ചില സത്യങ്ങള്‍

വീര്‍സാല്‍ - നോവല്‍ | അധ്യായം 18

Update: 2023-09-30 17:15 GMT
Advertising
Click the Play button to listen to article

ആരോടെന്നില്ലാത്ത ദേഷ്യം മനസ്സില്‍ ഇരച്ചു കയറി. ഈ ദേഷ്യമാണല്ലോ തന്റെ തോല്‍വി. ഈ ജീവിതം കൊണ്ട് താനെന്ത് നേടി? നഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ.

പൊടുന്നനെ ഞാന്‍ വീടിന് പുറത്തെ കയറു കട്ടിലിന് ചുറ്റും ഓടുന്ന കുട്ടികയായി മാറിയത് പോലെ തോന്നി. എതന്റെ കൂടെ ഖാലിദുമുണ്ട്. തൊട്ടടുത്ത് അരിയിലെ കല്ലുകള്‍ പെറുക്കിക്കളയുന്ന മാ. സ്‌നേഹത്തോടെ തങ്ങളെ മടിയിലിരുത്തുന്ന ബാബ. ഒരുപിടി വികാരങ്ങള്‍ മനസ്സിലേക്കിരച്ചു കയറി. ഞാന്‍ ആരേയും ആത്മാര്‍ഥമായി സ്‌നേഹിച്ചിട്ടില്ല. എല്ലാവരെയും വെറുപ്പിച്ചയിട്ടേയുള്ളൂ. പൊടുന്നനെ, ദമന്‍ജീത്തിന്റെ മുഖം എന്റെ മനസ്സിലേക്കൊടി വന്നു. ദമന്‍ജീത്? അവനിപ്പോള്‍ എവിടെയായിരിക്കും? അവന്റെ ശാന്തമായ മുഖം മനസ്സിനെ കുളിരണിയിച്ചു. ദമന്‍ജീത്, നിനക്കു തന്ന വാക്കെനിക്ക് പാലിക്കാനായില്ല. നീയെന്നോട് ഒരിക്കല്‍ക്കൂടി ക്ഷമിക്കൂ. നാട്ടില്‍ നിന്നു തിരിച്ചെത്തിയപ്പോള്‍ ഞാനെന്തു കൊണ്ട് നിന്നെയാലോചിച്ചില്ല? എന്തുകൊണ്ട് നിന്നെ കൂടെക്കൂട്ടിയില്ല? എങ്കില്‍, നമുക്കിവരെ തോല്‍പ്പിക്കാമായിരുന്നു. നമ്മുടെ കുടുംബത്തിന്റെ അമൂല്യ സ്വത്ത് സംരക്ഷിക്കാമായിരുന്നു. ഇങ്ങോട്ടാണ് വരുന്നതെന്നെങ്കിലും ഞാന്‍ നിന്നോടു പറയേണ്ടതായിരുന്നു. എന്റെ മനസ്സിലെ ഭാരമൊഴിയുന്നതുപോലെ. നീയെന്നെ അന്വേഷിച്ചു വരുമെന്നനെനിക്കറിയാം. അതുവരെ ഇവരെ പിടിച്ചു നിര്‍ത്താനെനിക്കാകുമോ? ഈ തെളിവുകള്‍ നശിക്കുന്നതിന് മുന്‍പ് നീയെന്നെ തേടിവരുമോ?

ചുറ്റുമുള്ള കരിയിലകള്‍ക്കു തീപിടിച്ചു. അത് സംഹാരദാഹത്തോടെ എന്റെ അടുത്തേക്ക് പാഞ്ഞടുത്തു.

''ഗുല്‍സാര്‍.''

ഞാനാ ശബ്ദം തിരിച്ചറിഞ്ഞു. ദമന്‍ജീത്.

''തീയണക്ക്. നിങ്ങളെന്താണീ ചെയ്യുന്നത്?''

എന്റെ ചുറ്റുമുള്ള തീയണഞ്ഞു.

''ദമന്‍,'' ഞാനുറക്കെ വിളിച്ചു.

''ഞാന്‍ ദമന്‍ജീത്തല്ല. ഇന്‍താജ് അതാണെന്റെ പേര്. ദമന്‍ജീത് എന്നേ മരിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ്. ഞാന്‍ തന്നെയാണ് കൊന്നത്.''

ഞാനൊരു നിമിഷം മരവിച്ചു നിന്നുപോയി. എന്റെ ഹൃദയം വേദന കൊണ്ട് പുളഞ്ഞു. കാതുകളെ വിശ്വസിക്കാനാകാതെ ഞാന്‍ ദമന്‍ജീത്തിന്റെ മുഖത്തേക്കുറ്റു നോക്കി.

''എന്നിട്ട് ഞാന്‍ ദമന്‍ജീത്തിന്റെ സ്ഥാനം കവര്‍ന്നു. പാവം, അമര്‍നാഥ്. അയാളൊരു ശുദ്ധനായിരുന്നു. അയാള്‍ ഞാന്‍ പറഞ്ഞതെല്ലാം വിശ്വസിച്ചു. എന്നെ അംഗീകരിച്ചു. ദമന്‍ജീത്തിന്റെ സ്ഥാനത്ത് അയാള്‍ എന്നെ സ്‌നേഹിച്ചു. സ്ഥാനമാനങ്ങള്‍ തന്നു. എന്തിന്, അയാള്‍ എന്നെ സ്‌നേഹത്തോടെ സ്വന്തം മകന്റെ പേര് വിളിച്ചു. ഞാന്‍ തന്നെ എന്റെ പേര് മറന്നു തുടങ്ങി. നാട്ടുകാരുടെ മുന്നില്‍ ദമന്‍ജീത് പുനര്‍ജീവിക്കപ്പെട്ടു. അമര്‍നാഥിന് മകന്റെ മരണത്തെക്കുറിച്ച് കേള്‍ക്കുന്നത് ഇഷ്ടമല്ലായിരുന്നു. പതിയെ, ജനങ്ങളും പഴയ ദമന്‍ജീത്തിനെക്കുറിച്ച് മറന്നു. അവരെന്നെ സ്‌നേഹിച്ചു. എങ്ങനെ സ്‌നേഹിക്കാതിരിക്കും? ഞാന്‍ എത്ര സൗമ്യമായിട്ടാണ് അവരോടു പെരുമാറിയത്? ക്ഷമയുടെ അധിപന്‍. സത്‌സ്വഭാവി. നേതാവ്. എന്നോട് ജനങ്ങള്‍ക്കുള്ള സ്‌നേഹമെന്നും നിലനില്‍ക്കണം, അതിനു ഞാന്‍ നേതൃസ്ഥാനത്ത് നിന്നു മാറി നിന്നു നിന്നെ നേതാവാക്കി. അമര്‍നാഥ് ഒരിക്കല്‍ എന്റെ കള്ളത്തരങ്ങള്‍ കണ്ടു പിടിക്കുമെന്ന് എനിക്കറിയാമായിരുന്നു. അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഞാന്‍ കാത്തിരുന്നു.

ഞാന്‍ വിചാരിച്ചതിനെക്കാള്‍ കാലം എനിക്കു എല്ലാവരേയും കബളിപ്പിക്കാന്‍ കഴിഞ്ഞു. എല്ലാം എന്റെ ജനങ്ങള്‍ക്കുവേണ്ടി. അടിച്ചമര്‍ത്തലിന്റെ ദുഖം രുചിക്കാത്ത നിങ്ങള്‍ക്കത് മനസ്സിലാകില്ല. എന്നാല്‍, അമര്‍നാഥ് സത്യങ്ങള്‍ കണ്ടെത്തി. അയാളൊരു ദിവസം എന്നോടു അക്കാര്യത്തെക്കുറിച്ച് ചോദിക്കുമെന്ന് എനിക്കറിയാമായിരുന്നു. അന്ന് ഞാന്‍ അയാള്‍ക്കുള്ള ഉത്തരമെഴുതി വെച്ചു. മരണം. അതേ, ഞാന്‍ കൊന്നു. എന്റെ അമര്‍നാഥ് ബാബയെ,'' അയാളൊന്നു നിര്‍ത്തി. അയാളുടെ മുഖഭാവം എനിക്കു കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്നാല്‍, അയാളുടെ ഉള്ള് പൊട്ടിച്ചിരിക്കുകയാണെന്ന് എനിക്കു അറിയാമായിരുന്നു.

ഞങ്ങളുടെ ജനതക്കവകാശപ്പെട്ടാതെല്ലാം നേടിയെടുക്കുകയായിരുന്നു എന്റെ അടുത്ത ലക്ഷ്യം. എന്നാല്‍, പ്രതീക്ഷയ്ക്ക് വിപരീതമായി നിന്റെ ബാബ സത്യങ്ങള്‍ തേടിനടക്കുന്നതായും എനിക്കെതിരായി ചില തെളിവുകള്‍ ശേഖരിച്ചതായും എനിക്കു വിവരം കിട്ടി. തോല്‍വി എനിക്കിഷ്ടമല്ല ഗുല്‍സാര്‍. ഞാന്‍ ജയിക്കാന്‍ വേണ്ടി ജനിച്ചവനാണ്. ഞാന്‍ നിന്റെ ബാബയേയും..''

എന്തോ അത് കേള്‍ക്കാനെനിക്ക് കഴിയില്ലെന്ന് തോന്നി. ഞാന്‍ ചെവി പൊത്തിപ്പിടിച്ചു. എന്റെ ഉള്ളിലേക്ക് ദേഷ്യമിരച്ചു കയറി. എനിക്കെന്റെ ബാബയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ. ഒരിറ്റു കണ്ണുനീരെന്റെ കവിളിലൂടെ ഒലിച്ചിറങ്ങി. എന്റെ കൈ തണുത്തു. വിരലുകള്‍ വിറച്ചു. മുഷ്ടി ചുരുട്ടി ആക്രോശിച്ചു കൊണ്ട് ഞാന്‍ അയാളുടെ നേരെ പാഞ്ഞടുത്തു. അയാളെന്നെ കൈ വെച്ചു തടഞ്ഞു.

''അങ്ങനെയങ്ങ് ദേഷ്യപ്പെട്ടാലോ. നിന്റെ ബാബയുടെ കാര്യം കേട്ടപ്പോള്‍ നിനക്കു നൊന്തുവല്ലേ? എന്നാല്‍, നീയിത് കൂടി കേട്ടോളൂ. നിന്റെ ഖാലിദ് മരിച്ചിട്ടില്ല. എല്ലാം ഞാന്‍ മിനഞ്ഞെടുത്ത കഥകളാണ്. നീ അവനെ ഒരിക്കലും കാണാതിരിക്കാന്‍ വേണ്ടി. ആ ചിത്രം വരക്കുന്നവനും ഉര്‍ദ്ദു റിപ്പോര്‍ട്ടറുമെല്ലാം എന്റെ ആള്‍ക്കാര്‍ തന്നെയാണ്. ഞാന്‍ ഖാലിദിനെ അന്വേഷിച്ചു പോയിരുന്നു. അവനെ കാണുകയും ചെയ്തു. അവന്‍ നിന്നെപ്പോലെ കുറച്ചു വീറും വാശിയുമുള്ളവനാണെന്ന് എനിക്കപ്പോഴാണ് മനസ്സിലായത്. ചിലപ്പോള്‍ നിങ്ങളെ അന്വേഷിച്ചു അവനിവിടേയും വരും. അത് തടയാന്‍ ഞാന്‍ അവനേയും പറഞ്ഞു വിശ്വസിപ്പിച്ചു, നിങ്ങള്‍ മരിച്ചു പോയെന്ന്. എന്റെയൊരു വാക്‌സാമര്‍ഥ്യം നോക്കണേ.''

''നിന്നേയും ഞാന്‍ കൊല്ലാനൊരുങ്ങിയതാണ്. പക്ഷേ, കിഷന്‍ ശങ്കറിനെ കണ്ടു മടങ്ങിയത്തോടെ എനിക്കു മറ്റൊരു കാര്യം മനസ്സിലായി. എനിക്കൊറ്റക്ക് ആ കലവറ തുറക്കാനുള്ള രഹസ്യ കോഡ് കണ്ടുപിടിക്കാന്‍ പറ്റില്ല. അതിനു എനിക്കു നിന്റെ സഹായം കൂടിയേ തീരൂ. കിഷന്‍ ശങ്കറില്‍ ഞാനൊരു പശ്ചാതാപിക്കുന്ന മനുഷ്യനെ കണ്ടു. അവനെ തകര്‍ക്കാന്‍ ഞാന്‍ മറ്റൊരു കെണിയാണൊരുക്കിയത്. നിന്റെ നാട്ടിലെ ജനങ്ങളെ ഞാന്‍ പറഞ്ഞു വിശ്വസിപ്പിച്ചു, ഞാന്‍ ഗുല്‍സാറാണെന്ന്. അവരെ ഞാന്‍ കണക്കിന് ദ്രോഹിച്ചു. നിന്നെക്കണ്ടാല്‍ അവര്‍ പിച്ചിച്ചീന്തുമെന്ന് എനിക്കുറപ്പായിറന്നു. ഭാഗ്യം കൊണ്ടൊന്നുമല്ല നീയും കിഷന്‍ ശങ്കറും അന്ന് രക്ഷപ്പെട്ടത്. കലവറ തുറക്കാനുള്ള രഹസ്യ കോഡ് കണ്ടെത്താനെനിക്ക് നിങ്ങളെ ആവശ്യമായിരുന്നു. അതിനാണു ഞാനവരെ വഴിതിരിച്ചു വിട്ടത്. നിങ്ങള്‍ ഏത് വിധേനെയും അത് കണ്ടെത്തുമെന്ന് എനിക്കുറപ്പായിരുന്നു. എന്റെ നിഗമനങ്ങള്‍ ശരിയായിരുന്നു. നിങ്ങളത് കണ്ടെത്തി. ഇനി നീ ജീവിച്ചിരിക്കേണ്ട കാര്യമില്ല. നിനക്കു പരലോകത്തേക്ക് യാത്രയാകാനുള്ള സമയമായി. അതെല്ലാമിങ്ങ് താ.''


എനിക്കു എന്നോടു തന്നെ വെറുപ്പ് തോന്നി. ഇയാളിത്രയും കാലമെന്നെ പറ്റിക്കുകയായിരുന്നു. എന്നിട്ട് എന്തു കൊണ്ട് ഞാനക്കാര്യം തിരിച്ചറിഞ്ഞില്ല? എന്നാലപ്പോളെനിക്കു മറ്റൊരു കാര്യം കൂടി ബോധ്യപ്പെട്ടു. ഇനി എന്റെ കയ്യില്‍ അധികം സമയമില്ല. ഇനിയൊരിക്കല്‍ക്കൂടി ഇയാളുടെ വലയില്‍ വീഴാന്‍ പാടില്ല. എങ്ങനേയും രക്ഷപ്പെട്ടേ മതിയാകൂ. ഖാലിദിനെയും കിഷനേയും രക്ഷിക്കണം. ഒരാശയം എന്റെ മനസ്സിലുദിച്ചു. ഞാന്‍ പതിയെ ആ വെള്ളാരം കല്ലു താഴെയിട്ടു. പിന്നോട്ടല്‍പം മാറി നിന്നുകൊണ്ട് ആ ചെറിയ ശബ്ദം ഞാന്‍ മറച്ചു.

''രണ്ടു കല്ലുകളുടെ ഇടയിലുള്ള വിടവ് നികത്താനുള്ള അത്ഭുത വെള്ളാരംകല്ല് കണ്ടെത്താന്‍ ഞങ്ങള്‍ക്കായിട്ടില്ല. അതുണ്ടെങ്കില്‍ മാത്രമേ ആ കലവറ തുറക്കാന്‍ പറ്റൂ.''

അയാള്‍ നിശ്ശബ്ദനായി. അയാളുടെ മുഖം വിവര്‍ണ്ണമായിട്ടുണ്ടാകുമെന്ന് ഞാനൂഹിച്ചു.

(തുടരും)

| ഡോ. മുഹ്സിന കെ. ഇസ്മായില്‍: നോവലിസ്റ്റ്, കഥാകൃത്ത്, കവി. ഡെന്റിസ്റ്റായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ എഴുതുന്നു. മറ്റു നോവലുകള്‍: ജുഗ്ഇം (മരണം), മംഗാല, യല്‍ദ-ജവാരിയ (ദയ). ലെറ്റേഴ്‌സ് ഫ്രം എ കിഡ്, ദി ഫ്രോസെന്‍ മെമ്മറീസ് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. മുഹ്‌സിന. കെ. ഇസ്മായില്‍

Writer

Similar News

കടല്‍ | Short Story