'മരിച്ചു' എന്ന മൂന്നക്ഷരത്തിന്റെ വ്യാപ്തി അന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല
| ഓര്‍മ
കറുപ്പിന്റെ ഏഴഴകില്‍ നിറഞ്ഞു ചിരിക്കുന്ന പാവടക്കാരിയാണ് അവളെന്റെ ഓര്‍മയില്‍. മറിയം. ബാല്യകാലം എനിക്ക് തന്ന പകരം വെക്കാനാകാത്ത 'ചെങ്ങായി'. ബാല്യത്തില്‍ കൂട്ടും കൗമാരത്തില്‍ നീറുന്ന ഓര്‍മകളും തന്ന് ഇപ്പോളീ കടലാസ്സിന് മുന്‍പില്‍ പഴയൊരു കഥയാണവള്‍.
മഴയാണെങ്കിലും മഞ്ഞാണെങ്കിലും പുലര്‍ച്ചെ നടക്കാനിറങ്ങുന്ന ഉപ്പാക്ക് ഞങ്ങളും നേരത്തെ എഴുന്നേല്‍ക്കണമെന്നത് നിര്‍ബന്ധമായിരുന്നു. മദ്രസയില്‍ പോവാന്‍ മടിയുള്ള ഞാന്‍ പുതച്ചുമൂടി അങ്ങനെ കിടക്കുമ്പോഴാണ് ചീത്ത വിളികളും വടിയെടുക്കുന്നതിന്റെ ആഘോഷങ്ങളുമെല്ലാം പുറത്ത് അരങ്ങേറുന്നത്. കാലിനടിയില്‍ വീഴുന്ന ഈര്‍ക്കിലിന്റെ മധുരത്തില്‍ ചാടിയെഴുന്നേറ്റ്, ചിണുങ്ങിക്കരയാന്‍കൂടി ഇടതരാതെ ഉന്തിത്തള്ളി വീട്ടിരുന്ന മദ്രസാ ക്ലാസിലെ കഥപറച്ചിലിന്റെ ഉസ്താദുമാരായിരുന്നു ഞാനും അവളും. ഉമ്മച്ചി വെച്ച കട്ടന്‍ചായ കാലത്തെ കിട്ടുന്ന ഈര്‍ക്കില്‍ പ്രയോഗത്തില്‍ പിണങ്ങി വേണ്ടെന്ന് പറഞ്ഞ് ഓടിചെല്ലുന്നത് മറിയൂന്റെ വീട്ടുമുറ്റത്തേക്കാണ്. അവിടെയെത്തി മുറ്റത്തെ അരമതിലില്‍ ചാടിക്കേറി താടിക്ക് കയ്യുംകൊടിത്തിരുന്ന് രണ്ടുറക്കം കഴിഞ്ഞാലും അവളുടെ ഒരുക്കം കഴിഞ്ഞു കാണില്ല.
ആവശ്യത്തില്‍ കൂടുതല്‍ പൗഡര്‍ മുഖത്തും പകുതി തട്ടത്തിലും ബാക്കി വരുന്നത് പുസ്തകത്തിന്റെ ഇടയിലുമിട്ടിട്ട് അവസാനമൊരു വരവുണ്ട്. പല്ല് തേക്കാന്‍ കൊടുത്ത ബ്രഷും പിടിച്ചിരുന്ന് അവള്‍ ഉറങ്ങുകയായിരുന്നെന്ന് ചീത്ത പറയുന്നതിന്റെ ഇടയിലായി അവളുടെ ഉമ്മച്ചി എന്നെ കണ്ടുപഠിക്കാന്‍ ഇടയ്ക്കിടെ അവളോട് പറയും. അത് കേള്‍ക്കുമ്പോള്‍ ഈര്‍ക്കിലിനെ ഞാനൊന്ന് സ്മരിക്കും. അതുതന്ന വേദന പാടേ മറക്കും.
ഞാനും മറിയവും അവളുടെ സഹോദരി മര്‍വയും ചേര്‍ന്നാണ് മദ്രസയില്‍ പോവാറ്. ഏഴുവയസ്സിന്റെ എല്ലാ കുരുത്തക്കേടുകളും ഞങ്ങള്‍ക്കുണ്ടായിരുന്നു. പോക്കും വരവും ഒരുമിച്ചാണെങ്കിലും മര്‍വ ഞങ്ങളെ അപേക്ഷിച്ച് ഡീസന്റാണ്. ഞാനും മറിയവും മത്സരിച്ചോടുകയും റോഡിലെ മഴവെള്ളത്തില്‍ ചാടി ചെളി തെറിപ്പിക്കുകയും ചാഞ്ഞു വന്ന മരക്കൊമ്പുകളിലെല്ലാം കയറുകയും മാവിലെറിഞ്ഞും മതിലില്‍ കയറിയും പള്ളിക്കുളത്തിലെ മീനിനെ കല്ലെറിഞ്ഞും ഓലയില്‍ ഊഞ്ഞാലാടി തെങ്ങിന്‍ തടങ്ങളില്‍ വീണും കുട കവറിലിട്ട് മഴ നനഞ്ഞും വെള്ളത്തട്ടത്തില്‍ പച്ചമാങ്ങയിട്ട് മതിലിലടിച്ച് കറപിടിച്ച തട്ടം ഒളിപ്പിച്ചു വെച്ചും ഓട്ടമത്സരങ്ങള്‍ക്കിടയിലെ മുറിവുകള്‍ക്ക് തേങ്ങോലയിലെ മൊരിയെടുത്ത് പൊതിഞ്ഞു വെച്ചും അറിവില്ലാത്ത കാര്യങ്ങളെ പറ്റിയും പൊടിപ്പും തൊങ്ങലും വെച്ച് വലിയ കഥകളാക്കി പറഞ്ഞും ചിരിച്ചും കരഞ്ഞും പിണങ്ങിയും കെട്ടിപ്പിടിച്ചും ജന്മബന്ധത്തേക്കാള്‍ കര്‍മങ്ങള്‍ കൊണ്ട് ഞങ്ങള്‍ കൂടപ്പിറപ്പായി.
മദ്രസ വിട്ട് വീട്ടിലേക്ക് വരുന്നതിന്റെ വേഗത ആമയെ വെല്ലുന്നതായിരുന്നു. വീടെത്തിയാല്‍ സ്‌കൂളിലേക്ക് അയക്കുമല്ലോ എന്നോര്‍ത്ത് പള്ളിക്കുളത്തിന്റെ പടിക്കെട്ടിലിരുന്ന് പദ്ധതികള്‍ മെനെഞ്ഞെടുത്ത് എനിക്ക് വയറുവേദനയും അവള്‍ക്ക് തലവേദനയും ഉടലെടുത്ത എത്രയോ രാവിലെകള്‍. സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ മാറുന്ന അത്ഭുതകരമായ അസുഖങ്ങള്‍. പള്ളിപ്പീടികയിലെ ജീരകമിഠായി മടിയിലിട്ട് എണ്ണിതിട്ടപ്പെടുത്തിയ നട്ടപ്രാന്തിന്റെ ആറും ഏഴും എട്ടും വയസ്സ് കടന്ന് ഒന്‍പതിലേക്കെത്തിയത് എത്ര പെട്ടെന്നായിരുന്നെന്നോ.
ഉറങ്ങി എണീറ്റ് പിന്നേ ഉറങ്ങും വരെ സൂര്യനും ചന്ദ്രനുമിടയിലെ ആ നേരങ്ങളെ ഞങ്ങള്‍ ഞങ്ങളുടേതാക്കിയ ബാല്യത്തിന്റെ കുസൃതി നിറഞ്ഞ കാലം. നായ്ക്കള്‍ നിറഞ്ഞ അമ്പലപറമ്പിലൂടെ പോവരുതെന്ന് വീട്ടുകാര്‍ ഒന്നില്‍ കൂടുതല്‍ തവണ പറഞ്ഞാല്‍ അതുവഴി മാത്രം പോകുന്ന ഞങ്ങള്‍. ആളൊഴിഞ്ഞ പറമ്പിലെ മൂലയില്‍ ഒരു ഞാവല്‍മരമുണ്ടായിരുന്നു. ഞങ്ങള്‍ എത്തുമ്പോളേക്കും ഞാവല്‍പ്പഴങ്ങള്‍ ആണ്‍കുട്ട്യോള്‍ കല്ലെറിഞ്ഞു വീഴ്ത്തി പറുക്കിയെടുക്കും. എന്നും ഇത് തന്നെ ആയപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു. വലുതായാല്‍ ആ ഞാവലിന് കീഴെ വീട് വെക്കണമെന്ന്.
സാധാരണയിലെന്ന പോലെ ഒരുദിവസം അവളെ കൂട്ടാന്‍ ചെന്ന ഒരു രാവിലെ മദ്രസയില്‍ ഇനി വരില്ലെന്ന് പറഞ്ഞ് അവള്‍ വാശിപിടിച്ചു നില്‍ക്കുന്നു. കാര്യവും കാരണവും അന്വേഷിച്ചപ്പോള്‍ മുഖത്ത് മൂക്കിന് മുകളിലായി ഒരു തടിപ്പ് കാണിച്ചു തന്നു. കുട്ടികള്‍ കളിയാക്കുമെന്ന് പറഞ്ഞ് മടിച്ചു നില്‍ക്കുന്ന അവളേയും വിളിച്ചോണ്ട് പോവാന്‍ അവളുടെ ഉമ്മച്ചി എന്നോട് പറഞ്ഞു. അവള്‍ പറഞ്ഞത് പോലെ തന്നെ കുട്ടികള്‍ ചിരിക്കാന്‍ തുടങ്ങി. 'തുമ്പിക്കൈ' എന്ന് കളിയാക്കിയ സഹലിന്റെ കയ്യില്‍ ഞാന്‍ ഓടിച്ചെന്ന് കടിച്ചു. അവള്‍ കരഞ്ഞതും കരച്ചിലിനിടയിലായി 'ഈ തടിപ്പ് മാറ്റിത്തരാന്ന് ന്റെ ഉമ്മച്ചി പറഞ്ഞിണ്ടല്ലോ ' ന്നുള്ള അവളുടെ വാക്കും ഇന്നും എന്റെ കണ്ണിലും കാതിലുമായി മായാതെ കിടപ്പുണ്ട്.
അങ്ങനെ ഒരു പരീക്ഷാസമയം. സ്‌കൂളില്‍ എന്നും പോവണമെന്ന നിയമം വീട്ടില്‍ പാസ്സായി. മറിയൂന് ചെറിയൊരു പനി വന്നു. അവള്‍ മദ്രസയില്‍ വന്നില്ല. മനസ്സില്ലാ മനസ്സോടെ ഞാന്‍ മര്‍വക്കൊപ്പം പോയി തുടങ്ങി. മറിയു സ്‌കൂളിലേക്കും കാണാതായി. അവള്‍ വരാതെ ഞാന്‍ മാത്രം രണ്ട് ദിവസങ്ങള്‍ പോയി. അവള്‍ സുഖമില്ലാതെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. ഒന്നാം ദിവസം പോവാന്‍ തോന്നാതെ നിന്നപ്പോള്‍ പരീക്ഷയുടെ പേരും പറഞ്ഞ് ഉന്തിത്തള്ളിവിട്ടു. പിറ്റേന്ന് അവള്‍ വരുമെന്ന് ആരൊക്കെയോ പറഞ്ഞു പറ്റിച്ചു. രണ്ടാം ദിവസം പരീക്ഷക്കിടയില്‍ മെമ്മോ വന്നു. ദിനേശന്‍ മാഷ് ഉറക്കെ വായിച്ചു. അഞ്ച് എ യിലെ മറിയം പനിബാധിച്ച് മരിച്ചു എന്നായിരുന്നു അതിലെ സാരം. 'മരിച്ചു' എന്ന മൂന്നക്ഷരത്തിന്റെ വ്യാപ്തി അന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. എന്തോ സംഭവിച്ചെന്ന് തോന്നിയെങ്കിലും ഇനി കഥപറയാന്‍ അവളില്ലാന്ന് ഞാനന്നറിഞ്ഞില്ലായിരുന്നു.
വീട്ടിലെത്തിയതും എന്റെ ഉമ്മ എന്നെ കെട്ടിപ്പിടിച്ചു. ആളുകള്‍ക്കൊപ്പം വെള്ളയില്‍ പുതച്ച അവളെ കാണാന്‍ ഞാനും പോയി. ഞാന്‍ ചെന്നിട്ടും എന്നെ ഒന്ന് നോക്കാതെ അവള്‍ കിടന്നു. അവളുടെ ആഗ്രഹം പോലെ മൂക്കിന് മുകളിലെ തടിപ്പ് നീക്കം ചെയ്തിരുന്നു. എനിക്ക് അത് കണ്ടപ്പോള്‍ സന്തോഷം തോന്നി. ചുറ്റും കണ്ണോടിച്ചപ്പോള്‍ പലമുഖങ്ങളിലും പല മാറ്റങ്ങള്‍ കണ്ടു. മര്‍വ ഏതോ പുസ്തകം മറിച്ചിരിക്കുന്നു. അവരുടെ കുഞ്ഞനിയത്തി ആരുടെയോ കൈകളിലിരുന്ന് കരയുന്നു. അവളുടെ ഉമ്മ നിലത്ത് കിടക്കുന്നു. മറിയം എന്നെ നോക്കിയില്ലെങ്കിലും ഞാന്‍ അവളെ കുറേ നേരം നോക്കിനിന്നു. എന്റെ ഉമ്മ എന്നെ എടുത്തു. ഞാനാ തോളില്‍ തലവെച്ചു കിടന്നു. അവളുടെ വീട്ടില്‍ ആളുകള്‍ കയറി ഇറങ്ങികൊണ്ടിരുന്നു. രണ്ട് ദിവസം എങ്ങോട്ടും പോകേണ്ടെന്ന് ഉപ്പ എന്നോട് പറഞ്ഞു. മൂന്നാം നാള്‍ മദ്രസയില്‍ പോവുമ്പോള്‍ ഞാനവളുടെ വീടിന് മുന്നില്‍ നിന്നു. വളുടെ ചെരുപ്പ് കോലായയില്‍ കിടക്കുന്നു. അവള്‍ മാത്രം വന്നില്ല. പിന്നീടങ്ങോട്ട് ഞാന്‍ ഒറ്റക്കായി. മര്‍വ കൂടെ ഉണ്ടായിട്ടും മറിയം വലിയൊരു ശൂന്യതയായി.
ഞാന്‍ പിന്നെ അങ്ങോട്ടേക്ക് പോവാതായി. അവളില്ലാത്ത ബഞ്ചില്‍ ഇരിപ്പായി. റോഡില്‍ ചളി തെറിപ്പിക്കാതെ നടക്കാന്‍ ഞാന്‍ പഠിച്ചു. സ്‌കൂള്‍ വെക്കേഷന് അവളുടെ ഉമ്മവീട്ടില്‍ പോവുമ്പോള്‍ ഞാന്‍ ഒറ്റക്കാവാറുണ്ട്. ഒരുദിവസം അവള്‍ വരുമെന്ന് ഞാനന്ന് കരുതി. അവളുടെ വീട്ടില്‍ നിന്നും ഹലുവയും ബിസ്‌ക്കറ്റും മറ്റ് പലഹാരങ്ങളും മദ്രസയില്‍ കൊണ്ടുവന്നു. എല്ലായ്‌പ്പോളും മരിച്ച വീട്ടില്‍നിന്ന് മദ്രസയില്‍ കൊണ്ടുവന്നിരുന്ന പലഹാരങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചാണ് കഴിക്കാറ്. അന്ന് അവളില്ലാതെ അവളുടെ പേരില്‍ കിട്ടിയ പലഹാരങ്ങള്‍ എന്റെ കയ്യിലിരുന്നു.
ദിവസങ്ങള്‍ കടന്നുപോയി. ഒരു ദിവസം മര്‍വ എന്നോട് പറഞ്ഞു,
" മദ്രസവിട്ടാല്‍ പള്ളിയുടെ അവിടെ പോവാം. ഒരു കാര്യം കാണിക്കാം " എന്ന്. ഞങ്ങള്‍ ഒരുമിച്ച് അങ്ങോട്ട് പോയി. പള്ളിയുടെ വടക്ക് ഭാഗത്ത് പള്ളിക്കാട്ടില്‍ പുതിയൊരു മണ്‍കൂന. അതിന് താഴെ എന്റെ മറിയം. മീസാന്‍ കല്ലില്‍ അവളുടെ പേര്. അന്നോളം ഒതുക്കി വെച്ച മുഴുവന്‍ ശബ്ദത്തില്‍ ഉറക്കെ വിളിക്കാന്‍ തോന്നി. അവളില്ലാതെ ഞാന്‍ തനിച്ചാണെന്ന് പറയാന്‍ തോന്നി. ഞങ്ങളുടെ കാലടി ശബ്ദം കേട്ട് ഉസ്താദ് അങ്ങോട്ട് വന്നു. അങ്ങോട്ട് കയറാന്‍ പാടില്ലെന്നും കുട്ട്യോള്‍ തീരെയും കയറരുതെന്നും പെണ്‍കുട്ടികള്‍ ഈ ഭാഗത്തോട്ട് ഇനി വരരുതെന്നും വിലക്കി. അപ്പൊ ഞാന്‍ ഉസ്താദിനോട് ചോദിച്ചു: " അങ്ങനെ ആണേ മറിയം എന്താ അവിടെ കെടക്കണേ. അവളോടും വരാന്‍ പറയുവോ " എന്ന്.
ചൂരലിന് മുന്‍പില്‍ വിറപ്പിച്ചു നിര്‍ത്തുന്ന ഉസ്താദിനെ അന്നാദ്യമായി കണ്ണു നിറഞ്ഞു ഞാന്‍ കണ്ടു. എന്റെ പുറത്ത് തട്ടി വേഗം വീട്ടില്‍ പോവാന്‍ പറഞ്ഞു. അവളെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ഞാന്‍ നടന്നു.
വര്‍ഷങ്ങള്‍ ഇപ്പോള്‍ പലത് കഴിഞ്ഞു. അവള്‍ ഇന്നും ഉണ്ടായിരുന്നെങ്കില്‍ ഇന്നോളമുള്ള കൂട്ടുകാരെ പോലെ ഇടക്ക് കാണുമ്പോള്‍ ഒരുചിരിയില്‍ ഒതുങ്ങി, അല്ലായെങ്കില്‍ ഈ കാലത്തിന്റെ അടുപ്പമായ സ്റ്റാറ്റസ് വ്യൂവേഴ്‌സില്‍ മാത്രം ഒതുങ്ങിപ്പോയേനെ ആ ബന്ധവും. അതിലപ്പുറം ഒന്നും ഇന്നാണെങ്കില്‍ പ്രതീക്ഷിക്കുന്നില്ല. ബാല്യത്തിന്റെ നിഷ്‌കളങ്കതയില്‍ എന്നെ വിട്ട് പോയതിനാലാവണം ഇന്നും തീരാ നഷ്ട്ടമായി അവള്‍ എന്നില്‍ കുടിയേറുന്നത്.
' മിസ്സ് യൂ' എന്ന വാക്ക് ആദ്യമായി പറയുന്നത് ഓര്‍മയില്‍ അവള്‍ വന്നപ്പോളാണ്. ഇടയ്ക്ക് ഒരുവട്ടം വയ്യാതെ കിടന്നിരുന്ന അവളുടെ വെല്ലിപ്പയെ കാണാന്‍ ഞാന്‍ പോയിരുന്നു. കാലം അവര്‍ക്കും എനിക്കും ആ വീടിനും മാറ്റങ്ങള്‍ തന്നു. പലതും മായ്ച്ചു കളഞ്ഞു. എന്നിട്ടും അവളെ കാത്ത് ഞാനിരിക്കാറുള്ള മാവിന്റെ വേരിന് ഉണക്കം തട്ടിയിട്ടില്ല. അന്നും ഞാനവിടെ കുറച്ചു നേരം ഇരുന്നു. '' ഇപ്പൊ വരാടീന്ന് '' പറഞ്ഞൊരു ശബ്ദം കേട്ടപോലെ എനിക്ക് തോന്നി.