നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കിയ പണത്തിന്റെ ഉറവിടം വ്യക്തമാക്കിയാല്‍ എല്ലാ കേസുകളും അവസാനിക്കുമെന്ന് സഹാറ കമ്പനിയോട് സുപ്രിം കോടതി
നിക്ഷേപകര്‍ക്ക് ഇതിനകം 18000 കോടി രൂപ തിരികെ നല്‍കിയിട്ടുണ്ടെന്ന് സഹാറയുടെ അഭിഭാഷകന്‍ സുപ്രിം കോടതിയെ അറിയിച്ചത്.
നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കിയ പതിനെട്ടായിരം കോടി രൂപയുടെ ഉറവിടം വ്യക്തമാക്കണമെന്ന് സഹാറ കമ്പനിയോട് സുപ്രിം കോടതി. നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സഹാറ ഉടമ സുബ്രതോ റോയിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. ചെറിയ കാലയളവിനുള്ളലില്‍ ഇത്രയും തുക കണ്ടെത്തുക അസാധ്യമാണെന്നും, ഉറവിടം വ്യക്തമാക്കിയാല്‍ എല്ലാ കേസുകളും അവസാനിപ്പിക്കാമെന്നും കോടതി പറഞ്ഞു.
24000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റിലായ സഹാറ ഉടമ സുബ്രതോ റോയിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയാണ് നിക്ഷേപകര്‍ക്ക് ഇതിനകം 18000 കോടി രൂപ തിരികെ നല്‍കിയിട്ടുണ്ടെന്ന് സഹാറയുടെ അഭിഭാഷകന്‍ സുപ്രിം കോടതിയെ അറിയിച്ചത്.
ഈ അവകാശവാദത്തില്‍ ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ആശ്ചര്യം രേഖപ്പെടുത്തി. കുറഞ്ഞ കാലയളവില്‍ ഇത്രയും തുക തിരികെ നല്‍കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ നല്‍കിയ പതിനെട്ടായിരം കോടി രൂപയുടെ ഉറവിടം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഉറവിടം വ്യക്തമാക്കിയാല്‍ സഹാറക്കെതിരായ കേസുകളെല്ലാം അവസാനിപ്പിക്കാമെന്നും കോടതി അറിയിച്ചു. തുടര്‍ന്ന് കേസ് സെപ്തംബര്‍ പതിനാറിലേക്ക് മാറ്റി.
നിക്ഷേപ തട്ടിപ്പ് കേസില്‍ 2014 ഫെബ്രുവരിയിലാണ് സുബ്രതോ റോയി അറസ്റ്റിലായത്. കഴിഞ്ഞ മെയ് മാസം മുതല്‍ സുബ്രതോ റോയ് ഉപോധികളോടെ പരോളിലാണ്. ഇത് സ്ഥിരം ജാമ്യമാക്കി മാറ്റണമെന്നാവശ്യപ്പെട്ടാണ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.