ചിതല്‍പ്പുറ്റ് പോലൊരു കൂറ്റന്‍ വീട്

ചിതലിനു മാത്രമല്ല പുറ്റ് കൊണ്ട് വീട് നിര്‍മിക്കുവാന്‍ സാധിക്കുക, മനുഷ്യനെക്കൊണ്ടും കഴിയും. ചിതല്‍പ്പുറ്റ് പോലെ നിര്‍മിച്ച വീട്ടുവിശേഷം.

Update: 2023-10-13 18:05 GMT
Advertising

മനുഷ്യന്‍ ഉള്‍പ്പെടെ പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും അവരവരുടെ വാസസ്ഥലങ്ങള്‍ പണിതുയര്‍ത്തുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. പക്ഷി കൂടുകൂട്ടുന്നത് കണ്ടിട്ടില്ലേ? വളരെ സൂക്ഷ്മമായ കരവിരുതും പ്രയത്‌നവുമാണ് പല ജീവജാലങ്ങളും സ്വന്തം വാസസ്ഥാനം ഒരുക്കുന്നതില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിതല്‍, പുറ്റൊരുക്കുന്നത് കണ്ടിട്ടില്ലേ. എത്ര മനോഹരമാണ്. ഗൃഹനിര്‍മാണത്തില്‍ ചിതല്‍പ്പുറ്റിനെ മാതൃകയാക്കുകയാണ് കോഴിക്കോട് ജില്ലയില്‍ ബാലുശ്ശേരിയിലെ അബ്ദുല്‍ റഷീദ്. അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ണര്‍ ഫൈസിലുമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

ചിതലിനു മാത്രമല്ല പുറ്റ് കൊണ്ട് വീട് നിര്‍മിക്കുവാന്‍ സാധിക്കുക, മനുഷ്യനെക്കൊണ്ടും കഴിയും. പക്ഷേ, ചിതല്‍പ്പുറ്റ് മാതൃകയിലാണെന്ന് മാത്രം. കണ്ടാല്‍ ഒരു കൂറ്റന്‍ ചിതല്‍പ്പുറ്റ് എന്ന് തോന്നുമെങ്കിലും സംഭവം ഒരു ഗംഭീര വീടാണ്. കാണുന്നവരെല്ലാം ഏറെ കൗതുകത്തോടെയാണ് ഈ വീടിനെ നോക്കി കാണുന്നത്. നേരിട്ടൊന്ന് കാണാനും അടുത്ത് ചെന്ന് ഒന്ന് തൊട്ടു നോക്കാനും ഇവിടെ എത്തുന്ന ആളുകള്‍ ഏറെയാണ്. വീട് പണിത് തുടങ്ങിയപ്പോള്‍ രണ്ട് ഭ്രാന്തന്മാര്‍ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു എന്നായിരുന്നു ചുറ്റുമുള്ള സംസാരം. പരിഹാസത്തോടെ കളിയാക്കി ചിരിച്ചവരും, ഒപ്പം നിന്നവരും ഉണ്ടായിരുന്നു.

30 വര്‍ഷത്തിലേറെയായി അബ്ദുല്‍ റഷീദ് കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയിട്ട്. ഇതുവരെ നിര്‍മിച്ച ഓരോ വീടിനും ഓരോ തരത്തിലുള്ള സവിശേഷതകളുണ്ട്. അങ്ങനെയിരിക്കെയാണ് സ്വന്തമായി ഒരു വീടെന്ന ചിന്ത ഉടലെടുത്തത്. കണ്ടമ്പററി അല്ലെങ്കില്‍ ട്രഡീഷണല്‍ സ്‌റ്റൈല്‍ എന്നിങ്ങനെ രണ്ട് രീതിയാണല്ലോ ഗൃഹനിര്‍മാണ മേഖലയില്‍ സാധാരണ കണ്ടുവരുന്നത്. എന്നാല്‍, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം തുടക്കം മുതല്‍ അബ്ദുല്‍ റഷീദിന്റെ മനസ്സിലുണ്ടായിരുന്നു. പ്രകൃതിക്ക് അനുയോജ്യമായി മെയിന്റനന്‍സ് ഏറ്റവും കുറഞ്ഞ രീതിയില്‍ എങ്ങനെ വീട് നിര്‍മിക്കാന്‍ കഴിയുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ചിതല്‍പ്പുറ്റ് മാതൃകയില്‍ ഒരു വീടെന്ന ആശയം മനസ്സില്‍ വന്നത്. മഞ്ഞുമല മാതൃകയും, പാറക്കെട്ട് മാതൃകയും മനസ്സിലുണ്ടായിരുന്നു. വേണമെങ്കില്‍ കുറച്ചുകാലം കഴിഞ്ഞാല്‍ ചിതല്‍പുറ്റിനെ മഞ്ഞുമലയും ആക്കാമല്ലോ. പെയിന്റ് മാത്രം മാറ്റിയാല്‍ മതിയല്ലോ. സാധാരണ വീട് നിര്‍മിക്കുന്നത് പോലെയാണ് ഇതിന്റെയും ഘടന. ചെങ്കല്ലും കോണ്‍ക്രീറ്റ് സ്ലാബും ഉപയോഗിച്ചാണ് വീട് പണിതിരിക്കുന്നത്. ഫ്‌ളാസ്‌ക് പോലെയാണ് ഇതിന്റെ രൂപം. വീടിന്റെ ചുമരിന് എയര്‍ ഗ്യാപ്പ് വച്ച് പുറംതോടിന് സമാനമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചിതല്‍പ്പുറ്റ് നിര്‍മിക്കാന്‍ ഉപയോഗിച്ചത് ഫെറോസിമെന്റ് ടെക്‌നോളജിയാണ്. കനംകുറഞ്ഞ കമ്പികൊണ്ട് വെല്‍ഡ് ചെയ്ത് ആദ്യം ഒരു രൂപം ഉണ്ടാക്കി. പിന്നീട് ചാക്ക് സിമന്റ് ഗ്രൗട്ടില്‍ മുക്കിയതിന് ശേഷം ഇതിന്റെ രൂപം നിര്‍മിക്കുന്നു. അതിനുമുകളില്‍ സിമന്റും മണലും ഒരുമിച്ച് ചേര്‍ത്താണ് മൊത്തത്തിലുള്ള പണി പൂര്‍ത്തിയാക്കുന്നത്.


2018 ലാണ് വീട് നിര്‍മാണം ആരംഭിച്ചത്. ആദ്യത്തെ ഒരു വര്‍ഷം സാധാരണയായി ചെയ്യുന്ന കാര്യങ്ങളൊക്കെയാണ് ചെയ്തത്. പിന്നീട് കൊറോണ കാരണം പാതിവഴിയില്‍ പണി നിര്‍ത്തേണ്ടി വന്നു. ഏകദേശം ഒരു വര്‍ഷത്തിനുശേഷം ചിതല്‍പ്പുറ്റിന്റെ പണി പുനരാരംഭിച്ചു. ചിതല്‍പ്പുറ്റാകുമ്പോള്‍ ചിതല് വേണമല്ലോ. അതുകൊണ്ട് തന്നെ അതിഥികളെ വരവേല്‍ക്കാന്‍ വീടിന്റെ മുന്‍വശത്ത് തന്നെ ഒരു ചിതലിന്റെ രൂപവും സൃഷ്ടിച്ചു. അതും വളരെ വ്യത്യസ്തമായ രീതിയിലാണ് ചെയ്തത്. ബുള്ളറ്റിന്റെ ടാങ്ക് ഉപയോഗിച്ചാണ് ഉടല്‍ നിര്‍മിച്ചത്. കൈകാലുകള്‍ ബുള്ളറ്റിന്റെ ചെയിന്‍ ഉപയോഗിച്ചും. അതുപോലെ വരാന്തയില്‍ നിന്ന് അകത്ത് പ്രവേശിക്കുവാനുള്ള പ്രധാന വാതിലും ചിതലരിച്ചത് പോലെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

മഴയും വെയിലും പൂപ്പലും കൊണ്ടാല്‍ മാത്രമേ ശരിക്കും ചിതല്‍ പുറ്റാവുകയുള്ളൂ. അതുകൊണ്ടുതന്നെ പുറം ഭാഗത്ത് പൂപ്പല്‍ വന്നാലും യാതൊരു പ്രശ്‌നവുമില്ല. സാധാരണയായി കേരളത്തില്‍ കണ്ടുവരുന്ന വീടുകളില്‍ മാര്‍ച്ച് ഏപ്രില്‍ മെയ് മാസങ്ങളില്‍ ചൂടുകാരണം താമസിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. എന്നാല്‍, ഇവിടെ ഒരു എക്‌സ്റ്റേണല്‍ കവറിംഗ് ഉള്ളതുകൊണ്ട് തന്നെ വീടിനകത്തു നല്ല തണുപ്പ് ലഭിക്കും. ഏതു കാലാവസ്ഥയുമായും ഒത്തുപോവുകയും ചെയ്യും.

വീടിനെക്കുറിച്ചുള്ള സാമ്പ്രദായികമായ മനുഷ്യസങ്കല്‍പ്പങ്ങളെ പൊളിച്ചടുക്കി കൊണ്ടാണ് അബ്ദുല്‍ റഷീദ് അദ്ദേഹത്തിന്റെ ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കൗതുകം നിറഞ്ഞ ഒരുപാട് കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ് ഈ വീട്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സില്‍വ്യ. കെ

Media Person

Similar News