്‍ മധുരിക്കുന്ന കാഞ്ഞിരമായും കയ്ക്കുന്ന അമൃതമായും വായിക്കപ്പെടുന്ന പ്രണയപരവശതകളും, ശരീരങ്ങളുടെ സ്വാര്‍ത്ഥ പ്രണയത്തിന്റെ തിളക്കമുള്ള ആധുനിക സൈബര്‍ പ്രണയങ്ങളും സമന്വയിപ്പിച്ച് കഥയില്‍നിന്ന് കഥയിലേക്ക് നീങ്ങുന്ന ആഖ്യാനതന്ത്രം.രതിയും വിരതിയും മുഖാമുഖം നില്‍ക്കുന്ന മധുരോദാരവും കല്‍പനാ ചാതുര്യവും കലര്‍ന്ന ലളിതസുന്ദരമായ ഭാഷാശൈലി.

ഇത് പ്രേമ കഥയാണ്, പ്രേമ നഷ്ടത്തിന്റെ കഥയാണ്. പ്രണയ ശങ്കയില്‍ ഭീരുവായി വിഷാദ വിവശയായി വിവേക ശൂന്യമായി പെരുമാറുന്ന വിവാഹിതയായ പെണ്ണിന്റെ കഥയാണ്. വിവാഹാനന്തര പ്രണയത്തില്‍ കുടുംബവും കാത്തിരിക്കുന്ന കുഞ്ഞിക്കണ്ണുകളെയും മറന്ന് കാമുകന് മുന്നില്‍ സ്വയം സമര്‍പ്പിതയായി ജീവിച്ച് ആകാശസഞ്ചാരം നടത്തി ഒടുവില്‍ വിശ്വാസങ്ങള്‍ പൊലിഞ്ഞു പോകുമ്പോള്‍ ഭൂമിയിലേക്ക് പറന്നിറങ്ങാനാവാതെ അവള്‍ പ്രണയത്തിനു വേണ്ടി ജീവത്യാഗം ചെയ്യുമ്പോള്‍ ബാക്കിവരുന്ന ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കേണ്ടി വരുന്ന ഉറ്റവരുടെ പ്രതികാരത്തിന്റെ കഥയാണ്..

തികച്ചും വര്‍ത്തമാനകാല ജീവിത പരിസരത്തുനിന്ന് തുടങ്ങുന്ന ഈ പ്രണയകഥ ഭൂതകാലത്തിലേക്ക് ഊളിയിട്ട് പോകുന്നുണ്ടെങ്കിലും സമകാലിക സൈബര്‍ യുഗത്തില്‍ തന്നെയാണ് അവസാനിപ്പിക്കുന്നത്...

നിത്യജീവിതത്തിലെ ആനന്ദവും, വിഷാദങ്ങളും യാഥാര്‍ത്ഥ്യമായി ഘനീഭവിച്ചു നില്‍ക്കുന്ന കഥാ സന്ദര്‍ഭങ്ങളിലൂടെയും മനുഷ്യ വികാരങ്ങളുടെ തീക്ഷ്ണ സഞ്ചാരങ്ങളിലൂടെയും ഈ കഥ കടന്നു പോകുന്നു. നന്മയും, തിന്മയും, സ്‌നേഹവും ചതിയും, കൗശലവുമെല്ലാം പയറ്റിത്തെളിയുന്ന മനുഷ്യന്‍ ഒടുവില്‍ മറ്റൊരാളാല്‍ കബളിപ്പിക്കപ്പെടുമ്പോള്‍ വിഷാദവും പശ്ചാത്താപവും, ആത്മനിന്ദയും ഉള്ളില്‍ നിറഞ്ഞ് സര്‍വ്വോപരി ദയനീയമായ നിസ്സഹായ അവസ്ഥയില്‍ എത്തിച്ചേരുന്നു എന്ന യാഥാര്‍ത്ഥ്യം നമ്മളെ ബോധ്യപ്പെടുത്തിത്തരുന്നു...

മനുഷ്യാനുഭവത്തിന്റെ ശരികളും തെറ്റുകളുമായ സകല ഭാവങ്ങളെയും തികച്ചും ഭാവനാത്മകമായി അടയാളപ്പെടുത്തിയിരിക്കുന്ന പ്രണയത്തിന്റെ വീഞ്ഞു വാക്യങ്ങള്‍ നിറഞ്ഞ ഈ നോവല്‍ വായനക്കാര്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചിരിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല.

സജിന മുനീര്‍

 


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സജിന മുനീര്‍

Writer

Similar News

കടല്‍ | Short Story