ഭൂമിയോട് ആര്‍ത്തിയില്ല; ഇന്ത്യ ഒരു രാജ്യത്തേയും കടന്നാക്രമിക്കാറില്ല: മോദി
മറ്റൊരു രാജ്യത്തിന്റെയും ഭൂമി കണ്ട് ഇന്ത്യ കൊതിക്കാറില്ല. ഇതിനായി ഒരു രാജ്യത്തെയും ആക്രമിക്കാറുമില്ലെന്ന് മോദി പറഞ്ഞു.
ഭൂമിയോട് അത്യാര്‍ത്തിയുള്ള രാജ്യമല്ല ഇന്ത്യയെന്നും മറ്റു രാജ്യങ്ങളെ കടന്നാക്രമിക്കാറില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റൊരു രാജ്യത്തിന്റെയും ഭൂമി കണ്ട് ഇന്ത്യ കൊതിക്കാറില്ല. ഇതിനായി ഒരു രാജ്യത്തെയും ആക്രമിക്കാറുമില്ലെന്ന് മോദി പറഞ്ഞു. നിയന്ത്രണരേഖ മറികടന്ന് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചതിനു ശേഷം മോദിയുടെ ആദ്യ പ്രതികരണമാണിത്.
ഒന്നാം ലോകമഹായുദ്ധത്തില്‍ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് രക്തസാക്ഷികളായത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ആഭ്യന്തരപ്രശ്നങ്ങള്‍ രൂക്ഷമായ വിവിധ വിദേശരാജ്യങ്ങളില്‍ നിന്ന് നിരവധി ഇന്ത്യക്കാരെയും വിദേശികളേയുമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ രക്ഷപെടുത്തിയിട്ടുള്ളതെന്നും മോദി പറഞ്ഞു. പ്രവാസി ഭാരതീയ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു മോദിയുടെ പ്രതികരണം. നേരത്തെ ഉറിയിലെ സൈനിക കേന്ദ്രത്തിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 20 സൈനികൾ കൊല്ലപ്പെട്ടിരുന്നു. ഇതിനു മറുപടിയായിരുന്നു പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകളിൽ കരസേന മിന്നലാക്രമണം നടത്തിയത്. ഉറി ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപെടാതെ പോകില്ലെന്ന് മോദി അടുത്തിടെ പറഞ്ഞിരുന്നു.