കടലിലെ കൊട്ടാരം; ഐക്യവും ശാന്തതയും പരത്തുന്ന കോസ്റ്റ സെറീന

അഞ്ചാം നിലയില്‍ തന്നെയായിരുന്നു ഡിസ്‌കോ ഫ്‌ളോറും. ചുവപ്പ് കറുപ്പ് സ്വര്‍ണ്ണ നിറങ്ങളില്‍ തിളങ്ങുന്ന കെട്ടിടം. ചുണ്ടിന്റെ ആകൃതിയിലുള്ള മേശയും ഇരിപ്പിടങ്ങും. നടുക്ക് വലിയൊരു ഡാന്‍സിങ് ഫ്‌ളോര്‍. അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. | കോസ്റ്റ സെറീന: അറബിക്കടലിലെ ഇറ്റാലിയന്‍ സുന്ദരി- ലക്ഷദ്വീപ് യാത്രാവിവരണത്തിന്റെ അവസാന ഭാഗം.

Update: 2024-05-17 02:12 GMT
Advertising

The clouds were building up now for the trade wind and he looked ahead and saw a flight of wild ducks etching themselves against the sky over the water, then blurring, then etching again and he knew no man was ever alone on the sea.'

~The Old man And The Sea -Ernest Hemingway

തലേ ദിവസത്തെ ലക്ഷദ്വീപിലേക്കുള്ള ബോട്ട് യാത്ര കോസ്റ്റ സെറീനയോടുള്ള സ്‌നേഹത്തെ അധികരിപ്പിച്ചിരുന്നു. ആടിയുലയുന്ന കടലിനെ ശാന്തമായി നേരിടുന്ന ഒരു പോരാളിയായി അവള്‍ ഞങ്ങളുടെ മനസ്സില്‍ തിളങ്ങി നിന്നു. അല്ലെങ്കിലും മനസ്സിനെ വരുതിയിലാക്കിയവരോട് മലയാളികള്‍ക്ക് ഒരു പ്രത്യേക സ്‌നേഹമാണല്ലോ.

പിറ്റേ ദിവസം, കപ്പല്‍ ബോംബെയിലെത്തിച്ചേരുന്നതോട് കൂടി കോസ്റ്റ സെറീനയോട് വിട പറയേണ്ടി വരുമെന്നറിയാവുന്നത് കൊണ്ട് വിഭവസമൃദ്ധമായ പ്രാതല്‍ കഴിഞ്ഞപ്പോള്‍ കപ്പല്‍ ചുറ്റി നടന്നു കാണുക എന്നതായി ഞങ്ങളുടെ ലക്ഷ്യം. ലക്ഷദ്വീപിലെ ഉച്ച വെയില്‍ കൊണ്ടതിനാലാകണം മോള്‍ക്ക് നന്നായി പനിച്ചിരുന്നു. രാത്രി ഡെക്ക് ചെയറിലിരുന്നു കടല്‍ക്കാറ്റ് കൊണ്ട് അവളുറങ്ങിപ്പോയതിന് ശേഷമാണ് പനി തുടങ്ങിയത്. പാരസിറ്റമോള്‍ കഴിച്ചപ്പോള്‍ അല്‍പസമയത്തിനകം പനി പമ്പ കടന്നെങ്കിലും രാത്രി ഏറെ വൈകാതെ ഉറങ്ങാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ആഡംബര കപ്പലുകളില്‍ രാത്രി ജീവിതം ഗംഭീരമായി ആഘോഷിക്കപ്പെടുന്നു. എഴുതിത്തയ്യാറാക്കിയ കാര്യപരിപാടികളുടെ പട്ടിക രാവിലെത്തന്നെ റൂം ബോയ് ഓരോ റൂമിന്റെയും പുറത്തുള്ള സ്ലോട്ടില്‍ നിക്ഷേപിക്കുന്നു. അല്ലെങ്കില്‍ കോസ്റ്റ ആപ്പുകള്‍ വഴി ഇക്കാര്യങ്ങള്‍ അറിയാനാകുന്നു. അത് നോക്കി നമുക്കിഷ്ടപ്പെട്ട പരിപാടികള്‍ കണ്ടെത്തി അനുബന്ധമായ വേദികളിലെത്തിച്ചേരാം. സൂപ്പര്‍സ്റ്റാര്‍സ് ഓഫ് ഇന്ത്യന്‍ സിനിമ എന്ന പരിപാടി കാണാന്‍ ആദ്യ ദിനം ഞങ്ങള്‍ തീയറ്ററിലെത്തിയ കാര്യം പറഞ്ഞില്ലല്ലോ. ഷെഡ്യൂളില്‍ പറഞ്ഞിരുന്നത് പോലെ ഒന്‍പത് മണിക്കെത്താം എന്നുദ്ദേശിച്ചു തന്നെയാണ് ഞങ്ങള്‍ റൂമില്‍ നിന്നിറങ്ങിയത്. എന്നാല്‍, തീയറ്ററന്വേഷിച്ചു കണ്ടു പിടിച്ചപ്പോഴേക്കും ഒന്‍പതര കഴിഞ്ഞിരുന്നു. കുറച്ചാളുകള്‍ തീയറ്ററിലിരിക്കുന്നുണ്ടായിരുന്നു. സൗണ്ട് സിസ്റ്റം കൈകാര്യം ചെയ്യുന്ന ഒരു പയ്യനോടന്വേഷിച്ചപ്പോഴാണ് മനസ്സിലായത് പരിപാടി കഴിഞ്ഞുവെന്ന്. മുന്‍പു പറഞ്ഞിരുന്നത് പോലെ ഓരോ പരിപാടിയും നടത്താന്‍ വ്യത്യസ്ത വിങ്ങുകളുണ്ടായത് കൊണ്ട് അവര്‍ കൃത്യനിഷ്ഠ പാലിക്കുന്നു.

വിഭവസമൃദ്ധമായ ബ്രേക്ക് ഫാസ്റ്റിന് ശേഷം ഞങ്ങള്‍ കപ്പല്‍ പര്യടനത്തിനായി പുറപ്പെട്ടു. കപ്പലിനെക്കുറിച്ച് സമഗ്രമായി മനസ്സിലാക്കാനുള്ള ശ്രമത്തിനിടയില്‍ ആദ്യത്തെ ദിവസം മനസ്സിലുടക്കിയ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തി. ഓഡ് നമ്പറുകളെല്ലാം ഒരുമിച്ചു ഒരു വശത്തും ആ നമ്പറുകള്‍ക്കിടയിലെ ഈവെന്‍ നമ്പറുകളെല്ലാം അതിന്റെ എതിര്‍ വശത്തുമായാണ് ക്രമീകരിച്ചിരിക്കുന്നത്. കപ്പല്‍ നിര്‍മാണ തൊഴിലാളികള്‍ക്കോ കപ്പിത്താനോ പറ്റിയ ഒരു അബദ്ധമായിരിക്കാമിതെന്നു കരുതിയെങ്കില്‍ തെറ്റി. എല്ലാം മനഃപൂര്‍വ്വമാണ്. കപ്പലിനെ കൂടുതലറിയുന്നവര്‍ക്ക് മുമ്പില്‍ മാത്രം വെളിപ്പെടുന്ന ഒരു രഹസ്യം. സുരക്ഷയാണ് മുഖ്യം. കപ്പല്‍ പെട്ടന്ന് അപകടത്തില്‍ പെട്ടാല്‍ വെപ്രാളപ്പെട്ടു ഓടിനടക്കാതെ എന്ത് ചെയ്യണം എന്നറിയുകയെന്നത് സുപ്രധാനമായ ഒരു കാര്യമാണ് എന്നു ഓറിയെന്റേഷന്റെ സമയത്ത് നമ്മള്‍ മനസ്സിലാക്കിയല്ലോ. കപ്പലിന്റെ അമരത്തിന്റെ വലതു ഭാഗത്തെ സ്റ്റാര്‍സൈഡ് എന്നും ഇടതു ഭാഗത്തെ പോര്‍ട്ട്‌സൈഡ് എന്നും വിളിക്കുന്നു. സ്റ്റാര്‍സൈഡിലുള്ള റൂമുകള്‍ക്ക് ഈവെന്‍ നമ്പറുകളും പോര്‍ട്ട് സൈഡിലുള്ള റൂമുകള്‍ക്ക് ഓഡ് നമ്പറുകളുമായിരിക്കും. അതുകൊണ്ടു അത്യാവശ്യ ഘട്ടങ്ങളില്‍ റൂം നമ്പര്‍ നോക്കി നമുക്ക് എമര്‍ജെന്‍സി എക്‌സിറ്റുകളും സുരക്ഷാ റൂമുകളും കണ്ടെത്താനാകും. എല്ലാ കപ്പലുകളും ഈ നിര്‍ദേശങ്ങള്‍ പാലിക്കാറില്ല എന്നുള്ളതിനാല്‍ നമ്മുടെ കപ്പലിനെ അറിയുക എന്നതാണ് ആദ്യത്തെ കടമ്പ. 


കോസ്റ്റ സെറീനയിലെ തീയേറ്റര്‍

രാത്രി ഭക്ഷണം കഴിഞ്ഞു റൂമിലേക്ക് തിരിച്ചു പോകാനൊരുങ്ങുമ്പോഴാണ് റെസ്റ്റോറന്റിന്റെ മുന്നിലെ ബോര്‍ഡില്‍ മിഡ്‌നൈറ്റ് സ്‌നാക്‌സ് അറ്റ് 12 എന്നെഴുതി വെച്ചിരിക്കുന്നത് കണ്ടത്. രാത്രി ആരാണാവോ ഇതെല്ലാം കഴിക്കാന്‍ ഉണര്‍ന്നിരിക്കുന്നതെന്നതിശയിച്ചു ലിഫ്റ്റിനടുത്തേക്ക് നടന്നതും എവിടെ നിന്നോ ഒരു സംഗീതമൊഴുകി വന്നു.

''ആവോ നാ ആവോ നാ

ആവോ നാ ആവോ നാ..''

മാളുകളിലെപ്പോലെ മുകളിലുള്ള നിലയിലുള്ളവര്‍ക്കും കാണാവുന്ന രീതിയിലാണ് എല്ലാ സ്റ്റേജുകളും സജ്ജീകരിച്ചിരിക്കുന്നത്. മികച്ച ലൈറ്റിങ്ങും തെന്നി നീങ്ങുന്ന പാറ്റേണ്‍ ലൈറ്റുകളും ഉളള വേദിയുടെ പശ്ചാത്തലം ചുറ്റും ചില്ലിട്ട സുവര്‍ണ്ണ ലിഫ്റ്റുകളാണ്. കീ ബോര്‍ഡിന്റെ അകമ്പടിയോട് കൂടി ഗായകന്റെ മൈക്കിലൂടെ നിര്‍ഗളിക്കുന്ന ഗസലുകളും ബോളീവുഡ് ഗാനങ്ങളും. ചുറ്റുമിട്ട സോഫാസീറ്റുകളിലിരുന്നു അവയ്ക്കനുസരിച്ച് അറിയാതെ താളം പിടിച്ചു പോകുന്ന കേള്‍വിക്കാര്‍. രാത്രിയെ പകലാക്കുന്ന മഹാത്ഭുതം. കപ്പലിന്റെ വിവിധ വേദികളില്‍ വ്യത്യസ്തമായ പരിപാടികളുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഇത് ഉറങ്ങാനുള്ള സമായമാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് കാബിനിലേക്ക് നടന്നു. രാത്രി മുഴുവന്‍ എഴുന്നേറ്റിരിക്കുന്ന ഈ യാത്രക്കാര്‍ എപ്പോഴായിരിക്കും ഉറങ്ങുന്നതെന്ന ശങ്ക മാത്രം അവശേഷിച്ചു.

നാട്ടില്‍ നിന്നും പുറപ്പെട്ടിട്ട് അന്നേക്ക് രണ്ടു ദിവസം കഴിഞ്ഞിരുന്നു. ഫോണിന്റെ സിഗ്‌നലോ മെസ്സേജ് അലേര്‍ട്ടുകളോ ഇല്ലാത്ത രണ്ടു ദിവസങ്ങള്‍. ന്യൂസ് പേപ്പറോ വാട്‌സാപ് അപ്‌ഡേറ്റുകളോ ഇല്ലാത്ത രണ്ടു ദിവസങ്ങള്‍. ഈ ലോകത്തില്‍ നിന്നു തന്നെ വിട്ടു നിന്ന രണ്ടു ദിവസങ്ങള്‍. ഇത് മറ്റൊരു ലോകമാണെന്നു തോന്നിപ്പോയി. അല്ലലും അലട്ടലുമല്ലാത്ത ഒരു ലോകം. പ്രശ്‌നങ്ങളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുന്ന ഒരു ലോകം. 


തീയേറ്ററിലെ പ്രോഗ്രാം

രാവിലെ പ്രാതല്‍ കഴിഞ്ഞു കപ്പലിലെ കാഴ്ചകളെല്ലാം ഒപ്പിയെടുക്കാനുള്ള തയ്യാറെടുപ്പായി. എവിടെ നിന്ന് തുടങ്ങണമെന്ന് അല്‍പനേരം ശങ്കിച്ചു നിന്നു. അപ്പോഴാണ് ഫുട്‌ബോള്‍ ഗോള്‍ പോസ്റ്റിലേക്ക് കിക്ക് ചെയ്യുന്ന ഒരു മത്സരം കണ്ടത്. ഗെയിം പാതി പിന്നിട്ടിരുന്നു. എങ്കിലും വെറുതെ ഒന്നു ഭാഗ്യം പരീക്ഷിച്ചു നോക്കി.

അതിനു ശേഷം, ആ വേദിയില്‍ ഒരു ഡാന്‍സ് ടൂറ്റോറിയലുണ്ടായിരുന്നു. ച ച ച്ചാ ഡാന്‍സ്. മകള്‍ തീരെ കുഞ്ഞായിരുന്നപ്പോള്‍ അവളുടെ ഒരു കാര്‍ട്ടൂണില്‍ ഈ ഡാന്‍സ് കണ്ടതോര്‍ക്കുന്നു. പക്ഷേ, അന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല ഈ പേരില്‍ ശരിക്കുമൊരു ഡാന്‍സ് ഫോമുണ്ടെന്ന്. കാലുകള്‍ ച ച ച്ചാ എന്ന താളത്തിനൊപ്പം ചലിപ്പിച്ചു മുന്നിലേക്കും പിന്നിലേക്കും വശങ്ങളിലേക്കും ക്രമത്തില്‍ നീങ്ങുന്ന ഒരു നൃത്തരൂപം. അത് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പ്ലേ ഏരിയയില്‍ പോയി നോക്കി. സ്‌നൂക്കറും ടേബിള്‍ ഫുട്‌ബോളും മറ്റും കളിക്കുന്ന യാത്രികര്‍. ട്രെഷര്‍ ഹണ്ടില്‍ പങ്കെടുക്കുന്ന ഒരു കൂട്ടം കൗമാര പ്രായക്കാര്‍ വെപ്രാളപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. കയ്യിലുള്ള ലിസ്റ്റിലെ സാധനങ്ങളോ ലിസ്റ്റില്‍ വിവരിച്ചിരിക്കുന്നത് പോലെ വസ്ത്രം ധരിച്ചിരിക്കുന്ന ആളുകളേയോ കണ്ടു പിടിച്ചു ഫോട്ടോ എടുക്കുകയാണവരെന്ന് കുറച്ചു നേരം നോക്കി നിന്നപ്പോള്‍ മനസ്സിലായി.

ലിഫ്റ്റിന്റെ ഭാഗത്തെത്തിയപ്പോള്‍ അവിടെ കുറച്ചു കുട്ടികള്‍ ഒരുമിച്ച് കളിക്കുന്നത് കണ്ടു. മോള്‍ക്കും അവരുടെ കൂടെ കളിക്കണം. ചെറിയ കളികളും ഗ്രൂപ്പ് ആക്റ്റിവിറ്റികളുമൊക്കെയായി കുട്ടികളവിടെ സന്തോഷമായിരിക്കുന്നു. അന്വേഷിച്ചു നോക്കിയപ്പോള്‍ ഒരു ഡേ കെയര്‍ സംവിധാനമാണെന്ന് മനസ്സിലായി. കുട്ടികളെ അവിടെ ഏല്‍പ്പിച്ചു രക്ഷിതാക്കള്‍ക്ക് യഥേഷ്ടം കറങ്ങാം. അവിടെ നിന്നു ഒരറിവു കിട്ടിയത് പക്ഷേ എനിക്കാണ്. ഒരുപാട് നാളായി അന്വേഷിച്ചു നടക്കുകയായിരുന്ന ചോദ്യത്തിനൊരുത്തരം. കുട്ടിയുടേയും രക്ഷിതാവിന്റേയും കോസ്റ്റാ സെറീന കാര്‍ഡാണ് അവിടെ കാണിക്കേണ്ട ഡോക്യുമെന്റ്‌സ്. പിന്നെ, ഒരു ഫോം പൂരിപ്പിച്ചു കൊടുക്കണം. അതില്‍, ഫുഡ് അലര്‍ജി എന്നൊരു കോളമുണ്ടായിരുന്നു. അതില്‍ ഞാന്‍ അലെര്‍ജിക് ടു മൈദ എന്നെഴുതി. മകളെ അവിടെ എല്‍പ്പിക്കുന്നത് അവളെ ഒറ്റക്കാക്കുന്നത് പോലെയല്ലേ എന്നെല്ലാം ചിന്തിച്ചെങ്കിലും അവര്‍ സസന്തോഷം കുട്ടികളുടെ കൂടെ കളിക്കുന്നത് ചില്ല് മതിലിലൂടെ ഞാന്‍ കണ്ടു. എങ്കിലും ഞങ്ങള്‍ ദൂരെക്കൊന്നും പോയില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഫോമെല്ലാം പൂരിപ്പിച്ചു വാങ്ങിയ സ്ത്രീ എന്നോടു മൈദ എന്നാല്‍ എന്താണെന്നന്വേഷിച്ചു. 

''ആള്‍ പര്‍പാസ് ഫ്‌ളോര്‍,'' ഞാന്‍ പറഞ്ഞു. എന്നിട്ടും അവര്‍ ഒന്നും മനസ്സിലാത്തത് പോലെ നിന്നു. അവര്‍ ഇറ്റാലിയാനാണത്രേ. അവരുടെ അറിവില്‍ അങ്ങനെ ഒരു സാധനമില്ല. ''എന്താണെന്നു അറിയാനുള്ള ക്യൂരിയോസിറ്റിയാണ്,'' അവര്‍ വിശദീകരിച്ചു. മകള്‍ അകത്തു ഹൂല ഹൂപ്പും കാര്‍ഡുകളും കൊണ്ടൊരു ഗ്രൂപ് ഗെയിം കളിച്ചുകൊണ്ടിരിക്കുകയാണ്. മൈദ ഹെല്‍ത്തിയല്ലെന്ന് ഇന്ത്യക്കാര്‍ ഘോരഘോരം വിശദീകരിക്കുമ്പോള്‍ എന്റെ മനസ്സിലുദിച്ച സംശയമായിരുന്നു പാശ്ചാത്യരുടെ ഭക്ഷണരീതിയെക്കുറിച്ച്. ലോകത്തെ വികസിത രാജ്യങ്ങള്‍ എന്തുകൊണ്ട് മൈദ കൊണ്ടുള്ള ബ്രെഡ് മാത്രം കഴിക്കുന്നുവെന്ന ചോദ്യം.

''ഈ ബ്രെഡ്, പിസ പോലുള്ള ഭക്ഷണപദാര്‍ഥങ്ങളുണ്ടാക്കുന്ന പൊടിയില്ലേ?''

എന്നിട്ടും അവര്‍ക്ക് മനസ്സിലായ മട്ടില്ല.

''ഞങ്ങള്‍ പിസ ഉണ്ടാക്കുന്നത് പിസ ഡോ കൊണ്ടാണ്. ബ്രെഡ് ഉണ്ടാക്കുന്ന പൊടിയും വേറെയാണ്. എല്ലാത്തിന്റെയും ഇന്‍ഗ്രീഡിയന്‍സ് വേറെയാണ്,'' അവര്‍ പറഞ്ഞു.

അല്ലാതെ, നമ്മളെപ്പോലെ ഈ ഒരു ഗുണവുമില്ലാത്ത കുടലിലൊട്ടിപ്പിടിക്കുന്ന പൊടി കൊണ്ടല്ല അവര്‍ ഇക്കണ്ട സാധനങ്ങളെല്ലാമുണ്ടാക്കുന്നത്. ഞാന്‍ നമ്മുടെ മൈദയെപ്പറ്റി അവരെ പറഞ്ഞു മനസ്സിലാക്കി. അവര്‍ക്കും സന്തോഷം. എനിക്കും സന്തോഷം. കുറച്ചു കഴിഞ്ഞപ്പോള്‍ മോള്‍ ആക്റ്റിവിറ്റി കഴിഞ്ഞു പുറത്തു വന്നു. ഞങ്ങളവരോട് യാത്ര പറഞ്ഞു മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ടു. 


കപ്പലിനെക്കുറിച്ച് ഒരു ഏകദേശ ധാരണയുണ്ടാവുകയെന്നത് അത്യാവശ്യമായിരുന്നു. അതിനായി ഞാനും ഇത്തയും കൂടി മൂന്നാം നിലയിലുള്ള റിസെപ്ഷന്‍ അന്വേഷിച്ചു പോയി. അവിടെ, സംശയങ്ങളുടെ കടലുകളുമായി ആളുകള്‍ വന്നും പോയുമിരുന്നു. അവരോടു തങ്ങള്‍ എഴുത്തുകാരാണെന്നും കോസ്റ്റ സെറീനയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനാഗ്രഹമുണ്ടെന്നും പറഞ്ഞു.

''ആദ്യമായാണ് ഇങ്ങനെയൊരാവശ്യവുമായി യാത്രക്കാര്‍ ഞങ്ങളെ സമീപിക്കുന്നത്,'' അവര്‍ ആശ്ചര്യം മറച്ചു വെച്ചില്ല. അവര്‍ തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു തന്നു. കപ്പല്‍ പണിത വര്‍ഷവും മറ്റും. ക്രൂ മെംബേര്‍സിന് മാത്രം സന്ദര്‍ശിക്കാവുന്ന ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ നോക്കിയാണ് അവര്‍ വിവരങ്ങള്‍ പറഞ്ഞു തന്നത്. കൂടുതലറിയണമെങ്കില്‍ അഞ്ചാം നിലയിലെ വലിയ സ്‌ക്രീനില്‍ നോക്കിയാല്‍ മതിയെന്നും പറഞ്ഞു. ആ സ്‌ക്രീനന്വേഷിച്ചു നടക്കെ ഒരു അത്ഭുത കാഴ്ച ഞങ്ങളെ പിടിച്ചു വലിച്ചു. മൂന്നാം നിലയിലെ ഡെക്കില്‍ നിന്നു നോക്കുമ്പോള്‍ കാണുന്ന പച്ചയും വെള്ളയും നീലയും കലര്‍ന്ന കടല്‍ വെള്ളം. അതിലൂടെ ഓളങ്ങളുണ്ടാക്കിക്കടന്നു പോകുന്ന കൂറ്റന്‍ കപ്പല്‍.

കടലിന്റെ ഒരു ഭാഗമായി, തിരയായി, ചുഴിയായി, ചലനമായി, ആഴമായി. ആര്‍ത്തട്ടഹസിക്കുന്ന കടലിന്റെ മുകളിലൂടെ തെളിഞ്ഞ സൂര്യപ്രകാശത്തില്‍ ഒരു ശലഭമായി പറന്നുയര്‍ന്നു, ഒടുവില്‍ ക്ഷീണിതയാകുമ്പോള്‍ ശാന്തമായ കടലിന്റെ മാറില്‍ വീണു മയങ്ങി.

(കടല്‍-ടി. പത്മനാഭന്‍)

ആ മനോഹാരിത അവിവരണീയമായത് കൊണ്ട് തന്നെ ഞാനും ഇത്തയും മക്കളേയും ഉമ്മയെയും പപ്പയെയും നിര്‍ബന്ധിച്ച് ഇവിടെ കൊണ്ട് വന്നു തിരകളുടെ സംഗീതം കേള്‍പ്പിച്ചു. അന്നുച്ച ഭക്ഷണത്തിന് കൊഞ്ചുണ്ടായിരുന്നു. ആദ്യമായാണ് അത്രയും വലിയ കൊഞ്ച് കഴിക്കുന്നത്. അത് കഴിഞ്ഞു ഞങ്ങള്‍ പോയത് കപ്പലിലെ ലൈബ്രറി അന്വേഷിച്ചാണ്. കപ്പലിലെ ഓരോ നിലയിലും കൊടുത്തിരിക്കുന്ന മാപ്പ് നോക്കി അതാത് നിലകളിലുള്ള സൗകര്യങ്ങളേതെല്ലാമാണെന്ന് കണ്ടുപിടിക്കാന്‍ പഠിച്ചിരുന്നു. അതുകൊണ്ട്, ലൈബ്രറി അഞ്ചാം നിലയിലാണെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. കപ്പലിന്റെ ഒരു നിലയോളം നീണ്ടു കിടക്കുന്ന വലിയ ഒരു ലൈബ്രറിയും മനസ്സില്‍ക്കണ്ട് പോയ ഞങ്ങള്‍ക്കു പക്ഷേ തെറ്റി. ചാപ്പലിന്റെ അടുത്തുള്ള കോറിഡോറില്‍ അഞ്ചാറ് ഷെല്‍ഫുകള്‍. അവയില്‍ വൃത്തിയായി അടുക്കി വെച്ചിരിക്കുന്ന ഇംഗ്ലീഷ് പുസ്തകങ്ങള്‍. ബാലസാഹിത്യത്തിന് വേറൊരു ഷെല്‍ഫുണ്ട്. അവിടെ ഇരുന്നു വായിക്കണമെങ്കില്‍ അരികില്‍ സോഫകളുണ്ട്. രജിസ്റ്ററിലെഴുതിയ ശേഷം കാബിനിലേക്ക് കൊണ്ട് പോവുകയുമാകാം. ലൈബ്രറി ടൈം വൈകുന്നേരം നാല് മുതല്‍ ആറ് വരെയാണ്. അതിനാല്‍, ഇറങ്ങുന്നതിന് മുന്‍പു പുസ്തകം ഭദ്രമായി റിസെപ്ഷനിലേല്‍പ്പിക്കണം. കുട്ടികള്‍ രണ്ടു പേരും പുസ്തകങ്ങള്‍ കണ്ടതോട് കൂടി വായനയില്‍ മുഴുകി. ഒന്നു രണ്ടു പുസ്തകങ്ങളുടെ ആദ്യത്തെ പേജുകള്‍ ഞാനും വായിച്ചു. ആറ് മണിയായപ്പോള്‍ വളരെ ഫ്രണ്ട്‌ലിയായ ലൈബ്രേറിയന്‍ പുസ്തകങ്ങള്‍ വേണമെങ്കില്‍ കയ്യില്‍ വെച്ചു കൊള്ളാനും റിസെപ്ഷനില്‍ തിരിച്ചേല്‍പ്പിച്ചാല്‍ മതിയെന്ന് പറയുകയും ചെയ്തു. പുസ്തകമെങ്ങാനും നഷ്ടപ്പെട്ടാലോ എന്ന ശങ്ക ഞങ്ങളെ അതിനനുവദിച്ചില്ല. ലൈബ്രേറിയനോട് യാത്ര പറഞ്ഞിറങ്ങുമ്പോളാണ് ഒരു കാര്യം ശ്രദ്ധിച്ചത്. കപ്പലിലെ ക്രൂ വളരെ സൗഹാര്‍ദപൂര്‍വമാണ് എല്ലാവരോടും പെരുമാറുന്നത്. എന്തൊരു സമാധാനം. ശാന്തത. ലോകത്തുള്ളവരെല്ലാം ഇങ്ങനെയായിരുന്നെങ്കില്‍.

അഞ്ചാം നിലയില്‍ തന്നെയായിരുന്നു ഡിസ്‌കോ ഫ്‌ളോറും. ചുവപ്പ് കറുപ്പ് സ്വര്‍ണ്ണ നിറങ്ങളില്‍ തിളങ്ങുന്ന കെട്ടിടം. ചുണ്ടിന്റെ ആകൃതിയിലുള്ള മേശയും ഇരിപ്പിടങ്ങും. നടുക്ക് വലിയൊരു ഡാന്‍സിങ് ഫ്‌ളോര്‍. അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. എന്നാല്‍, ഉച്ചത്തില്‍ പാട്ടുകള്‍ കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ അവിടെ മതിവരുവോളം നൃത്തം ചെയ്തു. ഫോട്ടോകളെടുത്തു. റൂമിലേക്കുള്ള മടക്കത്തില്‍ ഡെക്കിലൂടെ നടന്നു. കടല്‍ക്കാറ്റ് കൊണ്ടു. കാറ്റിനോടും കടലിനോടും സംസാരിച്ചു. തിരിച്ചു റൂമിലേക്ക് നടക്കുമ്പോള്‍ മനോഹരമായി അലങ്കരിച്ച കാസിനോകള്‍ കണ്ടു. ടേബിളുകളുടെ ചുറ്റും ഒന്നു രണ്ടു പേരിരുന്നു തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്നുണ്ടായിരുന്നു. സിശിനോയിലെ ജോലിക്കാരില്‍ ചിലര്‍ അവിടുത്തെ ഓഫറുകളും മറ്റും പറഞ്ഞു യാത്രക്കാരെ വലയിലാക്കാന്‍ ശ്രമിക്കുന്നു. ഞങ്ങള്‍ക്ക് ഇതുവരെ കാണാത്ത കാഴ്ചകളായിരുന്നു അതെല്ലാം. തന്നെയുയല്ല, ഒരിക്കലും കേറാനിടയില്ലാത്തിടങ്ങളിലേക്കുള്ള ഫ്രീ പാസും. തൊട്ടടുത്ത് ഒരു ഇറ്റാലിയന്‍ ഐസ് ക്രീം ഷോപ്പുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഐസ് ക്രീമുകളിലൊന്ന്. അവ കൂടുതല്‍ ക്രീമി ആണത്രേ. ഹെല്‍ത്തിയും. കണ്‍കുളിര്‍പ്പിക്കുന്ന വര്‍ണ്ണങ്ങളില്‍ അവ ഞങ്ങളെ കൊതിപ്പിച്ചു. 


കോസ്റ്റ സെറീനയിലെ സംഗീത നിശ

അല്‍പം നടന്നാല്‍ കോസ്റ്റ സെറീനയുടെ കൊച്ചു മോഡലുണ്ടാക്കി വെച്ചിരിക്കുന്ന കോറിഡോറിലെത്തും. അതിനു മുന്‍പില്‍ നിന്നു ഫോട്ടോ എടുക്കാന്‍ ആളുകള്‍ വരി നിന്നു.

മൂന്നാം ദിവസം രാത്രി എന്തായാലും ഒന്‍പത് മണിക്ക് മുന്‍പു തന്നെ ഞങ്ങള്‍ സര്‍ക്കസ് കാണാനായി തീയറ്ററിലെത്തി. അതിനോടകം തന്നെ തീയറ്ററിന്റെ മൂന്ന് നിലകളിലേയും ഇരിപ്പിടങ്ങളില്‍ ഒട്ടുമിക്കതും നിറഞ്ഞു കഴിഞ്ഞിരുന്നു. കൊച്ചിയില്‍ നിന്നു കയറിയ ഒരുപാട് മലയാളി ഗ്രൂപ്പുകള്‍ കപ്പലിലുണ്ടായിരുന്നു.

'ഈ കപ്പലിലാകെ 17 മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്,'' ഒരു മലയാളി തന്റെ കണ്ടെത്തലുകള്‍ തന്റെ സഹയാത്രികരോട് പങ്കുവെക്കുന്നത് കേട്ടു. അവസാന ദിനമായത് കൊണ്ടാവാം എല്ലാവരും പരിപാടി കാണാനായി എത്തിയിരിക്കുന്നതെന്നെനിക്ക് തോന്നി. തിരകള്‍ പോലെ അലയടിക്കുന്ന കറുത്ത കര്‍ട്ടണ്‍ പതിയെ ഉയര്‍ന്നു. 'എക്ലിസ്സി ഡി അമോറെ' എന്നായിരുന്നു ആ കലാരൂപത്തിന് അവര്‍ പേരിട്ടിരുന്നത്. മികച്ച അക്രോബാറ്റുകളുടെ ഒരു പ്രണയകഥ. മ്യൂസിക് തുടങ്ങിയതോടെ വിധക്ത പരിശീലനം ലഭിച്ച ജിംനിസ്റ്റുകള്‍ വേദിയില്‍ മാറ്റുരച്ചു തുടങ്ങി. എല്ലാവരും കണ്ണെടുക്കാതെ അവരുടെ കഴിവില്‍ സ്ഥബ്ധരായിരുന്നു. പലപ്പോഴും ഉറക്കെ കയ്യടിച്ചു. മറ്റ് ചിലപ്പോള്‍ വിസിലടിച്ചു. ഇതിന് മുന്‍പു സിംഗപ്പൂരിലെ സോങ്‌സ് ഓഫ് സീ എന്ന പ്രോഗ്രാമിലാണ് ഇത്രയ്ക്ക് ലയിച്ചിരുന്നതെന്ന് ഞാനോര്‍ത്തു. ആ പ്രണയവും എല്ലാ കാല്‍പനികതകളേയും പോലെ മനോഹരമായി പര്യവസാനിച്ചു. പരിപാടിയ്ക്ക് ശേഷം എല്ലാവരും മനം നിറഞ്ഞു പുറത്തിറങ്ങി. കപ്പലാകെ ജനനിബിടം. ഇത്രയുമാളുകള്‍ ഇതുവരെ എവിടെ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് തോന്നിപ്പോയി. സംഗീതത്തിനും നൃത്തത്തിനുമിടയ്ക്ക് അടുത്ത ദിവസം പാലിക്കേണ്ട നിര്‍ദേശങ്ങളെക്കുറിച്ചുള്ള അറിയിപ്പ് വന്നു. ഓരോരുത്തര്‍ക്കും അവരുടെ മസ്റ്റര്‍ സ്റ്റേഷനുകളനുസരിച്ച് വിവിധ നിറത്തിലുള്ള ടാഗുകളാണ് ബാഗേജുകളില്‍ ഒട്ടിക്കേണ്ടത്. അവ കൃത്യമായി ഒട്ടിച്ച ശേഷം ബാഗേജുകളെല്ലാം തന്നെ രാത്രി റൂമിന്റെ പുറത്തെടുത്തു വെക്കണമത്രേ. രാത്രി തന്നെ അവ ലഗേജിലേക്ക് പോകും. രാവിലെ കപ്പല്‍ ബോംബെ പോര്‍ട്ടിലെത്തും. പരിപാടികള്‍ കാണാനോടി നടക്കുന്ന കുറേ പേര്‍. നിര്‍ദേശങ്ങളെക്കുറിച്ചുള്ള സംശയങ്ങളുമായി നടക്കുന്ന മറ്റൊരു കൂട്ടം ആളുകള്‍. ഞങ്ങളുടെ ഒരു സ്യൂട്‌കേസിന് ടാഗ് കിട്ടിയിട്ടില്ലായിരുന്നു. അത് ചോദിക്കാനായി ഞാന്‍ റിസെപ്ഷനിലെത്തി. അവിടെയും തിരക്ക് തന്നെ. ടാഗുമായി തിരിച്ചെത്തി സ്യൂട്‌കേസുകളെല്ലാം ഒരുക്കി വെച്ചു.

രാവിലെ പ്രാതലിന് ശേഷം നീണ്ട കാത്തിരിപ്പ്. മസാലച്ചായയും സാലഡുകളും റാഞ്ച് ഡ്രസസിങും നല്ല മധുരമുള്ള മെലണും മറ്റനേകം ഭക്ഷണപദാര്‍ഥങ്ങളും മനസ്സില്‍ത്തങ്ങി നിന്നു. തീയറ്ററില്‍ അനൗണ്‍സ്‌മെന്റിനായുള്ള നീണ്ട കാത്തിരിപ്പ്. കാഴ്ചകളെല്ലാം ഒപ്പിയെടുക്കാനായി ചുറ്റും കണ്ണോടിച്ചു. കപ്പലിറങ്ങുമ്പോഴും മതിവരാതെ അതിനെ തിരിഞ്ഞു നോക്കി. പിന്നീടെപ്പോഴെങ്കിലും കാണാമെന്ന പാഴ്‌വാക്കോടെ കോസ്റ്റ സെറീനയോട് യാത്ര പറഞ്ഞു. അവള്‍ അപരിചിത്വത്തോടെ ഞങ്ങളെ നോക്കി. അപ്പോഴുമെനിക്കറിയില്ലായിരുന്നു പിന്നീട് കോസ്റ്റ സെറീനയെക്കുറിച്ചു പഠിക്കുമ്പോള്‍ എന്റെ ദുഃസ്വപ്നത്തിലെ ചിത്രം മുന്നില്‍ തെളിയുമെന്ന്. കോസ്റ്റ കണ്‍കോര്‍ഡിയ എന്ന കപ്പല്‍ 2012 ജനുവരി പതിമൂന്നാം തീയതി മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിത്താഴ്ന്ന വാര്‍ത്തയിലേക്ക് വിക്കിപ്പീഡിയ എന്നെ പിടിച്ചു വലിക്കുന്നത് വരെ.

I must go to the sea again, to the lonely

Sea and the sky,

And all I ask is a tall ship and a star to steer

Her by;

And the wheel's kick and the wind's song and

The white sail is shaking,

And a grey mist on the sea's face, and a grey

Dawn breaking.

(Sea-Fever, John Masefield)

Costa Serena -The name Costa Serena was intended to symbolize harmony and serenity.

കോസ്റ്റ സെറീന: അറബിക്കടലിലെ ഇറ്റാലിയന്‍ സുന്ദരി - ലക്ഷദ്വീപ് യാത്രാവിവരണം ഒന്ന്, രണ്ട് ഭാഗം വായിക്കാം.




Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. മുഹ്‌സിന. കെ. ഇസ്മായില്‍

Writer

Similar News