സര്‍വകക്ഷി സന്ദര്‍ശനത്തിനിടയിലും കശ്‍മീരില്‍ വ്യാപക സംഘര്‍ഷം
പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയുള്ള സര്‍വകക്ഷി സംഘത്തിന്റെ സന്ദര്‍ശന വേളയില്‍ കശ്മീരില്‍ വ്യാപക സംഘര്‍ഷം.
പ്രശ്നപരിഹാരം തേടിയുള്ള സര്‍വകക്ഷി സംഘത്തിന്റെ സന്ദര്‍ശന വേളയിലും കശ്മീരില്‍ വ്യാപക സംഘര്‍ഷം. സൈന്യവും ജനങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. ഷോപിയാനിലെ പണി നടന്നുകൊണ്ടിരിക്കുന്ന മിനി സെക്രട്ടറിയേറ്റ് കെട്ടിടത്തിന് പ്രക്ഷോഭകര്‍ തീവെച്ചു. ചര്‍ച്ചക്കുള്ള ക്ഷണം വിഘടനവാദികള്‍ തള്ളി. ഇന്ത്യയുമായി ചര്‍ച്ചയല്ല ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ഹുറിയത്ത് കോണ്‍ഫ്രന്‍സ് അറിയിച്ചു.
ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തില്‍ 35 അംഗ സര്‍വകക്ഷി സംഘമാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരിലെത്തിയത്. ഒരു മാസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് ആഭ്യന്തരമന്ത്രി കശ്മീരിലെത്തുന്നത്. അനന്തനാഗിലും പുല്‍വാമയിലുമടക്കം കര്‍ഫ്യൂ ലംഘിച്ച് ജനങ്ങള്‍ തെരുവില്‍ ഇറങ്ങി. സൈന്യവും ജനങ്ങളും തമ്മില്‍ നിരവധി ഇടങ്ങളില്‍ ഏറ്റുമുട്ടി. ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഷോപിയാനില്‍ പ്രക്ഷോഭകര്‍ പണിനടന്നുകൊണ്ടിരിക്കുന്ന മിനിസെക്രട്ടറിയേറ്റ് കെട്ടിടത്തിന് തീവെച്ചു. എംഎല്‍എമാരുടെ വസതികള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നേരേ കല്ലെറുണ്ടായി.
കശ്മീരിലെ ജനങ്ങള്‍ മുഴുവന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിക്കുമ്പോള്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ലെന്ന് വിഘടനവാദികള്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ അറിയിച്ചു. കശ്മീരിന്റെ കാര്യത്തില്‍ സ്വയം നിര്‍ണയാവകാശമല്ലാതെ മറ്റൊരു പരിഹാരം ഇല്ലെന്നാണ് ഇവരുടെ നിലപാട്. സംഘത്തെ ബഹിഷ്ക്കരിക്കുമെന്ന് വ്യാപാരികളും സിഖ് സംഘടനകളുടെ കൂട്ടായ്മയും അറിയിച്ചിരുന്നു. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുമായല്ലാതെ മറ്റാരുമായും ചര്‍ച്ചക്കുള്ള സാധ്യത തുറക്കാത്തതിനാല്‍ സര്‍വകക്ഷി സംഘത്തിന്റെ സന്ദര്‍ശനം ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. 58 ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 73 പേരാണ് കൊല്ലപ്പെട്ടത്.