നോട്ട് നിരോധം: ഇരു സഭകളും സ്തംഭിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാജ്യസഭയില്‍ മുദ്രാവാക്യം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു
നോട്ട് പിന്‍വലിക്കല്‍ മൂലം രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. രാജ്യഭ നാലുതവണയും ലോക്സഭ രണ്ടുതവണയും നിര്‍ത്തിവെച്ചു. നോട്ട് വിഷയത്തെത്തുടര്‍ന്നുള്ള ദുരിതത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരിച്ച 70 പേര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കണമെന്ന് പ്രതിപക്ഷം രാജ്യസഭയില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയും പ്രധാനമന്ത്രി മറുപടി നല്‍കുകയും വേണമെന്നാവശ്യപ്പെട്ട് ലോക്സഭയും പ്രതിപക്ഷം തടസ്സപ്പെടുത്തി.
ഇരുസഭകളുടെയും നടപടിക്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ലോക്സഭയില്‍ പ്രതിപക്ഷ ബഹളത്തിനിടയില്‍ ചോദ്യത്തരവേളയും റെയില്‍വെമന്ത്രിയുടെ പ്രസ്താവനയും പൂര്‍ത്തിയാക്കി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാല്‍ മറ്റു നടപടികള്‍ തടസ്സപ്പെട്ടു. രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് മറ്റു നടപടികളൊന്നും പൂര്‍ത്തിയാക്കാനായില്ല.
അനുശോചനം രേഖപ്പെടുത്താന്‍ ചില നടപടിക്രമങ്ങളുണ്ടെന്നും പ്രതിപക്ഷം പറയുന്ന മരണ സംഖ്യയുടെ ആധികാരികത വ്യക്തമാക്കണമെന്നും ചെയറിലുണ്ടായിരുന്ന ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി സഭ തടസ്സപ്പെടുത്തി. രാജ്യസഭ തടസ്സപ്പെടുത്തി പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്നും മറുപടിയില്‍ നിന്നും ഒളിച്ചോടുകയാണെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി ആരോപിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രാവിലെ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ബുധനാഴ്ച പാര്‍ലമെന്റ് കോന്പൌണ്ടില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. രാവിലെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ 3 എ.ടി.എം കൌണ്ടറുകള്‍ സന്ദര്‍ശിച്ച് പണം കിട്ടാതെ ദുരിതമനുഭവിക്കുന്ന ജനങ്ങളുമായി സംവദിച്ചിരുന്നു