നോട്ട് അസാധുവാക്കല്‍: മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്

Update: 2017-05-21 03:04 GMT
Editor : Sithara
നോട്ട് അസാധുവാക്കല്‍: മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്
Advertising

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം സാരമായി ബാധിച്ചത് രാജ്യത്തെ വീട്ടമ്മമാരെയാണെന്നും പ്രധാനമന്ത്രി ഇക്കാര്യം കണ്ടില്ലെന്ന് നടിക്കുകയാണെന്നും മഹിളാ കോണ്‍ഗ്രസ്

നോട്ട് അസാധുവാക്കലിനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. ഒരു മാസം നീണ്ട് നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടികളുടെ ഭാഗമായിരുന്നു മഹിളാ കോണ്‍ഗ്രസ് സമരം. ഡല്‍ഹിയില്‍ നടന്ന സമരത്തിന് മഹിളാ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ നേതൃത്വം നല്‍കി. കേരളത്തില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടന്നു. സെക്രട്ടേറിയേറ്റിന് മുന്നില്‍ നടന്ന പട്ടിണി സമരം സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.

കളളപ്പണത്തിന്റെയും അഴിമതിയുടെയും പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം സാധാരണക്കാരന്റെ ജീവിതത്തെയും സമൂഹത്തിന്റെ എല്ലാ മേഖലയെയും ദോഷകരമായി ബാധിച്ചതല്ലാതെ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്ക് വേണ്ടി പോലും പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിലായത് വീട്ടമ്മമാരാണ്. ഇതില്‍ പ്രതിഷേധിച്ചാണ് രാജ്യവ്യാപകമായി തന്നെ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്ലേറ്റ്, സ്പൂണ്‍ എന്നിവ കൈയിലേന്തിയായിരുന്നു പ്രതിഷേധം. മരിച്ചവരുടെ ബന്ധുക്കള്‍ക്കും തൊഴില്‍ നഷ്ടപെട്ടവര്‍ക്കും കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

നോട്ട് അസാധുവാക്കലില്‍ മൂന്ന് ഘട്ടമായി കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമാണ് മഹിളാ കോണ്‍ഗ്രസും രാജ്യവ്യാപക പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ആദ്യ ഘട്ട സമരത്തിന് വെള്ളിയാഴ്ച തുടക്കം കുറിച്ചിരുന്നു. രണ്ടാം ഘട്ടം 11നും മൂന്നാം ഘട്ടം 20നും ആരംഭിക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News