ഇനിയും അതിര്‍ത്തി കടന്ന് ആക്രമിക്കുമെന്ന് പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്
നിയന്ത്രണരേഖ അധികകാലം ഇന്ത്യക്ക് മേല്‍ അലംഘനീയമായി തുടരില്ല എന്നതിലേക്കാണ് നിലവിലെ സാഹചര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്.
പാകിസ്താന് കടുത്ത താക്കീതുമായി ഇന്ത്യ. നിയന്ത്രണരേഖ അധികകാലം ഇന്ത്യക്ക് മേല്‍ അലംഘനീയമായി തുടരില്ല എന്നതിലേക്കാണ് നിലവിലെ സാഹചര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടുന്നത് പാകിസ്താന്‍ തുടര്‍ന്നാല്‍ ഇനിയും നിയന്ത്രണരേഖ ലംഘിച്ചുള്ള സൈനിക നടപടികള്‍ നേരിടേണ്ടിവരുമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. 1999 ലേതില്‍ നിന്നു വളരെ വ്യത്യസ്തമാണ് ഇന്ത്യയുടെ നിലവിലെ നിലപാട്. ഇതിന്റെ വ്യക്തമായ സൂചനയാണ് സെപ്തംബര്‍ 29 ന് അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം. കേന്ദ്രസര്‍ക്കാരിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കാര്‍ഗില്‍ യുദ്ധസമയത്തെ നിലപാടില്‍നിന്നും വ്യത്യസ്തമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാട്. കാര്‍ഗില്‍ യുദ്ധത്തിനൊടുവിലാണ് നിയന്ത്രണരേഖ അലംഘനീയമാണെന്ന ബോധ്യം പാകിസ്താനുണ്ടായത്. നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുകയറിയ പാക് സൈന്യവും ഭീകരരുമാണ് കാര്‍ഗില്‍ യുദ്ധത്തിന് വഴിതെളിച്ചത്. ഒടുവില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ നിയന്ത്രണരേഖക്ക് പിന്നിലേക്ക് ഒതുങ്ങാന്‍ പാകിസ്താന്‍ നിര്‍ബന്ധിമായി. എന്നാല്‍ ഇപ്പോള്‍ സൈന്യത്തിന് പകരം ഭീകരരെ നുഴഞ്ഞുകയറാന്‍ പാകിസ്താന്‍ സഹായിക്കുകയാണ്. ഭീകരരെ കയറ്റുമതി ചെയ്യുന്ന ഈ രീതി തുടര്‍ന്നാല്‍ നിയന്ത്രണരേഖ ലംഘിച്ച് പാകിസ്താന് തിരിച്ചടി നല്‍കാന്‍ ഇന്ത്യ മടിക്കില്ല. തിരിച്ചടിക്കാന്‍ നിയന്ത്രണരേഖ ഭേദിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഇന്ത്യയുടെ നിലവിലെ കാഴ്ചപ്പാട്.
ഇന്ത്യക്ക് നേരെ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് പാക് മണ്ണ് വിട്ടുനല്‍കില്ലെന്ന് ആയിരുന്നു പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുശര്‍റഫ് 2004 ല്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ പാക് സൈന്യത്തിന്റെ സഹായത്തോടെ ഇന്ത്യക്ക് നേരെ യുദ്ധം ചെയ്യാന്‍ ഭീകരരെ വളര്‍ത്തുന്ന ലോഞ്ച് പാഡുകള്‍ നിയന്ത്രണരേഖക്ക് സമീപമുണ്ടെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞമാസം നടത്തിയ മിന്നലാക്രമണത്തിലൂടെ കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈ ഭീകരാക്രമണത്തിനു ശേഷം പോലും ഇന്ത്യ തിരിച്ചടിച്ചില്ല. നയതന്ത്ര പരിഹാരത്തിന് ആയിരുന്നു ഇന്ത്യ മുന്‍കൈ എടുത്തത്. എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറി മറിഞ്ഞതായും ഇന്ത്യയുടെ ഈ നിലപാട് മാറിയതായുമാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്നും ഇപ്പോള്‍ ലഭിക്കുന്ന വിവരം.