ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട ക്രമം തെറ്റിച്ച ബിജെപി എംപിക്ക് ലൈസന്‍സും ഇന്‍ഷൂറന്‍സുമില്ല; പിഴ ചുമത്തി
ഡല്‍ഹിയില്‍ ഒറ്റ- ഇരട്ട വാഹന നമ്പര്‍ ക്രമം ലംഘിച്ച ബിജെപി നേതാവ് വിജയ് ഗോയലിന് പിഴ ചുമത്തി.
ഡല്‍ഹിയില്‍ ഒറ്റ - ഇരട്ട വാഹന നമ്പര്‍ ക്രമം ലംഘിച്ച ബിജെപി നേതാവ് വിജയ് ഗോയലിന് പിഴ ചുമത്തി. പാര്‍ലമെന്റ് ഹൌസിലേക്ക് ഒറ്റ അക്കത്തിലുള്ള കാര്‍ ഓടിച്ചെത്തിയ ഗോയലിന് ഡല്‍ഹി ട്രാഫിക് പൊലീസ് രണ്ടായിരം രൂപ പിഴയിട്ടു. അന്തരീക്ഷ മലിനീകരണം കുറക്കാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ മുന്‍കൈയെടുത്ത് നടപ്പാക്കിയ പദ്ധതിയായിരുന്നു ഒറ്റ - ഇരട്ട കാര്‍ നമ്പര്‍ ക്രമം. എന്നാല്‍ ഈ പദ്ധതിക്കെതിരെ പ്രതിഷേധസൂചകമായാണ് ഗോയല്‍ ഇതു ലംഘിച്ച് കാര്‍ നിരത്തിലിറക്കിയത്. നേരത്തെ ഡല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റായ്, ഗോയലിനെ സന്ദര്‍ശിച്ച് പദ്ധതിക്കെതിരെ പ്രതിഷേധിക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ പിന്നീട് ആര് നിയമം ലംഘിച്ചാലും പിഴ ചുമത്തുമെന്നും ഗോപാല്‍ റായ് വ്യക്തമാക്കി. ഇതേസമയം, പദ്ധതി ലംഘിച്ച് കാറുമായി പാര്‍ലമെന്റിനു സമീപമെത്തിയ ഗോയലിനെ പൊലീസ് തടഞ്ഞതോടെ കാറിന് ഇന്‍ഷൂറന്‍സില്ലെന്നും ഡ്രൈവിങ് ലൈസന്‍സില്ലാതെയാണ് എംപി വാഹനമോടിച്ചതെന്നും അറിഞ്ഞതോടെ ചട്ടലംഘനത്തിന് അധിക പിഴയായി 1500 രൂപയുടെ ചെല്ലാനും പൊലീസ് എഴുതി നല്‍കി. ഇക്കാര്യം സമ്മതിച്ച ഗോയല്‍, തന്റെ ഡ്രൈവിങ് ലൈസന്‍സും കാറിന്റെ ഇന്‍ഷൂറന്‍സ് പേപ്പറുകളുമെല്ലാം ഡ്രൈവറിന്റെ കയ്യിലായിരുന്നുവെന്ന് വിശദീകരിച്ചു.