ഇറച്ചിക്കറിമണമുള്ള വീടുകള്‍ തേടിനടന്ന പെരുന്നാള്‍ക്കാലം
അത്തര്‍ മണക്കുന്ന വെളുത്ത തട്ടമിട്ട ഉമ്മമാരോ താത്തമാരോ വീടിന്റെ പുറക് വശത്തേയ്ക്ക് ക്ഷണിക്കും. ഉമ്മറത്ത് ഇല വിരിച്ചോ, പാത്രത്തിലോ ചോറും പോത്തിറച്ചിയും ഒരു പ്രത്യേകതരം പരിപ്പുകറിയും തൈരും പൈനാപ്പിള്‍ മുറിച്ചതും വിളമ്പിത്തരും. ഇറച്ചി രുചിയുടെ ആര്‍ത്തിയില്‍ വരും പെരുന്നാള്‍ നാളിലേക്കുള്ളത്തിനുപ്പുറം മൂക്കുമുട്ടെ കഴിക്കും - പെരുന്നാളോര്‍മ.
പെരുന്നാള്‍ എന്നാല്‍ നോമ്പുകാലം കഴിഞ്ഞ പെരുന്നാളെന്നോ, ഹജ്ജ് പെരുന്നാളെന്നോ അറിയാത്ത വിശപ്പിന്റെ കുട്ടിക്കാലമാണ് ആദ്യം ഓര്‍മയിലെത്തുക. അന്നത്തെ പെരുന്നാളിന് വയറ് നിറച്ച് ചോറും ഇറച്ചിയും കഴിക്കുക എന്നതാണ് അര്‍ഥം.
വലിയറ എന്ന ഞങ്ങളുടെ വീട്ടുപേര് പോലെ, എന്ത് കിട്ടിയാലും നിറയാത്ത ഒരറയായിരുന്നു ഞങ്ങളുടെ വീടും. എട്ടു മക്കള്‍ ഉള്ള വലിയ കുടുംബം. റോഡ് പണിക്ക് പോകുന്ന അച്ഛന്‍, പാടത്തും പറമ്പിലും പണിക്ക് പോകുന്ന അമ്മ, ജോലിയും കൂലിയും ഇല്ലാത്ത മൂത്ത ചേട്ടന്മാര്‍ അങ്ങനെ പ്രാരാബ്ധങ്ങളുടെ വലിയൊരറ. എട്ടും രണ്ടും പത്തുപേരുടെ വയറു നിറയ്ക്കുക അച്ഛനും അമ്മയ്ക്കും അത്രയൊന്നും എളുപ്പമായിരുന്നില്ല, കൂലിപ്പണിക്ക് വിലയും പൈസയുമില്ലാത്ത എഴുപത് - എണ്‍പതുകളില്‍.
റേഷന്റെ പുഴുക്കല്ലരിയോ പച്ചരിയോ ആണ് അന്നത്തെ മുഖ്യാഹാരം. എല്ലാ ദിവസവും അമ്മ പണി മാറ്റി വന്നാല്‍ ഞങ്ങള്‍, മക്കള്‍ ആരെങ്കിലും റേഷന്‍ കടയിലേയ്ക്ക് ഓടണം. അച്ഛന്‍ വരുന്നത് രാത്രി ഒമ്പതു മണിക്ക് ശേഷമാണ്. ഒന്നര കിലോമീറ്റര്‍ അപ്പുറത്തുള്ള നായരുടെ റേഷന്‍ കടയില്‍ എല്ലാ ദിവസും പോകുന്നവരില്‍ ഒരാള്‍ നായരും, രണ്ടാമത്തെയാള്‍ ഞങ്ങളുടെ വീട്ടിലെ ആരെങ്കിലും ഒരാളും ആയിരിക്കും. റേഷന്‍ കടയുമായി അത്ര അടുത്ത ബന്ധം ഞങ്ങള്‍ പുലര്‍ത്തിപ്പോന്നിരുന്നു. നായര്‍ ഞങ്ങളുടെ അന്നദാതാവായിരുന്നു. അന്നൊന്നും സര്‍ക്കാര്‍ നടത്തുന്ന ഇടപാടാണ് ഈ റേഷന്‍ കടയെന്ന് അറിയില്ലായിരുന്നു. നായരുടെ കട അത്രയേ വിവരമുള്ളു.
ഓണവും വിഷുവും കല്യാണങ്ങളുമാണ് പച്ചരി, പഴുക്കല്ലരി ചോറില്‍ നിന്നുമുള്ള മോചനം. അതെല്ലെങ്കില്‍ കൊയ്ത്തുകാലം വരണം. കൊയ്ത്ത് പണിക്ക് കിട്ടുന്ന കുറച്ച് നെല്ല് അമ്മ മാറ്റിവെയ്ക്കും. വിഷു ഓണം മക്കളുടെ പിറന്നാള്‍ എന്നിങ്ങനെ വിശേഷ ദിവസങ്ങളില്‍ കുത്തരിച്ചോറുണ്ണാന്‍.
ഉമ്മറത്ത് ഇല വിരിച്ചോ, പാത്രത്തിലോ ചോറും പോത്തിറച്ചിയും ഒരു പ്രത്യേകതരം പരിപ്പുകറിയും തൈരും പൈനാപ്പിള്‍ മുറിച്ചതും വിളമ്പിത്തരും. ഇറച്ചി രുചിയുടെ ആര്‍ത്തിയില്‍ വരും പെരുന്നാള്‍ നാളിലേക്കുള്ളത്തിനുപ്പുറം മൂക്കുമുട്ടെ കഴിക്കും. ഇറച്ചിയും തൈരു കറിയും പിന്നീടതേ രുചിയുള്ളത് കഴിച്ചിട്ടുണ്ടെങ്കിലും. പെരുന്നാളിന്റെ വലിയ പരിപ്പുകറിയുടെ സ്വാദ് പിന്നീടൊരിക്കലും കിട്ടിയിട്ടില്ല.
റേഷനരി വാങ്ങി വീട്ടിലെത്തിയാലും അത് കലത്തിലെ വെള്ളത്തില്‍ വേവിക്കാന്‍ ഇടണമെങ്കില്‍ പണി പിന്നെയും ഉണ്ട്. പുഴുക്കല്ലരിയെന്നാല്‍ പുഴു + കല്ല് + അരി എന്നാണ്. ചിമ്മിനി വിളക്കിന്റെ ഇരുട്ടെത്ത് മുറത്തില്‍ അരി വിതറിയിട്ട്, പുഴുവിനേയും കല്ലിനേയും വേര്‍തിരിച്ചെടുക്കണമാദ്യം.
ഇങ്ങനെ പച്ചരി പുഴുക്കല്ലരി ബോറഡിയില്‍ ഞങ്ങള്‍ കുട്ടിക്കാലം തള്ളിനീക്കുമ്പോഴായിരിക്കും പെരുന്നാള്‍ വരുന്നത്. അയല്‍ക്കാരിലൊന്നും മുസ്‌ലിം കുടുംബങ്ങളില്ലാതിരുന്നതിന്നാല്‍ ആരും ഞങ്ങളെ പെരുന്നാള്‍ ചോറുണ്ണാന്‍ വിളിക്കാറും ഇല്ല.
അച്ഛനും അമ്മയും മൂത്ത ചേട്ടന്മാരും അറിയാതെ ഞങ്ങള്‍ ചെറിയ കുട്ടികള്‍ പെരുന്നാള്‍ ചോറുണ്ണാന്‍ കൊതിച്ച്, പാത്തും പതുങ്ങിയും പുറപ്പെട്ട് പോകും. കാളിക്കുട്ടിയുടെ കുണ്ടനിടവഴി ഇറങ്ങി, അയ്യരു മാഷടെ തോട്ടം കടന്ന്, കുന്നത്തെ വീട് കടന്ന്, പാടവും പാലാട്ട തോടും പിന്നിട്ടാല്‍, അറയ്ക്കലിലേക്കും പുതിയഞ്ചേരിക്കാവിലേക്കുമുള്ള വഴിയാണത്. പെരുമ്പിലാവ് വലിയ പള്ളിയവിടെയാണ്. തൊണ്ണൂറ് ശതമാനം മുസ്‌ലീം വീടുകള്‍ ഉള്ള ഒരു പ്രദേശമാണത്.
ഏതെങ്കിലും വീടിനു പരിസരത്തിലൂടെ ഞങ്ങള്‍ നടക്കുന്നത് കണ്ടാല്‍ പെരുന്നാള്‍ സന്തോഷത്തില്‍ ഉമ്മറത്തിരിക്കുന്ന ഇക്കമാര്‍ വീടകത്തേയ്ക്ക് വിളിച്ചു പറയും. ആ കുട്ടികള്‍ക്ക് തിന്നാന്‍ കൊടുക്കുവെന്ന്. അത്തര്‍ മണക്കുന്ന വെളുത്ത തട്ടമിട്ട ഉമ്മമാരോ താത്തമാരോ വീടിന്റെ പുറക് വശത്തേയ്ക്ക് ക്ഷണിക്കും. ഉമ്മറത്ത് ഇല വിരിച്ചോ, പാത്രത്തിലോ ചോറും പോത്തിറച്ചിയും ഒരു പ്രത്യേകതരം പരിപ്പുകറിയും തൈരും പൈനാപ്പിള്‍ മുറിച്ചതും വിളമ്പിത്തരും. ഇറച്ചി രുചിയുടെ ആര്‍ത്തിയില്‍ വരും പെരുന്നാള്‍ നാളിലേക്കുള്ളത്തിനുപ്പുറം മൂക്കുമുട്ടെ കഴിക്കും. ഇറച്ചിയും തൈരു കറിയും പിന്നീടതേ രുചിയുള്ളത് കഴിച്ചിട്ടുണ്ടെങ്കിലും. പെരുന്നാളിന്റെ വലിയ പരിപ്പുകറിയുടെ സ്വാദ് പിന്നീടൊരിക്കലും കിട്ടിയിട്ടില്ല.
ഇറച്ചിയും ചോറും തിന്ന് തിമിര്‍ത്ത് തിരിച്ച് പാലാട്ട തോടും പാലവും കുന്നത്തെ വീടും മാഷടെ തോടും തോടും കുണ്ടനിടവഴിയും കടന്ന് ആഹ്ലാദത്തോടെ ഞങ്ങള്‍, ഒന്നുമറിയാത്ത പോലെ വീടു പറ്റും.
വീട്ടിലെ ചോറ് അങ്ങനെത്തന്നെ ഇരിക്കുന്നത് കണ്ട്, അമ്മ കാര്യങ്ങള്‍ ഒരു വിധം ഊഹിച്ചെടുക്കും. മക്കളോടുള്ള സ്‌നേഹ കൊണ്ടും അതിന്റെ സങ്കടം കൊണ്ടും അമ്മ ഒന്നും പറയില്ല. മക്കളുടെ വയര്‍ രുചിയുള്ള ഭക്ഷണത്താല്‍ നിറഞ്ഞതിനാല്‍ അമ്മയുടെ കണ്ണും നിറയും. എന്നാല്‍, മൂത്ത ചേട്ടന്റെ ചെവിയില്‍ ഇക്കാര്യം ആരെങ്കിലും കൊണ്ടെത്തിച്ചാല്‍ പിന്നെ അന്നത്തെ ദിവസം അടിയുടെ പൊടിയരിക്കഞ്ഞിയായിരിക്കും. അതിരിലെ നീരോലിക്കമ്പ് ഒടിച്ച് മൂപ്പര് തലങ്ങും വിലങ്ങും അടിക്കും. 'ഇനി പോകുമോ ഇനി പോകുമോ' എന്നും ചോദിച്ച്. അമ്മ തടുക്കാന്‍ ചെല്ലുന്നതു വരെ അടി തുടരും.
അച്ഛന്‍ ഇതൊന്നും മിക്കവാറും അറിയാറില്ല. അതുകൊണ്ട് ആ അടി ലാഭം. പിറ്റേ പെരുന്നാള് വരുമ്പോഴും ഇതേ ഇറച്ചിയും ചോറും തൈര് കറിയും അമ്മയുടെ കണ്ണീരും ചേട്ടന്റെ നീരോലിമുട്ടായിയും ആവര്‍ത്തിക്കും.
ചങ്ങരംകുളത്ത് ചിത്രം വര പഠിക്കുമ്പോള്‍ കൂടെ പഠിച്ചിരുന്ന വളയംകുളത്തുള്ള റഷീദ് ആണ് അവന്റെ വീട്ടിലേക്ക് ആദ്യമായി നോമ്പുതുറക്കാന്‍ കൊണ്ടുപോകുന്നത്. അതിനുമുമ്പ് നോമ്പുതുറയെ കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. വിഭവസമൃദ്ധമായ ആ നോമ്പുതുറയുടെ ഓര്‍മകള്‍ ഇന്നും മനസ്സിലുണ്ട്. റഷീദ് താത്ത എന്ന് വിളിക്കുന്ന അവന്റെ ഉമ്മ ഉണ്ടാക്കിയ പത്തിരിയും ഇറച്ചിക്കറിയും പഴംപൊരിയും സമൂസയും ഒക്കെ കഴിച്ച രുചി ഇന്നലെ കടന്നുപോയ പോലെ മനസ്സില്‍ ഇടം പിടിച്ചിട്ടുണ്ട്.
പിന്നീട് ദുബായില്‍ എത്തിയപ്പോള്‍ ആദ്യകാലങ്ങളില്‍ താമസിച്ചത് കാസര്‍ഗോഡുള്ള ഒരുപാട് പേരുടെ കൂടെയായിരുന്നു. എല്ലാവരും ഒരേ നാട്ടുകാര്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍. ഞാന്‍ മാത്രമായിരുന്നു ഒരു തൃശൂര്‍കാരന്‍ ആ മുറിയില്‍. സ്വാഭാവികമായിട്ടും അവരെല്ലാം നോമ്പുള്ളവരാണ്. കൂട്ടത്തില്‍ പ്രിയ മിത്രമായിരുന്ന കാദര്‍ഭായ് എന്ന് വിളിക്കുന്ന കാദറുമായി കൂട്ടുകൂടിയ കാലത്ത് ഒരുപാട് പ്രാവശ്യം നോമ്പ് എടുത്തിട്ടുണ്ട്. ഒന്നിച്ച് നോമ്പുതുറക്കുകയും, പുലരാന്‍ കാലം ബര്‍ദുബായ് ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തുള്ള മദീന റസ്റ്റോറന്റില്‍ പോയി ചോറും മീന്‍കറിയും, ചോറും ബീഫ് കറിയും, ചോറും ചിക്കന്‍ കറിയും ഒക്കെ കഴിച്ച് വീട്ടിലേക്ക് നടന്നുവരുന്നതുമൊക്കെ ഇപ്പോഴും മനസ്സിലുള്ള നല്ല ഓര്‍മകളാണ്. പെരുനാളിന് പുത്തന്‍ ഡ്രസ് എടുക്കുന്നതൊക്കെ കാദറുമായി കൂട്ടുകൂടിയതിന് ശേഷമാണ്.
കാദറും കുടുംബവും കാസറഗോഡ് നിന്നും പെരുമ്പിലാവില്‍ എത്തിയപ്പോള്‍
ഒന്നിച്ചു ജോലി ചെയ്യുന്ന കൂട്ടുകാരന്‍ താഹ നസീറുമൊന്നിച്ച് ഈ നോമ്പുകാലത്ത് എത്രയോ നാള്‍ നോമ്പുതുറക്കാന്‍ അല്‍ ത്വവാറിലുള്ള എത്തിസലാത്ത് മെട്രോ സ്റ്റേഷനടുത്തുള്ള പള്ളിയില്‍ പോയിരിക്കുന്നു. അഞ്ഞൂറോളം പേര്‍ ആ പള്ളിക്ക് ചുറ്റും പ്ലാസ്റ്റിക് പായ വിരിച്ച് കൂട്ടം കൂടിയിരുന്ന് നോമ്പുതുറക്കുന്ന ആഹ്ലാദമെന്നത്, മനുഷ്യരുടെ സ്‌നേഹത്തിന്റെ മാനവികതയുടെ വെളിച്ചമല്ലാതെ മറ്റെന്താണ് പ്രധാനം ചെയ്യുന്നത്.
താഹ നസീറിനെപ്പം നോമ്പുതുറക്കുന്നു