എആർ റഹ്‌മാന്റെ മകൾ ഖദീജയ്ക്ക് രാജ്യാന്തര സംഗീത പുരസ്‌കാരം
റഹ്‌മാൻ തന്നെയാണ് പുരസ്‌കാരനേട്ടം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ചെന്നൈ: വിഖ്യാത സംഗീത സംവിധായകൻ എആർ റഹ്‌മാന്റെ മകൾ ഖദീജയ്ക്ക് രാജ്യാന്തര സംഗീത പുരസ്‌കാരം. ഇന്റർനാഷണൽ സൗണ്ട് ഫ്യൂച്ചർ അവാർഡിലെ മികച്ച ആനിമേഷൻ മ്യൂസിക് വീഡിയോ പുരസ്‌കാരമാണ് ഇവർ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഫരിഷ്‌തോൻ എന്ന സംഗീത വീഡിയോക്കാണ് പുരസ്‌കാരം.
എആർ റഹ്‌മാൻ തന്നെയാണ് പുരസ്‌കാരനേട്ടം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. റഹ്‌മാനാണ് ആൽബത്തിന്റെ സംഗീത സംവിധാനം. ഫരിഷ്‌തോൻ, ഹോ ഷാഹെ മദീനാ, മേരാ സലാമെ ദിൽ കഹ്നാ.. എന്ന ഗാനം ഖദീജ തന്നെയാണ് പാടിയിട്ടുള്ളത്. മുന്ന ഷൗകത് അലിയുടേതാണ് വരികൾ.
നേരത്തെ അന്താരാഷ്ട്ര ഷോർട്ട് ഫിലിം മത്സരത്തിൽ മറ്റൊരു പുരസ്‌കാരവും ഫരിഷ്‌തോൻ സ്വന്തമാക്കിയിരുന്നു. ലോസ് ആഞ്ചൽസ് ഫിലിം അവാർഡിൽ പ്രത്യേക പരാമർശവും നേടി. ഖദീജയുടെ സംഗീത യാത്രയിലെ സുപ്രധാന സംരംഭമായാണ് ഫരിഷ്‌തോൻ അറിയപ്പെടുന്നത്.
പൊതു ചടങ്ങുകളിൽ ബുർഖ ധരിച്ചു പ്രത്യക്ഷപ്പെടാറുള്ള ഖദീജയ്‌ക്കെതിരെ നേരത്തെ എഴുത്തുകാരി തസ്‌ലീമ നസ്‌റിൻ രംഗത്തെത്തിയിരുന്നു. എആർ റഹ്‌മാന്റെ മകളെ ബുർഖ ധരിച്ച നിലയിൽ കാണുമ്പോൾ ശ്വാസം മുട്ടുന്നു എന്നാണ് ഇവർ പറഞ്ഞിരുന്നത്. എന്നാൽ മകളെ പിന്തുണച്ച് റഹ്‌മാൻ രംഗത്തെത്തിയിരുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നായിരുന്നു റഹ്‌മാന്റെ മറുപടി.