ജെഎന്‍യു വിദ്യാര്‍ഥിയുടെ തിരോധാനം; വിദ്യാര്‍ഥികളെ പ്രതിഷേധ മാര്‍ച്ച് തടഞ്ഞ് പൊലീസ് അറസ്റ്റുചെയ്തു
എബിവിപി മര്‍ദ്ദനമേറ്റ ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനത്തില്‍ വിദ്യാര്‍ഥി സമരം ശക്തമാക്കുന്നു.
എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റതിന് ശേഷം കാണാതായ ജെ എന്‍ യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കണ്ടെത്തണമെന്നവശ്യപ്പെട്ട് ജെ എന്‍യു വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിനെതിരെ പൊലീസ് നടപടി. ആഭ്യന്തര മന്ത്രാലയത്തേക്കുളള മാര്‍ച്ച് തുടങ്ങും മുന്‍പെ തടഞ്ഞ പൊലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജെ എന്‍ യു -എസ് യു നേതാക്കളടക്കമുളളവര്‍ ഇപ്പോള്‍ ഡല്‍ഹി പാര്‍ലെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഹോസ്റ്റലില്‍ നിന്ന് കാണാതായ നജീബിനെ കണ്ടെത്തുന്നതില്‍ സര്‍വകലാശാല അധികൃതരുടെ ഭാഗത്ത് നിന്നുള്ള നിസ്സംഗത തുടരുന്നതായാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. ഹോസ്റ്റല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനൊടുവില്‍ നജീബിന് എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റിരുന്നു. ഇതിന് ശേഷമാണ് നജീബിനെ കാണാതായതെന്നത് സര്‍വകലാശാല അധികൃതര്‍ മനപൂര്‍വ്വം മറച്ചുവെക്കുകയാണ് എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നജീബിനെ കണ്ടെത്തുന്നവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ അന്‍പതിനായിരം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
നജീബിനെ കാണാതായി 6 ദിവസം പിന്നിട്ടിട്ടും സര്‍വകലാശാല അധികൃതര്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല. നജീബിന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഇപ്പോഴും അന്വേഷണം നടക്കുന്നത്. നജീബിനെ കാണാതായ അന്ന് രാത്രി എബിവിപി പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതിന് ഹോസ്റ്റല്‍ വാര്‍ഡന്‍ അടക്കം ദൃക്സാക്ഷിയായിട്ടും ആ രീതിയില്‍ അന്വേഷണം നടന്നിട്ടില്ല. വാര്‍ഡന്‍ വിസിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ നജീബിന് ഗുരുതരമായി മര്‍ദനമേറ്റിരുന്നു എന്ന് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ സര്‍വകലാശാല യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ജെഎന്‍യുഎസ്‍യുവിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. നജീബിനെ കണ്ടുപിടിച്ച് തരണമെന്നാവശ്യപ്പെട്ട് നജീബിന്റെ ബന്ധുക്കള്‍ ഹോസ്റ്റലിന് മുന്നില്‍ നടത്തുന്ന പ്രതിഷേധം തുടരുകയാണ്.