35 ദിവസം ജയിലില്‍ കഴിഞ്ഞ മൂന്നു വയസുകാരന് മോചനം

Update: 2017-12-17 10:27 GMT
35 ദിവസം ജയിലില്‍ കഴിഞ്ഞ മൂന്നു വയസുകാരന് മോചനം
Advertising

മധുരയിലെ കൌരവര്‍ സമുദായത്തില്‍ പെട്ട കുഞ്ഞിനാണ് പൊലീസിന്റെ തെറ്റായ നടപടി മൂലം ജയിലില്‍ കഴിയേണ്ടി വന്നത്

മുപ്പത്തിയഞ്ച് ദിവസം മധുര ജയിലില്‍ കഴിഞ്ഞ മൂന്നു വയസുകാരന് ഒടുവില്‍ മോചനം. മധുരയിലെ കൌരവര്‍ സമുദായത്തില്‍ പെട്ട കുഞ്ഞിനാണ് പൊലീസിന്റെ തെറ്റായ നടപടി മൂലം ജയിലില്‍ കഴിയേണ്ടി വന്നത്.

കഴിഞ്ഞ ജൂണ്‍ 21നാണ് സംഭവം നടന്നത്. വഴിയരികില്‍ കളിപ്പാട്ടങ്ങളും വളകളും വില്‍ക്കുന്ന എന്‍.മുരുകന്റെയും മേരിയുടെയും മകനാണ് മൂന്നു വയസുകാരനായ കുഞ്ഞ്. മധുരക്ക് സമീപം നല്ലൂരില്‍ ഒരു ഉത്സവത്തില്‍ കളിപ്പാട്ടങ്ങള്‍ വില്‍ക്കുകയായിരുന്നു മേരിയും മുരുകനും അയാളുടെ സഹോദരി മരിയമ്മാളും ഭര്‍ത്താവ് ഗുരുവനും. ജൂണ്‍ 19നാണ് ഉത്സവം തുടങ്ങുന്നത്, അന്ന് മുതല്‍ അവിടെ തമ്പടിച്ചിരിക്കുകയായിരുന്നു അവര്‍. മോഷണക്കേസില്‍ പ്രതികളാണെന്ന് ആരോപിച്ച് പൊലീസ് മേരിയൊഴികെ മറ്റ് മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നു വയസുകാരനായ കുഞ്ഞിനെ വെറുതെ വിടണമെന്ന് മേരി പറഞ്ഞിട്ടും പൊലീസ് അത് അവഗണിക്കുകയാണ് ഉണ്ടായത്.

രണ്ടാഴ്ചകള്‍ക്ക് ശേഷം പൊലീസ് ഇവരെ കുളിത്തുരാജ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആയ ഷണ്‍മുഖരാജിന് മുന്നില്‍ ഹാജരാക്കിയതായി മേരി മനസിലാക്കി. കേസ് പരിഗണിക്കുമ്പോള്‍ താന്‍ കുഞ്ഞിന്റെ അമ്മയാണെന്ന് മേരി പറഞ്ഞെങ്കിലും മറ്റുള്ളവര്‍ക്കൊപ്പം കുഞ്ഞിനെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനായിരുന്നു മജിസ്ട്രേറ്റിന്റെ ഇത്തരവ്. ഇതിനെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി ബഞ്ചിന് മുന്നില്‍ മേരി പരാതി സമര്‍പ്പിച്ചു. തിങ്കളാഴ്ചയായിരുന്നു പരാതി പരിഗണിച്ചത്. പൊലീസ് കുട്ടിയെ അന്നേ ദിവസം ഡിവിഷന്‍ ബഞ്ചിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. അമ്മയില്ലാതെ കുഞ്ഞിനെ ജയിലിലേക്ക് അയച്ച മജിസ്ട്രേറ്റിനെയും മാര്‍ത്താണ്ഡം പൊലീസ് ഇന്‍സ്പെക്ടര്‍ എ.മുത്തുരാജിനെയും കോടതി വിമര്‍ശിച്ചു. കുഞ്ഞിനെ പരാതിക്കാരിക്കൊപ്പം വിടാന്‍ ഉത്തരവിടുകയും ചെയ്തു. ഇന്‍സ്പെക്ടര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഡിജിപിയോട് നിര്‍ദ്ദേശിക്കുകയും ജുഡീഷ്യല്‍ മജിസ്ട്രേറ്റിനോട് സംഭവത്തില്‍ വിശദീകരണം ചോദിക്കുകയും ചെയ്തു. കുട്ടിയുടെ അച്ഛനും മറ്റ് രണ്ട് പേരും ഇപ്പോഴും ജയിലില്‍ തന്നെയാണ്.

സംഭവത്തിനെതിരെ സാമൂഹ്യപ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്. കുഞ്ഞിനെ തടവില്‍ വച്ച സംഭവം ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ ലംഘനമാണെന്ന് പീപ്പിള്‍സ് വാച്ച് തമിഴ്നാടിന്റെ എക്സിക്യുട്ടീവ് ഡയറക്ടറും ആക്ടിവിസ്റ്റുമായ ഹെന്‍ട്രി ടൈഫന്‍ ആരോപിച്ചു. സംഭവത്തില്‍ കന്യാകുമാരി ശിശുക്ഷേമ സമിതി ഒരു നടപടിയും സ്വീകരിക്കാത്തത് അപലപനീയമാണെന്നും ടൈഫന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News