പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്താന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

Update: 2017-12-24 07:27 GMT
Editor : admin
പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്താന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി
Advertising

തന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നുവെന്ന് എന്‍ഐഎ തലവന്‍

പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്റെ പങ്ക് കണ്ടെത്താനായിട്ടില്ലെന്ന പ്രസ്താവനയില്‍ നിന്ന് എന്‍ഐഎ പിന്നോട്ട്. തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന് എന്‍ഐഎ തലവന്‍ ശരത്കുമാര്‍ പ്രതികരിച്ചു. പാകിസ്താന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. ഭീകരതക്കെതിരായ നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ വെള്ളം ചേര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പത്താന്‍കോട്ട് ആക്രമണത്തില്‍ പാകിസ്താന്‍ സര്‍ക്കാരിനോ ഏജന്‍സികള്‍ക്കോ പങ്കുണ്ടോയെന്നകാര്യം അന്വേഷണത്തില്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ ശരത് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രസ്താവന പുറത്ത് വന്നതോടെ ശക്തമായ പ്രതികരണമാണ് പലഭാഗത്ത് നിന്നും ഉണ്ടായത്. ഭീകരതക്കെതിരായ ഇന്ത്യയുടെ നിലപാടില്‍വെള്ളം ചേര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടാണ് എന്‍ഐഎ തലവന്റെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ പാകിസ്താന് ക്ലീന്‍ചീറ്റ് നല്‍കിയിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പ്രതികരിച്ചു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഏതെങ്കിലും നിഗമനത്തിലെത്താന്‍ ആയിട്ടില്ലെന്നും വിദേശകാര്യവക്താവ് വികാസ് സ്വരൂപ് പറഞ്ഞു. അതേസമയം തന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നുവെന്ന് എന്‍ഐഎ തലവന്‍ ശരദ്കുമാറും പ്രതികരിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News