വരള്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ വീണ്ടും സുപ്രീം കോടതി
കേസില്‍ ഇന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് വിമര്‍ശം
വരള്‍ച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ പൊതതാല്‍പര്യ ഹരജയില്‍ വാദം കേള്‍ക്കുന്നതിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ന് ഹാജരാകാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. വിഷയത്തെ കേന്ദ്ര സര്‍ക്കാര്‍ ഒട്ടും ഗൌരവത്തോടെയല്ല സമീപിക്കുന്നത് എന്നതിന് തെളിവാണ് ഇതെന്ന് കോടതി പറഞ്ഞു. ഹരിയാന, ഗുജറാത്ത് സംസ്ഥാന സര്‍ക്കാരുകളെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
സാമൂഹ്യ പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവിന്റെ സ്വരാജ് അഭിയാന്‍ നല്‍കിയ പൊതു താല്‍പര്യ ഹരജിയില്‍ വാദം കേള്‍ക്കവേ ഇന്നലെ കേന്ദ്ര സര്‍ക്കാരിനെ സുപ്രിം കോടതി വിമര്‍ശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്നും വിമര്‍ശം നേരിട്ടത്. തുടര്‍ വാദത്തിനായി ഇന്ന് വീണ്ടും കേസ് പരിഗണിച്ചപ്പോള്‍, കേന്ദ്ര സര്‍ക്കാരിനെ പ്രതനിധീകരിക്കേണ്ട അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് കോടതിയില്‍ ഉണ്ടായിരുന്നില്ല. വേറൊരു കേസുമായി ബന്ധപ്പെട്ട് മറ്റൊരു കോടതി മുറിയിലാണ് എഎസ്ജി ഉള്ളതെന്ന് ബെഞ്ചിനെ അറിയിച്ചപ്പോള്‍, കുറച്ചെങ്കിലും ഗൌരവം കാണിക്കൂ, ഞങ്ങള്‍ ഒന്നിനും കൊള്ളത്തവരാണോ എന്നായിരുന്ന പ്രതികരണം. വരള്‍ച്ച വിഷയം കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ഗണനയിലില്ലേ. കോടതി തോന്നുന്നത് പോലെ വരികയും പോവുകയും ചെയ്യാന്‍ കാലിത്തൊഴുത്തല്ല എന്നും ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ശക്തമായ പ്രതികരണത്തെ തുടര്‍ന്ന് എഎസ്ജി ആനന്ദ് പിങ്കി ഉടന്‍ കോടതിയില്‍ ഹാജരായി.
വാദത്തിനിടെ ഗുജറാത്ത്, ഹരിയാന സര്‍ക്കാരുകളും സുപ്രിം കോടതിയുടെ ചൂടറിഞ്ഞു. വരള്‍ച്ച മൂലം മരിച്ച് വീഴുന്നത് ജനങ്ങളാണ്, വിനോദ സഞ്ചാരികളല്ലെന്നും, ഇത്രയും ലാഘവത്തോടെയാണോ വിഷയം കൈകാര്യം ചെയ്യുന്നതെന്നും, ഹരിയാന സര്‍ക്കാരിനോട് കോടതി ചോദിച്ചു. സെപ്തംബറില്‍ തന്നെ വരള്‍ച്ചയുടെ സൂചനകളെല്ലാം ഉണ്ടായിട്ടും, പ്രഖ്യാപനത്തിന് ഏപ്രില്‍ വരെ കാത്തിരുന്നത് എന്തിനാണെന്ന് ഗുജറാത്ത് സര്‍ക്കാരിനോട് കോടതി ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സമയം ആയതിനാലാണ് വരള്‍ച്ച പ്രദേശങ്ങള്‍ പ്രഖ്യാപിക്കാന്‍ വൈകിയതെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ മറുപടി. തെരഞ്ഞെടുപ്പ് നടന്നാല്‍ എല്ലാ പ്രവര്‍ത്തികളും നിര്‍ത്തിവയ്ക്കുമോ എന്ന് കോടതി തിരിച്ച് ചോദിച്ചു.