വീര്‍സാല്‍: നോവല്‍ | അധ്യായം: 04

ഞങ്ങള്‍ ഗ്രാമത്തിന്റെ ഒരു ഭാഗത്തെ ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന സാല്‍മരക്കാടിനുള്ളില്‍ തല്‍ക്കാലം അഭയം പ്രാപിച്ചു. ബന്ധുവിനെ അന്വേഷിച്ചു നടന്ന ആളുടെ ശബ്ദം കേട്ടാണ് ഞങ്ങള്‍ മയക്കത്തില്‍ നിന്നുണര്‍ന്നത്. ആ തളര്‍ച്ചയില്‍ നിന്നും ഉണരുക അത്ര എളുപ്പമല്ലായിരുന്നു.

Update: 2023-09-30 17:28 GMT
Click the Play button to listen to article

ഖാലിദ് ഇനി മടങ്ങി വരില്ല എന്ന സത്യം മനസ്സിനെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കുന്തോറും എന്തോ ഒരു വലിയ കുറ്റം ചെയ്തത് പോലെ എനിക്കു തോന്നിക്കൊണ്ടേയിരുന്നു.

ബാബ പറയാറുള്ള നരകത്തില്‍ ഞാന്‍ എത്തിച്ചേരുമെന്നായിരുന്നു എന്റെ മനസ്സ് നിറയെ. ഞാനീ ചോദ്യം മായോട് ചോദിക്കുകയും ചെയതു. മാ എന്നെ ആശ്വസിപ്പിച്ചു. ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്നു ആവര്‍ത്തിച്ചു പറഞ്ഞു. എന്നിട്ടും എന്റെ ശങ്ക മാറുന്നുണ്ടായിരുന്നില്ല. ഞാനന്നുച്ചയ്ക്ക് മായെ കെട്ടിപ്പിടിച്ചു ഒരുപാട് നേരം കരഞ്ഞു.

ഇനി മുന്നോട്ടു പോകുകയെന്നത് സാധ്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നിയില്ല. ശരീരികമായും മാനസികമായും ഞങ്ങള്‍ അത്രമേല്‍ തളര്‍ന്നു പോയിരുന്നു. ഞങ്ങളുടെ കൂടെയുള്ള ഒന്ന് രണ്ടു സംഘങ്ങള്‍ മുന്‍പേ നടന്നു പോയി. ബാബ ഞങ്ങളെ അവിടെയിരുത്തി എന്തെങ്കിലും കഴിക്കാന്‍ കിട്ടുമോ എന്നറിയാന്‍ കുറച്ചു ദൂരം പോയി നോക്കി.


അപ്പോഴാണ് ഞങ്ങള്‍ കൈ വണ്ടിയിലുള്ള ഭാണ്ഡങ്ങളെക്കുറിച്ചാലോചിക്കുന്നത്. അതിന്റെ ഉടമകളില്‍ ഏറെയും മരിച്ചു പോയിരുന്നു. മറ്റു ചിലര്‍ മുന്‍പേ നടന്നു. ബാക്കിയുള്ളവരില്‍ ചിലരെ കാണാനുമില്ല. അനുവാദമില്ലാതെ മറ്റുള്ളവരുടെ സാധനങ്ങളെടുക്കുന്നത് ശരിയല്ല. എന്നാല്‍, നമ്മള്‍ ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണം മാത്രമല്ലേ തിരയുന്നുള്ളൂ എന്നും അത് ആ അവസരത്തില്‍ തെറ്റല്ല എന്നും മാ എന്നോട് പറഞ്ഞതായി ഓര്‍മയുണ്ട്. ചാക്കുകളില്‍ ഭക്ഷണമെന്തെങ്കിലുമുണ്ടോ എന്ന് ഞങ്ങള്‍ നോക്കി. സഞ്ചിയുടെ മുകളില്‍ സൂക്ഷിച്ചിരുന്ന ഒരു ഇലക്കെട്ടില്‍ നിന്നും ഉണക്കിയ മഹ്‌വാ പൂക്കള്‍ കിട്ടി. സ്വര്‍ഗം കിട്ടിയത് പോലെയായിരുന്നു ഞങ്ങളുടെ അവസ്ഥ. ഞങ്ങള്‍ ആര്‍ത്തിയോടെ ആ പൂക്കള്‍ കടിച്ചു കഴിച്ചു. വായ വല്ലാതെ ഉണങ്ങിയിരുന്നു. ഉമിനീരിന്റെ അഭാവത്തില്‍ ആ പൂക്കളുടെ രുചി ഞങ്ങള്‍ അറിഞ്ഞിരുന്നില്ലെങ്കിലും ജീവന്‍ നിലനിര്‍ത്താനുള്ള കൊതിയോടെ ഞങ്ങള്‍ അവ വായിലേക്ക് കുത്തിക്കയറ്റി.

അല്‍പം ദൂരം കൂടി നടന്നാല്‍ അതിര്‍ത്തി തിരിച്ച സ്ഥലത്തെത്തിച്ചേരും എന്ന് നാട്ടുകാരിലൊരാളില്‍ നിന്നും മനസ്സിലാക്കിയിട്ടായിരുന്നു ബാബയുടെ വരവ്. മറ്റൊരു രാജ്യത്തേക്കു പോയാല്‍ ഖാലിദിനെ കണ്ടു പിടിക്കാനുള്ള വഴികളെല്ലാമടയും എന്നത് ഞങ്ങളെ ദുഃഖത്തിലാഴ്ത്തി. വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല. വിധിയുണ്ടെങ്കില്‍ ലോകത്തിന്റെ ഏതു കോണിലാണെങ്കിലും ഖാലിദിനെ നമുക്ക് കണ്ടുപിടിക്കാന്‍ കഴിയുമെന്ന് പറഞ്ഞു ബാബ ഞങ്ങളെ ആശ്വസിപ്പിച്ചു.

മഹ്‌വാ പൂക്കള്‍ തന്ന ഊര്‍ജത്തില്‍ ഞങ്ങള്‍ നെല്‍പ്പാടങ്ങളും ചോളകൃഷിയിടങ്ങളും കടന്നു ബാബ പറഞ്ഞ സ്ഥലത്തെത്തിച്ചേര്‍ന്നു. അവിടെ പക്ഷേ ജനങ്ങള്‍ അതിര്‍ത്തിത്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. സ്ഥലം അതിര്‍ത്തിയോട് അടുത്തായതിനാല്‍ അഞ്ചാറു ഭടന്മാര്‍ പ്രശ്‌നമൊതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുമുണ്ടായിരുന്നു. തങ്ങള്‍ക്കു അവകാശപ്പെട്ടതില്‍ നിന്നും അതിര്‍ത്തി നിശ്ചയിച്ചതില്‍ നിന്നും ഭൂമി കുറവാണ് എന്നായിരുന്നു ഇന്ത്യക്കാരുടെ വാദം. ഏറെ നേരം കാത്തു നിന്നിട്ടും ആ തര്‍ക്കം മുറുകുകയല്ലാതെ അതിനൊരു തീരുമാനമായില്ല.

അവിടെ കാത്ത് നിന്നിരുന്ന കുറച്ചു പേര്‍ എങ്ങോട്ടോ പുറപ്പെടുന്നത് കണ്ടു ബാബ കാര്യമന്വേഷിച്ചപ്പോഴാണ് അവര്‍ അടുത്തുള്ള ഒരു ഗ്രാമത്തിലേക്കാണ് പോകുന്നത് എന്ന് മനസ്സിലായത്. അവരുടെ ആരുടെയോ ഒരു ബന്ധു ആ ഗ്രാമത്തിലുണ്ടത്രേ. അക്രമങ്ങളും കാത്തിരിപ്പു ദുരിതങ്ങളും ഞങ്ങളെ വളരെയേറെ തളര്‍ത്തിയിരുന്നു എന്ന് ബാബക്കറിയാമായിരുന്നു. അതിനാലാണ് അവരുടെ കൂടെ ആ ഗ്രാമത്തില്‍ പോയി ജീവിക്കാമെന്ന് ബാബ പറഞ്ഞത്. ഇവിടെത്തന്നെയാകുമ്പോള്‍ ഖാലിദിനെ അന്വേഷിക്കുകയും ചെയ്യാം. മായുടെ മനസ്സിലും അത് തന്നെയായിരുന്നു. ഞാനപ്പോള്‍ എന്തായിരുന്നു ചിന്തിച്ചിരുന്നത് എന്നെനിക്കോര്‍മയില്ല. അല്ലെങ്കിലും തീരുമാനങ്ങള്‍ എടുക്കേണ്ട ചുമതലയും അത് തെറ്റിപ്പോകുമോ എന്നുള്ള പേടിയും മുതിര്‍ന്നവരുടെ കുത്തകയാണല്ലോ.


ഈ ഗ്രാമത്തിലേക്കു വിചാരിച്ചതിലും കൂടുതല്‍ നടക്കാനുണ്ടായിരുന്നു. യാത്രയ്ക്കിടയില്‍ അവിടെത്തന്നെ നിന്നാല്‍ മതിയായിരുന്നു എന്ന് മാ പറഞ്ഞതും ഒരു തീരുമാനത്തിലെത്തിയാല്‍ അതിലുറച്ചു നില്‍ക്കണമെന്ന് ബാബ പറഞ്ഞതും ഓര്‍മയുണ്ട്. പതിയെ സാല്‍മരക്കാടുകളും മഹ്‌വാ മരങ്ങളും കണ്ടു തുടങ്ങി. വഴിയരികില്‍ പിടിപ്പിച്ച പൂമരങ്ങള്‍ ഇവിടുത്തെ പ്രത്യേകതയായിരുന്നു. അത് മനസ്സിനെ സാന്ത്വനിപ്പിക്കുന്നവയായിരുന്നു. ഞങ്ങളുടെ കൂടെ വന്നയാള്‍ അയാളുടെ ബന്ധുവിനെ അന്വേഷിച്ചു നടപ്പായി. അന്നുച്ച മുഴുവന്‍ വെട്ടിത്തിളങ്ങുന്ന സൂര്യകിരണങ്ങളേറ്റു വാടിയ റോസാച്ചെടികളെപ്പോലെയായിരുന്നു ഞങ്ങളുടെ അവസ്ഥ. റോസാച്ചെടിക്ക് ഒറ്റയ്ക്ക് രക്ഷപ്പെടാന്‍ പറ്റില്ല എന്ന വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ.

ഞങ്ങളെക്കണ്ടു ചിലര്‍ കതകുകള്‍ കൊട്ടിയടച്ചു. ചിലര്‍ ആയുധങ്ങളുമെടുത്തു എന്തിനും തയ്യാറായി പുറത്തു വന്നു. വളരെ വിരളം ചിലര്‍ കാര്യമന്വേഷിച്ചു. പക്ഷേ, ആര്‍ക്കും ആ ബന്ധുവിനെ അറിയില്ലായിരുന്നു. രാജ്യം മുഴുവന്‍ ഒരു പകര്‍ച്ച വ്യാധി പോലെ പടര്‍ന്നു പിടിച്ചിരുന്ന ആ ഭയത്തിന്റെ വിത്തു വിതയ്ക്കപ്പെടാത്തതായി ഒരു തരി ഭൂമി പോലുമുണ്ടായിരുന്നില്ല എന്ന് മനസ്സിലായതിനപ്പുറം ആ നടപ്പ് കൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല. ആ നാടിന്റെ പുറമേയുള്ള ഭംഗി മുഴുവന്‍ പൊള്ളയാണെന്ന് മാ പരാതിപ്പെട്ടു.

ഞങ്ങള്‍ ഗ്രാമത്തിന്റെ ഒരു ഭാഗത്തെ ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന സാല്‍മരക്കാടിനുള്ളില്‍ തല്‍ക്കാലം അഭയം പ്രാപിച്ചു. ബന്ധുവിനെ അന്വേഷിച്ചു നടന്ന ആളുടെ ശബ്ദം കേട്ടാണ് ഞങ്ങള്‍ മയക്കത്തില്‍ നിന്നുണര്‍ന്നത്. ആ തളര്‍ച്ചയില്‍ നിന്നുമുണരുക അത്ര എളുപ്പമല്ലായിരുന്നു. സ്ഥലകാല ബോധം വന്നപ്പോഴാണ് അയാള്‍ എന്താണ് പറയുന്നതെന്ന് ബാബക്കു മനസ്സിലായത്. സാല്‍മരക്കാടിന്റെ അപ്പുറത്തെ അറ്റത്താണ് പോലും അയാളുടെ ബന്ധുവിന്റെ വീട്. ചെറുതായിരുന്നപ്പോള്‍ ഒന്നു രണ്ടു തവണ അയാള്‍ ആ വീട്ടില്‍ വന്നിട്ടുണ്ടായിരുന്നത്രേ.

ഞങ്ങളുടെ മനസ്സിലും ഒരു കുളിര്‍മ അനുഭവപ്പെട്ടു. ''അദ്ദേഹത്തിന് തീര്‍ച്ചയായും നമ്മളെ സഹായിക്കാന്‍ കഴിയും,'' അയാള്‍ വാചാലനായി. ഈ പറയുന്ന ബന്ധു ഗ്രാമത്തലവനായിരുന്നെന്നും പാവങ്ങള്‍ക്ക് എപ്പോഴും താങ്ങും തണലുമായിരുന്നെന്നും അയാള്‍ പറയുന്നത് കേട്ടു. എന്തോ ഒരു ആവേശത്തില്‍ അയാള്‍ ഞങ്ങള്‍ ഇരുന്നുറങ്ങിയ മരത്തണലുകള്‍ക്കിടയിലൂടെ ഊളിയിട്ടു അപ്രത്യക്ഷമായി. ഞങ്ങളും അയാള്‍ ഓടിയ വഴിയിലൂടെ തിടുക്കത്തില്‍ നടന്നു. അയാളെങ്ങാനും തങ്ങളെ ഒറ്റക്കാക്കിപ്പോകുവാനുള്ള ഉദ്ദേശമാണോ എന്ന സന്ദേഹം ഞങ്ങളുടെ മനസ്സില്‍ ആളിക്കത്തി.

സാല്‍മരങ്ങള്‍ തീര്‍ത്ത പന്തലിന്റെ തണലില്‍ ആ കാടുകളുടെ അകത്തെ തണുപ്പ് ഞങ്ങളിലേക്കും ആഴ്ന്നിറങ്ങി. നിലത്തു വീണു കിടന്ന പച്ചിലകള്‍ പൊടിഞ്ഞു പ്രതിഷേധമെന്നോണം നിലവിളിച്ചു. അവിടെയവിടെയായി വീണു കിടന്ന ഒടിഞ്ഞ കമ്പുകളില്‍ത്തട്ടി ചിലര്‍ വീണു. മറ്റുചിലര്‍ അതൊരു ആയുധമായി കയ്യില്‍ക്കരുതി. ബാബ വിളിച്ചപ്പോഴാണ് ഒരു മരത്തില്‍ കെട്ടിയിരുന്ന ഊഞ്ഞാല്‍ നോക്കി അവിടെ നിന്നുപോയെന്ന ബോധമെനിക്കുണ്ടായത്. ബാബയുടെ മുഖത്ത് അനശ്ചിതിത്വം ഭയത്തിന്റെയോ ധൃതിയുടെയോ രൂപം സ്വീകരിച്ചിരുന്നു. അതെന്നെ കൂടുതല്‍ ജാഗരൂകനാക്കി. ആളുകള്‍ കൂടിനില്‍ക്കുന്ന വീട്ടുമുറ്റത്തു എത്തിയപ്പോള്‍ ബാബ ആദ്യം തിരഞ്ഞത് ഞങ്ങളെ ഇങ്ങോട്ട് കൊണ്ടുവന്ന മനുഷ്യനെയാണ്. അയാളെ കണ്ടപ്പോള്‍ത്തന്നെ പകുതി ശ്വാസം നേരെ വീണു. അയാള്‍ ആ വീടിന്റെ വാതിലില്‍ മുട്ടി കാത്തു നില്‍ക്കുകയായിരുന്നു. സാല്‍മരക്കാടുകളുടെ മര്‍മരം പശ്ചാത്തലത്തില്‍ എന്തോ സ്വകാര്യം പറയുന്നത് പോലെത്തോന്നി.

'' ആരാ?'' വീട്ടുടമസ്ഥന്‍ വാതില്‍ തുറന്നപാടെ അന്വേഷിച്ചു.

'' തൃജാല്‍ ദേവാഗന്‍?''

'' നിങ്ങളൊക്കെ ആരാ? അങ്ങനെ ഒരാള്‍ ഇവിടില്ല.''

വാതിലില്‍ മുട്ടിയ നമ്മുടെ കഥാനായകന്റെ മുഖത്തെ ചിരി മാഞ്ഞു. അയാള്‍ വിളറിയ മുഖത്തോടെ ഞങ്ങളെ നോക്കി.

(തുടരും)

| ഡോ. മുഹ്സിന കെ. ഇസ്മായില്‍: നോവലിസ്റ്റ്, കഥാകൃത്ത്, കവി. ഡെന്റിസ്റ്റായി ജോലി ചെയ്യുു. ആനുകാലികങ്ങളില്‍ എഴുതുന്നു. മറ്റു നോവലുകള്‍: ജുഗ്ഇം(മരണം), മംഗാല, യല്‍ദ-ജവാരിയ(ദയ). ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെന്‍ മെമ്മറീസ് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

| ചിത്രീകരണം: ഷെമി



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. മുഹ്‌സിന. കെ. ഇസ്മായില്‍

Writer

Similar News

കടല്‍ | Short Story