ഇഡിക്ക് മുന്നില്‍ മല്യ ഇന്നും ഹാജരാകില്ല
കൂടുതല്‍ സമയം വേണമെന്നാണ് മല്യയുടെ ആവശ്യം
കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് യു ബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യ. ഇന്ന് ഹാജരാകണമെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മല്യയ്ക്ക് സമന്‍സ് അയച്ചിരുന്നു. മൂന്നാം തവണയാണ് മല്യ സമയം നീട്ടി ചോദിക്കുന്നത്.
ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത പണം നികുതി വെട്ടിക്കാന്‍ വിദേശത്ത് നിക്ഷേപിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വിജയ് മല്യക്കെതിരെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തത്. സിബിഐ തയ്യാറാക്കിയ എഫ്ഐആറിലെ പരാമര്‍ശം മുന്‍നിര്‍ത്തി കള്ളപ്പണ നിരോധന നിയമപ്രകാരം സ്വമേധയ കേസ് എടുക്കുകയായിരുന്നു. മല്യയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ച എന്‍ഫോഴ്സ്മെന്റ് മല്യയോട് ഇന്ന് കോടതിയില്‍ ഹാജരാകണമെന്നും അഞ്ച് വര്‍ഷത്തെ നികുതി രേഖകള്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ബാങ്കുകളുമായുള്ള പണമിടപാടില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതിന് ശേഷം മാത്രമേ ഹാജരാകാന്‍ കഴിയുകയുള്ളുവെന്നുമാണ് മല്യ കത്തിലൂടെ അറിയിച്ചത്. മല്യ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിജയ് മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് ഒരുവിധ ഈടുമില്ലാതെ കോടികള്‍ വായ്പ നല്‍കിയ 17 ബാങ്കുകള്‍ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരുന്നു. 9000 കോടി രൂപയാണ് മല്യ ബാങ്കുകള്‍ക്ക് തിരിച്ചടക്കാനുള്ളത്. മല്യയുടെ എല്ലാതരം സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് തീരുമാനമെടുത്തിരുന്നു