ഭോപ്പാല്‍ ഏറ്റമുട്ടല്‍: ഒഴിഞ്ഞുമാറി മധ്യപ്രദേശ് മുഖ്യമന്ത്രിയും മന്ത്രിമാരും
ജയിലിലെ സിസിടിവി പ്രവർത്തിച്ചിരുന്നില്ല എന്നതും അതീവ സുരക്ഷ മേഖലയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ തടവിൽ പാർപ്പിച്ചിരുന്ന വിചാരണ തടവുകാർ ഒരുമിച്ച് ജയിൽ ചാടി എന്നതും ദുരൂഹത വർധിപ്പിക്കുകയാണ്.
മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്നതായി പൊലീസ് അവകാശപ്പെടുന്ന സിമി - പൊലീസ് ഏറ്റുമുട്ടൽ വ്യാജമാണെന്ന ആരോപണം ശക്തമാകുമ്പോൾ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മധ്യപ്രദേശ് മുഖ്യമന്ത്രിയും മന്ത്രിമാരും ഒളിച്ചുകളി തുടരുന്നു. ജയിലിലെ സിസിടിവി പ്രവർത്തിച്ചിരുന്നില്ല എന്നതും അതീവ സുരക്ഷ മേഖലയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ തടവിൽ പാർപ്പിച്ചിരുന്ന വിചാരണ തടവുകാർ ഒരുമിച്ച് ജയിൽ ചാടി എന്നതും ദുരൂഹത വർധിപ്പിക്കുകയാണ്.
മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെയുള്ള സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി തുടരുകയാണ്. ജയിൽമന്ത്രി കുസും മെഹ്ദലെ നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന് സമ്മതിച്ചിരുന്നു. അതീവ സുരക്ഷ മേഖലയിലെതടക്കം സെൻട്രൽ ജയിലിലെ ഒരു നിരീക്ഷണ ക്യാമറ പോലും പ്രവർത്തിച്ചിരുന്നില്ല എന്ന സർക്കാർ വാദം വിശ്വസിനീയമല്ല എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതീവ സുരക്ഷ മേഖലയിലെ വിവിധ ഭാഗങ്ങളിൽ പാർപ്പിച്ചിരുന്ന വിചാരണ തടവുകാർ ഒരേ സമയം എങ്ങനെ പുറത്തിറങ്ങി എന്ന ചോദ്യത്തിനും ജയിൽ മന്ത്രിക്ക് ഉത്തരമുണ്ടായിരുന്നില്ല. ജയിലിനകത്തെ നിരീക്ഷണ ടവറുകളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും മന്ത്രി ഒഴിഞ്ഞു മാറിയിരുന്നു. 32 അടി ഉയരമുള്ള മതിൽ മറികടന്നത് വരെ 2 സുരക്ഷ ജീവനക്കാരല്ലാതെ മറ്റാരും തടവുകാർ രക്ഷപ്പെടുന്നത് അറിഞ്ഞില്ല എന്നതും ദുരൂഹമാണ്.
ജയിൽ സുരക്ഷാ വീഴ്ചയെക്കുറിച്ച് ജയിൽ ഉദ്യോഗസ്ഥരാരും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങും കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കുക മാത്രമാണ് ചെയ്തത്. ജയിൽ ചാടിയ സിമി പ്രവർത്തകർ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി മന്ത്രി ആരോപിച്ചു. പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ച ആരോപണങ്ങൾക്ക് പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന മറുപടി മാത്രമാണ് ബിജെപി നേതാക്കൾ ആവർത്തിക്കുന്നത്.