മിനിറ്റുകള്‍ മാത്രം ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടു; ആന്ധ്രയില്‍ 11 കോവിഡ് രോഗികള്‍ മരിച്ചു
പ്രകോപിതരായ ബന്ധുക്കള്‍ ആശുപത്രിയുടെ ഐസിയു തകര്‍ക്കുകയും ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു
ടാങ്കര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഓക്സിജന്‍ ലഭിക്കാതെ ആന്ധ്രപ്രദേശില്‍ 11 കോവിഡ് രോഗികള്‍ മരിച്ചു. തിരുപ്പതിയിലെ സര്‍ക്കാര്‍ ആശുപത്രിയായ ശ്രീ വെങ്കടേശ്വര രാംനരയ്ന്‍ റുയ ആശുപത്രിയിലെ ഐസിയുവിലാണ് മരണമുണ്ടായത്. തിങ്കളാഴ്ചയാണ് സംഭവം.
ഏതാനും മിനിറ്റുകള്‍ മാത്രമാണ് വൈകിയത് എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഓക്സിജന്‍റെ അഭാവം മൂലം മരണം നടന്നതയി ജില്ലാ കലക്ടര്‍ എം ഹരി നാരാണയും വ്യക്തമാക്കി. 11 പേര്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു. നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 1000ത്തോളം കോവിഡ് രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത്. തിരുപ്പതി, ചിറ്റൂര്‍, നെല്ലൂര്‍, കടപ്പ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ ആശുപത്രിയിലെ രോഗികളില്‍ അധികവും.
8.30 നാണ് ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടത്. അത് പുനഃസ്ഥാപിക്കാനായി മിനിറ്റുകള്‍ മാത്രമാണ് എടുത്തത്. അപ്പോഴേക്കും 11 പേര്‍ മരിച്ചു. പ്രകോപിതരായ ബന്ധുക്കള്‍ ആശുപത്രിയുടെ ഐസിയു തകര്‍ക്കുകയും ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഭയചകിതരായ നഴ്സുമാരും ഡോക്ടര്‍മാരും ഐസിയുവില്‍ തന്നെ കഴിയുകയായിരുന്നു. ഒടുവില്‍ പോലീസ് സംരക്ഷണയിലാണ് ഇവര്‍ പുറത്തിറങ്ങിയത്.