ഞാന്‍ സഞ്ചരിച്ച വഴികളത്രയും നിഷ ടീച്ചര്‍ തന്ന കോണ്‍ഫിഡന്‍സില്‍
ടീച്ചര്‍ തന്ന ഊര്‍ജവും എന്നോട് കാണിച്ച കരുണയും, എനിക്ക് തന്ന പ്രതീക്ഷയും എത്ര വലുതായിരുന്നു. | ഒക്‌ടോബര്‍ 05: ലോക അധ്യാപക ദിനം
ജീവിതത്തില്‍ എന്നെ ഏറ്റവും സ്വാധീനീച്ച അധ്യാപികയാണ് നിഷ ടീച്ചര്‍. മലപ്പുറം കോട്ടപ്പടി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്നെ ഒന്‍പതിലും പത്തിലും പഠിപ്പിച്ച ടീച്ചറാണ് നിഷ ടീച്ചര്‍. അക്കാലത്ത് ഞാന്‍ പഠിക്കാന്‍ മോശമായ ഒരു കുട്ടിയായിരുന്നു. ആകെ എനിക്കിഷ്ടപ്പെട്ട വിഷയങ്ങള്‍ സോഷ്യല്‍ സയന്‍സും, മലയാളവും മാത്രമായിരുന്നു. ഈ രണ്ട് വിഷയത്തിലും എനിക്ക് അന്‍പതില്‍ നാല്‍പത്തിയഞ്ചിന് മുകളില്‍ മാര്‍ക്ക് ഉണ്ടാവും. ബാക്കി എല്ലാ വിഷയത്തിലും മാര്‍ക്ക് കുറവായിരിക്കും.പഠനത്തോട് എനിക്ക് വല്യ മമതയൊന്നും ഉണ്ടായിരുന്നില്ല. ഞാനൊരു മടിച്ചിയായിരുന്നെന്ന് വേണമെങ്കില്‍ പറയാം.
പെണ്ണുങ്ങള്‍ മാത്രം ഉള്ള സ്‌കൂളില്‍ പഠിക്കാന്‍ ഇഷ്ടമില്ലാത്ത ഒരാളായത് കൊണ്ടായിരിക്കണം പഠനത്തിലും പഠനേതര കാര്യങ്ങളിലൊന്നും ഉത്സാഹമില്ലാത്ത ആളായിരുന്നു ഞാന്‍. ആകെ ഉള്ള നേരംപോക്ക് എന്തെന്നാല്‍, എന്റെ അടുത്ത സുഹൃത്ത് ദിവസവും ഓരോ സിനിമാക്കഥ പറയും. അത് കേട്ടിരിക്കുക എന്നതായിരുന്നു പ്രധാന ഹോബി. എനിക്ക് അറിയുന്ന കഥ ഞാനും പറഞ്ഞ് കൊടുക്കും. ആയിടക്കാണ് ഞാന്‍ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ 'മതിലുകള്‍' വായിക്കുന്നത്. വായിച്ചതിന് ശേഷം ഞങ്ങളുടെ ക്ലാസിനടുത്തെ ബില്‍ഡിംഗിന് പിറകുവശത്തുള്ള മതിലിനപ്പുറത്ത് ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളിന്റെ അടുത്ത് ചെന്നുനില്‍ക്കും. കൂടെ ഒരു കൂട്ടുകാരിയുണ്ട്. ഞാന്‍ മതിലുകളിലെ കഥ അവള്‍ക്ക് പറഞ്ഞ് കൊടുക്കും. ഞങ്ങള്‍ രണ്ടുപേരും മതിലിനടുത്ത് ചെന്ന് ബഷീറിനെ പോലെ ചുമരകളില്‍ ഹോളുകളുണ്ടോന്ന് പരിശോധിച്ചു. ഒറ്റ ഹോള്‍ പോലും കണ്ടില്ല. ഇടക്ക് ഞങ്ങള്‍ ചുള്ളിക്കമ്പിന് പകരം പേപ്പറു കൊണ്ടുള്ള പന്ത് ഉണ്ടാക്കി മതിലിനു അപ്പുറത്തേക്കെറിയും. ആരും തിരിച്ച് പ്രതികരിച്ചില്ല എന്നത് ഞങ്ങളെ വിഷമിപ്പിച്ചു. മതിലിനടുത്ത് കൂടെ പോകുമ്പോള്‍ ഞാന്‍ വെറുതെ അങ്ങോട്ട് നോക്കും. ബഷീറിനെ കാത്തിരുന്ന നാരായണിയെ പോലെ എന്നെ കാത്തിരിക്കുന്ന വല്ലവരും ഉണ്ടെങ്കിലോ എന്ന് വെറുതെ ആഗ്രഹിച്ചു. ആരും ഉണ്ടായില്ല എന്നതാണ് സത്യം.
എല്ലാം കേട്ട് ടീച്ചര്‍ ചുമലില്‍ തട്ടിയിട്ട് പറഞ്ഞു, നമ്മളീ പ്രശ്‌നങ്ങളെല്ലാം മറി കടക്കും. മോള്‍ടെ ആഗ്രഹം പോലെ നമുക്കൊരു ടീച്ചറാവണം' (ഇടക്കെപ്പോഴോ എനിക്ക് ടീച്ചറാവണമെന്ന് ഞാന്‍ ടീച്ചറോട് ക്ലാസെടുക്കുന്നതിനിടയില്‍ പറഞ്ഞിരുന്നത് ഞാന്‍ ഓര്‍ത്തു) ടീച്ചര്‍ അത് ഓര്‍ത്ത് വച്ചത് ആലോചിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
ആയിടക്കാണ് ഞങ്ങളുടെ ഇംഗ്ലീഷ് സാറിന് പകരം നിഷ ടീച്ചര്‍ ക്ലാസ് ടീച്ചറായിട്ട് വന്നത്. ടീച്ചറുടെ ഫസ്റ്റ് ക്ലാസ് തന്നെ ഞങ്ങളെ അത്ഭുതപ്പെടുത്തി. ടീച്ചറ് ക്ലാസെടുക്കമ്പോള്‍ വാ പൊളിച്ചിരിക്കും ഞങ്ങള്‍. അത്രയും രസമാണ് ടീച്ചര്‍ സംസാരിക്കുന്നത് കേട്ടാല്‍. റസ്‌കിന്‍ ബോണ്ടിന്റെ 'ദ ചെറി ട്രീ' എന്ന കഥ ടീച്ചര്‍ എടുക്കുന്ന സമയത്ത് പല ഭാഗങ്ങളും അഭിനയിച്ച് കാണിച്ചു തരുമായിരുന്നു. അതില്‍ ചെറി പഴം വായിലിട്ട് കഴിക്കുന്നത് ടീച്ചര്‍ അഭിനയിച്ചു കാണിച്ചത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. ടീച്ചര്‍ മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു. കുട്ടികളോട് ഇടപെടുമ്പോള്‍ വളരെയധികം സ്‌നേഹത്തോടെ ആയിരുന്നു ടീച്ചറുടെ ഇടപെടല്‍. അങ്ങനെ ടീച്ചറുടെ ക്ലാസ് കാരണം മലയാളവും സാമൂഹ്യശാസ്ത്രവും പോലെ ഇംഗ്ലീഷും എനിക്കിഷ്ടപ്പെട്ട വിഷയമായി മാറി. പില്‍ക്കാലത്ത് ഇംഗ്ലീഷ് പ്രധാന വിഷയമായി എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ടീച്ചറുടെ ക്ലാസുകള്‍ ആയിരുന്നു.
ആയിടക്കാണ് ഒരു ദിവസം നിഷ ടീച്ചര്‍ എന്നെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചത്. എന്തിനായിരിക്കും ടീച്ചര്‍ വിളിപ്പിച്ചെതെന്ന് ആലോചിച്ച് എനിക്ക് പേടി വന്നു. ഞാന്‍ സ്റ്റാഫ് റൂമില്‍ ചെന്നു. എന്നെ കണ്ടതും ടീച്ചെറെന്നോട് സ്‌നേഹത്തോടെ ഇരിക്കാന്‍ പറഞ്ഞു. ടീച്ചറുടെ ചിരി കണ്ടപ്പോള്‍ തന്നെ പാതി ഭയം ഒഴിഞ്ഞു. എന്തിനാ വിളിപ്പിച്ചെതെന്ന മട്ടില്‍ ഞാന്‍ ടീച്ചറെ നോക്കി. കാര്യം ഇതായിരുന്നു. പല വിഷയങ്ങളിലും ഞാന്‍ പിന്നോട്ടാണ്. എന്താണ് കാരണമെന്ന് ചോദിച്ചു. ടീച്ചര്‍ എന്തെങ്കിലും വിഷമമുണ്ടെങ്കില്‍ പറയാനും പറഞ്ഞു. ടീച്ചറുടെ സ്‌നേഹം നിറഞ്ഞ മുഖത്തേക്ക് നോക്കിയപ്പോള്‍ എന്റെ പേടി പമ്പ കടന്നു. ഞാന്‍ വളരെ ലാഘവത്തോടെ ടീച്ചറോട് പ്രശ്‌നങ്ങള്‍ പറഞ്ഞു. പ്രധാനമായിട്ടും ശ്രദ്ധ ആയിരുന്നു എന്റെ പ്രശ്‌നം. എല്ലാം കേട്ട് ടീച്ചര്‍ ചുമലില്‍ തട്ടിയിട്ട് പറഞ്ഞു, നമ്മളീ പ്രശ്‌നങ്ങളെല്ലാം മറി കടക്കും. മോള്‍ടെ ആഗ്രഹം പോലെ നമുക്കൊരു ടീച്ചറാവണം' (ഇടക്കെപ്പോഴോ എനിക്ക് ടീച്ചറാവണമെന്ന് ഞാന്‍ ടീച്ചറോട് ക്ലാസെടുക്കുന്നതിനിടയില്‍ പറഞ്ഞിരുന്നത് ഞാന്‍ ഓര്‍ത്തു) ടീച്ചര്‍ അത് ഓര്‍ത്ത് വച്ചത് ആലോചിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. അത് ടീച്ചറെ കാണിക്കണ്ട എന്ന് കരുതി ഞാന്‍ അവിടുന്ന് വേഗം പോന്നു. ടീച്ചറുടെ വാക്കുകള്‍ എനിക്ക് ശക്തി തന്നു. ഞാന്‍ പഠിക്കാന്‍ തീരുമാനിച്ചു.
ടീച്ചറുടെ ഓരോ ക്ലാസുകളും, സ്‌നേഹം നിറഞ്ഞ ചിരിയും പരിഗണനയും, ഞാനുണ്ടെന്ന തലോടലും അങ്ങനെ എല്ലാം ജീവിതത്തിന്റെ ഓര്‍മകളുടെ മഴവില്‍ കൂട്ടില്‍ എറ്റവും സന്തോഷത്തോടെ സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഒരു അധ്യാപകന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം കുട്ടികളെ അവരവരായി ഇരിക്കാന്‍ അനുവദിക്കുക എന്നതും ഏറ്റവും അടുത്ത ആളെന്ന പോലെ സ്‌നേഹിക്കുകയും ആണെന്ന് പഠിപ്പിച്ച നിഷ ടീച്ചറെ ഞാനിന്നും ഏറ്റവും സ്‌നേഹത്തോടെ ഓര്‍ക്കുന്നു.
പിറ്റേദിവസം മുതല്‍ ടീച്ചറെന്നെ വല്ലാതെ ശ്രദ്ധിക്കുന്നെന്ന് എനിക്ക് മനസ്സിലായി. ഇടക്ക് സ്റ്റാഫ് റൂമില്‍ വിളിപ്പിച്ചു കണക്ക് പഠിക്കുന്നതിന്, ക്ലാസില്‍ കണക്ക് പരീക്ഷക്ക് അന്‍പതില്‍ അന്‍പത് വാങ്ങിച്ച കുട്ടിയെ എന്നെ പഠിപ്പിക്കാനുള്ള ചുമതല ഏല്‍പിച്ചു. ടീച്ചര്‍ എല്ലാ പരീക്ഷ പേപ്പറും നോക്കി ഞാന്‍ ഇംപ്രൂവ് ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു. ഇടക്ക് ഉമ്മയെ വിളിപ്പിച്ച് എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞ് കൊടുത്തു. അര്‍ധ വാര്‍ഷിക പരീക്ഷക്ക് കെമിസ്ട്രിയില്‍ ജയിച്ച മൂന്ന് കുട്ടികളില്‍ ഒരാളായതിന് ടീച്ചറെന്നെ എല്ലാവരുടെയും മുന്നില്‍ വച്ച് അഭിനന്ദിച്ചു. എന്റെ കോണ്‍ഫിഡന്റ് ലെവല്‍ ഉയര്‍ന്നു. അങ്ങനെ പൊതുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികളില്‍ ഒരാളായി ഞാനും.
ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ ഞാന്‍ സഞ്ചരിച്ച വഴികളത്രയും ടീച്ചര്‍ തന്ന കോണ്‍ഫിഡന്‍സില്‍ നിന്നായിരുന്നു. ഞാന്‍ വലിയ നിലയിലെത്തുമെന്ന് ടീച്ചര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, മൂന്ന് പാവശ്യം മൂന്നു കോഴ്‌സുകള്‍ ഡ്രോപ്പ് ചെയ്ത് എവിടെയും എത്താത്ത എന്നെ ടീച്ചര്‍ കാണുന്നത് എനിക്ക് ആലോചിക്കാന്‍ കഴിയാത്തത് കൊണ്ട് തന്നെ ടീച്ചറെ കാണാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നെല്ലാം ഒളിച്ചു നടന്നു. വേറെ ആരും എന്നെ കുറിച്ച് അഭിമാനിച്ചില്ലെങ്കിലും ടീച്ചര്‍ എന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കണമെന്ന് ഞാന്‍ തീവ്രമായി ആഗഹിച്ചിരുന്നു. പിന്നീട്, പരാജയം, ജയം എന്നീ അവസ്ഥയില്ലെന്നും എല്ലാം ജീവിതാവസ്ഥകളാണെന്ന് തോന്നിത്തുടങ്ങിത് മുതല്‍ ഞാന്‍ ടീച്ചറെ കാണാന്‍ ആഗ്രഹിച്ചു. ഓരോ നിമിഷവും ടീച്ചര്‍ തന്ന ഊര്‍ജവും എന്നോട് കാണിച്ച കരുണയും, എനിക്ക് തന്ന പ്രതീക്ഷയും എത്ര വലുതായിരുന്നെന്ന് തോന്നുന്നു.
സ്‌കൂളിന് ശേഷം പിന്നീട് ഞാന്‍ ടീച്ചറെ കണ്ടിട്ടില്ല. ഇപ്പോള്‍ എന്റെ അടുത്തേക്ക് വരുന്ന ഓരോ കുട്ടിയിലും ആ പഴയ ഞാനുണ്ടെന്ന് ഞാന്‍ സങ്കല്‍പിക്കും. എന്നോട് അന്ന് ടീച്ചറ് കാണിച്ച അതേ കരുണ എനിക്കും അവരോട് തോന്നും. ടീച്ചറുടെ ഓരോ ക്ലാസുകളും, സ്‌നേഹം നിറഞ്ഞ ചിരിയും പരിഗണനയും, ഞാനുണ്ടെന്ന തലോടലും അങ്ങനെ എല്ലാം ജീവിതത്തിന്റെ ഓര്‍മകളുടെ മഴവില്‍ കൂട്ടില്‍ എറ്റവും സന്തോഷത്തോടെ സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഒരു അധ്യാപകന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം കുട്ടികളെ അവരവരായി ഇരിക്കാന്‍ അനുവദിക്കുക എന്നതും ഏറ്റവും അടുത്ത ആളെന്ന പോലെ സ്‌നേഹിക്കുകയും ആണെന്ന് പഠിപ്പിച്ച നിഷ ടീച്ചറെ ഞാനിന്നും ഏറ്റവും സ്‌നേഹത്തോടെ ഓര്‍ക്കുന്നു.