ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ മഹായാത്ര തുടങ്ങി
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലൂടെ 2500 കിലോമീറ്റര്‍ രാഹുല്‍ യാത്ര നടത്തും
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന മഹായാത്ര ആരംഭിച്ചു. കിഴക്കന്‍ യുപിയിലെ ദേവരിയിലാണ് യാത്ര തുടക്കം കുറിച്ചത്. കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയാണ് കോണ്‍ഗ്രസിന്‍റെ പോരാട്ടമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രദേശത്തെ കര്‍ഷകരുമായി രാഹുല്‍ ആശയവിനിമയം നടത്തി. തുടര്‍ന്ന് രുദ്രാപൂരിലെ ദുപ്തേശര്‍ നാഥ് ക്ഷേത്രദര്‍ശനം നടത്തി.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടിയാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന മഹായാത്ര. 27 ദിവസം നീണ്ട് നില്‍ക്കുന്ന യാത്ര 2500 കിലോമീറ്റര്‍ സഞ്ചരിച്ച്, ഉത്തര്‍പ്രദേശിലെ 223 നിയമസഭ മണ്ഡലങ്ങളിലൂടെ കടന്ന് പോകും. യാത്രക്ക് കിഴക്കന്‍ യുപിയിലെ ദേവരിയില്‍ ആവേശകരമായ തുടക്കമാണ് ലഭിച്ചത്. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ യാത്രക്ക് സാക്ഷ്യം വഹിക്കാന്‍ ദേവരിയില്‍ എത്തിച്ചേര്‍ന്നു.
പ്രദേശത്തെ കര്‍ഷകരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് യാത്ര പുറപ്പെട്ടത്. കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയുള്ള പോരാട്ടമായാണ് തെരഞ്ഞെടപ്പിനെ കാണുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പതിവില്‍ നിന്ന് വിപരീതമായി ഗ്രമങ്ങളിലെ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. കര്‍ഷകര്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നീ വിഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പരിപാടികള്‍. ഓരോ കേന്ദ്രത്തിലും ഗ്രാമവാസികള്‍ പങ്കെടുക്കുന്ന കട്ടില്‍ സഭകളില്‍ രാഹുല്‍ സംസാരിക്കും. ആദ്യ കട്ടില്‍ സഭ രുദ്രാപൂര്‍ ഗ്രമത്തില്‍ ഇന്ന് നടക്കും. നഗരപ്രദേശങ്ങളില്‍ ചെറിയ റോഡ് ഷോകളും ഉണ്ടായിരിക്കും.
കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ കര്‍ഷകരില്‍ നിന്ന് രാഹുല്‍ സ്വീകരിക്കും. യുപിയില്‍ 27 വര്‍ഷമായി അധികാരത്തിന് പുറത്ത് നില്‍ക്കുന്ന കോണ്‍ഗ്രസിന് താഴെ തട്ടില്‍ പുതിയ ഊര്‍ജ്ജം നല്‍കാന്‍ രാഹുലിന്‍റെ യാത്രക്ക് കഴിയുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ പ്രതീക്ഷ.