'വിനയമുള്ള റോക്ക്‌സ്റ്റാർ'; ചിത്രയെ വാനോളം പുകഴ്ത്തി എ.ആർ റഹ്‌മാൻ

പുതിയ ആൽബമായ മേരി പുകാർ സുനോയുടെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു റഹ്മാന്‍

Update: 2021-07-02 13:05 GMT
Editor : abs | By : Web Desk
Advertising

മലയാളികളുടെ പ്രിയഗായിക കെഎസ് ചിത്രയെ അനുമോദനങ്ങൾ കൊണ്ടു മൂടി സംഗീത മാന്ത്രികൻ എആർ റഹ്‌മാൻ. 'വിനയമുള്ള റോക്ക്‌സ്റ്റാർ' എന്നാണ് റഹ്‌മാൻ ചിത്രയെ വിശേഷിപ്പിച്ചത്. തന്റെ പുതിയ ആൽബമായ മേരി പുകാർ സുനോയുടെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ചിത്രാ ജീ, നിങ്ങൾ അങ്ങേയറ്റം വിനയം കാണിച്ചു. എനിക്കറിയാം, നിങ്ങൾ ഒരു റോക്ക്‌സ്റ്റാറാണ്. എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടങ്ങളാണ് നിങ്ങൾ ജീവിതത്തിൽ ചെയ്തിട്ടുള്ളത്. ക്ലാസിക്കൽ, ഫോൾക്ക് തുടങ്ങി, നാലു ഭാഷകളിൽ എല്ലാ തരത്തിലുള്ള പാട്ടുകളും നിങ്ങൾ പാടിയിട്ടുണ്ട്.' - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സംഗീതജ്ഞരിൽ ഒരാളായ റഹ്‌മാന്റെ വാക്കുകൾ കൈകൂപ്പിയാണ് ചിത്ര സ്വീകരിച്ചത്.

സൂം വഴിയാണ് റഹ്‌മാനും ആൽബത്തിലെ ഗായകരും തമ്മിൽ സംവദിച്ചത്. ആദിത്യ നാരായൺ മോഡറേറ്റ് ചെയ്ത ചർച്ചയിൽ ഗായകരായ അർമാൻ മാലിക്, കെഎസ് ചിത്ര, അസീസ് കൗർ, സാധന സർഗം, സാഷ തിരുപ്പതി എന്നിവർ പങ്കെടുത്തു. ഇവരെ കൂടാതെ അൽക്ക യാഗ്നിക്കും ശ്രേയ ഘോഷാലും ആൽബത്തിൽ പാടിയിട്ടുണ്ട്.

ആൽബവുമായി ബന്ധപ്പെട്ട അനുഭവങ്ങളും ഗായകർ പങ്കുവച്ചു. സ്വന്തം സ്റ്റുഡിയോയിൽ പാട്ട് റെക്കോർഡ് ചെയ്യാൻ പറ്റിയ അനുഭവമാണ് ചിത്ര പറഞ്ഞത്. 'എനിക്ക് മറ്റൊരാളുടെ സ്റ്റുഡിയോയിൽ പോകേണ്ടി വന്നില്ല. സ്വന്തം സ്റ്റുഡിയോയിൽ വച്ചാണ് റെക്കോർഡ് ചെയ്തത്. ഞാനല്ല, മറ്റൊരാളാണ് റെക്കോർഡ് ചെയ്തത്. വലിയ ആൾക്കാർ പാടുന്നത് കൊണ്ട് എനിക്ക് ഭയമുണ്ടായിരുന്നു.' - എന്നായിരുന്നു അവരുടെ വാക്കുകൾ. ആ വേളയിൽ, അത് ഞങ്ങൾ വിശ്വസിക്കുന്നില്ല എന്ന അർമാൻ മാലികിന്റെ വാക്കുകളോട് 'സത്യമാണ്' എന്നായിരുന്നു ചിത്രയുടെ മറുപടി. 

Full View

ഗുൽസാറാണ് ആൽബത്തിലെ മനോഹരമായ വരികളെഴുതിയിട്ടുള്ളത്. സോണി മ്യൂസിക് ഇന്ത്യ നിർമിച്ച ആൽബം യൂ ട്യൂബ്, യൂട്യൂബ് മ്യൂസിക്, സ്‌പോടിഫൈ, ഗാന, ആമസോൺ മ്യൂസിക്, ആപ്പിൾ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ ജൂൺ 26നാണ് റിലീസ് ചെയ്തത്. ഇതുവരെ 15 ദശലക്ഷം പേരാണ് യൂട്യൂബിൽ മാത്രം ഗാനം കണ്ടത്. ആൽബത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ അമ്പത് ശതമാനം കോവിഡ് ദുരിതാശ്വാസത്തിനായി ചെലവഴിക്കുമെന്ന് സോണി മ്യൂസിക് ഇന്ത്യ അറിയിച്ചിട്ടുണ്ട്. 

തന്റെ കുട്ടികളെ വീണ്ടും ഒരുമിച്ചു കൂടാൻ പ്രേരിപ്പിക്കുകയും ഈ ദുരിതകാലം കടന്നുപോകുമെന്ന് അവർക്ക് ഉറപ്പുനൽകുകയും ചെയ്യുന്ന ഭൂമാതാവിനെ കുറിച്ചാണ് ഗാനം പറയുന്നത്. കോവിഡ് കാലത്ത് പ്രതീക്ഷയുടെ പ്രതീകമാണ് ഗാനമെന്ന് റഹ്‌മാൻ പറയുന്നു. മഹാമാരി അനിശ്ചിതത്വവും വേദനയും സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അത് മറികടക്കാനുള്ള ഊർജ്വസ്വലതയും മനുഷ്യനിൽ ഉണ്ടാക്കിയിട്ടുണ്ട്. ഇരുട്ടിനപ്പുറം പ്രത്യാശയുടെ വെളിച്ചമുണ്ടെന്നും റഹ്മാന്‍ കൂട്ടിച്ചേർത്തു.

Full View

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News