യുദ്ധം
| കവിത
Update: 2023-12-03 05:46 GMT
മലയാളത്തിന്റെ
ഉത്തരക്കടലാസില്‍
ഒരു സ്‌കൂള്‍ കുട്ടി
യുദ്ധത്തിന്റെ
പര്യായപദങ്ങളെഴുതി:
അടി, കലിപ്പ്, വന്‍കലിപ്പ്.
മാഷുമാര് ഉച്ചയൂണിന്
യുദ്ധ വാര്‍ത്തകള്‍ നിറഞ്ഞ
പത്രത്താളുകള്‍
മേശപ്പുറത്ത് വിരിച്ച്
അതില്‍ പാത്രങ്ങള്‍ നിരത്തി.
യുദ്ധത്തിന്റെ ചൂടേറ്റ്
നിരത്തി വച്ചിരുന്ന
കറികള്‍ തിളച്ചു.
ഓരോരുത്തരും
തനിക്ക് ചൂട് തോന്നിയ
കറികള്‍ മാത്രം കഴിച്ച്
ഏമ്പക്കം വിട്ടു.
ദൂരെ യുദ്ധത്തിന്റെ
വിപരീതപദമറിയാത്ത
കുട്ടികള്‍
സ്‌കൂളിന്റെയൊപ്പം
മരിച്ചു കിടന്നു.
അപായ സൈറന്‍
മുഴങ്ങുമ്പോള്‍
ഭിത്തിയോട് ചേര്‍ന്ന് തറയില്‍
കമഴ്ന്ന് കിടക്കണമെന്ന്,
സംസാരിക്കാന്‍
തുടങ്ങുന്നതിനു മുന്നേ
പഠിച്ച കുട്ടികള്‍.