ജമ്മു കശ്മീരില്‍ 124 വയസുകാരി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയത് പ്രകാരമാണ് രെഹ്തീ ബീഗത്തിന്റെ വയസ് 124 വയസായി കണക്കാക്കുന്നത്.

Update: 2021-06-03 03:01 GMT
Advertising

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ 124 വയസുകാരിയായ മുത്തശ്ശി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ബുധനാഴ്ച കശ്മീരില്‍ 9289 പേര്‍ വാക്‌സിനെടുത്തതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കശ്മീരില്‍ ഇതുവരെ 33,58,004 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഡോര്‍ ടു ഡോര്‍ വാക്‌സിനേഷന്‍ ക്യാമ്പയിന്റെ ഭാഗമായി എത്തിയ ഉദ്യോഗസ്ഥരാണ് 124 കാരിയായ രഹ്തീ ബീഗത്തിന് വാക്‌സിന്‍ നല്‍കിയതെന്ന് ജമ്മു കശ്മീര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ട്വീറ്റ് ചെയ്തു. അതേസമയം ഇവരുടെ വയസ് തെളിയിക്കുന്ന ഔദ്യോഗിക രേഖകളൊന്നും ലഭ്യമല്ല.

ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇവര്‍. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രകാരം നിലവില്‍ ലോകത്ത് ഏറ്റവും പ്രായം കൂടിയ വ്യക്തി ജാപ്പാനീസ് വനിതയായ കാനെ തനാകയാണ്. 118 വയസാണ് ഇവരുടെ പ്രായം. ഇതുവരെയുള്ള റെക്കോര്‍ഡ് പ്രകാരം ലോകത്ത് ഏറ്റവും പ്രായം കൂടിയ വ്യക്തി ഫ്രാന്‍സുകാരിയായ ജീന്നെ ലൂയിസ് കാള്‍മെന്റ് ആണ്. മരിക്കുമ്പോള്‍ 122 വയസും 164 ദിവസവുമാണ് ഔദ്യോഗിക രേഖകള്‍ പ്രകാരം ഇവരുടെ പ്രായം.

റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയത് പ്രകാരമാണ് രെഹ്തീ ബീഗത്തിന്റെ വയസ് 124 വയസായി കണക്കാക്കുന്നത്. എന്നാല്‍ ഇത് തെളിയിക്കുന്ന ഔദ്യോഗിക രേഖകളൊന്നും ഇവരുടെ കുടുംബം സമര്‍പ്പിച്ചിട്ടില്ല. ഇവരുടെ പ്രായം ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് വഗൂര ബി.ഡി.ഒ അബ്ദുല്‍ റഷീദ് ഗനി പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News