നോട്ടുമഴ, കച്ചേരിയിൽ ഗായിക വാരിക്കൂട്ടിയത് നാലരക്കോടി രൂപ! വീഡിയോ
രണ്ടായിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും അടക്കമുള്ള നോട്ടുകളാണ് ഇവര്‍ക്കു മേലെ ആരാധകര്‍ ചൊരിയുന്നത്
അഹമ്മദാബാദ്: പാട്ടിൽ മതി മറന്നതോടെ ഗുജറാത്തി ഗായിക ഗീത ബെൻ റബാരിയെ നോട്ടുകൊണ്ട് പുതപ്പിച്ച് ആരാധകർ. ഗുജറാത്ത് കച്ചിലെ റാപറിൽ രാത്രി മുഴുവൻ നീണ്ടു നിന്ന സംഗീത പരിപാടിക്കിടെ നാലരക്കോടി രൂപയുടെ കറൻസിയാണ് ഇവർക്കു മേൽ പെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. നോട്ടുകൂനയ്ക്ക് മുകളിലിരുന്ന പാടുന്ന ഗീതയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ വീഡിയോ ഗായിക തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
പരിപാടിക്കെത്തിയ ജനക്കൂട്ടം വേദിയിലേക്ക് കടന്നുവന്ന് നോട്ടെറിയുന്നത് വീഡിയോയിൽ കാണാം. കച്ചി കോയൽ എന്നു കൂടി അറിയപ്പെടുന്ന ഗീത ഗുജറാത്തിൽ അങ്ങേയറ്റം ജനപ്രിയയാണ്. ഇവരുടെ സംഗീത പരിപാടികൾക്ക് വൻ ജനക്കൂട്ടമാണ് എത്താറുള്ളത്. നോട്ടെറിയുന്നതും സാധാരണയാണ്.
കച്ചിലെ തപ്പാർ ഗ്രാമത്തിൽ ജനിച്ച ഗീത റബാരി അഞ്ചാം ക്ലാസ് മുതലാണ് നാടൻപാട്ട് ആലാപനം ആരംഭിച്ചത്. ഇവരുടെ റോമാ സെർ മാ എന്ന ഗാനം അതിപ്രശസ്തമാണ്. യൂട്യൂബിലും ഇവർക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ട്.
Summary: Gujarat Folk Singer Showered With Notes Worth Rs 4.5 Crore