ഐ.ബി നിയമനത്തില്‍ ദുരൂഹ വ്യവസ്ഥ; അപേക്ഷയില്‍ ഗുജറാത്ത് കലാപ ബന്ധം വ്യക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍
കലാപത്തിന്റെ ഇരകള്‍ക്ക് സംവരണമോ മറ്റ് ഇളവുകളോ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അപേക്ഷാ ഫോമിലെ ചോദ്യം ഏറെ ദുരൂഹത ഉയര്‍ത്തുന്നതാണ്
ഇന്റലിജന്‍സ് ബ്യൂറോയിലേക്കുളള ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ ഗുജറാത്ത് കലാപത്തിന്റെ ഇരകളാണോയെന്ന് വ്യക്തമാക്കണമെന്ന് നിര്‍ദേശം. നിര്‍ബന്ധമായി ഉത്തരം നല്‍കേണ്ട പ്രാഥമിക വിവരങ്ങളിലാണ് നിയമനത്തിലെ വിശ്വാസ്യതയില്‍ സംശയമുയര്‍ത്തുന്ന ചോദ്യം ഉള്‍പെടുത്തിയിരിക്കുന്നത്. കലാപത്തിന്റെ ഇരകള്‍ക്ക് സംവരണമോ മറ്റ് ഇളവുകളോ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അപേക്ഷാ ഫോമിലെ ചോദ്യം ഏറെ ദുരൂഹത ഉയര്‍ത്തുന്നതാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് ഇന്റലിജന്‍സ് ബ്യൂറോ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷ നല്‍കേണ്ടത്.
വ്യക്തി വിവരങ്ങളാണ് ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. പേരും വിലാസവും ഉള്‍പ്പെടെയുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കിയാല്‍ പിന്നെ അപേക്ഷകനെ കാത്തിരിക്കുന്ന ചോദ്യം 2002ലെ ഗുജറാത്ത് കലാപത്തിന്റെ ഇരകളാണോയെന്നാണ്. അപേക്ഷയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ ഈ ചോദ്യത്തിന് നിര്‍ബന്ധമായും ഉത്തരം നല്‍കണം. 1980-1989 കാലയളവില്‍ ജമ്മുകശ്മീരില്‍ സ്ഥിരതാമസക്കാരനായിരുന്നോയെന്ന ചോദ്യവും അപേക്ഷയിലുണ്ട്. ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്ക് കേന്ദ്ര സര്‍വീസില്‍ പ്രത്യേക ഇളവുകളോ ആനുകൂല്യങ്ങളോ സംവരണമോ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. പിന്നെ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വ്യക്തത അപേക്ഷയോടൊപ്പം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വിജ്ഞാപനത്തില്‍പ്പോലും സൂചിപ്പിച്ചിട്ടില്ല.
രാജ്യത്ത് പല തലത്തിലുള്ള സമാന സംഭവങ്ങളുണ്ടായിട്ടും ഇവയെക്കുറിച്ചൊന്നും ചോദിക്കാതെ വിവാദമായ ഗുജറാത്ത് കലാപത്തെ കുറിച്ച് മാത്രം ചോദ്യം ഉയര്‍ത്തിയത് സംശയങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. കശ്മീര്‍ സന്ദര്‍ശിച്ചിട്ടുണ്ടോ ഗുജറാത്ത് കലാപത്തിന്‍റെ ഇരകളാണോ തുടങ്ങിയ രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കാതെ അപേക്ഷയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകില്ല.
ഇന്‍റലിജന്‍സ് ബ്യൂറോയില്‍ മുസ്‍ലിംകള്‍ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ കാര്യമായ നടപടികള്‍ ഇതുവരെ ഉണ്ടായിട്ടുമില്ല. ഇതിനിടെയാണ് രണ്ടായിരത്തോളം മുസ്‍ലിംകള്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപവുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്.