പൊന്നാണീ പൊന്നാനിക്കാരുടെ നോമ്പും പെരുന്നാളും

പൊന്നാനി അങ്ങാടിക്ക് പെരുന്നാള്‍ രാവ് ഗംഭീര ആഘോഷമാണ്. പല വര്‍ണ്ണങ്ങളിലുള്ള അലങ്കാര ദീപങ്ങളാല്‍ അലംകൃതമായ പൊന്നാനിയുടെ തെരുവോരങ്ങള്‍ പെരുന്നാള്‍ രാവില്‍ ജനനിബിഢമാവും. പൊന്നാനി വലിയ ജമാഅത്ത് പള്ളി മുതല്‍ കിണര്‍ സ്റ്റോപ്പ് വരെയും, ചന്തപ്പടി - കുറ്റിക്കാട് പ്രദേശവുമൊക്കെ ഉമ്മ- ഉപ്പമാരുടെ കൈകള്‍ പിടിച്ച് കൗതുകക്കണ്ണുകള്‍ വിടര്‍ത്തി കുട്ടികളങ്ങനെ നടക്കും. | പെരുന്നാളോര്‍മ

Update: 2024-04-13 17:01 GMT
Advertising

റമദാനിനെ വരവേല്‍ക്കുമ്പോള്‍

മലബാറിന്റെ മണിമക്ക എന്നറിയപ്പെടുന്ന എന്റെ നാടിന്, അതായത് മലപ്പുറം ജില്ലയിലെ പൊന്നാനിക്ക്, നോമ്പ്കാലമായ റമദാന്‍ മാസമെന്നത് അത്യഗാധമായ ആത്മീയ വെളിച്ചത്തിന്റെ പാനൂസക്കാലമാണ്. റമദാന്‍ മാസച്ചന്ദ്രികയോടൊപ്പം പൊന്നാനിയില്‍ പൊലിവോടെ പെയ്തിറങ്ങുന്നത് പൗരാണിക തുറമുഖ നഗരിയായ തീണ്ടീസിന്റെ തനിമയുടേയും പെരുമയുടേയും നിലാവൊളി തന്നെയാണ്. അത്രമേല്‍ ആഘോഷത്തോടെയാണ് പൊന്നാനി റമദാനിനെ വരവേല്‍ക്കുന്നത്.

റമദാനിന്റെ ഒരു മാസം മുന്‍പേ തുടങ്ങും വീടിന്റെ മുക്കും മൂലയും വൃത്തിയാക്കല്‍. വീട്ടിലെ മുഴുവന്‍ മുറികളും, പാത്രങ്ങളും, ബെഡ്ഷീറ്റും, തലയണക്കവറും, കര്‍ട്ടനുകളുമെന്നു വേണ്ട വൃത്തിയാക്കാനുപയോഗിക്കുന്ന ചൂലും, മോപ്പും, ബക്കറ്റും, തുണിക്കഷണങ്ങളും വരെ സോപ്പിട്ട് കഴുകിയുണക്കിയെടുക്കും. വീടും പരിസരവും അത്രമേല്‍ പരിശുദ്ധമാക്കി വെച്ചാണ് പൊന്നാനിക്കാര്‍ നോമ്പിനെ വരവേല്‍ക്കാനൊരുങ്ങുന്നത്. റമദാന്‍ ചന്ദ്രിക വാനിലുയര്‍ന്നതറിഞ്ഞാല്‍ പരിചയക്കാരെ മുഴുവന്‍ വിളിച്ചറിയിക്കുന്നതിനൊപ്പം അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകള്‍ക്ക് മാപ്പപേക്ഷിച്ച് ഭാരങ്ങളേതുമില്ലാതെ ആത്മീയ ചൈതന്യത്തിന്റെ നാളുകളിലേക്ക് നടന്നു കയറും പൊന്നാനി. 


പാനൂസ

 ചെറിയ നോമ്പുതുറ, വലിയനോമ്പുതുറ, അത്താഴം, മുത്താഴം

പൊന്നാനിയുടെ നോമ്പുകാലം വിവിധ തരം ഭക്ഷണ പദാര്‍ഥങ്ങളാല്‍ സമ്പന്നമാണ്. ബാങ്ക് വിളിച്ച ഉടനെയുള്ള ചെറിയ നോമ്പുതുറക്ക് ഈത്തപ്പഴത്തിനും കാരക്കക്കും നാരങ്ങാവെള്ളത്തിനുമൊപ്പം പല തരത്തിലുള്ള പഴങ്ങള്‍, പഴച്ചാറുകള്‍. കൂടെ മുട്ടപ്പത്തിരി, മുട്ട മാല, മുട്ട സുര്‍ക്ക, ചിരട്ട മാല, പഴം നിറച്ചത്, ഇറച്ചിപ്പിടി, പാലിയേക്കപ്പം, തരിക്കഞ്ഞി തുടങ്ങിയ പൊന്നാനിയുടെ തനത് വിഭവങ്ങള്‍ക്കൊപ്പം സമൂസ, കട്‌ലറ്റ്, ഉന്നക്കായ, കല്‍മാസ്, ഇറച്ചിപ്പത്തിരി, കായപ്പോള, ചട്ടിപ്പത്തിരി, പഴംപൊരി തുടങ്ങി മറ്റ് പലഹാരങ്ങളും തീന്‍മേശയില്‍ നിറയ്ക്കാന്‍ പെണ്ണുങ്ങള്‍ക്കെന്ത് ഉത്സാഹമാണെന്നോ. മഗ്‌രിബ് നമസ്‌ക്കാരം കഴിഞ്ഞാല്‍ നൈസ് പത്തിരിയും പോത്തിറച്ചിക്കറിയുമാണ് പ്രധാന ഐറ്റം. പുതുകാലത്ത് മന്തിയും, ബിരിയാണിയുമൊക്കെ സ്ഥാനം പിടിച്ചിട്ടുണ്ട് പൊന്നാനിയുടെ വലിയ നോമ്പുതുറയില്‍. മരുമക്കത്തായ പാരമ്പര്യമുള്ള പൊന്നാനിയില്‍ നോമ്പുതുറ വിഭവങ്ങളുണ്ടാക്കി പുതിയാപ്ലവീട്ടിലേക്ക് കൊടുത്തയക്കുന്ന ചടങ്ങുകള്‍ ഇന്നും പല വീടുകളിലും നിലനില്‍ക്കുന്നു. ഒരു മാസത്തേക്കുള്ള റംസാന്‍ ചിലവിനുള്ള പണം ഭാര്യവീട്ടുകാര്‍ക്ക് നല്‍കുന്ന പുതിയാപ്ലമാരും ഇന്നും പൈതൃകം സംരക്ഷിച്ച് പോരുന്നു. ബന്ധങ്ങളിലെ ഊഷ്മളത നിലനിര്‍ത്താന്‍ കുടുംബങ്ങളും, സുഹൃത്തുക്കളുമൊക്കെ ചേര്‍ന്ന് ഇഫ്ത്താര്‍ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത് ഇന്നത്തെ പൊന്നാനിയുടെ പതിവ് കാഴ്ച്ചയായി മാറിയിരിക്കുന്നു.



വലിയ ജമാഅത്ത് പള്ളി

 പൊന്നാനിയില്‍ അടുത്തടുത്തായി നിറയെ മുസ്‌ലിം പള്ളികളാണ്. ചെറുതും വലുതുമായി നൂറോളം പള്ളികളുണ്ട്. ഇത്രയധികം മുസ്‌ലിം പള്ളികളുള്ള മറ്റൊരു പ്രദേശം മലയാളക്കരയിലില്ല. തറാവീഹിന് കുടുംബമൊന്നിച്ച് പളളിയിലേക്കുള്ള യാത്രയില്‍, എല്ലാ പള്ളികളില്‍ നിന്നും ബാങ്കും, ഖുര്‍ആന്‍ പാരായണവുമൊക്കെ കേള്‍ക്കാം. തഖ്‌വയാല്‍* ഖല്‍ബകം നിറയാന്‍ ആ അന്തരീക്ഷത്തില്‍ അല്‍പ്പനേരമങ്ങനെ നിന്നാല്‍ തന്നെ മതിയാകും. ഏഴാനാകാശത്ത് നിന്ന് മലായീക്കത്തീങ്ങള്‍* ഒന്നിച്ചിറങ്ങി വന്നതു പോലെ പൊന്നാനി അങ്ങാടിയില്‍ റഹ്മത്തിന്റെ തേന്‍മഴ വര്‍ഷിക്കുന്നെന്ന് തോന്നും!

തറാവീഹ് കഴിഞ്ഞെത്തിയാല്‍, പൊന്നാനിക്കാര്‍ക്ക് പ്രിയതരമായ ഭക്ഷണം ചീരാക്കഞ്ഞിയും, മത്തി മുളകിട്ടതും, ബായക്ക ഒടച്ച് നന്നാക്കിയതുമാണ്. മുത്താഴം എന്നാണ് ഈ സമയത്തെ ഭക്ഷണത്തിന് പേര്. മുത്താഴം കഴിഞ്ഞ് അല്‍പ്പസമയം ഉറക്കം. മൂന്നു മണിയോടെ തഹ്ജൂദ് നമസ്‌ക്കാരത്തിന് ഉണരും. സുബ്ഹ് നമസ്‌ക്കാരത്തിന് മുന്‍പായി അത്താഴം. ലഘുവായി എന്തെങ്കിലും കഴിച്ച് വ്രതാനുഷ്ഠാനത്തിന്റെ അടുത്ത ദിവസത്തിലേക്ക്.

തഖ് വ യേറുന്ന *ഖിയാമുല്ലൈല്‍

നോമ്പിന്റെ അവസാന പത്തിലെ ഒറ്റയൊറ്റ രാവുകളില്‍ (ഇരുപത്തി ഒന്നാം നോമ്പിന്റെ തലേ ദിവസമായ ഇരുപത്തി ഒന്നാം രാവ് മുതല്‍ ഇരുപത്തി ഒമ്പതാം നോമ്പിന്റെ തലേ ദിവസമായ ഇരുപത്തൊമ്പതാം രാവ് വരെ) ഖിയാമുല്ലൈല്‍ എന്നറിയപ്പെടുന്ന രാത്രി നമസ്‌ക്കാരങ്ങളും, പ്രത്യേക പ്രാര്‍ഥനയും ഉണ്ടായിരിക്കും. സ്ത്രീകളും കുട്ടികളും പുരുഷന്‍മാരുമൊന്നിച്ചും, പുരുഷന്‍മാര്‍ മാത്രമായുമൊക്കെ പള്ളികളില്‍ പ്രാര്‍ഥനകളുമായ് കഴിച്ചുകൂട്ടുന്ന രാവുകള്‍. മുസ്‌ലിംകളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്‍ ആദ്യമായി അവതരിക്കപ്പെട്ടത് അവസാന പത്തിലെ ഈ ഒറ്റ രാവുകളിലൊന്നിലാണെന്നും ആയതിനാല്‍ ആ സമയത്തെ ഏത് പ്രാര്‍ഥനയും ദൈവം ഏറ്റെടുക്കുമെന്നുമാണ് വിശ്വാസികളുടെ ഖല്‍ബിന്റെ ഉറപ്പ്.

പുണ്യ റമദാനിന്റെ രാത്രികാലങ്ങള്‍ മുഴുവനായും ഇബാദത്തിനായ്* മാറ്റി വെച്ച്, പകല്‍ സമയങ്ങളില്‍ അന്നപാനീയങ്ങളുപേക്ഷിച്ച് വികാരങ്ങളെ നിയന്ത്രിച്ച് സ്വയം നവീകരിച്ച് ദൈവത്തിന്റെ ഇഷ്ടദാസരായി മാറാനുള്ള കഠിന പരിശ്രമത്തിന്റെ നാളുകള്‍.

റമദാന് വിട

പൊന്നാനി അങ്ങാടിക്ക് പെരുന്നാള്‍ രാവ് ഗംഭീര ആഘോഷമാണ്. പല വര്‍ണ്ണങ്ങളിലുള്ള അലങ്കാര ദീപങ്ങളാല്‍ അലംകൃതമായ പൊന്നാനിയുടെ തെരുവോരങ്ങള്‍ പെരുന്നാള്‍ രാവില്‍ ജനനിബിഢമാവും. പൊന്നാനി വലിയ ജമാഅത്ത് പള്ളി മുതല്‍ കിണര്‍ സ്റ്റോപ്പ് വരെയും, ചന്തപ്പടി - കുറ്റിക്കാട് പ്രദേശവുമൊക്കെ ഉമ്മ- ഉപ്പമാരുടെ കൈകള്‍ പിടിച്ച് കൗതുകക്കണ്ണുകള്‍ വിടര്‍ത്തി കുട്ടികളങ്ങനെ നടക്കും. കളിക്കോപ്പുകള്‍, മൈലാഞ്ചി, മുല്ലപ്പൂ, മറ്റ് പെരുന്നാള്‍ സാമഗ്രികള്‍ എന്നിവ കൊണ്ട് തെരുവ് കച്ചവടം പൊടിപൊടിക്കും. ഒരു മാസമായിട്ടും എടുത്ത് തീരാത്ത പെരുന്നാള്‍ക്കോടികള്‍ എടുത്തുകൊണ്ടിരിക്കുന്നവരുണ്ടാവും. ഇരുപത്തേഴാം രാവിന് കിട്ടിയ സക്കാത്ത് പൈസ കൊണ്ട് കുഞ്ഞുമക്കള്‍ക്ക് എന്തെങ്കിലുമൊരു പെരുന്നാള്‍ക്കോടി എടുക്കാന്‍ എത്തി ആവും വിധം പെരുന്നാളിനെ ആഘോഷമാക്കാനെത്തിയവരും ഉണ്ടാകും ഇഷ്ടം പോലെ! 


പെരുന്നാൾ രാവിലെ ആഘോഷം

മുളങ്കുറ്റിയില്‍ മണ്ണെണ്ണയൊഴിച്ച് കത്തിക്കുന്ന മിനി പീരങ്കിയായ മുത്തായക്കുറ്റിയില്‍ നിന്ന് വെടിയൊച്ച കേള്‍പ്പിച്ചും, ബലൂണില്‍ വെള്ളം നിറച്ച് പരസ്പരമെറിഞ്ഞും കുട്ടികള്‍ ആര്‍ത്തു ചിരിച്ചുല്ലസിക്കും. കേരളത്തിലെ തന്നെ ഏറ്റവും വലിയ പുഴയോര പാതയായ നിളയോര പാത അഥവാ കര്‍മ്മാറോഡ് ആണ് പുതുകാല പൊന്നാനിയുടെ റമദാന്‍ - ഈദ് ആഘോഷങ്ങളുടെ കേന്ദ്രം. നിളയുടെ ഓളങ്ങളെ തഴുകിയെത്തുന്ന തണുത്ത കാറ്റ് കൊണ്ട്, കൊതിയൂറും രുചിക്കൂട്ടുകളെ മതിയാവോളമാസ്വദിക്കാന്‍, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇരുപത്തിനാല് മണിക്കൂറും ഉണര്‍ന്നിരിക്കുന്നു പൊന്നാനിയുടെ നിളയോരപാത.

മുളയും വര്‍ണ്ണക്കടലാസുകളും കൊണ്ട് തീര്‍ത്ത അലങ്കാരങ്ങളാണ് പൊന്നാനിയുടെ പാനൂസ വിളക്കുകള്‍. പത്തേമാരിയുടേയും, അറേബ്യന്‍ ഉരുവിന്റെയും മറ്റ് മനോഹര രൂപങ്ങളുടേയുമൊക്കെ പാനൂസ വിളക്കുകള്‍ റമദാനില്‍ വീടിന്റെ ഉമ്മറത്ത് തൂക്കുമായിരുന്നു. ഇപ്പോള്‍ അത്തരം പാനൂസ വിളക്കുകള്‍ ഉണ്ടാക്കാനറിയുന്നവര്‍ പൊന്നാനിയില്‍ കുറവാണെന്നതിനാല്‍ ഈ പാനൂസ വെളിച്ചം അത്രയങ്ങ് കാണാറില്ല പൊന്നാനിയില്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി 'പാനൂസ' എന്ന പേരില്‍ അതിവിപുലമായ സാംസ്‌കാരിക പരിപാടികള്‍ പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ രാവിനോടനുബന്ധിച്ച് ആഘോഷിച്ച് വരുന്നു. ഇത് പാനൂസ എന്ന പൊന്നാനിയുടെ തെളിച്ചമുള്ള ഐക്കണിനെ സംരക്ഷിക്കാനുതകും എന്ന വിശ്വാസത്തിലാണ് പൊന്നാനിക്കാര്‍. 


പൊന്നാനിപ്പലഹാരങ്ങൾ

 പെരുന്നാള്‍ രാവാകുമ്പോഴേക്ക് പൊന്നാനിയുടെ അടുക്കള ഭരണികള്‍ കോഴിയട, ബിസ്‌ക്കറ്റപ്പം, ചുക്കപ്പം, അമ്പാഴത്തിലട, അരീരപ്പം, ചിരട്ടമാല, വെട്ടപ്പം, പൂവപ്പം, പൂരം വറുത്തത് തുടങ്ങിയ പലവിധ പൊന്നാനിപ്പലഹാരങ്ങളാല്‍ നിറയും. ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുക എന്നത് ഇസ്‌ലാമിലെ സുന്നത്താക്കപ്പെട്ട (പടച്ച തമ്പുരാനില്‍ നിന്ന് പ്രത്യേക കൂലിയുള്ള) ഒരു കാര്യമാണ്. പൊന്നാനിക്കാര്‍ ഈ സുന്നത്ത് ആചരിക്കുന്നതില്‍ വിട്ടുവീഴ്ച്ചയില്ലാത്തവരാണ്. പെരുന്നാള്‍ നമസ്‌ക്കാരത്തിന് ശേഷം വീടുകളിലെത്തുന്ന ബന്ധുമിത്രാദികളെ വിരുന്നൂട്ടാനാണ് പൊന്നാനിക്കാര്‍ ഈ അപ്പങ്ങളെമ്പാടും ഒരുക്കി വെക്കുന്നത്. ഈ സന്ദര്‍ശനത്തില്‍, മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് പെരുന്നാള്‍പ്പൈസ നല്‍കുന്ന പതിവുമുണ്ട് പൊന്നാനിക്ക്.

ശവ്വാലൊളി പിറന്നതറിയുമ്പോള്‍, ഫിത്ര്‍ സക്കാത്ത്* നല്‍കി പെരുന്നാള്‍ ജുമുഅക്കും, ആഘോഷത്തിനുമുള്ള കാത്തിരിപ്പിന്റെ സന്തോഷത്തിലാകും വിശ്വാസികള്‍. ഫിഷിംഗ് ഹാര്‍ബറിലും, പള്ളികളിലുമായാണ് പൊന്നാനിയില്‍ പെരുന്നാള്‍ നമസ്‌ക്കാരത്തിനും ഈദ് ഗാഹിനും സൗകര്യങ്ങളൊരുക്കുക. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് വുളൂ (അംഗ സ്‌നാനം) എടുത്ത് സുബ്ഹ് നമസ്‌ക്കാരം കഴിഞ്ഞ് ചായയും ചെറുപലഹാരവും കഴിച്ച് പുതുവസ്ത്രങ്ങളണിഞ്ഞ് തക്ബീര്‍ ധ്വനികളുടെ ആഘോഷാരവങ്ങളോടെ വിശ്വാസികള്‍ ഈദ്ഗാഹിലേക്ക് പുറപ്പെടും. എങ്കിലും, അവരുടെ ഉള്ളിലൊരു ചെറു നൊമ്പരമുണരും. ഓരോ നന്‍മക്കും ആയിരമിരട്ടി പ്രതിഫലം ലഭിക്കുന്ന പുണ്യറമദാനാണ് വിട പറയുന്നത് എന്ന ആത്മീയ നൊമ്പരത്തിന്റെ ഹൃദയഭാരം!


പൊന്നാനി ഫിഷിംഗ് ഹാർബറിലെ ഈദ്ഗാഹ്

* തഖ് വ: ദൈവത്തെക്കുറിച്ചും സത്യത്തെക്കുറിച്ചുള്ള സൂക്ഷ്മബോധത്തെയും കുറിക്കുന്ന ഒരു ഇസ്‌ലാമിക പദം

* മലായീക്കത്തീങ്ങള്‍: മാലാഖമാര്‍

* തറാവീഹ്: റമദാനിലെ പ്രത്യേക നിശാ നമസ്‌കാരം

* തഹ്ജൂദ്: പുലര്‍കാല നമസ്‌കാരം

* ഖിയാമുല്ലൈല്‍ റമദാനിലെ അവസാന രാത്രി-രാവുകളില്‍ ഉറങ്ങി എണീറ്റ ശേഷം നടത്തുന്ന നമസ്‌കാരം

* ഇബാദത്ത്: ആരാധന

* ഫിത്ര്‍ സക്കാത്ത്: പെരുന്നാളിനോടനുബന്ധിച്ച് നിര്‍ബന്ധമയി നിര്‍വഹിക്കേണ്ട ദാനധര്‍മം

(കോഴിക്കോട് സര്‍വ്വകലാശാല ഗവേഷകയാണ് ലേഖിക)

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സൗദ പൊന്നാനി

Writer

Similar News