ട്രൂറോ പട്ടണക്കാഴ്ചകള്‍

വടക്കുഭാഗത്ത് ഉത്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകുന്ന സാല്‍മണ്‍ നദി കടലില്‍ പതിക്കുന്നതിനു മുന്‍പ് ട്രൂറോയില്‍ കൂടി ഒഴുകി ഫണ്ടി ഉള്‍ക്കടലില്‍ (Bay of Fundi) പതിക്കുന്നു. ഇവിടെ ഒരു ദിവസം രണ്ട് പ്രാവശ്യം 'ടൈഡല്‍ ബോര്‍' എന്നറിയപ്പെടുന്ന അതിശയകരമായ ഒരു പ്രതിഭാസം സംഭവിക്കുന്നു. | കാനമേരിക്കന്‍ യാത്രകള്‍; അമേരിക്കന്‍ വന്‍കരയിലെ ചെറുനഗരക്കാഴ്ചകള്‍ - യാത്രാ വിവരണം. ഭാഗം: 02

Update: 2024-01-01 15:09 GMT
Advertising

നഡയുടെ അറ്റ്‌ലാന്റിക്ക് പ്രവിശ്യകളില്‍ ഒന്നായ നോവസ്‌കോഷ്യയുടെ ഏകദേശം മധ്യഭാഗത്തായാണ് ട്രൂറോ എന്ന പട്ടണം സ്ഥിതി ചെയ്യുന്നത്. ഞങ്ങളുടെ ഒരു കുടുംബ സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചാണ് അവിടെ എത്തിയത്.

സാല്‍മണ്‍ നദിയുടെ കരയിലുള്ള വളരെ വൃത്തിയും ഭംഗിയുമുള്ള ഈ ചെറുപട്ടണത്തിലെ ജനസംഖ്യ 13,000 മാത്രമാണ്. 1761 മുതല്‍ ഇവിടെ ജനവാസം ഉള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വടക്കന്‍ അമേരിക്കയിലെ ആദിമ വര്‍ഗക്കാരായ 'മിക്ക്മാക്' ഗ്രോത്രക്കാരായിരുന്നു ഇവിടെ ആദ്യകാലത്ത് ജീവിച്ചിരുന്നത്. പില്‍ക്കാലത്ത് ഫ്രഞ്ച് പാരമ്പര്യവേരുകളുള്ള അക്കേഡിയന്‍ന്മാര്‍ ഇവിടെ താമസമാക്കിയെങ്കിലും പിന്നീട് അവര്‍ പുറത്താക്കപ്പെട്ടു. സ്‌കോട്ട്‌ലന്റില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് ആദ്യം ഇവിടെ താമസമുറപ്പിച്ചത്. ഇംഗ്ലണ്ടിലെ കോണ്‍വാലിലെ ട്രൂറോ പട്ടണത്തെ ഓര്‍ത്തുകൊണ്ടാണ് ഇവര്‍ ഈ പ്രദേശത്തിന് ആ പേര് നല്‍കിയത്.

വളരെ കാലമായി ഈ പട്ടണത്തില്‍ ഉണ്ടായിരുന്ന എല്‍മ് (Elm) എന്ന പേരുള്ള വൃക്ഷങ്ങള്‍ക്ക് ഒരു പ്രത്യേകതരം രോഗം പിടിപെട്ടു. ഇത് കൂടുതല്‍ പടരാതിരിക്കാനായി അവയെ മുറിച്ചു കളയണമെന്ന് തീരുമാനിക്കപ്പെട്ടു. പക്ഷേ, അങ്ങനെ ചെയ്യുന്നതിന് പകരം ഓരോ മരങ്ങളും നില്‍ക്കുന്ന സ്ഥലത്ത് വെച്ച് തന്നെ അവയെ പലതരം ശില്‍പങ്ങള്‍ ആക്കി രൂപാന്തരപ്പെടുത്തി എടുത്തു. ശില്‍പം നില്‍ക്കുന്ന സ്ഥലത്തിനനുസരിച്ച് അതിന്റെ രൂപവും മാറ്റി.

വടക്കുഭാഗത്ത് ഉത്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകുന്ന സാല്‍മണ്‍ നദി കടലില്‍ പതിക്കുന്നതിനു മുന്‍പ് ട്രൂറോയില്‍ കൂടി ഒഴുകി ഫണ്ടി ഉള്‍ക്കടലില്‍ (Bay of Fundi) പതിക്കുന്നു. ഇവിടെ ഒരു ദിവസം രണ്ട് പ്രാവശ്യം 'ടൈഡല്‍ ബോര്‍' എന്നറിയപ്പെടുന്ന അതിശയകരമായ ഒരു പ്രതിഭാസം സംഭവിക്കുന്നു. നോക്കി നില്‍ക്കെ സാല്‍മണ്‍ നദിയിലെ വെള്ളം പൊങ്ങും; അഞ്ചുമിനിറ്റില്‍ ഏകദേശം ഒരു മീറ്റര്‍ എന്ന കണക്കിന് ഒരു മണിക്കൂര്‍ കൊണ്ട് ഏകദേശം 15 മുതല്‍ 20 മീറ്റര്‍ വരെ!. ഗുരുത്വാകര്‍ഷണത്തിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ചാണ് ഇത് സംഭവിക്കുക! ഒഴുക്കില്‍ കൂടി നദിയില്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാന്‍ വായു നിറച്ച ചങ്ങാടങ്ങള്‍ ഉണ്ട്. സാഹസികരായ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദം ആണിത്.

ഈ പട്ടണത്തിനെ വ്യത്യസ്തമാക്കുന്നത് ഇവിടത്തെ രോഗാതുരമായിരുന്ന മരങ്ങള്‍ കടഞ്ഞെടുത്തുണ്ടാക്കിയ പ്രതിമകളാണ്. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവം ആണിത്. വളരെ കാലമായി ഈ പട്ടണത്തില്‍ ഉണ്ടായിരുന്ന എല്‍മ് (Elm) എന്ന പേരുള്ള വൃക്ഷങ്ങള്‍ക്ക് ഒരു പ്രത്യേകതരം രോഗം പിടിപെട്ടു. ഇത് കൂടുതല്‍ പടരാതിരിക്കാനായി അവയെ മുറിച്ചു കളയണമെന്ന് തീരുമാനിക്കപ്പെട്ടു. പക്ഷേ, അങ്ങനെ ചെയ്യുന്നതിന് പകരം ഓരോ മരങ്ങളും നില്‍ക്കുന്ന സ്ഥലത്ത് വെച്ച് തന്നെ അവയെ പലതരം ശില്‍പങ്ങള്‍ ആക്കി രൂപാന്തരപ്പെടുത്തി എടുത്തു. ശില്‍പം നില്‍ക്കുന്ന സ്ഥലത്തിനനുസരിച്ച് അതിന്റെ രൂപവും മാറ്റി. സ്‌കൂള്‍ വളപ്പില്‍ അധ്യാപകന്റെയോ വിദ്യാര്‍ഥിയുടെയോ രൂപം, ആശുപത്രിയുടെ മുന്നില്‍ ഡോക്ടറുടെ അല്ലെങ്കില്‍ നെഴ്‌സിന്റെ, മൈനിംഗ് കമ്പനിക്ക് മുന്നില്‍ ഖനി തൊഴിലാളിയുടെ, പള്ളിയുടെ മുന്‍പില്‍ പാതിരിയുടെ അങ്ങനെ അങ്ങനെ .... അറുപത്തിനാലോളം ശില്‍പങ്ങള്‍ ഈ വിധത്തില്‍ നിര്‍മിക്കപ്പെട്ടു. ഇവ ഉണ്ടാക്കാന്‍ സമൂഹത്തിന്റെ പലനിലയില്‍ ഉള്ളവര്‍ പലതരത്തില്‍ സഹകരിച്ചു. ശ്രമദാനം മുതല്‍ ഇതിനു വേണ്ടി വരുന്ന ഉപകരണങ്ങള്‍, പെയിന്റ്, പോളിഷ്, ക്രെയിന്‍, ഉറപ്പിക്കാനുള്ള സിമന്റ് ഇങ്ങനെ എല്ലാം ദാനമായി ലഭിച്ചു. സമൂഹത്തിന്റെ കൂട്ടായി ശ്രമദാനം എങ്ങനെ വിജയകരമാക്കാം എന്നതിന് ഒരു ഉത്തമ ഉദാഹരണം ആയിരുന്നു ഈ സംരംഭം. ഈ സ്ഥലം കാണാന്‍ വരുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നാണിത്. 


കാനഡയെ കൂട്ടിയിണക്കുന്ന പല പ്രധാന റെയില്‍വേ ലൈനുകളുടെയും ഒരു ജംഗ്ഷനാണ് ട്രൂറോ. ഇവിടെയുള്ള സാധാരണക്കാരുടെ ഉപജീവനമാര്‍ഗം കൃഷിയും മത്സ്യബന്ധനവും ടൂറിസവുമാണ്. ബെര്‍ലിന്‍ മതില്‍ പൊളിച്ചപ്പോള്‍ അതില്‍ നിന്നുള്ള കഷണങ്ങള്‍ ഇവിടെ കൊണ്ടുവന്നത് ട്രൂറോയുടെ ഒരു ഭാഗത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അത് ലോകജനതയുടെ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ പ്രതീകം പോലെ അവിടെ നിലകൊള്ളുന്നു.

നഗരത്തിന്റെ തെക്കന്‍ അതിര്‍ത്തിയിലാണ് വിക്ടോറിയ പാര്‍ക്ക്. 400 ഏക്കറോളം വരുന്ന സംരക്ഷിത വനഭൂമിയാണ് ഇത്. ഇതിന്റെ ഉള്ളിലേക്ക് പോയാല്‍ രണ്ടു വെള്ളച്ചാട്ടങ്ങള്‍ കാണാം. സന്ദര്‍ശകര്‍ക്കായി ഉണ്ടാക്കിയ നടപ്പാതകള്‍ ഒഴിച്ചാല്‍ ഈ കാട് ഒരു മാറ്റവും കൂടാതെ സൂക്ഷിച്ചിരിയ്ക്കുന്നു. അടിമത്തത്തില്‍ നിന്ന് രക്ഷതേടി അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്ന് ധാരാളം കുറുത്തവര്‍ഗക്കാര്‍ ഇവിടെ എത്തിയ ചരിത്രമുണ്ട്. വളരെ പ്രശസ്തരും പ്രഗല്‍ഭരുമായ പലരും ട്രൂറോ നിവാസികള്‍ ആയിരുന്നു. 


കാനഡയിലെ ഏക കാര്‍ഷിക സര്‍വ്വകലാശാല ഇവിടെയാണ്. അതുപോലെ ഈ ഭാഗത്തെ ആദ്യത്തെ മുസ്‌ലിം പള്ളിയും ഖബര്‍സ്ഥാനും ഇവിടെയാണ്. 1944 മുതല്‍ ഖബര്‍സ്ഥാന്‍ ഇവിടെയുണ്ടെങ്കിലും പള്ളി 1971 മുതലാണ് പ്രവര്‍ത്തനക്ഷമമായത്. മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. 



 



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. സലീമ ഹമീദ്

Writer

Similar News