വിജയ് മല്യയുടെ 1411 കോടി രൂപയുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തു
വിവാദ മദ്യ വ്യവസായി വിജയ് മല്യക്കെതിരെ കര്‍ശന നടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രംഗത്ത്.
വിവാദ മദ്യ വ്യവസായി വിജയ് മല്യക്കെതിരെ കര്‍ശന നടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രംഗത്ത്. മല്യയുടെ മുംബൈയിലെയും ബംഗളൂരുവിലെയും സ്വത്തുവകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. യുബി ഗ്രൂപ്പിന്റേതടക്കം 1,411 കോടി രൂപയുടെ സ്വത്താണ് ജപ്തി ചെയ്തിട്ടുള്ളത്. കള്ളപ്പണം തടയല്‍ നിയമ പ്രകാരമാണ് ജപ്തി നടപടികള്‍. വിവിധ ബാങ്കുകള്‍ക്കായി വായ്പ ഇനത്തില്‍ 9,000 കോടി രൂപയാണ് മല്യ നല്‍കാനുള്ളത്. 900 കോടി രൂപ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് മല്യക്കെതിരെ ഐഡിബിഐ ബാങ്ക് നടത്തിയ നിയമ നടപടിയുടെ ഭാഗം കൂടിയാണ് ജപ്തിയെന്ന് അധികൃതര്‍ അറിയിച്ചു. അന്വേഷണത്തിനിടെ മല്യയുടെ സ്വത്തുക്കളില്‍ ചിലത് കൈവിട്ടുപോയതായി കണ്ടെത്തിയെന്നും ഈ സാഹചര്യത്തിലാണ് നിയമപ്രകാരം ബാക്കിയുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ പറഞ്ഞു. 34 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ബംഗളൂരു, മുംബൈ എന്നിവടങ്ങളിലെ രണ്ടു ആഢംബര ഫ്ലാറ്റുകളും ചെന്നൈയിലെ 4.5 ഏക്കര്‍ വിസ്തൃതിയുള്ള വാണിജ്യ കേന്ദ്രവും കൂര്‍ഗിലെ 28.75 ഏക്കര്‍ കാപ്പിത്തോട്ടവും ബംഗളരുവില്‍ യുബി, കിങ്ഫിഷര്‍ ടവറിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യ മേഖലയും ജപ്തി ചെയ്ത സ്വത്തുക്കളില്‍ ഉള്‍പ്പെടും.