ജിഎസ്‍ടി കൌണ്‍സില്‍ സുപ്രധാന യോഗം ഇന്ന്

Update: 2017-04-16 04:28 GMT
Editor : Sithara
ജിഎസ്‍ടി കൌണ്‍സില്‍ സുപ്രധാന യോഗം ഇന്ന്
Advertising

ജിഎസ്ടി നിരക്ക് നിര്‍ണയം അടക്കമുള്ളവയിലും സംസ്ഥാനങ്ങള്‍ക്ക് അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളിലും യോഗം തീരുമാനമെടുക്കും

ജിഎസ്ടി കൌണ്‍സിലിന്റെ സുപ്രധാന ത്രിദിന യോഗത്തിന് ഇന്ന് തുടക്കമാകും. ജിഎസ്ടി നിരക്ക് നിര്‍ണയം അടക്കമുള്ളവയിലും സംസ്ഥാനങ്ങള്‍ക്ക് അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളിലും യോഗം തീരുമാനമെടുക്കും. നവംബര്‍ 22ഓടെ തര്‍ക്ക വിഷയങ്ങളില്‍ പൊതുസമ്മതം നേടിയെടുക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.

വരുന്ന ഏപ്രില്‍ ഒന്ന് മുതല്‍ ജിഎസ്ടി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. ജിഎസ്ടി കൌണ്‍സിലിന്റെ കഴിഞ്ഞ രണ്ട് യോഗങ്ങളിലും തര്‍ക്ക വിഷയങ്ങളില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ജിഎസ്ടി നിരക്ക് നിര്‍ണയം, കരട് ബില്ലിന് അന്തിമരൂപം നല്‍കുക, നികുതി ഇളവ്, ജിഎസ്ടി പ്രാവര്‍ത്തികമാകുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട രീതി തുടങ്ങിയ വിഷയങ്ങളാണ് ഇവയില്‍ പ്രധാനം. നവംബര്‍ 22ഓടെ ഇക്കാര്യങ്ങളിലെല്ലാം സമവായത്തിലെത്തേണ്ടതുണ്ട്.

ജിഎസ്ടി പ്രാബല്യത്തില്‍ വരുമ്പോഴുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനായി നല്‍കേണ്ട തുക കണക്കാക്കുന്നതിന് അടിസ്ഥാന വര്‍ഷമായി 2015-16 വര്‍ഷം പരിഗണിക്കാമെന്നതില്‍ നേരത്തെ ധാരണയായിട്ടുണ്ട്. എന്നാല്‍ തുക കണക്കാക്കേണ്ട രീതി സംബന്ധിച്ച് ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. നേരത്തെ നടന്ന യോഗങ്ങളില്‍ ആറ് വിഷയങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്രത്തിനായി.

ഇന്ന് ആരംഭിക്കുന്ന ത്രിദിന യോഗത്തില്‍ പരിഹാരം കാണാനായില്ലെങ്കില്‍ ഏപ്രില്‍ ഒന്നോടെ ജിഎസ്ടി പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന കേന്ദ്രത്തിന്റെ പദ്ധതി താളം തെറ്റും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News