കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു; 18 മരണം

Update: 2017-05-20 14:59 GMT
Editor : admin
കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു; 18 മരണം
Advertising

18 പേര്‍ മരിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റു.

കൊല്‍ക്കത്ത ബഡാ ബസാറില്‍ നിര്‍മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്നുവീണ് 18 പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു.

പശ്ചിമബംഗാള്‍ നോര്‍ത്ത് കൊല്‍ക്കത്തയിലെ ഗിരീഷ് പാര്‍ക്കിനെയും ഹൌറയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍മാണത്തിലിരുന്ന വിവേകാനന്ദ മേല്‍പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്. 2 കിലോമീറ്ററിലധികം നീളം വരുന്ന പാലത്തിന്റെ ബഡാബസറില്‍ നിര്‍മാണം നടന്നിരുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. നൂറോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ പാലത്തിന്റെ അടിയില്‍ കുടുങ്ങിയിട്ടുണ്ട്. ദുരന്തനിവാരണസേനയും ആര്‍മിയുടെ പ്രത്യേകവിഭാഗവും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അപകടം നടക്കുമ്പോള്‍ നിരവധി ആളുകള്‍ പാലത്തിന് സമീപത്തുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

2010 ലാണ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണം നടക്കുന്നതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പരിക്കേറ്റവരെ കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അപകടസ്ഥലം സന്ദര്‍ശിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെയും പരിക്കേറ്റവര്‍ക്ക് 3 ലക്ഷം രൂപയും സംസ്ഥാനസര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News