പ്രഫഷണല്‍ പ്രവേശന പരീക്ഷകളിലെ ശിരോവസ്ത്ര നിയന്ത്രണത്തിനെതിരെ സിബിഎസ്ഇ അപ്പീല്‍ നല്‍കി
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി പ്രവേശന പരീക്ഷ നടത്തിപ്പിനെ ദുഷ്‌കരമാക്കുമെന്ന് അപ്പീലില്‍ സിബിഎസ്ഇ ചൂണ്ടിക്കാട്ടി.
പ്രഫഷണല്‍ പ്രവേശന പരീക്ഷകളില്‍ ശിരോസവസ്ത്രം ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സിബിഎസ്ഇ അപ്പീല്‍ നല്‍കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി പ്രവേശന പരീക്ഷ നടത്തിപ്പിനെ ദുഷ്‌കരമാക്കുമെന്ന് അപ്പീലില്‍ സിബിഎസ്ഇ ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ കോപ്പിയടി തടയാന്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിച്ച് പരീക്ഷക്ക് ഹാജരാവുന്നത് സിബിഎസ്ഇ വിലക്കിയത്. ഇതിനെതിരെ ജിഐഓ, എസ്‌ഐഓ എന്നീ വിദ്യാര്‍ത്ഥി സംഘടനകളും ഏതാനും വിദ്യാര്‍ത്ഥികളും നല്‍കിയ ഹരജിയിലാണ് മതവിശ്വാസത്തിനനുസൃതമായ വസ്ത്രധാരണം ഭരണഘടനാ ഉറപ്പ് നല്‍കുന്ന അവകാശമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി നിയന്ത്രണം നീക്കിയത്.
ശിരോവസ്ത്രം ധരിച്ചെത്തുന്നവര്‍ പരീക്ഷക്ക് അരമണിക്കൂര്‍ മുമ്പ് പരീക്ഷ ഹാളില്‍ ഹാജരാകണമെന്നും വനിതാ ഇന്‍വിജിലേറ്റര്‍മാര്‍ പരീക്ഷാര്‍ത്ഥികളെ പരിശോധിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, മതപരമായ വികാരങ്ങളെ തൃപ്തിപ്പെടുത്താന്‍ സിബിഎസ്ഇക്ക് കൂടുതല്‍ വനിതാ ഇന്‍വിജിലേറ്റര്‍മാരെ നിയോഗിക്കേണ്ടി വരുമെന്ന് സിബിഎസ്ഇ അപ്പീലില്‍ ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്രയും വനിതാ ഉദ്യോഗസ്ഥരെ പരിശീലിപ്പിച്ച് നിയോഗിക്കാന്‍ സാധ്യമല്ലെന്നും നിര്‍ദ്ദേശം പ്രായോഗികമല്ലെന്നും അപ്പീലില്‍ സിബിഎസ്ഇ ചൂണ്ടിക്കാട്ടുന്നു.