ഓരോരുത്തരും അവരുടെ കവിതകള്‍ എഴുതുന്നു

വി.കെ ഷാഹിനയുടെ പറക്കുമ്പോള്‍ മാത്രം മുളക്കുന്ന ചിറകുകള്‍ എന്ന കവിതാ പുസ്തകത്തിന്റെ വായന.

Update: 2022-12-28 16:30 GMT

ഞാന്‍ ചിന്തിക്കുന്നു. അതുകൊണ്ടാണ് ഞാനുള്ളത്. (I think, therefore I am - René Descartes ) ചിന്തയുള്ളൊരാളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് കവിത. കാവ്യ നിര്‍മിതിക്കായി വൃത്താലങ്കാരബദ്ധമായി പാട്ട്‌കെട്ടിയുണ്ടാക്കിയിരുന്ന ഘട്ടത്തെ മലയാള കവിത പിന്നിട്ടിരിക്കുന്നു. മണിപ്രവാള കവിതയുടെയും മഹാകാവ്യങ്ങളുടെയും കാലം കഴിഞ്ഞതു പോലെ പാട്ടു കവിതകളുടെയും കാലം സാഹിത്യചരിത്രം പിന്നിട്ടകാലത്തോടു ചേര്‍ത്തിരിക്കുന്നു.

പറയുന്ന കാര്യത്തിലേക്ക് കവിത വന്നെത്തുന്ന കാലഘട്ടത്തിലാണ് പുതിയ കാവ്യകലയുടെ നില്‍പ്പ്. പറച്ചിലിലേക്ക് അനുഭവവും അനുഭൂതിയും ചേര്‍ത്തു നിര്‍ത്താന്‍ തക്കതായ വാക്കിന്റെ തെരഞ്ഞെടുപ്പും പുതിയ കവിതയില്‍ പ്രധാനമാണ്. തെരുവിലോ മൈതാനങ്ങളിലോ ഇറങ്ങിനിന്ന് ശബ്ദനാമായി

സാമൂഹ്യ ഇടപെടല്‍ നടത്തുന്ന മനുഷ്യരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്ന കാലമാണിത്. ഓരോരുത്തരുടെയും ജീവിതം തികച്ചും അവരവരുടേതുമാത്രമെന്ന് പറയാനുതകുംവിധം അതിനിഗൂഢവും അത്യധികസ്വകാര്യവും ആയിത്തീര്‍ന്നിട്ടുള്ള കാലം. ആ സ്വകാര്യതയുടെ സ്വയംസാക്ഷിത്വ പ്രഖ്യാപനമായിട്ടാണ് മിക്കവാറും സോഷ്യല്‍ മീഡിയാ കവിതകള്‍ രൂപമെടുക്കുന്നത്. എഴുത്തില്‍ മാത്രമല്ല, തിരുത്തിലും പ്രകാശനത്തിലും സോഷ്യല്‍ മീഡിയയില്‍ കവിതന്നെ പ്രജാപതി.

കവിതയ്ക്ക് ഉണ്ടായിട്ടുള്ള നിര്‍വചനങ്ങളും നിയമങ്ങളുമെല്ലാം അക്കാദമികമായ പഠനത്തില്‍ പ്രധാനമായിരിക്കാം. എന്നാല്‍, കവിതയെഴുത്തില്‍ നിര്‍വചനങ്ങള്‍ക്ക് അത്രകണ്ട് പ്രസക്തിയില്ല. തനിക്ക് പറഞ്ഞേപറ്റൂ എന്ന് തോന്നുന്ന ആശയങ്ങളെ സാമൂഹിക ശ്രദ്ധയുടെ ഭ്രമണപഥത്തിലേക്ക് എത്തിച്ചുനിര്‍ത്താന്‍ ഒരു പേടകമായി മാത്രമാണ് പുതുകവിത കാവ്യഭാഷയെ കണ്ടെത്തിയെടുക്കുന്നത്.

വി.കെ ഷാഹിനയുടെ പറക്കുമ്പോള്‍ മാത്രം മുളക്കുന്ന ചിറകുകള്‍ എന്ന കവിതാ സമാഹാരത്തിലെ വളരെയേറെ കവിതകള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് വെളിച്ചം കണ്ടത്. അതുകൊണ്ടു തന്നെയാണ് കവിതകള്‍ നവകാലത്തിന്റെ നേര്‍സാക്ഷ്യങ്ങളാവുന്നത്. പര പിന്തുണകൂടാതെ, തന്നെത്താന്‍ പ്രകാശിപ്പിക്കാന്‍ തുറന്നുകിടക്കുന്നൊരു വിശാലലോകമുണ്ട് എന്നതാണ് സോഷ്യല്‍ മീഡിയാ കാലത്തിന്റെസവിശേഷത. കടലാസില്‍ അച്ചടിച്ചു പ്രസിദ്ധപ്പെട്ട കവിതകളും സോഷ്യല്‍ മീഡിയയിലൂടെ കവികള്‍ വീണ്ടും പ്രചരിപ്പിക്കുന്നതും സോഷ്യല്‍ മീഡിയയുടെ തുറവികൊണ്ടാണല്ലോ.

നിങ്ങള്‍ എഴുതുന്നതൊന്നും കവിതയാവില്ല, ഞങ്ങള്‍ എഴുതുന്നതുമാത്രമാണ് കവിത എന്നുള്ള സാംസ്‌കാരിക അധികാര കേന്ദ്രങ്ങളുടെ തീട്ടൂരങ്ങളാണ് കവിതയില്‍ നിന്നും അനേകം പേരെ എറെക്കാലം തീണ്ടപ്പാടകലെ മാറ്റിനിര്‍ത്തിയത്. മാറ്റി നിര്‍ത്തപ്പെട്ട സാമൂഹിക വിഭാഗങ്ങള്‍ക്കൊപ്പം എല്ലാ വിഭാഗത്തിലെയും സ്ത്രീകളും ഉള്‍പ്പെടുന്നു.


'കവനമണി കവയ്ക്കട്ടെ കാണട്ടെ വൃത്തം'

എന്നൊരു കവി ആക്ഷേപം ചൊല്ലുന്നതില്‍ സ്ത്രീകള്‍ എഴുതിയാലൊന്നും കവിതയാവില്ലാ എന്ന വരേണ്യ പുരുഷാധിപത്യബോധം തന്നെയാണ് അടിസ്ഥാന വികാരം. യൂറോപ്പില്‍ വെളുത്തപുരുഷനിലും ഇന്ത്യയില്‍ സവര്‍ണ പുരുഷനിലും മാത്രമാണ് ജ്ഞാനം നിലനില്‍ക്കുകയുള്ളൂ എന്ന അബോധം തന്നെയാണ് മേല്‍ച്ചൊന്ന പ്രസ്താവനയിലും നിറയുന്നത്

'കവച്ചെടാ ഞാന്‍

മതിയോ നിനക്കെടാ '

എന്ന് നേരെ ഒരര്‍ഥവും,

അക്ഷരച്ചേര്‍ച്ച മാറ്റിയിട്ടാല്‍ തെറിക്കുത്തരം മുറിപ്പത്തലാവുന്ന മറ്റൊരര്‍ഥവും കവിതയില്‍ തൊടുത്തുകൊണ്ട് ചുട്ടമറുപടി കൊടുക്കാന്‍ വളരെ പണ്ടുതന്നെ സ്ത്രീ കവിതക്ക് കഴിഞ്ഞിരുന്നു എന്നതും മലയാള കവിതാ ചരിത്രമാണ്.

ഞങ്ങള്‍ എഴുതുന്നത് ഞങ്ങളുടെ കവിതയാണെന്നും, ഞാന്‍ എഴുതുന്നത് എന്റ കവിതയാണെന്നും തിരിച്ചുപറയാനുള്ള ജ്ഞാനാവബോധം ഉത്തരാധുനിക കാലത്താണ് ശക്തിപ്പെടുന്നത്. അതുകൊണ്ടുതന്നെ ഏകീകൃതമായ സാഹിത്യ അധികാരകേന്ദ്രങ്ങള്‍ അസ്ഥിരപ്പെടുകയും, അനേകം സാഹിത്യകേന്ദ്രങ്ങള്‍ ഉണ്ടായി വരികയും ചെയ്തിരിക്കുന്നു.

കാവ്യനിയമങ്ങള്‍ എന്ന അധികബാധ്യത പുതുകവിത ഒഴിവാക്കിയിരിക്കുന്നു.

ഇന്നിപ്പോള്‍ എഡിറ്റര്‍മാരുടെ വെട്ടുകൊള്ളാത്ത തനിപ്പിറവി തന്നെയായിട്ടുണ്ട് കവിതകള്‍:

'ഒരു പെണ്‍കുട്ടി ജനാലക്കരികിലിരുന്ന്

മുടി ചീകുന്നു

ഒരു കവിതക്കിത്ര മതി'

എന്ന് എസ്. ജോസഫ് കവിതയിലെഴുതുന്നത് കവിതയുടെ എല്ലാത്തരം നിയമങ്ങളെയും നിഷേധിച്ചുകൊണ്ടാണ്. കവികളുടെ എണ്ണം കൂടിയിരിക്കുന്നു എന്നൊക്കെ പരാതിയായി പറയുന്നവരുണ്ട്. കവികളുടെ എണ്ണം കുറഞ്ഞിരിക്കുമ്പോഴാണ് നല്ല കവിതകള്‍ ഉണ്ടാകുന്നത് എന്നവര്‍ ധരിച്ചുപോയിട്ടുണ്ടാവണം. ഓരോരുത്തരും അവരവരുടെ കവിതകള്‍ എഴുതുന്നു എന്നതാണ് പുതിയ കവിതാ കാലത്തിന്റെ ജനാധിപത്യ മുഖം.

മറ്റൊരു പ്രധാന പ്രശ്‌നം കവിത വളര്‍ന്നതിനനുസൃതമായി വായനാലോകം വികസ്വരമായിട്ടില്ല എന്നതാണ്. പുതുകവിതയെ അതിന്റെ ബഹുസ്വരതകളെ വിശകലനം ചെയ്യുന്ന വിമര്‍ശന സാഹിത്യവും അക്കാദമിക സമൂഹവും വികസിച്ചില്ല എന്നതും പ്രശ്‌നമേഖലയാണ്. അതുകൊണ്ടുതന്നെ കവിതയുടെ ജനാധിപത്യവല്‍കരണത്തിനെതിരെയുള്ള മനോഭാവം ഇന്നും ശക്തമാണ്. പണ്ടുണ്ടായിരുന്നത് മാത്രമാണ് കവിത, ഇന്നുണ്ടാവുന്നതൊന്നും കവിതയല്ല എന്ന് കരുതുന്നവരും നമുക്കുചുറ്റുമുണ്ട് എന്നതാണ് സത്യം. ചെരിപ്പിനൊപ്പിച്ച് കാലു മുറിക്കുകയായിരുന്നു പഴയ കവിതകള്‍ ചെയ്തിരുന്നതെങ്കില്‍ തന്റെകാലിന് ഇണങ്ങുന്ന ചെരിപ്പുകള്‍ (ഴാനറുകള്‍) അന്വേഷിക്കുകയാണ് പുതിയ കവിത. കവിതയ്ക്ക് ഉണ്ടായിട്ടുള്ള നിര്‍വചനങ്ങളും നിയമങ്ങളുമെല്ലാം അക്കാദമികമായ പഠനത്തില്‍ പ്രധാനമായിരിക്കാം. എന്നാല്‍, കവിതയെഴുത്തില്‍ നിര്‍വചനങ്ങള്‍ക്ക് അത്രകണ്ട് പ്രസക്തിയില്ല. തനിക്ക് പറഞ്ഞേപറ്റൂ എന്ന് തോന്നുന്ന ആശയങ്ങളെ സാമൂഹിക ശ്രദ്ധയുടെ ഭ്രമണപഥത്തിലേക്ക് എത്തിച്ചുനിര്‍ത്താന്‍ ഒരു പേടകമായി മാത്രമാണ് പുതുകവിത കാവ്യഭാഷയെ കണ്ടെത്തിയെടുക്കുന്നത്. അത് പലര്‍ക്കും പലതായിരിക്കുക സ്വാഭാവികമാണ്. ഓരോരുത്തരും അവരവരുടെ കവിതകള്‍ എഴുതുന്നു....

എഴുത്തിന്റെ ലോകവും സത്യത്തിന്റെ ലോകവും പലപ്പോഴും സന്തുലിതമാവാറില്ല. സത്യത്തെ മൂടിപ്പിടിക്കുന്നതിനും അധീശത്വ സമൂഹങ്ങളുടെ താല്‍പര്യങ്ങളെ സംരക്ഷിച്ചു നിര്‍ത്തുവാനും എഴുത്തധികാരം എക്കാലത്തും ഇടകൊടുത്തിട്ടുമുണ്ട്. എഴുത്തില്‍നിന്ന് പുറത്താകുന്ന സാമൂഹികവിഭാഗങ്ങള്‍ ചരിത്രത്തില്‍ നിന്നുതന്നെ പുറത്താവുന്നു എന്നതാണ് സത്യം.

എന്തുകൊണ്ട് എഴുത്തുകാരനായി എന്ന ചോദ്യത്തിന് വൈക്കം മുഹമ്മദ് ബഷീര്‍ കൊടുത്ത മറുപടി നവസാമൂഹിക സാഹിത്യ ചര്‍ച്ചകളില്‍ മര്‍മ്മ പ്രധാനമാണ്. താന്‍ വായിച്ച സാഹിത്യകൃതികളിലെല്ലാം മുസ്ലിംകളെ കള്ളന്മാരും കൊള്ളക്കാരും കൊലപാതകികളും മാത്രമായി ചിത്രീകരിച്ചിരിക്കുന്നു. എന്നാല്‍, തന്റെ ബാപ്പയോ സഹോദരങ്ങളോ ബന്ധുക്കളോ ഒന്നുംതന്നെ കള്ളന്മാരോ കൊള്ളക്കാരോ കൊലപാതകികളോ അല്ല. അതുകൊണ്ട് സമുദായത്തിന്റെ യാഥാര്‍ഥ്യം വെളിപ്പെടുത്താന്‍ തനിക്ക് എഴുതിയേ പറ്റൂ. അതുകൊണ്ട് എഴുത്തുകാരനായി എന്നതാണ് മറുപടിയുടെ രത്‌നച്ചുരുക്കം. സാമൂഹ്യവിഭാഗങ്ങളെ അധീശത്വത്തിന്റെ കണ്ണുകൊണ്ടുമാത്രം നോക്കിക്കാണുമ്പോഴുള്ള വക്രീകരിച്ച അവബോധം പൊതുബോധമായി നിറയുന്നതിനെ വ്യക്തമായി മനസ്സിലാക്കിക്കൊണ്ടാണ് ബഷീര്‍ ഇപ്രകാരമൊരു ഉത്തരത്തിലേക്കെത്തിച്ചേരുന്നത്. എഴുത്തിന്റെ ലോകവും സത്യത്തിന്റെ ലോകവും പലപ്പോഴും സന്തുലിതമാവാറില്ല. സത്യത്തെ മൂടിപ്പിടിക്കുന്നതിനും അധീശത്വ സമൂഹങ്ങളുടെ താല്‍പര്യങ്ങളെ സംരക്ഷിച്ചു നിര്‍ത്തുവാനും എഴുത്തധികാരം എക്കാലത്തും ഇടകൊടുത്തിട്ടുമുണ്ട്. എഴുത്തില്‍നിന്ന് പുറത്താകുന്ന സാമൂഹികവിഭാഗങ്ങള്‍ ചരിത്രത്തില്‍ നിന്നുതന്നെ പുറത്താവുന്നു എന്നതാണ് സത്യം.


കല്യാണചടങ്ങുകളെ കുറിച്ച് പറയേണ്ടി വരുമ്പോള്‍ എല്ലാവരും ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കപെടുന്ന നിരവധി ബിംബ സ്വീകരണ ക്രമങ്ങളുണ്ട്. അതല്ലാത്ത ബിംബക്രമങ്ങളെ വി.കെ ഷാഹിന കവിതയിലേക്കു കൊണ്ടുവരുന്നതിലൂടെ മറ്റൊരു ലോകവും തുറന്നു വരുന്നുണ്ട്.

'പൂച്ച കല്ല്യാണം കഴിക്കുന്നത്

കണ്ടില്ലല്ലോ

പൂച്ചയുെട ഹല്‍ദി, മൈലാഞ്ചി,

താലി കെട്ട്, മധുരം വെപ്പ്

പൂച്ചയുെട അടുക്കള കാണല്‍,

വളകാപ്പ് ഇതിനൊന്നിനും

എന്നെ വിളിച്ചില്ലല്ലോ

പൂച്ച കുണുങ്ങിക്കുണുങ്ങി

പാലുമായി കാടന്‍പൂച്ചയ്ക്കരികിേലക്കു

പോയതായി ഞനോര്‍ക്കുന്നേയില്ല.

എന്നിട്ടും എന്റെ പൂച്ച പ്രസവിച്ചു '

മേല്‍ചൊന്ന ആവിഷ്‌കാരം പൊതുഭാഷകത്വത്തില്‍

'പൂച്ച സുമംഗലിയായത്

കണ്ടില്ലല്ലോ.

മുഹൂര്‍ത്തം കുറിച്ചത് ആരാണാവോ?

പൂച്ചയുടെ മന്ത്രകോടിയണിഞ്ഞ്,

പാണീഗ്രഹണത്താല്‍

അഗ്‌നിയെ വലംവെച്ച്

സീമന്തരേഖയില്‍ സിന്ദൂരമണിഞ്ഞത്

ശാന്തിമുഹൂര്‍ത്തം

ഇതൊക്കെ എേപ്പാഴായിരുന്നു?'

ഇത്തരത്തില്‍ മാത്രമായിരിക്കും തികച്ചും സാധാരണമെന്ന മട്ടില്‍ പൊതുഭാഷകത്വമായി എഴുതേണ്ടിവരിക. അതിനോടൊപ്പം മറ്റൊരു വിവാഹച്ചടങ്ങിന്റെ ബിംബ ക്രമങ്ങളെ അകൃത്രിമമായിത്തന്നെ കൂട്ടിച്ചേര്‍ക്കാന്‍ വി.കെ ഷാഹിനയുടെ കവിതയാല്‍ കഴിയുന്നത് പ്രധാനമാണ്. ഇത്തരത്തിലുണ്ടാവുന്ന സാംസ്‌കാരിക സമന്വയത്തെ ബഷീറിന്റെ ബാല്യകാലസഖിയെ അവതരിപ്പിച്ചു കൊണ്ട് എം.പി പോള്‍ പറയുന്നത് രണ്ടു കല്യാണത്തിനൊപ്പം മാര്‍ക്കകല്ല്യാണവും സാഹിത്യത്തില്‍ സൗന്ദര്യത്മകമായി വന്നുചേരുന്നത് സാഹിത്യത്തിന്റെ ചേര്‍ത്തെടുക്കലായും അപരിചിത ലോകത്തിന്റെ പരിചയപ്പെടുത്തലായുമാണ്.

പ്ലാവിലക്കഞ്ഞിയെന്ന കവിത, വളരെ ചെറിയ വാക്കുകളിലൂടെ ലളിതമായ ഇമേജറികള്‍ചേര്‍ത്ത് വലിയൊരു സാംസ്‌കാരിക രാഷ്ട്രീയചിന്തയുടെ പ്രശ്‌നമേഖലകളെ വിശകലനം ചെയ്യുന്നുണ്ട്.

കുട്ടികള്‍ക്ക്മാത്രം സാധ്യമാകുന്ന ഒപ്പമാകലിനെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ്

ദേശരാഷ്ട്രം നേരിടുന്ന ശിഥിലമാകലിനെ പ്രശ്‌നവല്‍ക്കരിക്കുന്നത്.

കേരളത്തിലെ വിവിധ സാമൂഹ്യ വിഭാഗങ്ങളുടെ പ്രാതിനിത്യങ്ങള്‍ പേരിടലിന്റെ സൂചകങ്ങളായി പ്ലാവിലിക്കഞ്ഞിയെന്ന കവിതയില്‍ കടന്നുവരുന്നുണ്ട്.

'രമയും അമ്പിളിയും സുപ്പനും

ഇത്താത്തയും മമ്മദും ജോസൂട്ടനും

കുഞ്ഞമ്മ കാണാെത

മെടഞ്ഞോല മോഷ്ടിച്ച്

കുഞ്ഞിപ്പെര കെട്ടി '

ഒന്നുചേര്‍ന്നു കെട്ടിമേയുന്ന കുഞ്ഞിപ്പെരയില്‍ ജാതിയും മതവും വേലികെട്ടാത്ത, തുറവി മാത്രമുള്ള സാഹോദര്യം ദൃശ്യമാണ്. അവിടെയുള്ളതെല്ലാം, ദൈവവിശ്വാസങ്ങളടക്കം ജന്മസിദ്ധി പോലെ എല്ലാവര്‍ക്കും ഒന്നുപോലെ സ്വന്തമായി മാറുന്നു. അള്ളാഹുവിനുമപ്പുറം ഭഗവതിയെയും പിടിച്ച് സത്യമിടാന്‍ നിര്‍ബന്ധിക്കുന്ന ഖസാക്കിന്റെ ഇതിഹാസത്തിലെ മുസ്‌ലിം കഥാപാത്രത്തെ ഇവിടെ ഓര്‍ക്കാവുന്നതാണ്.

'രമയുടെ വീട്ടുചുമരില്‍

നിറയെ ദൈവങ്ങളുടെ പടം

വില്ല്കുലക്കുന്ന രാമന്‍.

തേരുതെളിക്കുന്ന കൃഷ്ണന്‍.

മരതകമലേയന്തുന്ന ഹനുമാന്‍.

താമരപ്പൂവിലെ സരസ്വതി

നാണയങ്ങള്‍ ചൊരിയുന്ന ലക്ഷ്മി

പാമ്പിന്‍ പുറേത്തറി വിഷ്ണു

ഇവയ്ക്കിടയില്‍ നരച്ച

മഞ്ഞപ്പുതപ്പു ചുറ്റി ഗുരുദേവനും

എത്ര കണ്ടാലും മതിയാവാത്ത

ദൈവങ്ങെള കണ്ണു വെച്ച്

ഒരു ദൈവ ചിത്രം പോലുമില്ലാത്ത

എന്റ വീടിനെ ഞാന്‍ വെറുത്തു.

ചുമരില്‍ കരിക്കട്ട കൊണ്ട്

വില്ല്കുലയ്ക്കുന്ന രാമെന വരച്ചു. '

എന്നെഴുതുന്നതില്‍ മുന്‍ചൊന്ന ചേര്‍ത്തെടുപ്പാണ് വ്യക്തമാവുന്നത്.

എല്ലാവര്‍ക്കും സ്വന്തമായൊരു രാമനില്‍ നിന്നും മതകേന്ദീകൃത രാഷ്ട്രീയാധികാരത്തിനുശേഷം ചിലര്‍ക്ക്മാത്രം സ്വന്തമായ രാമനിലേക്കുള്ള അന്തരമാണ് കവിത മുന്നോട്ടുവയ്ക്കുന്നത്.

'ഇവയ്ക്കിടയില്‍ നരച്ച

മഞ്ഞപ്പുതപ്പു ചുറ്റി ഗുരുദേവനും '

എന്ന സൂചനയില്‍ സവിശേഷ രാഷ്ട്രീയമുണ്ട്. നവോത്ഥാന വെളിച്ചങ്ങളില്‍ ജ്ഞാനപരതയുടെയും പ്രായോഗികതയുടെയും തുറവിയുള്ള സാന്നിധ്യങ്ങളാവാന്‍ ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍,

ഡോക്ടര്‍ പല്‍പ്പു, കുമാരനാശാന്‍ തുടങ്ങിയ മഹത് വ്യക്തിത്വങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, നവോത്ഥാനാനാന്തരം കീഴാളമായ ഉള്ളടക്കമുള്ള അത്തരം മൂവ്‌മെന്റുകള്‍ അതിന്റെ അവര്‍ണ്ണവും ശ്രമണവുമായ ധാരകളെ കയ്യൊഴിഞ്ഞ് സവര്‍ണ്ണധാരകളെയും ബ്രാഹ്മണിസത്തെയും ചേര്‍ത്തെടുക്കുന്നത് പലതരത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. എസ്. ഹരീഷിന്റെ 'മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ 'എന്ന ചെറുകഥയില്‍ നായരീഴവക്കല്ല്യാണ ദിനത്തില്‍ ഈഴവ വീട്ടുചുമരില്‍ നിന്നും എടുത്തുമാറ്റപ്പെട്ട ഗുരുദേവചിത്രം ഒഴിച്ചിടുന്ന ശൂന്യതയെ വരച്ചിടുന്നുണ്ട്. ദൈവ ചിത്രങ്ങളുടെ ഇടയില്‍ നരച്ച മഞ്ഞപ്പുതപ്പു ചുറ്റിയ ഗുരുദേവന്‍ എന്ന സൂചന ആര്യനൈസേഷനെയും സമകാലിക പിന്നാക്ക രാഷ്ട്രീയത്തിന്റെ ന്യൂട്രല്‍ അവസ്ഥയെയും കൃത്യമായി അടയാളപ്പെടുത്തുന്നു.


'ടിവിയിലെ രാമായണം കണ്ട്

ഞങ്ങള്‍ രാമനും രാവണനുമായി

കുടക്കമ്പികളെല്ലാം

അമ്പുകളായി

വില്ലുകുലച്ച് യുദ്ധം ചെയ്ത്

സീതയെ രക്ഷിക്കാന്‍

ശ്രമിച്ചുകൊണ്ടിരുന്നു

അയോദ്ധ്യ എവിടെയെന്നറിയാതെ

രാമനുവേണ്ടി യുദ്ധംചെയ്ത്

തളര്‍ന്ന ഒരു ദിവസമാണ്

ഉമ്മാമ്മ എന്നോട് പറഞ്ഞത്

വീട്ടിലിരിക്കെടീന്ന് ....

അയോദ്ധ്യയിലൊരു

രാമനുണ്ടത്രേ ......

അതാണ് യഥാര്‍ഥ രാമന്‍ന്ന്

രാമനുവേണ്ടി രഥയാത്രയ്ക്ക്

അച്ഛനോടൊപ്പം പോയതില്‍ പിന്നെ

സുപ്പന്‍ ഞങ്ങളോട് മിണ്ടാതായി

ഞങ്ങള്‍ കുഞ്ഞിപ്പെര കെട്ടാതായി

പ്ലാവിലക്കഞ്ഞി കുടിക്കാതായി

ഉമ്മാമ്മ വഴക്കു പറയുന്നതു

കേള്‍ക്കാതിരിക്കാന്‍

ഉമ്മറത്തെ രാമന്റെ പടവും

ഞാന്‍ മായ്ച്ചു കളഞ്ഞു ... '

രാമനു വേണ്ടി രഥയാത്രയ്ക്കു പോയിവന്ന കൂട്ടുകാരന്‍ മിണ്ടാണ്ടായത് കൂട്ടുകാരിയിലെ മുസ്‌ലിം അസ്തിത്വത്തോടാണെന്നു വ്യക്തം. ഉമ്മാമ്മ വഴക്കു പറയുന്ന രാമന്റെ പടമുണ്ടാവുന്നതും സത്യാനന്തര കാലത്താണെന്നത് വ്യക്തം.

'വമ്പെഴുന്ന പടച്ചോന്റെ വില്ലൊടിച്ച പാട്ട് '

എന്ന് മാപ്പിളരാമായണം പുലര്‍ന്ന നാടാണിതെന്നതും ചേര്‍ത്തു വേണം പ്ലാവിലക്കഞ്ഞിയെന്ന കവിത വായിക്കാന്‍.. മുസ്‌ലിം സ്ത്രീയെന്ന സ്വത്വത്തെ പ്രത്യക്ഷപ്പെടുത്തുന്ന വളരെ കുറച്ച് കവിതകള്‍ മാത്രമാണ്

വി.കെ ഷാഹിന എഴുതിയിട്ടുള്ളത്.

സ്റ്റാന്‍ സ്വാമിക്ക് സമര്‍പ്പിച്ചുകൊണ്ട് ശവങ്ങള്‍ വില്‍പനക്ക് ടൈറ്റിലുള്ള കവിത പ്ലാവിലക്കഞ്ഞി എന്ന കവിതയുടെ മുന്നോട്ട് നടത്തമാണ്

'എന്റെ രാജ്യത്തിനിനി കാവല്‍ക്കാര്‍ വേണ്ട

ഭയം അതിരുകളെന്നേ നിര്‍ണയിച്ചിരിക്കുന്നു ' വിവേചന പരമായ പൗരത്വ ഭേദഗതി ബില്ലുമായി ഉയര്‍ന്നുവന്ന ഇന്ത്യന്‍ ജനാധിപത്യ ചര്‍ച്ചകളുടെ സംഷിപ്ത രൂപമാണ് - ഭയം അതിരുകള്‍ എന്നേ നിര്‍ണയിച്ചിരിക്കുന്നു- എന്ന വാക്യം.

'റാഞ്ചിയും

ജാരിയും

റാണിഗഞ്ചും

പ്രാണ വേദനയില്‍ പിടഞ്ഞാലും ശ്വാസം മുട്ടുന്നേ എന്ന് പറയുകയില്ല'

അമേരിക്കന്‍ വംശീയതയുടെ വെളുവെളുത്ത കാല്‍മുട്ടുകള്‍ക്ക് കീഴില്‍ ശ്വാസംമുട്ടി മരിച്ച കറുത്തൊരാള്‍ ലോകത്തുയര്‍ത്തിവിട്ട 'എനിക്ക് ശ്വാസം മുട്ടുന്നേ ' എന്നു പോലും പറയാന്‍ കഴിയാതെ ഭയം മൂടിയ ഇന്ത്യന്‍ അവസ്ഥയെ ഈ കവിത വ്യക്തമാക്കുന്നുണ്ട്.

ഒരേ ചെടിയില്‍ വെള്ളയും ചുവപ്പും കലര്‍ന്ന പൂക്കളുണ്ടാകുന്ന ബോഗണ്‍ വില്ലകളായി ഷമീനബീഗം ബഹുസ്വര സഹവര്‍ത്തിത്വത്തെ അടയാളപ്പെടുത്തുന്ന ബോഗന്‍വില്ല എന്ന കവിത ശ്രദ്ദേയമാണ്.

കുതിരകയറുക എന്ന പ്രയോഗം അശ്വമേധം എന്ന വാക്കില്‍ നിന്നാവും ഉത്ഭവിച്ചിട്ടുണ്ടാവുക. രാജാധികാരത്തിന്റെ അനുഷ്ടാനപരമായ കീഴടക്കലാണല്ലോ അശ്വമേധം. വ്യതിരിക്തമായ ജീവിതക്രമങ്ങളുള്ള വിഭാഗങ്ങളോടു സഹവര്‍ത്തിത്വപ്പെടാന്‍ വിസമ്മതിക്കുകയും വേഷവും ഭാഷയും ഭക്ഷണസ്വാതന്ത്ര്യവും തന്റെ കട്ടിലിനോടൊപ്പമാക്കാന്‍ ഭൂരിപക്ഷ അധികാരവെറി ഒരുമ്പെടുന്നതിനെയാണ് അശ്വമേധം എന്ന കവിത പ്രശ്‌നവല്‍കരിക്കുന്നത്. വര്‍ത്തമാന ഇന്ത്യന്‍ അവസ്ഥയിലെ ചെറുസാമൂഹ്യ വിഭാഗങ്ങളുടെ ആത്മസംഘര്‍ഷങ്ങളില്‍ ക്രിസ്തുവും നബിയുമൊക്കെ കൈയാഴിയുന്നോ എന്ന വേവലാതി കവിതയിലുണ്ട്.

ആത്മീയവും രാഷ്ട്രീയവും സ്വത്വപരവുമായ തേങ്ങലുകള്‍ക്ക് രാജ്യത്തിന്റെതന്നെ ബിംബമായി ഇടംനേടിയിരിക്കുന്ന രാമന് എന്തെങ്കിലും പറയാനുണ്ടോ എന്ന തേടലുമുണ്ട് കവിതയില്‍.

'പശുക്കെള മേച്ചുനടെന്നാരു

ഇടയെച്ചക്കനുമായി ഞാന്‍

ഈയിടെ അടുപ്പത്തിലാണ്

അശ്വമേധയാഗത്തിന്

കൂട്ടുവരരാമെന്നേറ്റിട്ടുണ്ടവന്‍. '

എന്നെഴുതുന്നതില്‍ 'കൃഷ്ണനാം ഭഗവാന്റെ ധര്‍മ്മരക്ഷോപായത്തിലുള്ള ' വിശ്വാസ സൂചനയാണുള്ളത്.

ക്രിസ്തുദേവന്റെ പരിത്യാഗശീലവും സാക്ഷാല്‍

കൃഷ്ണനാം ഭഗവാന്റെ ധര്‍മ്മരക്ഷോപായവും

ബുദ്ധന്റെയഹിംസയും, ശങ്കരാചാര്യരുടെ

ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും

ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിന്‍

സ്ഥൈര്യവും, '

എന്നിങ്ങനെ വള്ളത്തോളിന്റെ ദേശീയ പുരഷനിര്‍മിതികളില്‍ ചിലതു നിലനില്‍ക്കുകയും

പലതും നിലക്കുകയും ചെയ്യുന്ന രാഷ്ട്രീയ കാലഘട്ടമാണ് ഈ കവിതയെ പ്രസക്തമാക്കുന്നത്.

ഷമീന ബീഗത്തിന്റെ കവിതകളും കവിതാവിവര്‍ത്തനങ്ങളും മുസ്‌ലിം സ്ത്രീയുടെ കണ്ണിലൂടെ പുതിയ സാമൂഹികക്രമം ഉല്‍പ്പാദിപ്പിക്കുന്ന അനിശ്ചിതത്വങ്ങളും അതിനെ മറികടക്കാന്‍ ഭാവന ചെയ്യുന്ന സഹവര്‍ത്തിത്വങ്ങളും അവതരിപ്പിക്കുന്നുണ്ട്. ഒരേ ചെടിയില്‍ വെള്ളയും ചുവപ്പും കലര്‍ന്ന പൂക്കളുണ്ടാകുന്ന ബോഗണ്‍ വില്ലകളായി ഷമീനബീഗം ബഹുസ്വര സഹവര്‍ത്തിത്വത്തെ അടയാളപ്പെടുത്തുന്ന ബോഗന്‍വില്ല എന്ന കവിത ശ്രദ്ദേയമാണ്.

ഉത്തരാധുനിക മലയാള കവിതയില്‍ മുസ്‌ലിം ജീവിതത്തെത്തെ അടയാളപ്പെടുത്തുന്ന വീരാന്‍കുട്ടി, അന്‍വര്‍അലി, റഫീഖ് അഹമ്മദ്, അസീം താന്നിമൂട്, അക്ബര്‍ തുടങ്ങിയ നിരവധിപേര്‍ സാന്നിധ്യങ്ങളാണ്. അപ്പോഴും മുസ്‌ലിം സ്ത്രീ കവികളില്‍ നിന്നുമുള്ള എഴുത്തുകള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.


പ്രണയം, കുടുംബജീവിതം, സ്ത്രീജീവിതത്തിന്റ ചെടിപ്പുകള്‍, തളച്ചിടലില്‍ നിന്നും കുതറാനുള്ള അടങ്ങാത്ത ആഗ്രഹങ്ങള്‍ ഇതെല്ലാം ചേരുന്നതാണ് ഈ കൃതിയില ഏറെയും കവിതകള്‍.

പെണ്ണുങ്ങള്‍ എന്ന കവിത സ്ത്രീയുടെ സൂഷ്മജീവിതത്തിലെ അവസ്ഥാന്തരങ്ങളുടെ ഒരുഘട്ടത്തെയാണ് അവതരിപ്പിക്കുന്നത്. പ്രാദേശികമായ ജീവിതാവസ്ഥ അടിച്ചേല്‍പ്പിക്കുന്ന ആസ്വാതന്ത്ര്യങ്ങളാല്‍ ഒരാള്‍ക്കും തനിക്കുവേണ്ടി അല്പംപോലും ജീവിക്കാന്‍ കഴിയാത്ത ദുരവസ്ഥയാണുള്ളത്. കാണികളുടെ ഇംഗിതങ്ങളെ തൃപ്തിപ്പെടുത്താന്‍മാത്രം വ്യക്തി ആക്റ്റു ചെയ്യേണ്ടിവരുന്നു എന്നതാണ് യാഥാര്‍ഥ്യം.

ഇത് പുരുഷനും സ്ത്രീക്കും ബാധകമാണെങ്കിലും സദാചാരത്തിന്റെയും മതാചാരത്തിന്റെയും തീട്ടൂരങ്ങളാലുള്ള പിടിച്ചിരുത്തലുകള്‍ പുരുഷനെ അപേക്ഷിച്ച് സ്ത്രീകളെയാണ് കൂടുതല്‍ കുടുക്കിയിട്ടിട്ടുള്ളത്.

പിതാവിനും പുത്രനും ഭര്‍ത്താവിനും മുന്നില്‍ പരിശുദ്ധാത്മാവു മാത്രമായിരിക്കണം സ്ത്രീജീവിതം എന്ന തടവറ. അവര്‍ക്ക് സ്വന്തമായി സ്വപ്നങ്ങള്‍പോലും പാടില്ല എന്നതാണ് ഇവിടുത്തെ അലിഖിതനിയമം. ജിയോ ബേബിയുടെ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന മലയാള സിനിമ ഇത്തരത്തില്‍ മോള്‍ഡ്‌ചെയ്‌തെടുക്കുന്ന സ്ത്രീത്വത്തെയും അവിടെനിന്ന് പുറംചാടുന്ന സ്ത്രീസ്വാതന്ത്ര്യത്തെയും അവതരിപ്പിക്കുന്നുണ്ട് .

പക്ഷേ, അത്തരത്തില്‍ പുറംചാടാന്‍, പുറം ചാടിയാല്‍ തുടര്‍ന്നു ജീവിക്കാന്‍ ലോകമുള്ളത് കേരളത്തില്‍ ചെറിയൊരു വിഭാഗം സ്ത്രീകള്‍ക്കു മാത്രമാണ്. ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കും ആചാരബദ്ധതയില്‍ നിന്നും ബഹിര്‍ഗമനം സാധ്യവുമല്ല. അവര്‍ സ്വയം ഇല്ലാതാവുന്നതുവരെ സ്വന്തംമാനസിക ജീവിതത്തെയും അടച്ചിടേണ്ടിവരുന്നു. അത്തരം സന്ദര്‍ഭങ്ങളെ ഈ കവിത തുറന്നിടുന്നുണ്ട്.


'നാല്‍പ്പതു കഴിഞ്ഞ പെണ്ണുങ്ങള്‍ അരക്കിറുക്കികളും മന്ത്രവാദിനികളുമായിരിക്കും

നോക്കിയിരിക്കെ

അവര്‍ പാലമരം പോലെ

പൂക്കള്‍ പൊഴിച്ച്

കരിമ്പന പോലെ പടര്‍ന്ന്

മാനം മുട്ടെനിന്ന് കണ്ണിറുക്കി ചിരിക്കുന്നത് കാണാം

ശ്രദ്ധിച്ചുനോക്കൂ അവള്‍ ശ്രദ്ധിക്കാതിരുന്ന

അവളുടെ മുലകള്‍ മുടി കാല്‍വണ്ണ

പാദങ്ങള്‍ നീണ്ടകൈനഖങ്ങള്‍ അവരാരെയോ പ്രതീക്ഷിക്കുന്ന പോലെന്നും

തരളിതരായിരിക്കും '

വീടിന്റെ വ്യാകരണങ്ങള്‍ സ്ത്രീകളെ കെട്ടിയിട്ടിരിക്കുന്ന തനിയാവര്‍ത്തനങ്ങളാണ്.

അടുക്കള ആവര്‍ത്തിക്കുന്ന രുചികളും ചെടിപ്പിക്കും' ലൈംഗികതയും കേവലദിനചര്യകളിലൊന്നായി മടുപ്പിക്കാം. പുരുഷന്റെ സ്‌നേഹപ്രകടനങ്ങളെല്ലാം അയാളുടെ അടിവയറില്‍ കെട്ടിക്കിടക്കുന്ന ശുക്ലഭാരം ഇറക്കി വയ്ക്കാനുള്ള കേവലപ്രകടനം എന്നു വിവര്‍ത്തനപ്പെടുന്നു.


സ്ത്രീയുടെ മാനസിക ജീവിതം അവള്‍ക്ക് മാത്രം അറിയാവുന്ന, നിലാവുള്ള പാതിരയില്‍ മാത്രം വിരിയുന്ന രഹസ്യ സുഗന്ധം പടര്‍ത്തുന മുല്ലയായി മാറുന്നെന്ന് ഈ കവിത അടക്കം പറയുന്നു. പിടിതരാത്ത മനോവ്യാപാരങ്ങള്‍ ആഴത്തില്‍ അടച്ചുവെച്ച ഒരു സ്ത്രീ നിങ്ങളെയും കടന്നു പോയിട്ടുണ്ട് എന്ന് കവിത ഉറപ്പിച്ചു പറയുന്നു.

'അനിയന്ത്രിതമായ് ചിലപ്പൊഴീ -

മനമോടാത്ത കുമാര്‍ഗ്ഗമില്ലെടോ. 'എന്ന്

കുമാരനാശാന്‍, ചിന്താവിഷ്ടയായ സീതയില്‍ ചേര്‍ക്കുന്ന മനോവ്യാപാരമായ കുമാര്‍ഗമല്ല. ഈ കവിത വിനിമയം ചെയ്യുന്നത്. സ്വാതന്ത്ര്യത്തിനായ് മനമോടുന്ന സുമാര്‍ഗ്ഗമായിത്തന്നെ 'പെണ്ണുങ്ങളിലെ ' മനമോടലുകളെ ഉത്തരാധുനികകാലം ചേര്‍ത്തുവായിക്കേണ്ടതുണ്ട്..

അലഭ്യമായ ഏതോ

അനുഭൂതിതലത്തെ തേടിക്കൊണ്ട് മുന്നേറലാണ് പ്രണയം. 'അദ്വൈതാമല ഭാവസ്പന്ദിത

വിദ്യുന്മേമേഖല 'എന്നൊക്കെ ചങ്ങമ്പുഴ ഭാവന ചെയ്യുന്നത് അത്തരമൊരു പ്രണയാവസ്ഥയെയാണ്.

കയ്യെത്താദൂരത്തു മാത്രമാണ് പ്രണയത്തിന് സ്ഥായിയായി നിലനില്‍ക്കാന്‍ കഴിയുക. ഭാവനയില്‍ മാത്രം നിലനില്‍പ്പുള്ള പൂര്‍ണ്ണിമയാണത്. കയ്യടക്കലാല്‍ നഷ്ടമാകുന്നതുമാണ് അതിന്റെ വിദ്യന്മേഖല. ലഭ്യതയോടെ അതിനെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന ഭാവനാത്മക/ഭ്രമാത്മകലോകം അസ്തമിക്കുന്നു.

അവിടേക്കാണ് അനുഭൂതിയില്‍ മറന്നിട്ട പ്രണയത്തെ ജാരനിലൂടെയോ ജാരയിലൂടെയോ ചേര്‍ത്തെടുക്കാന്‍ മനം ഓടുന്നത്. യഥാര്‍ഥത്തില്‍ ജാരന്‍/ജാരയാണ് പ്രണയത്തില്‍ കൃത്യസ്ഥാനം അലങ്കരിക്കുന്നത്. സാഹസികതയാണ് അതിന്റ സൗന്ദര്യം. ജാരന്‍/ജാര മൂര്‍ത്തമായുണ്ടാവണമെന്നില്ല ഭാവനയിലെങ്കിലും അങ്ങിനെയൊന്നുണ്ടാവുമെന്നുറപ്പാണ്.

'എന്റെ പ്രണയ സാമ്രാജ്യത്തില്‍ നുഴഞ്ഞുകയറിയ

പ്രിയപ്പെട്ട അഭയാര്‍ഥി

നഗരം ഇരുട്ടിനെ പുല്‍കുമ്പോള്‍ രാത്രി വിളക്കുകള്‍ കണ്ണടയ്ക്കുമ്പോള്‍

അതിര്‍ത്തി കടക്കാന്‍ നോക്കുക.

എപ്പോഴോ കൈമാറിയ ചുംബനങ്ങള്‍ തപാല്‍ മുദ്രകള്‍ ആയിരുന്നെന്ന് വിശ്വസിക്കുക അകത്തേക്കുള്ളതിനേക്കാളും വഴികള്‍ പുറത്തേക്കാണുള്ളത് '

എന്നിങ്ങനെ എഴുതിവെച്ച കവിതയുടെ കണ്‍ക്ലൂഷന്‍ ശ്രദ്ദേയമാണ്.

മനോ വ്യാപാരങ്ങളുടെ

ഇരട്ടമുഖങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടിവിടെ.

അത് സദാചാരത്തിനും നൈസര്‍ഗികതക്കും ഇടയിലുള്ള ചാഞ്ചാട്ടങ്ങളാണ്. മനസ്സിന്റെ വിചാരണക്കോടതി ചിലനേരങ്ങളില്‍ സദാചാരത്തിലും ചില നേരങ്ങളില്‍ ജന്മവാസനയിലും ചാഞ്ചാടി നില്‍ക്കാറുണ്ട്. സമൂര്‍ത്തമായല്ലെങ്കിലും ഭാവനാത്മകമായെങ്കിലും ഒരു ജാരയെ/ജാരനെ കൊണ്ടു നടക്കുന്നവരാണേറെയും.

'ആരും കണ്ടെത്തിയില്ലെങ്കിലും എന്റ രഹസ്യ പൊലീസ്

നിന്നെ കൊന്നുകളയാനിടയുണ്ട് '

എന്ന മുന്നറിയിപ്പ് ജന്മവാസനക്കുമേല്‍ സദാചാരംവിജയം നേടുമ്പോള്‍ തികട്ടിവരുന്നതുമാണ്.

ആകസ്മികമായ് രൂപംകൊള്ളുന്നതാണ് പലപ്പോഴും പ്രണയം, അത് അകാരണമായി അസ്തമിക്കുന്നതും സ്വാഭാവികം.

അവസാനെത്ത സെല്‍ഫിയെന്ന കവിത 'ഹൗസ് വൈഫ്' എന്ന

നിര്‍ബന്ധിത വേലയില്‍ പെട്ടുപോയതിനാല്‍ എഴുത്തും ഭാവനയും മുരടിക്കുന്നൊരു സ്ത്രീയുടെ ആത്മഭാഷണമായി ഇങ്ങനെയെഴുതുന്നു.

'വരവും ചെലവും എഴുതിയെഴുതി

കണക്കു പുസ്തകമായിത്തീര്‍ന്ന

ഐന്റ ഡയറിയില്‍

ഇനിയും

കവിത തിരയാതിരിക്കൂ

കണക്കുകളൊപ്പിച്ച്

അക്ഷരം മറന്നു പോയവളുടെ

ആത്മകഥയാണത്...'


ഭാവനാ ജീവിതവും ജീവിക്കുന്ന ജീവിതവും തമ്മിലുള്ള ഇടര്‍ച്ചയാണ്. കണ്ണാടിയെന്ന കവിതയില്‍

'ഒരു വെളിച്ചത്തിലേക്ക്

ഒരു ചിരിയിലേക്ക്

ഇറുകിയുള്ളൊരു

കൂട്ടിപ്പിടിക്കലിലേക്ക്

ഇടയ്ക്കിടെ

എന്നെ തുറന്നു വിടാന്‍

കൊതി തോന്നിപ്പോകും

അപ്പോഴൊക്ക

ഞാെനെന്റ കണ്ണാടിയിലേക്ക്

നോക്കും

എപ്പഴോ ചിതറിപ്പോയ

ഒരു പ്രതിബിംബം

അമര്‍ത്തിയൊരു മൂളലില്‍

എല്ലാം നിശ്ശബ്ദമാക്കും!

മനസ്സിന്റെ ഒരു കോണില്‍ വിലക്കുകളുമായി കൈചൂണ്ടിനില്‍ക്കുന്ന ആള്‍ക്കൂട്ടവും, മറ്റൊരു കോണിലെ ഏകാകിയും തമ്മിലുള്ള കണ്ടുമുട്ടലാണ് കവിതയില്‍ ശ്രദ്ധേയമാകുന്നത്. യഥാര്‍ത്ഥത്തില്‍ കണ്ണാടി കാണുമ്പോള്‍ മാത്രം അയാള്‍ക്ക് തിരിച്ചുകിട്ടുന്നതാണ് ഒരാളില്‍ ഇതരര്‍ കാണുന്ന ജീവിതം. കണ്ണാടിയില്‍ മൂര്‍ത്തരൂപം കാണുമ്പോള്‍ ഭാവനകള്‍ അസ്തമിച്ച് പോകുന്നതായി കവിത സൂചിപ്പിക്കുന്നുണ്ട്.

ഇനി എന്ന കവിത, കാലങ്ങള്‍ ചെന്നെത്തുമ്പോള്‍ മാത്രം പിടികിട്ടുന്ന ആ കാല്‍ഭാഗത്തില്‍ ഒന്നിനെയാണ് സൂചിപ്പിക്കുന്നത്. (പാദം കാലക്രമേണ ചാ) .. ഓര്‍മയില്‍ കെടാതെ താലോലിക്കുന്ന പ്രണയങ്ങളെ, കാലങ്ങള്‍ താണ്ടിയിട്ട് പുനഃസമാഗമിച്ചാല്‍ മിക്കവാറും സുഖംചേര്‍ന്ന ഭാവനകള്‍കൂടി അസ്തമയപ്പെട്ടേക്കാം..

സൂക്ഷിച്ച പ്രണയവും തീര്‍ന്നു പോകാം. അതിനാല്‍ -

'മാഞ്ഞു പോയ ഓര്‍മകെള

തിരിച്ചെടുക്കാന്‍ നോക്കരുത്

മുള്‍െച്ചടിയിലെ പൂക്കള്‍പോലെ

ഒരിക്കലും പിടിതരാതെ

എപ്പാഴും നോവിച്ചുകൊണ്ടിരിക്കുമത്.

എപ്പഴോ കൈമാറിയ ഒരു

ഹൃദയെത്ത മറേന്നക്കുക

ചീഞ്ഞളിഞ്ഞ ഒരു മാംസക്കഷ്ണമായിരിക്കും

ഇനി തിരിച്ചുകിട്ടുക. '

ഓരോ കവിതയ്ക്കും വ്യതിരിക്തമായ വായനകളും വിശകലനങ്ങളും സാധ്യമാവുംവിധം സ്വാനുഭവ അനുഭൂതികളെ ചേര്‍ത്ത് വായിക്കാന്‍ ഇടം നല്‍കുന്ന കവിതകള്‍ നിരവധിയുണ്ട് ഈ സമാഹാരത്തില്‍.

പണ്ടുണ്ടായിരുന്ന അതേയാള്‍ മനസ്സില്‍ മാത്രം തിളങ്ങുന്ന പ്രതിഭാസമായിരിക്കാം. ഇപ്പോളയാള്‍ മറ്റൊരാളായിട്ടുണ്ടായിരിക്കാം എന്ന തിരിച്ചറിവിനെയാണ് കവിത സൂചിപ്പിക്കുന്നത്.

അതികുടുംബസ്ഥത അടിച്ചേല്‍പ്പിക്കുന്ന

സദാചാര സങ്കല്‍പനങ്ങളോടു കലഹിക്കുമ്പോള്‍ സാമാന്യസ്ത്രീപക്ഷത്തിന് വാക്കാകുവാനും

അതിദേശീയതയുടെ രാഷ്ട്രസങ്കല്‍പനങ്ങളോടു കലഹിക്കുമ്പോള്‍ മുസ്ലിം സ്ത്രീയെന്ന വിശേഷ സ്ത്രീശബ്ദത്തിന് വാക്കാകുവാനും കവിതയെ കൂടെകൂട്ടുന്നതാണ് വി.കെ ഷാഹിനയുടെ കവിതകള്‍. ഒപ്പം വിസ്മയംപോലെ ലഭിക്കുന്ന സാരമായ ജീവനപ്രണയമാത്രകളെ തീവ്രമായി ലാളിക്കുകയും, പ്രണയനിഷേധങ്ങളോടു വാക്കിനാല്‍ ഉടക്കുന്നതുമാണ്. ഓരോ കവിതയ്ക്കും വ്യതിരിക്തമായ വായനകളും വിശകലനങ്ങളും സാധ്യമാവുംവിധം സ്വാനുഭവ അനുഭൂതികളെ ചേര്‍ത്ത് വായിക്കാന്‍ ഇടം നല്‍കുന്ന കവിതകള്‍ നിരവധിയുണ്ട് ഈ സമാഹാരത്തില്‍.

കവിതയുടെ ബഹുസ്വരതയിലേക്ക് കവിതയുടെ ജനാധിപത്യത്തിലേക്ക് കവിതയുടെ വേറിടലുകളിലേക്ക് 'പറക്കുമ്പോള്‍ മാത്രം മുളയ്ക്കുന്ന ചിറകുകളെയും 'നമുക്ക് ചേര്‍ത്തുവയ്ക്കാം....

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. എ.കെ. വാസു

contributor

Similar News

കടല്‍ | Short Story