മന്‍മോഹന്‍സിങിനെ പ്രസംഗിക്കാന്‍ ഭരണപക്ഷം അനുവദിച്ചില്ല; രാജ്യസഭയില്‍ ബഹളം
നോട്ട് നിരോധനത്തെക്കുറിച്ച് ശൂന്യവേളയില്‍ സംസാരിക്കാന്‍ മന്‍മോഹന്‍സിങിന് ഉപാധ്യക്ഷന്‍ അനുമതി നല്‍കിയെങ്കിലും ധനമന്ത്രി എതിര്‍ക്കുകയായിരുന്നു
നോട്ട് നിരോധനത്തെ കുറിച്ച് സംസാരിക്കാന്‍ അനുമതി ലഭിച്ചിട്ടും ഭരണപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. രാജ്യസഭയിലാണ് മന്‍മോഹന്‍ സിങ് പ്രസംഗിക്കുന്നതിനെതിരെ ധനമന്ത്രിയുടെ നേതൃത്വത്തില്‍ ഭരണപക്ഷം രംഗതെത്തിയത്. ശൂന്യവേളയില്‍ നോട്ട് വിഷയത്തില്‍ സംസാരിക്കാന്‍ മന്‍മോഹന്‍സിംഗിന് ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ അനുമതി നല്‍കിയ ശേഷമായിരുന്നു എതിര്‍പ്പുമായി ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി എഴുന്നേറ്റത്. നോട്ട് നിരോധനത്തെ കുറിച്ചാണ് മന്‍മോഹന്‍ സിങ് പ്രസംഗിക്കുന്നതെങ്കില്‍ പ്രതിപക്ഷം ചര്‍ച്ച ആരംഭിക്കട്ടെയെന്നും ചര്‍ച്ചയുടെ ഭാഗമായല്ലാതെ ആരെയും പ്രസംഗിക്കാന്‍ അനുവദിക്കരുതെന്നുമായിരുന്നു ജെയ്റ്റ്‍ലിയുടെ വാദം.
ഇതിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗതെത്തിയതോടെ മുന്‍ പ്രധാനമന്ത്രിക്ക് സംസാരിക്കാന്‍ താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ഉപാധ്യക്ഷന്‍ ആവര്‍ത്തിച്ചു. എന്നാല്‍ നിലപാട് മാറ്റാന്‍ ഭരണപക്ഷത്തിലെ അംഗങ്ങള്‍ വിസമ്മതിച്ചതോടെ ഗത്യന്തരമില്ലാതെ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ചെയര്‍ നിര്‍ബന്ധിതമായി, നോട്ട് നിരോധനത്തിനു ശേഷം ആദ്യമായി പ്രതികരിക്കാന്‍ ലഭിച്ച അവസരം ധനകാര്യ വിദഗ്ധന്‍ കൂടിയായ സിങിന് ഇതോടെ നഷ്ടമായി