'ചെങ്കോലു വേണ്ട, ചങ്കുറപ്പുണ്ടേ'; പോരാട്ടക്കഥ പറഞ്ഞ് വെച്ചോ ഫൂട്ട്
'ചെകുത്താന്മാർ അന്നുമിന്നുമുണ്ട് പിറകെ, ഇക്കടലും നമ്മൾ കടക്കും കുറുകെ..'
പിറന്ന നാടിനു വേണ്ടിയുള്ള പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും കഥ പറഞ്ഞ് തിരക്കഥാകൃത്ത് റമീസ് മുഹമ്മദിന്റെ വെച്ചോ ഫൂട്ട് റാപ് മ്യൂസിക്. പറങ്കിപ്പട മലബാറിൽ കപ്പലിറങ്ങിയതും അതിനു ശേഷം വൈദേശികാധിപത്യത്തിനെതിരെ നൂറ്റാണ്ടുകൾ നീണ്ട പോരാട്ടവുമാണ് ഇതിവൃത്തം. സെപ്തംബർ മൂന്നിന് ടു ഹോൺ യൂ ട്യൂബ് ചാനലിലൂടെയാണ് ആൽബം പുറത്തിറക്കിയത്.
'കിരീടമില്ലാ സുൽത്താന്മാർ നാം, അടിമ ഉടമ ഇടങ്ങൾക്കിടമില്ല, ചെങ്കോലു വേണ്ട ചങ്കുറപ്പുണ്ടേ... ചെറുത്തുനിൽപ്പെന്റെ ചോരേലുണ്ടേ' എന്നു പറഞ്ഞാണ് റാപ് ആരംഭിക്കുന്നത്. മരക്കാന്മാരും തച്ചോളി ഒതേനനും മോയിൻകുട്ടി വൈദ്യരും പടപ്പാട്ടും തുഹ്ഫത്തുൽ മുജാഹിദീനും സാമൂതിരിയും മഖ്ദൂമും പശ്ചാത്തലത്തിൽ വന്നു പോകുന്നു.
'ചെകുത്താന്മാർ അന്നുമിന്നുമുണ്ട് പിറകെ, ഇക്കടലും നമ്മൾ കടക്കും കുറുകെ..' എന്നു പാടിയാണ് ആൽബം വെറുപ്പിന്റെ പ്രത്യയ ശാസ്ത്രങ്ങളെ കീഴടക്കുമെന്ന് പ്രഖ്യാപിക്കുന്നത്. വെള്ളക്കാരെ വിറപ്പിച്ച വാരിയംകുന്നൻ കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്‌ലിയാരുടെയും ചങ്കൂറ്റം ആ പോരാട്ടത്തിനു മുമ്പിൽ വിളക്കായി നിൽക്കുന്നുണ്ടെന്നും ആൽബം ഓർമിപ്പിക്കുന്നു.
സിക്കന്ദറാണ് ആൽബത്തിന്റെ നിർമാണം. ഹാരിസ് സലീം, ദബ്സീ, ലക്ഷ്മി മരിക്കാർ, പരിമൾ ഷായിസ് എന്നിവർ അഭിനേതാക്കളായി എത്തുന്നു. അനീസ് നാടോടി, നിസാം കാദിരി, ഫയാസ്, ദബ്സി, ഹാരിസ് സലീം, ഫാസിൽ എൻ.സി, കണ്ണൻ പട്ടേരി എന്നിവർ പിന്നണിയിലും അണിനിരക്കുന്നു.
റമീസ് മുഹമ്മദ് എഴുതിയ 'സുൽത്താൻ വാരിയംകുന്നൻ' ആയിരുന്നു ടൂ ഹോണിന്റെ ആദ്യ സംരംഭം. പുസ്തകം വൻ വിജയമായതിനു പിന്നാലെയാണ് പുതിയ പദ്ധതികളുമായി ടീം എത്തുന്നത്. സിനിമ, സംഗീതം, ഡോക്യുമെന്ററി തുടങ്ങിയ രംഗങ്ങളിലെല്ലാം ചുവടുറപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് റമീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.