ഹിന്ദുസ്ഥാനിയിൽ ആദ്യമായി 'അസ്മാഉൽ ഹുസ്ന:' ശ്രദ്ധനേടി അഫ്സലിന്റെ ആലാപനം
അല്ലാഹുവിന്റെ 99 നാമങ്ങളെ ഹിന്ദുസ്ഥാനി രീതിയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ഗാനമാണിതെന്ന് നിർമാതാക്കൾ
പിന്നണി ഗായകൻ അഫ്സൽ ആലപിച്ച 'അസ്മാഉൽ ഹുസ്ന' ഗാനം ശ്രദ്ധേയമാകുന്നു. 99 നാമങ്ങൾ ഹിന്ദുസ്ഥാനി രീതിയിൽ ചിട്ടപ്പെടുത്തി അറബിക് കാലിഗ്രഫി സഹിതമാണ് ദൃശ്യവൽക്കരിച്ചാണ് 'അൽ വദൂദ്' ആൽബം തയാറാക്കിയിരിക്കുന്നത്. ലോകമെങ്ങുമുള്ള ഇസ്ലാംമത വിശ്വാസികൾ ഭക്ത്യാദരപൂർവം ഉരുവിടുന്ന അസ്മാഉൽ ഹുസ്‌ന ഹിന്ദുസ്ഥാനി രീതിയിൽ ആദ്യമായാണ് ഒരുക്കുന്നതെന്ന് ആൽബത്തിന്റെ നിർമാതാക്കൾ അവകാശപ്പെടുന്നു.
ഏകദൈവത്തെ അഭിസംബോധന ചെയ്യുന്ന 99 പേരുകളുടെ സമാഹാരത്തെയാണ് 'അസ്മാ ഉൽ ഹുസ്ന' എന്ന് വിശേഷിപ്പിക്കാറുള്ളത്. ലോകത്തുള്ള എല്ലാ ദേശക്കാരും ഭാഷക്കാരും പല രീതിയിൽ ഇത് പാരായണം ചെയ്യാറുണ്ട്. ഹിന്ദുസ്ഥാനി രീതിയിൽ ആദ്യമായിട്ടാണ് ഗാനം ചിട്ടപ്പെടുത്തുന്നത് എന്ന പ്രത്യേകതയുമുണ്ട് ഈ ഗാനത്തിന്. മലയാളത്തിന്റെ പ്രിയഗായകൻ അഫ്സലും നഫ്‌ല സാജിതും ചേർന്ന് ആലപിച്ച വേറിട്ട ഈ പ്രാർത്ഥന ഗാനം വലിയ പ്രേക്ഷകസ്വീകാരം നേടുകയാണ്. മനോഹരമായ കാലിഗ്രഫിലയിലാണ് 99 പേരുകൾ ഗാനത്തിന്റെ ദൃശ്യങ്ങളിൽ ഒരുക്കിയിട്ടുള്ളത്.
പ്രവാസിയായ മുസ്തഫ ഹംസ ഒരുമനയൂർ സംഗീത സംവിധാനവും ഉള്ളടക്ക സൃഷ്ടിയും നിർവഹിച്ച ഗാനം അഫ്സലിനൊപ്പം നഫ്‍ല സാജിദും ആലപിച്ചിരിക്കുന്നു. സംഗീതം ചിട്ടപ്പെടുത്തിയതും നഫ്‍ല സാജിദാണ്. സോഫിക്സ് മീഡിയയിലൂടെയാണ് സംഗീത ശില്പം റിലീസ് ചെയ്തത്. ഗ്രാഫിക്സ് എഡിറ്റിങ് യൂസഫ് ലെൻസ്മാൻ. അൻവർ അമൻ ഓർക്കസ്‌ട്രേഷൻ നിർവഹിച്ചു. മുസ്തഫ ഹംസ ഒരുമനയൂർ ആണ് നിർമാതാവ്. അൻസൂർ പി.എം, യുസഫ് ലെൻസ്മാൻ (ക്യാമറ), ഇമാം മജ്ബൂർ (സോങ് മിക്സിങ്) നസീർ ചീക്കൊന്ന് (അറബിക് കാലിഗ്രഫി) എന്നിവരാണ് പിന്നണിയിൽ പ്രവർത്തിച്ചത്.
ലോകപ്രസിദ്ധനായ ഇസ്‍ലാമിക പണ്ഡിതൻ ഗ്രാൻഡ് മുഫ്തി മെൻക്, സിനിമാതാരങ്ങളായ മമ്മുട്ടി, റഹ്മാൻ, മനോജ് കെ ജയൻ തുടങ്ങി നിരവധിപേരാണ് ഈ ആൽബത്തിന് ഇതിനകം അഭിന്ദനങ്ങൾ അറിയിച്ചത്.