ജെഎന്‍യുവില്‍ സംവരണ അട്ടിമറി: സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍
സര്‍വകലാശാലയിലെ പ്രവേശന നടപടികളിലെ സംവരണ മാനദണ്ഡങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അക്കാദമിക് കൌണ്‍സില്‍ യോഗം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് എട്ട് വിദ്യാര്‍ഥികളെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തു. സര്‍വകലാശാലയിലെ പ്രവേശന നടപടികളിലെ സംവരണ മാനദണ്ഡങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തില്‍ പ്രവേശന നടപടികള്‍ നടത്തുക എന്ന രീതി അട്ടിമറിച്ച് ഇന്റര്‍വ്യൂ അടിസ്ഥാനമാക്കി പ്രവേശനം നല്‍കാനുള്ള നീക്കത്തിനെതിരെയാണ് കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന അക്കാദമിക് കൌണ്‍സില്‍ യോഗത്തിലേക്ക് വിദ്യാര്‍ഥികള്‍ തള്ളിക്കയറിയത്. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് എഴുത്തുപരീക്ഷയില്‍ പങ്കെടുക്കാനുള്ള യോഗ്യത നിലനിര്‍ത്തുകയും എഴുത്ത് പരീക്ഷയിലും ഇന്റര്‍വ്യൂയിലും ഇളവുകള്‍ എടുത്തുകളയുകയും ചെയ്തു. ഇതിനെതിരെ പ്രതികരിച്ച ദലിത്, മുസ്ലിം വിദ്യാര്‍ഥികളെയാണ് പുറത്താക്കിയിരിക്കുന്നത്. ഇവര്‍ക്ക് ഹോസ്റ്റല്‍ സൌകര്യം ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ദലിത് മുസ്ലിം വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ബപ്സയുടെ പ്രവര്‍ത്തകരാണ് പുറത്താക്കിയവരില്‍ അധികവും. സാമ്പത്തിക പിന്നോക്ക സംവരണങ്ങള്‍ അട്ടിമറിക്കുന്ന പരിഷ്കാരങ്ങളാണ് അക്കാദമിക് കൌണ്‍സില്‍ യോഗം പാസാക്കിയത്. അക്കാദമിക് കൌണ്‍സില്‍ യോഗം പിരിഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് നടപടി. യുജിസി മാനദണ്ഡങ്ങളും സംവരണ മാനദണ്ഡങ്ങളും അട്ടിമറിക്കാനാണ് സര്‍വകലാശാല അധികൃതര്‍ ശ്രമം നടത്തുന്നതെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.