നോട്ട് അസാധുവാക്കിയതിനെതിരെ പൊതുതാല്‍പര്യ ഹരജി: കോടതി ഇന്ന് വാദം കേള്‍ക്കും
നേരത്തെ ഹരജി പരിഗണിക്കവേ സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജികളില്‍ സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ തീരുമാനം സാധാരണ ജനങ്ങള്‍ക്ക് വന്‍ ദുരിതമാണ് വിതച്ചതെന്നും പൌരന്‍റെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്ന് കയറ്റമാണ് ഉണ്ടായതെന്നും ഹരജികളില്‍ ആരോപിക്കുന്നു. നേരത്തെ ഹരജി പരിഗണിക്കവേ സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പൊതുജനത്തിന്‍റെ ദുരിതം കുറക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ കേന്ദ്രം ഇന്ന് കോടതിയില്‍ വിശദീകരിക്കും. സര്‍ക്കാര്‍ തീരുമാനത്തിന്‍റെ ഭരണഘടനാസാധുതയും കോടതി പരിശോധിക്കും. കേസില്‍ കക്ഷി ചേരാന്‍ സിപിഎം നല്‍കിയ ഹരജിയും കോടതി ഇന്ന് പരിഗണിക്കും. സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഹരജിയും പരിഗണനയില്‍ വരും. ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.