നോട്ട് അസാധുവാക്കല്‍: മറുപടിയില്ലെങ്കില്‍ പ്രധാനമന്ത്രി രാജിവക്കണമെന്ന് പ്രതിപക്ഷം
അടിയന്തരാവസ്ഥക്കും മുകളിലുള്ള അവസ്ഥയാണ് രാജ്യത്തെന്ന് മമത ബാനര്‍ജി
നോട്ട് അസാധുവാക്കലില്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയാനാവില്ലെങ്കില്‍ പ്രധാനമന്ത്രി രാജിവക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. തീരുമാനത്തിന് പ്രേരണയായത് എന്താണെന്നറിയാന്‍ ജനത്തിന് അവകാശമുണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അടിയന്തരാവസ്ഥക്കും മുകളിലുള്ള അവസ്ഥയാണ് രാജ്യത്തെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി കുറ്റപ്പെടുത്തി.
നോട്ട് അധുവാക്കലില്‍ യോജിച്ചുള്ള പ്രതിഷേധം തുടരുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസും ത്രിണമൂലും ഉള്‍പ്പടെ 8 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. നോട്ട് അസാധുവാക്കല്‍ സാമ്പത്തിക ഉപദേഷ്ടാവില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും പ്രധാനമന്ത്രി മറച്ചു വച്ചു. അഴിമതിക്കെതിരായാണ് പോരാട്ടമെങ്കില്‍ സ്വന്തം പേരില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അഴിമതി ആരോപണങ്ങളില്‍ സ്വതന്ത്രവും നിക്ഷ്പക്ഷവുമായ അന്വേഷണമാണ് ആവശ്യപ്പെടുന്നത് എന്നും ഷീല ദീക്ഷിതിനെതിരെയും അന്വേഷണം ആകാമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
നോട്ട് അസാധുവാക്കല്‍ സ്വതന്ത്ര ഇന്ത്യ കണ്ട വലിയ അഴിമതിയാണെന്നും 50 ദിവസം കൊണ്ട് രാജ്യം 20 വര്‍ഷം പിന്നിലേക്ക് പോയെന്നും മമത ബാനര്‍ജി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ത്രിണമൂലിന് പുറമെ ഡിഎംകെ, ജെഡിഎസ്, ആര്‍ജെഡി, മുസ്ലിം ലീഗ്, എഐയുഡിഎഫ്, ജെഎംഎം എന്നീ പാര്‍ട്ടികള്‍ പങ്കെടുത്തപ്പോള്‍ ഇടത് പാര്‍ട്ടികളും ജെഡിയു, എന്‍സിപി, എഐഎഡിഎംകെ, എസ്‍പി, ബിഎസ്‍പി തുടങ്ങിയ പാര്‍ട്ടികള്‍ വിട്ട് നിന്നു.
രാഹുലിന്റെ പ്രതികരണം അഴിമതിക്കാരെ സംരക്ഷിക്കാനാണെന്നും യുപിഎ കാലത്തെ അഴിമതികളെ മൂടിവക്കുകയാണെന്നും ബിജെപി ആരോപിച്ചു.