നോട്ട് നിരോധം: പ്രധാനമന്ത്രി മറുപടി നല്‍കും

Update: 2017-05-03 03:13 GMT
Editor : Sithara
നോട്ട് നിരോധം: പ്രധാനമന്ത്രി മറുപടി നല്‍കും
Advertising

നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ മറുപടി പറയും.

നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ മറുപടി പറയും. പ്രധാനമന്ത്രി രാജ്യസഭയിലെത്തി. പ്രധാനമന്ത്രി സഭയില്‍ മറുപടി നല്‍കണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനിന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യസഭയിലെത്തിയത്.

നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി. ലോക്സഭ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. രാജ്യസഭയില്‍ ശക്കതമായ പ്രതിപക്ഷ പ്രതിഷേധത്തിനു ശേഷം നോട്ട് പിന്‍വലിക്കലിനെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് രാവിലെ വിളിച്ച യോഗം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ബഹിഷ്കരിച്ചു.

പാര്‍ലമെന്റ് സ്തംഭനത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുടെ യോഗം വിളിച്ചത്. ഈ വിഷയത്തില്‍ ഇതുവരെ പ്രതിപക്ഷത്തെ നേരിട്ട് സമീപിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ അതിനുള്ള വഴിതുറക്കാന്‍ കൂടിയാണ് ഇങ്ങനെയൊരു നീക്കം നടത്തിയത്. എന്നാല്‍ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് വിലയിരുത്തിയ പ്രതിപക്ഷം ഒന്നടങ്കം ചര്‍ച്ച ബഹിഷ്കരിച്ചു. രാജ്നാഥ് സിങ്ങല്ല യോഗം വിളിക്കേണ്ടതെന്നും പ്രധാനമന്ത്രി വിളിച്ചാല്‍ പങ്കെടുക്കാമെന്നും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ഇരുസഭകളുടെയും നടപടിക്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തു വന്നു. രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ ആവശ്യവും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് സംസാരിക്കാന്‍ ശ്രമിച്ചതിനെ ഭരണപക്ഷം എതിര്‍ത്തും ബഹളത്തിനും വാഗ്വാദത്തിനും ഇടയാക്കി. ഒരു തവണ നിര്‍ത്തിവെച്ച ശേഷമാണ് സഭ ചര്‍ച്ചയിലേക്ക് കടന്നത്. രണ്ടുതവണ തടസ്സപ്പെട്ട ലോക്സഭ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. സമാജ് വാദി പാര്‍ട്ടി എം.പി അക്ഷയ് യാദവ് സ്പീക്കറുടെ മേശയിലേക്ക് പേപ്പറുകള്‍ കീറെയറിഞ്ഞത് വിവാദത്തിനിടയാക്കി.

രാജ്യസഭ വീണ്ടും ചേര്‍ന്നപ്പോള്‍ പ്രധാനമന്ത്രിയെ സാക്ഷിയാക്കി നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള സര്‍ക്കാര്‍ വാദങ്ങള്‍ ഒന്നൊന്നായി മന്‍മോഹന്‍ സിങ് ഖണ്ഡിച്ചു. ഉച്ചക്ക് ശേഷം സഭ ചേര്‍ന്നപ്പോള്‍ പ്രധാനമന്ത്രി സഭയിലില്ലായിരുന്നത് വീണ്ടും ബഹളത്തിന് വഴിവച്ചു. പ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടക്കുമ്പോള്‍ പ്രതിപക്ഷത്തിന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ പ്രധാനമന്ത്രിമാര്‍ മുഴുവന്‍ സമയവും സഭയിലിരുന്ന ചരിത്രമാണ് ഉള്ളതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News